കിറ്റും പെന്‍ഷനും പിന്നെ പി ആര്‍ സംഘവും; കരുത്തേറ്റി പിണറായി വിജയന്‍ വീണ്ടും, രാഷ്ട്രീയ പരാജയം നേരിട്ട് യു ഡി എഫ്
വി കെ ജാബിര്‍
അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ മുന്നില്‍ വെച്ചു വോട്ട് തേടിയ എല്‍ഡിഎഫ് കേരളത്തില്‍ തുടര്‍ഭരണമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നു. തുടര്‍ച്ചയായി ഒരു കക്ഷിയെയും ഭരണത്തിലേറ്റാത്ത രാഷ്ട്രീയ ചരിത്രം തിരുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണിയെ കേരളം വീണ്ടും വന്‍ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചത്. 1982-നുശേഷം സംസ്ഥാനത്ത് ഓരോ തെരഞ്ഞെടുപ്പിലും മുന്നണികള്‍ മാറി മാറിയാണ് അധികാരത്തിലേറുന്നത്. ഇക്കുറിയും അത്തരമൊരു ഭരണമാറ്റം പ്രതീക്ഷിച്ചവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി ജനങ്ങളുടെ അംഗീകാരം നേടിയെടുത്തിരിക്കുന്നത്.
കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ സീറ്റും ഭൂരിപക്ഷവും നേടി ആധികാരികമായാണ് ഇടതുപക്ഷം അധികാരമുറപ്പിച്ചത്. സ്വാഭാവികയമായും 2016-ലെതിനെക്കാള്‍ ദയനീയ തോല്‍വിയാണ് യു ഡി എഫ് അഭിമുഖീകരിച്ചത്. 2016 തെരഞ്ഞെടുപ്പില്‍ 91 സീറ്റ് നേടിയ എല്‍ഡിഎഫ് ഇക്കുറി നേട്ടം 99 ആയി ഉയര്‍ത്തി. 47 സീറ്റുകളുമായി പ്രതിപക്ഷത്തിരുന്ന യുഡിഎഫ് 41 സീറ്റിലേക്ക് ചുരുങ്ങി. 2016-ലെ പോലെ സ്വതന്ത്രനോ എന്‍ഡിഎയോ എറണാകുളം ജില്ലയില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഓളമുണ്ടാക്കിയ ട്വന്റി ട്വന്റി പരീക്ഷണമോ വിജയം കണ്ടിട്ടുമില്ല. എല്‍ ഡി എഫ്, യു ഡി എഫ് എന്നതിനപ്പുറം മറ്റൊരു മുന്നണിയോ രാഷ്ട്രീയമോ അപ്രസക്തമാക്കുന്ന ഫലം കൂടിയാണുണ്ടായിരിക്കുന്നത്. യു ഡി എഫ് പിന്തുണയോടെ വടകരയില്‍ വിജയിച്ച ആര്‍ എം പിയുടെ സാന്നിധ്യം ഈ നിരീക്ഷണത്തിന് അപവാദമാകുമെന്നു തോന്നുന്നില്ല.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടത് മുന്നണി ആധിപത്യം വ്യക്തമായി. മലപ്പുറം, വയനാട്, എറണാകുളം ജില്ലകളാണ് യുഡിഎഫിന് ആശ്വാസം പകര്‍ന്നു ചേര്‍ന്നു നിന്നത്. 62 സീറ്റു നേടിയ സി പി എം കേവല ഭൂരിപക്ഷത്തിനടുത്തെത്തിയതും കോണ്‍ഗ്രസിന് കഴിഞ്ഞ തവണ നേടിയ സീറ്റു നഷ്ടമായതും, തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാറുള്ള മുസ്‌ലിംലീഗ് മൂന്നു സീറ്റില്‍ അധികം മത്സരിച്ചിട്ടും മൂന്നു സീറ്റു നഷ്ടമായതും ശ്രദ്ധിക്കപ്പെട്ടു. വിജയക്കുതിപ്പിലും ഭരണകക്ഷിയായ സി പി ഐക്കു രണ്ടു സീറ്റ് നഷ്ടമായപ്പോള്‍, അധിക നേട്ടം സി പി എമ്മില്‍ മാത്രമൊതുങ്ങി എന്നും ഈ ഘട്ടത്തില്‍ വിലയിരുത്താം. സീറ്റു നിലയില്‍ കോണ്‍ഗ്രസിന്റെ മൂന്നിരട്ടിയോളം കൂടുതല്‍ നേടിയ സി പി എം സ്വന്തമാക്കിയ വോട്ടു വിഹിതം 25.38 ശതമാനമാണെങ്കില്‍ 21 സീറ്റു മാത്രമുള്ള കോണ്‍ഗ്രസ് 25.12 ശതമാനം വോട്ടു നേടി വളരെ അടുത്തുണ്ട് എന്നതും ശ്രദ്ധേയമാണ്. 11.30% വോട്ടു നേടിയ ബി ജെ പിക്ക് കേരളത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നും കണക്കുകള്‍ പറയുന്നുണ്ട്.
പെന്‍ഷനും കിറ്റും ആത്മവിശ്വാസവും
കഴിഞ്ഞ അഞ്ചു വര്‍ഷം നിരവധി ആരോപണങ്ങളാണ് പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ നേരിട്ടത്. നിരവധി അഴിമതിയാരോപണങ്ങളും ക്രമക്കേടുകളും ഉയര്‍ന്നു. ആഭ്യന്തരവകുപ്പിനു നേരെ ഗുരുതരമായ ആരോപണങ്ങളുന്നയിക്കപ്പെട്ടു. സി പി ഐ പോലും പൊലീസ് ഭരണത്തിനെതിരെ നിരന്തരം രംഗത്തുവന്നു. യു എ പി എ നിര്‍ലോഭം ചുമത്തപ്പെട്ടതും മാവോയിസ്റ്റ് ആരോപണം ഉന്നയിച്ച് നിരവധി പേരെ വെടിവെച്ചു കൊന്നതും ആഭ്യന്തരമന്ത്രിയുടെ തൊപ്പിയില്‍ പറ്റിയ കറുത്ത പാടുകള്‍ തന്നെയായിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍, സ്പ്രിംഗ്‌ളര്‍ അഴിമതി, പിന്‍വാതില്‍ നിയമനം, സ്വര്‍ണക്കടത്ത് തുടങ്ങി നിരവധി കഴമ്പുള്ള ആരോപണങ്ങളാണുണ്ടായത് എന്നത് പ്രതിപക്ഷത്തിന്റെ അവകാശവാദം മാത്രമായിരുന്നില്ല. പല തീരുമാനങ്ങളും തിരുത്തി കൈ കഴുകി ഭരണപക്ഷം തന്നെ അതു തെളിയിച്ചതാണ്. കാലാവധി പൂര്‍ത്തിയാകുമ്പോഴേക്ക് അഞ്ചു മന്ത്രിമാര്‍ക്ക് സ്ഥാനം ഒഴിയേണ്ട ഗതികേടുണ്ടായി.
സാധാരണ ഗതിയില്‍ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കപ്പെടാന്‍ മാത്രമുള്ള ആയുധങ്ങള്‍ എമ്പാടുമുണ്ടായിട്ടും അത് ജനങ്ങളെ കാര്യമായി ബാധിച്ചില്ലെങ്കില്‍ അതിനു കാരണം വീട്ടു പടിക്കലെത്തിയ ക്ഷേമ പെന്‍ഷനും സൗജന്യ കിറ്റും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഭരണാധികാരി എന്ന പിണറായി വിജയന്റെ ഇമേജും തന്നെയാണ്. അതിനപ്പുറം എല്ലാം ശരിയാകുമെന്നതു മുതല്‍ തുടങ്ങിയ പി ആര്‍ ടീമിന്റെ ക്യാംപയിന്‍ കരുത്തും എടുത്തു പറയേണ്ടതാണ്. പബ്ലിക് റിലേഷന്‍ ടീം മുന്നോട്ടുവെച്ച ഉറപ്പാണ് എല്‍ ഡി എഫ് എന്ന പഞ്ച് മുദ്രാവാക്യം യു ഡി എഫ് പ്രവര്‍ത്തകരുടെ അകതാരില്‍ പോലും പതിഞ്ഞുപോയിരുന്നു. ന്യായ് ഉള്‍പ്പെടെ, ശശി തരൂരിന്റെ നേതൃത്വത്തില്‍ ജനോപകാരപ്രദമായ പദ്ധതികള്‍ ഉള്‍പ്പെടുത്തി മികച്ച പ്രകടന പത്രിക പുറത്തിറക്കാനായിട്ടു പോലും നാടു നന്നാകാന്‍ യു ഡി എഫ് എന്ന അവിഞ്ഞ കാപ്ഷന് ജനമനസ്സുകളില്‍ ചലനമുണ്ടാക്കാനായില്ലെന്നു കരുതേണ്ടി വരും. തുടര്‍ ഭരണമുണ്ടാകുമോ എന്നു യു ഡി എഫുകാര്‍ പോലും പറയാതെ പറഞ്ഞുപോയി. കിറ്റിനും അതു നല്‍കിയ സഞ്ചിയുടെ പോലും പിന്നിലും ഉന്നയിക്കപ്പെട്ട കെട്ട കഥകള്‍ പോലും സൗജന്യം മുടക്കുന്ന ആരോപണങ്ങള്‍ മാത്രമായി ജനം കണ്ടു. ഭരണപക്ഷത്തിന്റെ വാദങ്ങള്‍ മറികടന്ന് വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല.
എല്ലാറ്റിനുമുപരി രണ്ടു പ്രളയങ്ങള്‍, ഓഖി ഉള്‍പ്പെടെയുള്ള പ്രകൃതി ക്ഷോഭങ്ങളും മഹാ പകര്‍ച്ച വ്യാധികളും നെഞ്ചൂക്കോടെ നേരിട്ട ഭരണാധികാരി എന്ന പ്രതിച്ഛായ തീര്‍ക്കാന്‍ മുഖ്യമന്ത്രിക്കു സാധിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കാന്‍ പിണറായി വിജയനു കഴിഞ്ഞത് ജനമനസ്സുകളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടാകും. പൗരത്വ ഭേഗതി നിയമം ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ പ്രതിരോധിക്കാനും ബി ജെ പിയെ രാഷ്ട്രീയമായി നേരിടാനും കാണിച്ച പ്രായോഗികതയും വിജയം കണ്ടിരിക്കുന്നു. സാമുദായിക സമവാക്യങ്ങള്‍ തരം പോലെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചതിനാല്‍ വലിയ തോതില്‍ ക്രിസ്ത്യന്‍, ഈഴവ പിന്തുണ കൈക്കലാക്കാനും മുസ്‌ലിംകളുടെ തരക്കേടില്ലാത്ത വിശ്വാസം ആര്‍ജിക്കാനും കഴിഞ്ഞു. തിരുവമ്പാടി ഉള്‍പ്പെടെ വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും നേടിയ സ്വീകാര്യത അതുകൂടി പറയുന്നുണ്ട്.
കാമ്പുള്ള ആരോപണങ്ങള്‍; ഏശിയില്ല
തെരഞ്ഞെടുപ്പ് ദിവസത്തില്‍ ശബരിമല വിഷയം ചര്‍ച്ചയാക്കുന്നതില്‍ യു ഡി എഫ് വിജയിച്ചെങ്കിലും ജനത്തിന് വോട്ട് ചെയ്യാന്‍ അതൊരു വിഷയമല്ലാതായി മാറിയെന്നതു ശ്രദ്ധേയമാണ്. 2016-ല്‍ യുഡിഎഫിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച സോളാര്‍ ആരോപണത്തിന് സമാനമായി യുഡിഎഫിന് കിട്ടിയ ആയുധമായിരുന്നു സ്വര്‍ണക്കടത്ത്. മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഈ ആരോപണത്തില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തുടര്‍ച്ചയായി സംശയമുനയില്‍ നിന്നിട്ടു പോലും യുഡിഎഫിന് അത് വോട്ടാക്കാന്‍ പറ്റിയില്ല.
പിന്‍വാതില്‍ നിയമനം വഴി പി എസ് സിയെ നോക്കുകുത്തിയാക്കിയത്, അനധികൃത നിയമനങ്ങള്‍, യു എ പി എ ദുരുപയോഗം, മാവോയിസ്റ്റ് കൊലകള്‍ തുടങ്ങി ആഭ്യന്തരവകുപ്പിന്റെ വിവാദ തീരുമാനങ്ങള്‍, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍, സ്പ്രിംഗ്‌ളര്‍ അഴിമതി തുടങ്ങി സര്‍ക്കാരിനെതിരായി കാമ്പുള്ള നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊണ്ടുവരാനായെങ്കിലും അത് ഏറ്റെടുക്കുന്നതില്‍ യുഡിഎഫും ജനങ്ങള്‍ക്കു മുന്നേ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം തന്നേയും പരാജയപ്പെട്ടു. സ്പ്രിംഗ്‌ളര്‍, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ എന്നീ വിഷയങ്ങളില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ കൊണ്ടു തീരുമാനം മാറ്റിക്കാന്‍ വരെ സാധിച്ചു എന്നതിന് കേരളം സാക്ഷിയാണ്. അനധികൃത നിയമനത്തെ ചൊല്ലിയും അല്ലാതെയും അഞ്ചു മന്ത്രിമാര്‍ക്കാണ് കഴിഞ്ഞ അഞ്ചു വര്‍ഷം രാജിവയ്‌ക്കേണ്ടി വന്നത്.
നിരവധി ആയുധങ്ങള്‍ കൈയില്‍ കിട്ടിയിട്ടും സര്‍ക്കാരിനെതിരെ ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിനും യു ഡി എഫിനും കഴിഞ്ഞതേയില്ല. സോഷ്യല്‍ മീഡിയയിലും നിരത്തുകളിലും കോണ്‍ഗ്രസിന്റെ സംഘടനാ ശേഷിക്കുറവു മൂലമുണ്ടായ വിടവ് തെരഞ്ഞെടുപ്പില്‍ കാര്യമായി പ്രതിഫലിച്ചിരിക്കുന്നു. സൈബര്‍ ഇടത്തില്‍ ഏറെ മുന്നിലുള്ള ഇടതു പോരാളികളുടെ ആക്രമണങ്ങളില്‍ ആയുധം കൈയില്‍ നിന്നു വഴുതിപ്പോവുന്ന ദയനീയാവസ്ഥയിലായി യു ഡി എഫുകാര്‍.
ശബരിമല റിവേഴ്‌സ് എഫക്ട്
കഴിഞ്ഞ ഒന്നര വര്‍ഷമായി വളരെ ക്രിയാത്മകമായ പ്രതിപക്ഷമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു ഡി എഫ് പ്രവര്‍ത്തിച്ചിട്ടും ഇത്ര വലിയൊരു പതനത്തിലേക്ക് ഇലക്ഷന്‍ ഫലങ്ങള്‍ എത്തിച്ചത് എന്തുകൊണ്ടാകും? ഒരു പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടികളോ മുന്നണിയോ ജനങ്ങള്‍ക്കു മുന്‍പില്‍ വയ്‌ക്കേണ്ട വിഷയങ്ങള്‍ വളരെ പ്രധാനമാണ്. ആ സംസ്ഥാനത്തെ ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സംഭവിച്ച വലിയ പിഴവാണ് യു ഡി എഫിന് സംഭവിച്ചത്. സര്‍ക്കാരിന്റെ വീഴ്ചകളും ഭരണ പരാജയങ്ങളും അഴിമതിയും കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങളെയുമെല്ലാം തുറന്നുകാട്ടുകയും എതിര്‍ക്കുകയുമാണല്ലോ ശരിയായ പ്രതിപക്ഷ ധര്‍മം.
എം പിയും ബുദ്ധിജീവിയുമായ ശശി തരൂരിന്റെ നേതൃത്വത്തില്‍ ജനാഭിലാഷങ്ങളെ മനസിലാക്കി പ്രകടനപത്രിക തയ്യാറാക്കുക എന്ന ഗുണപരമായ ഒരു തീരുമാനം പതിവില്ലാത്ത വിധം ഇക്കുറി കോണ്‍ഗ്രസ് എടുക്കുകയും നടപ്പിലാക്കുകയും ചെയ്തതാണ്. കോണ്‍ഗ്രസിന്റെ പതിവു രീതികളില്‍ നിന്നു വ്യത്യസ്തമായി മികച്ച പ്രതിച്ഛായയുള്ള വ്യക്തികളെ ഉള്‍പ്പെടുത്തി, ഒരു പരിധി വരെ ഗ്രൂപ്പു താല്പര്യങ്ങള്‍ക്കപ്പുറമുള്ള സ്ഥാനാര്‍ഥി നിര്‍ണയവും നടത്തിയിരുന്നതാണ്.
എന്നാല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചുമതലക്കാരനായി ഉമ്മന്‍ ചാണ്ടി കൂടി രംഗത്തു വരുന്നതോടെയാണ് കളി വഴിമാറുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല ഒട്ടേറെ രാഷ്ട്രീയ വിഷയങ്ങളും ഭരണ പക്ഷത്തിനെതിരായ രൂക്ഷ വിമര്‍ശനങ്ങളും ശക്തമായ ആരോപണങ്ങളുമായി ശ്രദ്ധിക്കപ്പെടുകയായിരുന്നു. ആദ്യ കാലത്തെ അലസതക്ക് ശേഷം മികച്ച പ്രതിപക്ഷ നേതാവിലേക്ക് രമേശ് ചെന്നിത്തല ഉയരുന്നത് കേരളം കണ്ടതാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ വരവോടെ മുദ്രാവാക്യങ്ങള്‍ മാറി. ശബരിമല വിഷയം ആവര്‍ത്തിച്ച് ഉന്നയിച്ചു കൊണ്ട് പ്രശ്‌നം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്ര വിഷയമാക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടുത്ത യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ആചാര ലംഘകരെ തടവിലിടുന്ന നിയമത്തിന്റെ കരടും ഇറക്കി. ആ വാറോല കെ പി സി സി പോലും ഏറ്റെടുത്തില്ലെങ്കിലും ഉമ്മന്‍ ചാണ്ടി ശരണമന്ത്രം ഉരുവിട്ടുകൊണ്ടേ ഇരുന്നു. രമേശ് ചെന്നിത്തലയേക്കാള്‍ ശബരിമല പ്രേമിയാണ് താന്‍ എന്ന് തെളിയിക്കാനുള്ള പരിശ്രമം ആയിരുന്നിരിക്കണം അത്. ഉമ്മന്‍ ചാണ്ടി വിഷയം ഉന്നയിച്ചതിലൂടെ യു ഡി എഫിനും ചെന്നിത്തലക്കും ശബരിമല വിഷയം ഉയര്‍ത്തേണ്ടി വന്നു. സമൂഹത്തിലെ പൊതുബോധത്തെ തിരിച്ചറിയാതെയുള്ള അപക്വമായ നീക്കമാണ് യുഡിഎഫ് പരാജയത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലൂടെ ശബരിമല പോലുള്ള വിഷയത്തിനപ്പുറം ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടെന്നു തിരിച്ചറിയാനും അത് ഉയര്‍ത്തിക്കൊണ്ടുവരാനും പരാജയപ്പെട്ടത് വലിയ രാഷ്ട്രീയ പതനമാണ് സമ്മാനിച്ചത്. രമേശ് ചെന്നിത്തല ഉയര്‍ത്തിയ ശരിയായ രാഷ്ട്രീയ വിഷയങ്ങളെ റിവേഴ്‌സ് അടിപ്പിക്കുന്ന ഈ നീക്കം തെരഞ്ഞെടുപ്പ് കാലത്തെ വലിയ മണ്ടത്തരങ്ങളിലൊന്നായെന്നു കാണാം. അര നൂറ്റാണ്ടായി വിജയിച്ചു പോന്ന സ്വന്തം തട്ടകത്തില്‍ ഉമ്മന്‍ ചാണ്ടി കിതച്ചു കരകയറിയപ്പോള്‍ രമേശ് ചെന്നിത്തല ഹരിപ്പാട് വിജയ മാര്‍ജിന്‍ ഉയര്‍ത്തിയതുമൊരു സൂചനയാണ്.
ചില തോല്‍വികളും വിജയങ്ങളും
സംസ്ഥാനത്താകമാനം ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴും പാലായിലെ മാണി സി കാപ്പന്റെ വിജയം ഇടതു മുന്നണിക്കും സിപിഎമ്മിനും കനത്ത ആഘാതമാണ്. ജോസ് കെ മാണിയെ മുന്നണിയിലേക്ക് എത്തിക്കുന്നതില്‍ സവിശേഷ താല്പര്യം പിണറായി വിജയനുണ്ടായിരുന്നു. മന്ത്രിസഭയില്‍ മികച്ച ഇരിപ്പിടം ലഭിക്കുമായിരുന്ന ജോസ് കെ മാണിക്ക് ഗ്രൗണ്ടിനു പുറത്തുനിന്നു കളി കാണേണ്ട അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്.
വടകരയില്‍ നിന്ന് കെ കെ രമ ജയിച്ചു കയറിയതും സിപിഎമ്മിനും പിണറായി വിജയനും തീര്‍ത്തും അഹിതകരമാകുമെന്നുറപ്പാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു തവണ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയതും സി പി എം മെഷിനറി സര്‍വ തന്ത്രവും പയറ്റിയതും മണ്ഡലത്തിലെ ജനവിധിയുടെ പ്രാധാന്യം കൊണ്ടു തന്നെയാണ്. വടകരയെന്ന, സോഷ്യലിസ്റ്റുകള്‍ എളുപ്പം ജയിച്ചു കയറിയ മണ്ണിലാണ്, കേരളമൊട്ടുക്കുമുള്ള തരംഗത്തെ ഭേദിച്ച് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ രമ നിയമസഭ കയറുന്നത്. സൈബര്‍ ഇടങ്ങളിലും അല്ലാതെയും കടുത്ത ആക്രമണങ്ങളും അധിക്ഷേപവും സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രചാരണങ്ങളും നേരിട്ടാണ് അവര്‍ പൊരുതി നേടിയത്. കൊലപാതക രാഷ്ട്രീയത്തിനെതിരായി വോട്ടു തേടിയ രമയ്ക്കു വേണ്ടി സ്ത്രീകള്‍ കൂട്ടമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കുണ്ടറയില്‍ അടിപതറിയതും പാര്‍ട്ടിക്കു വേണ്ടി നിയമസഭയിലും പുറത്തും ശക്തിയുക്തം വാദങ്ങളുയര്‍ത്തി പ്രതിരോധം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എം സ്വരാജിന് തൃപ്പുണിത്തുറയില്‍ രണ്ടാമൂഴം നഷ്ടമായതും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ്. തിളക്കമാര്‍ന്ന വിജയത്തിനിടയിലും മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയം എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലം മാറി മട്ടന്നൂരില്‍ മത്സരിച്ച സാമൂഹിക ക്ഷേമ ആരോഗ്യമന്ത്രി കെ കെ ശൈലജ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. നിപ്പയും കോവിഡും കൈകാര്യം ചെയ്ത് കേരളീയരുടെ ടീച്ചറമ്മയെന്ന ക്രെഡിറ്റ് നേടിയ ശൈലജ, ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കൂടിയ വോട്ടു വിഹിതം നേടിയതും (60,963) വലിയ അംഗീകാരമാണ്.
വടകരയില്‍ കെ കെ രമ, പാലായില്‍ മാണി സി കാപ്പന്‍, പാലക്കാട് ഷാഫി പറമ്പില്‍, കുണ്ടറയില്‍ പി സി വിഷ്ണുനാഥ്, മഞ്ചേശ്വരത്ത് എ കെ എം അഷ്‌റഫ് തുടങ്ങിയവരുടെ ജയം യുഡിഎഫിന് ആശ്വാസം പകരും. മുഖ്യമന്ത്രിക്കുപ്പായം അഡ്വാന്‍സായി തൈപ്പിച്ചുവെച്ച ബി ജെ പി സ്ഥാനാര്‍ഥി ഇ ശ്രീധരനെതിരെ അവസാന ഘട്ടത്തില്‍ ഷാഫി പറമ്പില്‍ നേടിയ വിജയം കൊടി നിറങ്ങള്‍ക്കപ്പുറം കേരളം നെഞ്ചോടു ചേര്‍ത്ത നേട്ടമാണ്.
നേമത്ത് സി പി എമ്മിലെ വി ശിവന്‍ കുട്ടിയുടെ വിജയവും കേരളം ഒന്നാകെ ഏറ്റെടുത്തതാണ്. നിയമസഭയില്‍ സ്പീക്കറുടെ മേശപ്പുറത്തു കയറി കസേര വലിച്ചു താഴെയിട്ട ജനപ്രതിനിധിയാണെങ്കിലും നേമം തങ്ങളുടെ സുരക്ഷിത മണ്ഡലമാണെന്ന ബി ജെ പിയുടെ അഹംബോധം തകര്‍ക്കാന്‍ ശിവന്‍ കുട്ടിയുടെ ജയം ആവശ്യമായിരുന്നു എന്നു ജനം കണക്കുകൂട്ടിയിട്ടുണ്ടാകും. നേമത്തെ ബി ജെ പി എക്കൗണ്ട് പൂട്ടിക്കുന്നതില്‍, കെ മുരളീധരന്റെ മാസ് എന്‍ട്രി നിര്‍ണായകമായി എന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 2016-ല്‍ എല്‍ ഡി എഫും (59142) ബി ജെ പിയും (67813) നേടിയ വോട്ടുകള്‍ ഇത്തവണ നേടാന്‍ കഴിയാതിരുന്നിട്ടും (എല്‍ഡിഎഫ്: 55837, ബിജെപി: 51888) ശിവന്‍ കുട്ടി വിജയിച്ചതിന്റെ ക്രെഡിറ്റ് മുരളീധരനു കൂടിയാണ്. കഴിഞ്ഞ തവണ യു ഡി എഫ് സ്ഥാനാര്‍ഥി 13,860 വോട്ടു നേടിയ സ്ഥാനത്ത് കെ മുരളീധരന്‍ സ്വന്തമാക്കിയത് 36,524 വോട്ടാണ്. ബി ജെ പിക്കു പോയിരുന്ന പതിനാറായിരത്തിനു മേല്‍ വോട്ടുകള്‍ അവരുടെ പ്രസ്റ്റീജ് മണ്ഡലത്തില്‍ മുരളീധരന്‍ പിടിച്ചതു തന്നെയാണ് ശിവന്‍ കുട്ടിയുടെ വഴി എളുപ്പമാക്കിയതും കുമ്മനം രാജശേഖരന്റെ വഴി അടച്ചതും.
അതേസമയം, വി ടി ബല്‍റാം, കെ എസ് ശബരിനാഥന്‍, കെ എം ഷാജി, അനില്‍ അക്കരെ, പി കെ ഫിറോസ് എന്നിവരുടെ തോല്‍വി യു ഡി എഫിനു മാത്രമല്ല തിരിച്ചടിയാകുന്നത്. അവരുയര്‍ത്തിയ രാഷ്ട്രീയത്തിന്റെ തോല്‍വി കൂടിയാണെന്നത് രാഷ്ട്രീയ കേരളത്തിന്റെ പ്രബുദ്ധതയ്ക്കാണ് മങ്ങലേല്‍പ്പിക്കുന്നത്. മേല്‍ജാതി സംവരണത്തെ സവര്‍ണ സംവരണമെന്ന് വിളിക്കാന്‍ ആര്‍ജവം കാണിച്ച അപൂര്‍വ ജനുസില്‍ പെട്ട ആര്‍ജവമുള്ള കോണ്‍ഗ്രസ് യുവ നേതാവായിരുന്നു വി ടി ബല്‍റാം. ഇടതു ചായ്‌വുള്ള തൃത്താല മണ്ഡലം വ്യക്തിപ്രഭാവവും നിശിതമായ നിലപാടും കൊണ്ട് നിലനിര്‍ത്തിയ ബല്‍റാമിന്റെ തോല്‍വി ഈ നിയമസഭയുടെ നഷ്ടങ്ങളിലൊന്നാകും. ഭരണപക്ഷത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഓര്‍മിപ്പിക്കുന്നതും വീഴ്ചകള്‍ നിവര്‍ന്നു നിന്ന് ചൂണ്ടിക്കാണിക്കുകഎന്നതും ജനാധിപത്യത്തിന്റെ വലിയ ഉത്തരവാദിത്തമാണല്ലോ.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെുടുപ്പില്‍ മുസ്‌ലിം ലീഗിലെ അബ്ദുസ്സമദ് സമദാനി തെരഞ്ഞെടുക്കപ്പെട്ടത് 1,14000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ്. പാര്‍ട്ടി അഖിലേന്ത്യ ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അനവസരത്തില്‍ രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. ഭൂരിപക്ഷത്തിലുണ്ടായ ഈ കനത്ത ഇടിവ് പാര്‍ട്ടിയെ വേട്ടയാടും. മലപ്പുറത്തെ സീറ്റുകള്‍ നിലനിര്‍ത്താനായെങ്കിലും ഇടതു തരംഗത്തില്‍ പാര്‍ട്ടിക്കും പരിക്കേല്‍ക്കുകയുണ്ടായി. ലോക്‌സഭാംഗത്വം രാജിവെച്ചു സംസ്ഥാനത്തെത്തിയ കുഞ്ഞാപ്പയ്ക്കു പക്ഷേ നിയമസഭയില്‍ വലിയ റോളുണ്ടാവാനുള്ള സാഹചര്യമില്ല.
കാടിളക്കി, എക്കൗണ്ട് പൂട്ടി ബി ജെ പി
35 സീറ്റു നേടിയാല്‍ അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ച് കാടിളക്കി നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ട ബി ജെ പി നയിക്കുന്ന എന്‍ ഡി എക്ക് ഉണ്ടായിരുന്ന സീറ്റു കൂടി നഷ്ടമാവുകയായിരുന്നു. കേരളം ആരു ഭരിക്കണം എന്ന് എന്‍ ഡി എ തീരുമാനിക്കുമെന്ന് പലവട്ടമാണ് വളരെ നിശ്ചയദാര്‍ഢ്യത്തോടു കൂടി പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. പ്രചാരണ രംഗത്ത് കേരളത്തിലങ്ങളോമിങ്ങോളം ഓടിയെത്താന്‍ ഹെലികോപ്റ്ററിലാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങിയത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഹെലികോപ്റ്റര്‍ കണ്ടാല്‍ ഓടിക്കൂടുന്ന ജനക്കൂട്ടമല്ല കേരളത്തിലേതെന്നു തെരഞ്ഞെടുപ്പു തെളിയിച്ചിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിങ്ങനെ കേന്ദ്രമന്ത്രിമാരുടെയും നേതാക്കളുടെയും നീണ്ട നിര പ്രചാരണത്തിനിറങ്ങിയിട്ടും ബി ജെ പിക്കു കനത്ത തിരിച്ചടി നേരിട്ടു. ശബരിമല വിഷയം ജ്വലിപ്പിച്ചു നിര്‍ത്തി സര്‍ക്കാരിനെതിരായ വികാരം സൃഷ്ടിച്ച് നേട്ടമുണ്ടാക്കാമെന്ന കണക്കുകള്‍ അമ്പേ തെറ്റി. ശബരിമലയില്‍ രാഷ്ട്രീയ ലാഭം സ്വപ്‌നം കണ്ട പാര്‍ട്ടി അധ്യക്ഷന്‍ സുരേന്ദ്രന്‍, കേരളമൊട്ടുക്കും അതു തെരഞ്ഞെടുപ്പു വിഷയമാക്കിയെങ്കിലും ലവലേശം ഏശിയില്ലെന്നത് ബി ജെ പിയുടെ പരാജയത്തെക്കാള്‍, രാഷ്ട്രീയ പ്രബുദ്ധതയുടെ വിജയം കൂടിയായി.
വളരെ ആത്മവിശ്വാസത്തോടെ കെ സുരേന്ദ്രന്‍ മത്സരിച്ച രണ്ടിടത്തും ഭംഗിയായി തോറ്റു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയെങ്കില്‍ ശബരിമല ഉള്‍ക്കൊള്ളുന്ന കോന്നിയില്‍ അദ്ദേഹം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 35 സീറ്റ് പിടിച്ചാല്‍ കേരളത്തില്‍ ഭരണം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് കെ സുരേന്ദ്രനും മെട്രോമാന്‍ ഇ ശ്രീധരനും മറ്റു പലരും പറഞ്ഞത്. കഴിഞ്ഞ തവണ കേരളത്തില്‍ എക്കൗണ്ട് തുറന്ന ബി ജെ പിക്ക് ഇത്തവണ അത്രയേറെയായിരുന്നു ആത്മവിശ്വാസം. ഇ ശ്രീധരന്‍ ഉള്‍പ്പെടെ യു ഡി എഫിലും എല്‍ ഡി എഫിലും ഉള്ള നിരവിധി പ്രമുഖരെയാണ് ബി ജെ പി വലവീശിപ്പിടിച്ചത്. 2016-ല്‍ വിജയിച്ച നേമത്തിന് പുറമെ ഒട്ടേറെ സീറ്റുകളില്‍ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബി ജെ പിയുടെ കണക്കുക്കൂട്ടല്‍. മൂന്നു മുതല്‍ മുപ്പതു സീറ്റുകള്‍ വരെ ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ ബി ജെ പിക്കു സമ്മാനിച്ചത് ആ പ്രതീക്ഷയിലാകും. നേമത്ത് പോലും വിജയിക്കാനാകാതെ ബി ജെ പി ദയനീയമായി തകര്‍ന്നടിഞ്ഞത് സുരേന്ദ്രന്റെ വ്യക്തിപരമായ വീഴ്ച കൂടിയാണ്.
നേമവും പാലക്കാടും ഒഴികെ മഞ്ചേശ്വരത്തും തൃശൂരുമാണ് ബി ജെ പിക്കും എന്‍ ഡി എക്കും അല്പമെങ്കിലും ആശ്വാസകരമായ മത്സരം നടത്താനായത്. കേന്ദ്രത്തില്‍ തുടര്‍ച്ചയായി അധികാരം ലഭിച്ചിട്ടും സര്‍വസന്നാഹങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ബി ജെ പി നേതൃത്വത്തിനേറ്റ തിരിച്ചടിക്കപ്പുറം കേരളീയരുടെ രാഷ്ട്രീയ പ്രബുദ്ധതയായാണ് സംസ്ഥാനത്തിനു പുറത്തുള്ള ബി ജെ പി വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്.
ഉറപ്പാണ് ക്യാപ്റ്റന്‍
രണ്ടാം വരവില്‍ വലിയ തരംഗം തീര്‍ത്താണ് പാര്‍ട്ടിയിലും മന്ത്രിസഭയിലും ചോദ്യം ചെയ്യപ്പെടാനിടമില്ലാതെ പിണറായി വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തുക. അഞ്ചു വര്‍ഷത്തിനിടെ ഭരണരംഗത്തുണ്ടായ പ്രതിസന്ധികളും പ്രകൃതി ക്ഷോഭങ്ങളും നിപ്പയും കൊറോണ വൈറസിന്റെ വ്യാപനവും ഉയര്‍ത്തിയ പ്രയാസങ്ങളും മികവുറ്റ രീതിയിലാണ് പിണറായി എന്ന ഭരണാധികാരി കൈകാര്യം ചെയ്തത്. അതു കണ്ടറിഞ്ഞ ജനങ്ങള്‍ നല്‍കിയ അംഗീകാരം തന്നെയാണ് ഈ നേട്ടം. പാര്‍ട്ടി ഒരുവേള നിസ്സഹായമായിപ്പോകുന്ന വിജയം കൂടിയാണിത്. പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ലെന്നും സഖാവേ ഉള്ളൂവെന്നും പറയുമ്പോഴും ഉറപ്പാണ് ക്യാപ്റ്റന്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ വഴിമാറിയിരിക്കുന്നു.
ദേശീയ തലത്തിലും പിണറായി എന്ന കൊച്ചു കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പ്രസക്തി വര്‍ധിച്ചിരിക്കുന്നു. ഇന്ത്യാ രാജ്യത്ത് കമ്യൂണിസ്റ്റു ഭരണം തുടച്ചുനീക്കപ്പെടാതെ നിലനിര്‍ത്തിയതും പ്രാദേശികപാര്‍ട്ടികളെ ഫലപ്രദമായി ഏകോപിപ്പിച്ചു നിര്‍ത്തി എന്നതും പിണറായിയുടെ നേട്ടമാണ്. യു ഡി എഫില്‍ നിന്ന്, വിശേഷിച്ച് മുസ്‌ലിംലീഗില്‍ നിന്ന് പുറത്തുവന്ന നേതാക്കള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കിയ പിണറായി അവര്‍ക്ക് സര്‍വ പിന്തുണയും സംരക്ഷണവും ഉറപ്പുവരുത്തിയതും തെരെഞ്ഞെടുപ്പു സമയത്തും അതിനു മുമ്പും കണ്ടു. അതും തെരഞ്ഞെടുപ്പില്‍ പൊസിറ്റീവ് ഫലമാണുണ്ടാക്കിയത്.
അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കാതെ പോയിടത്ത് പ്രാദേശിക കക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളിലും ദ്രാവിഡ മുന്നേറ്റ കഴകം തമിഴ്‌നാട്ടിലും കരുത്തോടെ അധികാരം പിടിച്ചിരിക്കുന്നു. കേരളത്തില്‍ പിണറായിയുടെ കരുത്തില്‍ എല്‍ ഡി എഫ് അധികാരം നിലനിര്‍ത്തുകയും ചെയ്തതോടെ ബി ജെ പിയെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പ്രാദേശിക നേതാക്കളുടെ ഗണത്തിലേക്ക് പിണറായി വിജയനും ഇടം കിട്ടിയെന്നു കാണാം. നേമത്തെ ബി ജെ പി എക്കൗണ്ട് പൂട്ടിക്കുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പു ഫലത്തോടെ യാഥാര്‍ഥ്യമായതും വിജയന്റെ നേതൃമൂല്യം ഉയര്‍ത്തി.
മന്ത്രിസഭയിലുണ്ടായിരുന്ന പ്രമുഖരും പ്രബലരും ഇല്ലാതെയാണ് ഇത്തവണ എല്‍ ഡി എഫ് വിജയച്ചു വന്നത്. മൂന്നു തവണ മത്സരിച്ചവര്‍ക്കു സീറ്റു നല്‍കേണ്ടെന്ന നിബന്ധന കാരണം തോമസ് ഐസക് ഉള്‍പ്പെടെയുള്ള പ്രമുഖരില്ലാത്ത മന്ത്രിസഭയില്‍ പിണറായി ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരിക്കുമെന്നതില്‍ എന്തെങ്കിലും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. പാര്‍ട്ടി സെക്രട്ടറി ഭരണം നിയന്ത്രിച്ചിരുന്ന കാലമൊക്കെ പഴങ്കഥയായതിനാല്‍ കരുത്തനായ പിണറായിയുടെ തലപ്പൊക്കം കൂടുമെന്ന് ഉറപ്പാണ്. ആത്യന്തികമായി, പലരും പറയുന്ന പോലെ പിണറായി വിജയനാണോ പാര്‍ട്ടിയാണോ വിജയിക്കുകയെന്നത് കാലം ഉത്തരം തരേണ്ട ചോദ്യമാണ്!