പെരുന്നാൾ മണം
ഫാത്തിമ ഫസീല
ചില മണങ്ങള്‍
അങ്ങനെയാണ്.
ഓര്‍മകളോട്
പറ്റിച്ചേര്‍ന്ന് കിടക്കും.
അത്തറിന്റെ
മയിലാഞ്ചിയുടെ
പുതിയ കുപ്പായത്തിന്റെ
ബിരിയാണിയുടെ വരെ
തൂത്താലും പോകാത്ത
ഗൃഹാതുരത്വങ്ങളാല്‍
പൊതിഞ്ഞെടുത്ത്
കാത്തിരുന്ന പെരുന്നാള്
കയമ അരി
ഉണക്ക മുന്തിരി
പുസ്തകം
മണ്‍ ചട്ടി
അലമാര കട്ടില്
അങ്ങനെ നീളുന്ന
മണങ്ങളുടെ തിരയോടൊപ്പം
നീല നിറമായി
ഒഴുകിപ്പരന്നതിന്റെ
നനവ്
ഇപ്പോളും കണ്ണിലുണ്ട്.
കുന്നിടിച്ചിലില്‍
മൂക്കിലേക്ക് തുളഞ്ഞുകയറിയ
മണ്ണിന്റെ മണം
മായുന്നേയില്ല.
ഇപ്പോള്‍
പെരുന്നാളിന്
മണവുമില്ല
രുചിയുമില്ല.
ഒറ്റപ്പെടലിന്റെ
തുരുത്തിലേക്ക്
പഴയ പെരുന്നാളോര്‍മകള്‍
ഒരു മഴവില്ലായി
കണ്ണില്‍ തെളിയുമ്പോഴേക്ക്
കനത്തു പോയ
നെഞ്ചിന്റെ
ആഴങ്ങളില്‍ നിന്ന്
ഒരു ദീര്‍ഘ നിശ്വാസം
ഉയര്‍ന്നു വരും.
രാത്രിയുടെ
അറ്റത്തെവിടെയോ
വെച്ചാണ്
ആ സ്വപ്നത്തെ
പെറുക്കിയെടുക്കാനായത്.
ഞാന്‍…
താക്കോല്‍ പഴുതിലൂടെ
പുറത്തേക്ക് നോക്കുകയാണ്
അവിടെ നിറങ്ങളും
മണങ്ങളും നിറഞ്ഞ
ഒരു പെരുന്നാള്‍ മരം
പൂക്കുന്നു.
ശവ്വാല്‍ പിറ കണ്ട് കണ്ട്
പ്രിയപ്പെട്ട മുഖങ്ങളൊക്കെ
മാസ്‌കില്ലാതെ
പെരുന്നാള്‍ ശ്വസിക്കുന്ന
കാലം വരുമെന്ന്
കാറ്റ് പറയും പോലെ.