ടി ഉബൈദ്: നവോത്ഥാനത്തിന്റെ സൂര്യതേജസ്
ഹാറൂന്‍ കക്കാട്
നവോത്ഥാനത്തിന്റെ സൂര്യതേജസ്സായിരുന്ന ടി ഉബൈദ് എന്ന മഹാകവിയുടെ വിയോഗത്തിന് അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാവുകയാണ്. കറകളഞ്ഞ മതവിശ്വാസവും ഭാരതീയ സംസ്‌കൃതിയും ദര്‍ശനങ്ങളും നെഞ്ചേറ്റിയ ധിഷണാശാലിയായിരുന്നു അദ്ദേഹം. ബഹുസ്വരതയെ സാര്‍ഥകമാക്കിയ സാത്വികന്‍! തകഴിക്കും മുണ്ടശ്ശേരിക്കും പൊറ്റക്കാടിനുമൊപ്പം സാഹിത്യ അക്കാദമിയില്‍ പ്രവര്‍ത്തിച്ച, മലയാള ഭാഷാനിഘണ്ടു സമ്പന്നമാക്കാന്‍ രാപ്പകലില്ലാതെ ഓടിനടന്ന, കന്നഡയിലും മലയാളത്തിലും അറബിയിലും അറബിമലയാളത്തിലും ഒരുപോലെ കവിതകളെഴുതിയ, മലയാളത്തില്‍ നിന്ന് കന്നഡയിലേക്കും തിരിച്ചും വിവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച, പ്രതിഭാധനനായ ആ എഴുത്തുകാരന്റെ ജീവചരിത്രം കേരള നവോത്ഥാനത്തിന്റെ വിജ്ഞാനകോശം കൂടിയാണ്.
കവിയും ഗായകനുമായിരുന്ന എം ആലിക്കുഞ്ഞിയുടെയും സൈനബയുടെയും മകനായി 1908 ഒക്ടോബര്‍ ഏഴിന് ദക്ഷിണ കന്നഡയുടെ ഭാഗമായിരുന്ന പഴയ കാസര്‍കോട് താലൂക്കിലെ തളങ്കര പള്ളിക്കല്‍ ഗ്രാമത്തിലാണ് ‘ടി അബ്ദുറഹമാന്‍’ എന്ന ടി ഉബൈദ് ജനിച്ചത്. ഉമ്മയും നല്ല പാട്ടുകാരിയായിരുന്നു. കന്നഡയിലായിരുന്നു പ്രാഥമിക വിദ്യഭ്യാസം. ആദ്യം പാട്ടുകളെഴുതിയിരുന്നതും കന്നഡയില്‍ തന്നെ. അറബി സ്വായത്തമായപ്പോള്‍ അറബിയിലെ ബൈത്തുകളുടെ മാതൃകയില്‍ കവിതകള്‍ എഴുതി. തുണിക്കച്ചവടക്കാരനായിരുന്ന പിതാവിന്റെ കടകളിലെ ലേബലുകളില്‍ നിന്നുള്ള പേരുകള്‍ നോക്കിയാണ് മലയാളം പഠിച്ചത്.
സ്വദേശത്ത് പ്രാഥമിക വിദ്യാഭ്യാസവും പിതാവില്‍ നിന്ന് മതപഠനവും നേടി. മലയാളം, കന്നട, ഇംഗ്ലീഷ്, ഉറുദു, അറബി ഭാഷകളില്‍ ചെറുപ്പത്തില്‍ തന്നെ വ്യല്‍പത്തി നേടി. എട്ടാം തരത്തില്‍ നിന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചെങ്കിലും 12 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വപ്രയത്നത്തിലൂടെ പഠനം പൂര്‍ത്തിയാക്കുകയും മലപ്പുറത്ത് നിന്നു അധ്യാപക പരിശീലനം നേടുകയും ചെയ്തു. തുടര്‍ന്ന് കുമ്പള മുനീറുല്‍ ഇസ്ലാം സ്‌കൂളിലും തെക്കില്‍ സ്‌കൂളിലും അധ്യാപകനായി. 1964ല്‍ സംസ്ഥാന സര്‍ക്കാറിന്റെ അധ്യാപക അവാര്‍ഡ് കരസ്ഥമാക്കി. തളങ്കര മുഇസ്സുല്‍ ഇസ്ലാം പ്രൈമറി സ്‌കൂളില്‍ 39 വര്‍ഷം ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹം 1969ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
നവോത്ഥാന നായകനായിരുന്ന മുഹമ്മദ് ശറൂല്‍ സാഹിബുമായുള്ള ബന്ധം ടി ഉബൈദിന്റെ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായി. പൊതുമേഖലയിലും സാഹിത്യരംഗത്തും സജീവമായത് ഈ ആത്മബന്ധത്തിന്റെ തുടര്‍ച്ചയിലൂടെയായിരുന്നു. ഇരുവരും പരിഷ്‌കരണത്തിന്റെ പാതയില്‍ ഒന്നിച്ച് മുന്നേറി. കേരള മുസ്ലിം ഐക്യസംഘത്തില്‍ ടി ഉബൈദ് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. വക്കം മൗലവി, സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹമാന്‍ സാഹിബ്, കെ എം മൗലവി, ഇ കെ മൗലവി തുടങ്ങിയ നവോത്ഥാന നായകരുമായുള്ള ആത്മബന്ധം ശക്തമായത് ഇതുവഴിയാണ്.
പൊതുവിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ അയക്കുന്നതുപോലും മതവിരുദ്ധമാകുമെന്ന് സംശയിച്ചിരുന്ന ഒരിടത്ത് ധീരമായ ഇടപെടലിലൂടെ പൊതുവിദ്യാലയം സ്ഥാപിച്ചതാണ് ടി ഉബൈദ് നടത്തിയ ഏറ്റവും മികച്ച സ്വാതന്ത്ര്യസമരം.
1939/ 42 കാലഘട്ടങ്ങളില്‍ അദ്ദേഹം രണ്ട് വിദ്യാഭ്യാസ പ്രചാരണജാഥകള്‍ സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹികപുരോഗതി കൈവരിക്കൂ എന്നുദ്‌ഘോഷിച്ച് കാസര്‍ക്കോട് ജില്ല മുഴുവനും കാമ്പയിന്‍ പ്രവര്‍ത്തനം നടത്തി. 1944ല്‍ കാസര്‍ക്കോട് ആദ്യമായി ഗവ. മുസ്ലിം ഹൈസ്‌കൂള്‍ സ്ഥാപിതമായത് ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായായിരുന്നു.
ടി ഉബൈദ് സാമൂഹിക നവോത്ഥാന സംരംഭങ്ങളിലും വളരെ സജീവമായിരുന്നു. കുമ്പളയിലെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന അവഗണനക്കും ബഹിഷ്‌കരണത്തിനുമെതിരെ അദ്ദേഹം ശബ്ദിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അദ്ദേഹം ശക്തമായി പൊരുതി. മാതൃഭാഷയില്‍ ജുമുഅ: ഖുതുബ നിര്‍വഹിച്ചതിന്റെയും സാമൂഹിക തിന്മകളെ എതിര്‍ത്തതിന്റെയും പേരില്‍ ബഹിഷ്‌കരണങ്ങള്‍ എമ്പാടും ഏറ്റുവാങ്ങിയ ത്യാഗിയായിരുന്നു അദ്ദേഹം. ഒരേ സമയം മുസ്ലിം സമുദായത്തിലെ ധര്‍മചച്യുതികളോടും ബ്രിട്ടീഷുകാരോടും പൊരുതിയ ജീവിതമാണ് അദ്ദേഹത്തിന്റേത്.
ഉജ്ജ്വലനായ വാഗ്മിയായിരുന്നു ടി ഉബൈദ്. അദ്ദേഹത്തിന്റെ വശ്യമായ പ്രഭാഷണത്തിലൂടെയാണ് മാപ്പിള സാഹിത്യം മലയാളത്തിലേക്ക് ധീരമായി നടന്നുകയറിയത്. കോഴിക്കോട്ട് സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ കെസ്സ് പാടാന്‍ ക്ഷണിച്ചവരോട് മാപ്പിളപ്പാട്ടിനെക്കുറിച്ച് ഒരു പ്രഭാഷണത്തിന് അവസരം നല്‍കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. എന്‍ വി കൃഷ്ണവാരിയരും പി നാരായണന്‍ നായരും ഉള്‍പ്പെടെയുള്ള സാഹിത്യപ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു അത്. മാപ്പിളപ്പാട്ടിനെക്കുറിച്ചും മാപ്പിള സംസ്‌കാരത്തെക്കുറിച്ചും കാര്യമായ പഠനങ്ങള്‍ നടക്കുന്നത് അതിന് ശേഷമാണ്. മാപ്പിളപ്പാട്ടുകളെ മാറ്റിനിര്‍ത്തിയാല്‍ ഭാഷാ സാഹിത്യചരിത്രം അപൂര്‍ണമായിരിക്കുമെന്ന ജി ശങ്കരക്കുറുപ്പിന്റെ പ്രഖ്യാപനം ടി ഉബൈദിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു.
മഹാകവി ടി ഉബൈദിന്റെ രചനാലോകം വിശാലമായ ഒരു ചക്രവാളമായിരുന്നു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അല്‍ അമീന്‍ പത്രത്തിലൂടെയാണ് അദ്ദേഹം രചനാരംഗത്തേക്ക് പ്രവേശിച്ചത്.
1931ല്‍ മുഹമ്മദ് ശറൂല്‍ സാഹിബുമായി ചേര്‍ന്ന് ‘രണ്ടുല്‍ബോധനങ്ങള്‍’ എന്ന കൃതിയും ഉമ്മയുടെ മരണത്തെ തുടര്‍ന്ന് സംസ്‌കൃതവൃത്തത്തില്‍ ‘ബാഷ്പധാര’യും അദ്ദേഹം എഴുതി. തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയില്‍ കവിതകളും ലേഖനങ്ങളും തുടര്‍ച്ചയായി എഴുതി. ‘മുംതാസ്’ എന്ന കന്നട പത്രത്തില്‍ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. ചന്ദ്രക്കല, ഗാനവീചി, നവരത്നമാലിക, സമുദായ ദുന്ദുഭി, തിരഞ്ഞെടുത്ത കവിതകള്‍, മാലിക് ദീനാര്‍, മുഹമ്മദ് ശറൂല്‍, ഖാസി അബ്ദുള്ള ഹാജി, കന്നട ചെറുകഥകള്‍, ആവലാതിയും മറുപടിയും, ആശാന്‍ വള്ളത്തോള്‍, ഇഖ്ബാല്‍ കവിതകള്‍ (വിവര്‍ത്തനം) തുടങ്ങി മുപ്പതോളം കൃതികള്‍ ടി ഉബൈദ് എഴുതിയിട്ടുണ്ട്.
ഐക്യ കേരളം രൂപപ്പെട്ടപ്പോള്‍ കര്‍ണാടകയിലെ ഭാഗങ്ങള്‍ കേരളത്തോട് ചേര്‍ക്കുന്നതിനെ കുറിച്ചെഴുതിയ ‘വിടവാങ്ങല്‍’ എന്ന കവിതയിലെ ‘വിടതരികമ്മേ കന്നടധാത്രി, കേരള ജനനി വിളിക്കുന്നു’ എന്ന കവിത ഐക്യകേരളം എന്ന പേരില്‍ നാലാം ക്ലാസിലും ‘കവിതയോട് ‘ എന്ന കവിതയിലെ തുഞ്ചത്ത് എഴുത്തച്ഛനെയും കുഞ്ചന്‍ നമ്പ്യാരെയും പറ്റി സ്മരിക്കുന്ന ‘എന്തിനീ താമസിപ്പൂതംബികേ’ എന്നു തുടങ്ങുന്ന കവിതയിലെ ഭാഗങ്ങള്‍ എട്ടാം തരത്തിലും 2015ല്‍ സര്‍ക്കാര്‍ പാഠഭാഗമായി ഉള്‍പ്പെടുത്തി. നിരവധി മുസ്‌ലിംലീഗ് സമ്മേളനങ്ങള്‍ ഉള്‍പ്പടെ സദസ്സിന്റെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങിയ ശ്രദ്ധേയനായ ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം.
കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, മലയാളം എന്‍സൈക്ലോപീഡിയ ഉപദേശക സമിതി, കോഴിക്കോട് സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി, സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നിവയില്‍ അംഗമായും കാസര്‍കോഡ് സാഹിത്യവേദി പ്രസിഡന്റായും മലയാളശബ്ദം പത്രാധിപരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാള മഹാനിഘണ്ടുവിന് മാപ്പിളപദങ്ങള്‍ സമാഹരിക്കുന്നതിന് ശൂരനാട് കുഞ്ഞന്‍പിള്ളയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇബ്രാഹിം ബേവിഞ്ചയുടെ ‘ഉബൈദിന്റെ കവിതാലോകം'(1997) എന്ന കൃതി ടി ഉബൈദിന്റെ കാവ്യലോകത്തെ അടയാളപ്പെടുത്തിയ മികച്ച രചനയാണ്. പി കെ അബ്ദുല്ലക്കുഞ്ഞി സമാഹാരിച്ച ‘ഉബൈദിന്റെ തെരഞ്ഞെടുത്ത കൃതികള്‍’ കൊണ്ടോട്ടി മോയിന്‍കുട്ടി വെദ്യര്‍ സ്മാരക സമിതി പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലയില്‍ ഉള്‍പ്പടെ ടി ഉബൈദിന്റെ കവിതകളെക്കുറിച്ചുള്ള പഠനം നടക്കുന്നുവെന്നത് അദ്ദേഹം കാലാതിവര്‍ത്തിയായ കവിയാണെന്ന് അടയാളപ്പെടുത്തുന്നു.
1972 ഒക്ടോബര്‍ മൂന്നിന് കാസര്‍ക്കോട് ഗവണ്‍മെന്റ് മുസ്ലിം ഹൈസ്‌കൂളില്‍ നടന്ന അറബി അധ്യാപകസെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചുകൊണ്ടിരിക്കേ ടി ഉബൈദ് എന്ന ഇതിഹാസപുരുഷന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 64 വയസ്സ് പൂര്‍ത്തിയാവാന്‍ നാല് ദിവസം മാത്രം ബാക്കിനില്‍ക്കേയായിരുന്നു ആ ദു:ഖാര്‍ദ്രമായ വിയോഗം.