പറയൂ, എന്താണ് നമ്മള്‍ സംസാരിക്കേണ്ടത്
ഷമീം കിഴുപറമ്പ്
പറയൂ എന്താണ് നമ്മള്‍ സംസാരിക്കേണ്ടത്? മനുഷ്യര്‍ വെറും മനുഷ്യരായി മരിച്ചു പോകുന്നു, തൊട്ടടുത്ത നിമിഷം താന്‍ മരിച്ചുപോകുമെന്ന പൂര്‍ണ ബോധ്യത്തോടെ മരണത്തിന്റെ കാലൊച്ചകള്‍ കേട്ട് ഭയന്ന് തെല്ലും ആശങ്കയില്ലാതെ അലറി വിളിക്കാതെ പ്രതിരോധിക്കുന്ന ഫലസ്തീന്‍ ജനത. എത്ര നിസ്സാരരാണ് അവര്‍, മനുഷ്യരെ ആദരിക്കുന്നവര്‍ക്ക് മരിച്ചവരെ അപമാനിക്കാന്‍ ആവില്ല. പക്ഷേ ഇവിടെ സംഭവിക്കുന്നത് എന്ത്, മരിച്ചിട്ടും വെറുതെ വിടാതെ ഇസ്‌റാഈല്‍ പട്ടാളം, ഫലസ്തീനിലെ കുഞ്ഞുങ്ങളെയും മറ്റുള്ളവരെയും കൊന്നു തിന്നുന്നു.
മണ്ണില്‍ വേരുകളാഴ്ത്തി പടര്‍ന്ന ഒരു മഹാനാഗരികതയെ ആ നാഗരികതയോടും ആ മനുഷ്യരോടും കൂറോ സഹാനുഭൂതിയോ ഇല്ലാത്ത ഒരു കൂട്ടം ശക്തികള്‍ നെടുകെ പിളര്‍ത്തുകയായിരുന്നു. ഇസ്രായേലിന്റെ സംസ്ഥാപനത്തോട് ജനാധിപത്യവും ഇടതുപക്ഷവും ഉയര്‍ത്തിയ എതിര്‍പ്പുകളും പങ്കുെവച്ച ആശങ്കകളും കാലം സയണിസത്തിലൂടെ ശരിവെച്ചു.
വിഭജിക്കപ്പെട്ട രാജ്യത്ത് കുടിയിരുത്തപ്പെട്ട ഇസ്രയേലികള്‍ക്ക് ആ കുടിയിരുപ്പ് മതിയാവുമായിരുന്നില്ല. ചരിത്രത്തിന്റെ പല ഘട്ടങ്ങളില്‍ ഉന്മൂലനത്തിന് ഇരയായ അവര്‍ ആ ഉന്മൂലനങ്ങളില്‍ ഒരു പങ്കുമില്ലാതിരുന്ന ഒരു ജനതയോട് കണക്കുതീര്‍ക്കുന്നതിനാണ് ലോകം നിശബ്ദ സാക്ഷിയായത്.
ശാക്തികബലാബലത്തില്‍ തനിക്കൊത്ത പങ്കാളിയെ ഇസ്രയേലില്‍ ദര്‍ശിച്ച് പെന്റഗണ്‍ ഗസയെ തുടച്ചുനീക്കാന്‍ ആളും അര്‍ഥവും നല്‍കി. സംസ്‌കാരങ്ങളുടെ സംഘട്ടനം എന്ന ഹണ്ടിംഗ്ടണ്‍ ദര്‍ശനത്തിന്റെ പ്രായോഗിക ആവിഷ്‌കാരങ്ങള്‍ അതിനോടകം ലോകത്ത് ദൃശ്യമായിരുന്നുവല്ലോ. ഇസ്ലാമോ ഫോബിയ എന്ന വംശീയ രോഗത്തിന് ക്യാപിറ്റലിസ്റ്റുകള്‍ അടിപ്പെടുകയും ചെയ്തു. ആ പിളര്‍പ്പില്‍ വംശപരമായി പോലും ഇല്ലാതിരുന്ന ഫലസ്തീനികളുടെ വിലാപത്തെയും അവര്‍ അതേ ഫോബിയയുടെ കണക്കില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. അതോടെ വഞ്ചിക്കപ്പെട്ട ഒരു ജനതയുടെ ദാരുണമായ തുടച്ചു നീക്കലിന് സര്‍വ കളവും ഒരുങ്ങി.
ചെറുത്തുനില്‍പുകളുടേതുമാണല്ലോ മനുഷ്യ ചരിത്രം. കൊല്ലപ്പെടും മുമ്പുള്ള കുതറലുകളെ ലോകത്തിന്റെ പൊതുബോധം ഭീകരാക്രമണമെന്ന് വിധിയെഴുതി. ആ കുതറലുകളെ ചെറുക്കാന്‍ ആയുധബലത്താല്‍ അതിശക്തമായ ഇസ്രയേലിന് അമേരിക്ക നല്‍കിയ കൈത്താങ്ങ് ചരിത്രത്തിലുണ്ട്. അവസാനത്തെ അയണ്‍ ഡോമിന് മാത്രം 100 കോടി ഡോളര്‍. ഫലസ്തീനിനോ? കുടിവെള്ളവും അന്നവും മുട്ടിയ അവിടത്തെ മനുഷ്യര്‍ക്കോ?
സയണിസബാധയുള്ള സിദ്ധാന്തങ്ങള്‍ മാത്രം. ആ സിദ്ധാന്തങ്ങളില്‍ ഹമാസ് ഉഗ്രനശീകരണ ശേഷിയുള്ള യുദ്ധക്കുറ്റവാളികളുടെ സംഘമായി അവരോധിതമായി. അവര്‍ക്കെതിരെ പ്രതിരോധിക്കാനുള്ള ശേഷി ഹമാസ്‌ന് ഇല്ലെങ്കിലും, ഫലസ്തീന് ഒരു ആശ്വാസം തന്നെയാണ് ഹമാസ്, എങ്കിലും സമയോചിതം അല്ലാത്ത സമയങ്ങളില്‍ ഒരുപാട് വീഴ്ചകള്‍ വരുത്തി വയ്ക്കുന്നുണ്ട്, ഫലസ്തീനിനുമേല്‍ നടന്ന കിരാതമായ കൊള്ളിവെപ്പുകള്‍ കേവലമായ തിരിച്ചടിയായി എണ്ണപ്പെട്ടു. സാഹസികരും മനുഷ്യപക്ഷക്കാരുമായ ജേണലിസ്റ്റുകള്‍ ഗസ്സയിലൂടെ നടത്തിയ നിര്‍ഭയ യാത്രകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരും വരെ ഈ കൊള്ളിവെപ്പുകള്‍ ലോകമറിഞ്ഞില്ല, ലോകത്തെ അറിയിക്കാന്‍ അവര്‍ സമ്മതിക്കുമായിരുന്നില്ല. ഇപ്പോള്‍ എല്ലാം അറിയുന്നു. പലരും മൗനികളായി ആണെങ്കിലും. ചിലര്‍ പ്രതികരിച്ച് തുടങ്ങുന്നുണ്ട് എന്നത് സന്തോഷം തോന്നുന്നു.
തന്നെ അറസ്റ്റ് ചെയ്തപ്പോഴും പുഞ്ചിരിച്ചുകൊണ്ട് ഇസ്രായേല്‍ കാര്‍ക്ക് മറുപടി കൊടുത്ത വനിത… അല്പനേരം എങ്കിലും അവരെ ഭയപ്പെടുത്തിയിട്ടുണ്ടാകും എന്നത് സത്യം. ഫലസ്തീനിലെ ഉയര്‍ത്തെഴുന്നേല്‍പ്പിന് നമുക്ക് പ്രാര്‍ത്ഥിക്കാം ഒപ്പം നില്‍ക്കാം.