കൂട്ട് പകരുന്ന ആത്മബലം
സി കെ റജീഷ്

ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ വാവിട്ട് കരയുകയാണ് യുവതി. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ആശ്വസിപ്പിക്കുന്നുണ്ട്. പക്ഷേ അവള്‍ക്ക് കരച്ചിലടക്കാനാവുന്നില്ല. അപ്പോഴാണ് അപരിചിതയായ ഒരു സ്ത്രീ അവിടേക്ക് വന്നത്. ആ സ്ത്രീ കരയുന്ന യുവതിയെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു: എനിക്ക് നിന്നെ മനസ്സിലാകും. കാരണം ഞാനൊരു വിധവയാണ്. പതിയെ അവള്‍ ശാന്തയായി.
വേദനിക്കുന്നവരുമായി താദാത്മ്യപ്പെടുമ്പോഴാണ് നമ്മുടെ സമാശ്വാസ വാക്കുകള്‍ക്ക് പോലും സ്വാധീനമുണ്ടാകുന്നത്. വിഷമ സന്ധിയില്‍ കഴിയുന്ന സുഹൃത്ത് ആഗ്രഹിക്കുന്നത് സാന്ത്വനം കൊണ്ട് വാചാലരാവുന്നവരുടെ സാന്നിധ്യം മാത്രമല്ല. അവന്റെ നോവും നിലയും അറിഞ്ഞ് പെരുമാറുന്ന ഒരു സുഹൃത്തിന്റെ കൈത്താങ്ങാണ്. കൈപൊള്ളിയവനെ സുഖപ്പെടുത്താന്‍ ഒരു തവണയെങ്കിലും തീയില്‍ തൊട്ടിട്ടുണ്ടാകണം. മുമ്പ് പൊള്ളലേറ്റിട്ടില്ലെങ്കിലും തീയുടെ തീക്ഷ്ണത അറിഞ്ഞവന് മരുന്ന് പുരട്ടാനുള്ള ജാഗ്രത കാണും.
ഫാദര്‍ ഡാമിയനെ കുറിച്ച് കേട്ടിട്ടില്ലേ? മൊളോക്കോ ദ്വീപിലെ കുഷ്ഠരോഗികളെ പരിചരിക്കുന്ന വ്യക്തി. ഒരു ഞായറാഴ്ചയിലെ അദ്ദേഹത്തിന്റെ പ്രസംഗം ആളുകളെ വികാരഭരിതരാക്കി. ‘എന്റെ പ്രിയപ്പെട്ട സഹോദരന്മാരേ’ എന്നാണ് സംബോധന ചെയ്തിരുന്നത്. പതിവ് തെറ്റിച്ച് അദ്ദേഹം ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. ‘നമ്മള്‍ കുഷ്ഠരോഗികള്‍’ എന്ന് പറഞ്ഞ് അന്ന് സംസാരം തുടങ്ങി- വേദനിക്കുന്നവനെ സ്വന്തത്തോട് ചേര്‍ത്ത് നിര്‍ത്തി പറയുന്ന വാക്കുകള്‍ വലിയ ശമനൗഷധമാണ്.
വീഴ്ചകളും തളര്‍ച്ചകളും ജീവിതത്തില്‍ സ്വഭാവികമാണ്. വീണിടത്തുതന്നെ കിടക്കുന്നതാണ് കുറ്റകരമായിത്തീരുന്നത്. വീണുപോയവരില്‍ പലരും എഴുന്നേല്‍ക്കാത്തത് വീഴ്ചയുടെ ആഘാതം കൊണ്ട് കൂടിയാണെന്ന് നാമറിയണം. നഷ്ടപ്പെട്ടതൊന്നും തിരിച്ച് നല്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ കൂടെ നില്‍ക്കുന്നവരുടെ ചിറകുകള്‍ക്ക് ബലവും കാലുകള്‍ക്ക് ദൃഢതയും നല്‍കാനുള്ള കരുത്ത് നമുക്കുണ്ട്. തളര്‍ന്നാലും തകരാത്ത മനസ്സിന് സഹാനുഭൂതി മാത്രമല്ല, സമരാവേശംകൂടി പകരാന്‍ നമുക്ക് കഴിയണം.
കുഷ്ഠരോഗിയുടെ ശരീരത്തിലേക്ക് നിങ്ങള്‍ നോക്കികൊണ്ടേയിരിക്കരുത് എന്ന് നബി(സ)യുടെ ഒരു ഉപദേശമുണ്ട്. നോവനുഭവിക്കുന്നവന്റെ ഹൃദയവേദന കണ്ടറിയാന്‍ നമുക്ക് കഴിയണമെന്ന് ചുരുക്കം.
‘എനിക്കാരുമില്ല’ എന്ന് പരിഭവപ്പെടുന്നവരുണ്ട്. എല്ലാവരും ഇല്ലെങ്കിലും ആരൊക്കെയോ ഉള്ളതിന്റെ ബലത്തില്‍ തന്നെയാണ് നാം ജീവിക്കുന്നത്. ഒരാളും ഒറ്റപ്പെട്ട് പോവാതെ എവിടെനിന്നോ ആരൊക്കെയോ കൂടെ സഞ്ചരിക്കാനുണ്ടാകുന്നു. ആര്‍ക്കും ആരുടെയുമൊപ്പം എപ്പോഴും സഞ്ചരിക്കാനാകുകയുമില്ല. കൂടെ നടന്ന് തനിയെ നടക്കാനുള്ള കരുത്ത് പകരാനേ കഴിയൂ. കൂട്ട് പകരുന്ന ആത്മബലത്തെ അളന്നെടുക്കാനാവില്ല.
കാലിഫോര്‍ണിയയില്‍ കാണപ്പെടുന്ന ഭീമന്‍ മരങ്ങളാണ് സെക്വയ. അവയുടെ വലിപ്പവും പഴക്കവും ആരെയും അത്ഭുതപ്പെടുത്തും. ആയിരം വര്‍ഷം വരെ ആയുസ്സുള്ള സെക്വയ മരങ്ങള്‍ കൊടുങ്കാറ്റിനേയും ഭൂമികുലുക്കത്തേയും അതിജീവിച്ച് വളരുന്നു. ഈ വന്‍വൃക്ഷത്തിന്റെ വളര്‍ച്ചയുടെ പിന്നിലുള്ള രഹസ്യം എന്താണെന്നു അറിയേണ്ടേ? അവയുടെ താഴ്‌വേരുകള്‍ വളരാന്‍ തുടങ്ങിയാല്‍ പരസ്പരം കണ്ടെത്തി കെട്ടുപിണയും. വന്‍വൃക്ഷങ്ങളും ചെറുമരങ്ങളുമെല്ലാമായിട്ട് ആയിരക്കണക്കിന് മരങ്ങള്‍ ഇവിടെയുണ്ട്. ഇവ നേരിട്ടോ അല്ലാതെയോ കൂടിച്ചേര്‍ന്നാണിരിക്കുന്നത്. പരസ്പരം കെട്ടിപിണഞ്ഞു കിടക്കുന്ന താഴ്് വേരുകളും അത് നല്‍കുന്ന ശിഖരബലവുമാണ് സെക്വയയുടെ അതിജീവന രഹസ്യം. തളര്‍ന്ന് പോകുമെന്ന് കരുതുന്നിടത്തെല്ലാം കൂട്ടുചേരലിന്റെ ആത്മബലം നല്‍കുന്ന സെക്വയ മരങ്ങളാവാന്‍ നമുക്കും കഴിയട്ടെ.
