യമനികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി യു എസ് സെനറ്റ് അംഗങ്ങള്‍

യമനികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് നേരെ സഹായഹസ്തങ്ങള്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് യു എസ് സെനറ്റ് അംഗങ്ങള്‍. യമനികളെ സഹായിക്കുന്നതിന് 2.5 ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് നാല് സെനറ്റ് അംഗങ്ങള്‍ തുറന്ന കത്തിലൂടെ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുകയായിരുന്നു. ലോകത്തെ മോശം മാനുഷിക പ്രതിസന്ധിയെന്നാണ് യു എന്‍ യമനിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. യമന് വേണ്ടി യു എന്നിന്റെ അടുത്തിടെയുള്ള ധനസമാഹരണ ശ്രമം പൂര്‍ണാര്‍ഥത്തില്‍ വിജയം കാണാത്ത സാഹചര്യത്തിലാണ് കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിനും, മറ്റു രാഷ്ട്രങ്ങളെ അണിനിരത്തുന്നതിനും യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണോട് സെനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ചിലെ യു എന്‍ കോണ്‍ഫറന്‍സ് 3.85 ബില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിന് ശ്രമിച്ചുവെങ്കിലും 1.35 ബില്യണ്‍ മാത്രമാണ് കണ്ടെത്തിയത്. യമന് 19 മില്യണ്‍ യു എസ് സഹായം നല്‍കുമെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത് അന്താരാഷ്ട്ര സഹായ സംഘടനയായ ഓക്‌സ്ഫാം യു എസിനോട് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട 1.2 ബില്യണ്‍ ഡോളറിന്റെ ന്യായമായ വിഹിതത്തിന് താഴെയായിരുന്നു.
