5 Friday
December 2025
2025 December 5
1447 Joumada II 14

ഹജ്ജ്: വിദേശ തീര്‍ഥാടകര്‍ക്ക് ഇത്തവണയും വിലക്ക്‌


കോവിഡിന്റെ രണ്ടാം തരംഗം വിട്ടൊഴിയാത്തതിനാല്‍ പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് വിദേശ തീര്‍ഥാടകര്‍ക്ക് ഇത്തവണയും അനുമതിയുണ്ടായേക്കില്ല. സഊദി അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആഗോള തലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെത്തുടര്‍ന്നാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷവും കോവിഡ് ഭീതി മൂലം ഹജ്ജ് തീര്‍ഥാടനത്തിന് വിദേശികള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. പകരം സ്വദേശികളായ നിശ്ചിത ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയത്. കനത്ത കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. ഇത്തവണ വാക്‌സിനേഷന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് പ്രവേശനമുണ്ടായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ടാം തരംഗം കുതിച്ചുയരുന്നതിനാലാണ് നിലപാട് മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നേരത്തെ ഉംറക്ക് അനുമതിയുണ്ടായിരുന്നു. വാക്‌സിനേഷന്‍ എടുത്ത സഊദി പൗരന്മാര്‍ക്കും രാജ്യത്ത് താമസിക്കുന്ന മറ്റു രാജ്യക്കാര്‍ക്കും അല്ലെങ്കില്‍ മാസങ്ങള്‍ക്ക് മുമ്പ് കോവിഡ് വന്നുപോയവര്‍ക്കും മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതിയുണ്ടാവുകയുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Back to Top