5 Saturday
July 2025
2025 July 5
1447 Mouharrem 9

മാറ്റങ്ങള്‍ക്കുവേണ്ടി മുന്നില്‍ നടന്ന വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ്‌

കെ എം എച്ച്‌


Change the Class Rooms, Change the Society (ക്ലാസ് മുറിയില്‍ മാറ്റം വരുത്തുക, സമൂഹത്തെ മാറ്റിയെടുക്കാം) – ഡോ. കെ അബ്ദുറഹ്മാന്‍ ലക്ഷ്യം വെച്ച വിദ്യാഭ്യാസ അജണ്ടയാണിത്. 20 വര്‍ഷത്തിന് ശേഷമുള്ള സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ ലീഡേഴ്‌സിനെ വാര്‍ത്തെടുക്കുന്നതിന് കുട്ടികളില്‍ പ്രൈമറി വിദ്യാഭ്യാസം മുതല്‍ ഇടപെടണമെന്ന സിദ്ധാന്തമാണ് ഡോക്ടര്‍ മുന്നോട്ട് വെച്ചത്. മൂന്ന് മുതല്‍ എട്ട് വയസ്സ് വരെയുള്ള പ്രായത്തില്‍ കുട്ടികളിലുണ്ടാവുന്ന ബുദ്ധിപരമായ വളര്‍ച്ചയിലും വികാസത്തിലും നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ കുട്ടിയെയും സമീപിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതിന് വേണ്ടി രണ്ട് മാതൃകാ സ്ഥാപനങ്ങളാണ് അദ്ദേഹം മഞ്ചേരിയില്‍ സ്ഥാപിച്ചത്. 1996-ല്‍ നോബിള്‍ പബ്ലിക് സ്‌കൂളും 2006-ല്‍ എയ്‌സ് പബ്ലിക് സ്‌കൂളും.
ഡോക്ടര്‍ ഏറെ ബഹുമാനിച്ചിരുന്ന അന്നത്തെ കെ എന്‍ എം ജന. സെക്രട്ടറി മര്‍ഹൂം കെ പി മുഹമ്മദ് മൗലവിയുടെ നിര്‍ദേശ പ്രകാരമാണ് യു എ ഇ ഇസ്‌ലാഹീ സെന്ററിന്റെ സാമ്പത്തിക പിന്തുണയോടെ നോബിള്‍ പബ്ലിക് സ്‌കൂള്‍ എന്ന പ്രൊജക്ട് അദ്ദേഹം ഏറ്റെടുക്കുന്നത്. ഗുണനിലവാരമുള്ളതും മതചിട്ടയിലൂന്നിയതുമായ സി ബി എസ് ഇ സ്‌കൂളായിരുന്നു ലക്ഷ്യം. മുന്‍ മാതൃകയോ പരിചയമോ ഇല്ലാത്ത ഒരു ഡോക്ടര്‍ക്ക് വിദ്യാഭ്യാസ രംഗം വഴങ്ങുമോ എന്ന് ശങ്കിച്ചവര്‍ക്ക് മുമ്പില്‍ വളരെ അനായാസകരമായാണ് അദ്ദേഹം നോബിള്‍ സ്‌കൂള്‍ എന്ന നൂതന വിദ്യാഭ്യാസ പ്രൊജക്ട് പൂര്‍ത്തീകരിച്ച് കാണിച്ചത്.
ദൗര്‍ഭാഗ്യകരമായ സംഘടനാ പ്രശ്‌നത്തിന്റെ ചുഴിയില്‍ ഉലഞ്ഞാടിയ സ്ഥാപനത്തിന്റെ എല്ലാ രേഖകളും നിയമ സാധുതയും തനിക്കനുകൂലമായിട്ടും പിടിച്ചടക്കാന്‍ ഇരച്ച് വന്നവരോട് സൗമ്യനായി അദ്ദേഹം പറഞ്ഞു: ”ഇതൊരു പുഷ്പമാണ്, കൊത്തിപ്പറിച്ച് വൃത്തികേടാക്കേണ്ട, ഏറ്റെടുത്ത് നടത്താന്‍ തയ്യാറുള്ളവര്‍ മാന്യമായി വന്നോളൂ, ഏല്‍പ്പിച്ച് തരാം..!”
2006 മെയ് 6-ന് തന്റെ സ്വപ്‌ന പദ്ധതി വേട്ടേക്കോടുള്ള കുന്നിന്‍പുറത്ത് ഉപേക്ഷിച്ച് പോരുമ്പോള്‍ അദ്ദേഹത്തിന്റെ തലച്ചോറ് അതിനേക്കാള്‍ മികച്ചൊരു വിദ്യാഭ്യാസ പദ്ധതിയുടെ പണിപ്പുരയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
1996-ല്‍ നിന്ന് 2006-ലെത്തിയപ്പോള്‍ ചിത്രം ഒരുപാട് മാറിയിരുന്നു, സി ബി എസ് ഇ സ്‌കൂളുകള്‍ ധാരാളമുള്ള ഒരു പട്ടണത്തില്‍ അതിനോട് കിടപിടിക്കുന്ന ഒരു സ്‌കൂള്‍ എന്നത് വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പഠനവും ചിന്തയും അതിനനുസരിച്ച് പുരോഗമിക്കുന്നതാണ് പിന്നീട് കണ്ടത്. മോണ്ടിസോറി സിലബസില്‍ പ്രീ പ്രൈമറി വിദ്യാഭ്യാസം പരിചയപ്പെടുത്താനായിരുന്നു ശ്രമം. ഇതിനായി ട്രിച്ചിയിലും ബാംഗ്ലൂരിലും ടീച്ചേഴ്‌സിനെ സ്വന്തം ചെലവില്‍ ട്രെയ്‌നിങിന് അയച്ചും, വിലകൂടിയ മോണ്ടിസോറി മെറ്റീരിയല്‍സും ടീച്ചിംഗ് എയ്ഡ്‌സും സംഘടിപ്പിച്ചും എല്ലാ ക്ലാസുകളും ഒരേ സമയം ഡിജിറ്റലൈസ് ചെയ്തും പുതുമകളുടെ വേലിയേറ്റം സൃഷ്ടിച്ചാണ് എയ്‌സ് പബ്ലിക് സ്‌കൂളിന് 2006-ല്‍ തുടക്കം കുറിക്കുന്നത്.
അസാമാന്യമായ ഇച്ഛാശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ആള്‍രൂപമായിരുന്ന ഡോക്ടറുടെ ഓരോ ചുവട്‌വെപ്പുകളും തീരുമാനങ്ങളും കൗതുകത്തോടെയും ജിജ്ഞാസയോടെയുമാണ് സഹപ്രവര്‍ത്തകര്‍ നോക്കിക്കണ്ടത്. പതിനഞ്ച് വര്‍ഷത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ പിന്‍ഗാമികള്‍ക്ക് സുഗമമായി പിന്തുടരാന്‍ പറ്റുന്ന തരത്തില്‍ ഒരു മാര്‍ഗരേഖ വരച്ചാണ് അദ്ദേഹം മടങ്ങിയത്. കാമ്പസിലേക്ക് പ്രവേശിച്ചാല്‍ വല്ലാത്ത അനുഭൂതി നല്‍കുന്ന ഒരു കാഴ്ചയാണിന്ന് എയ്‌സ്.
രണ്ട് സ്‌കൂളുകളും സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി വലിയ ഗവേഷണം തന്നെ അദ്ദേഹം നടത്തീട്ടുണ്ട്, ധാരാളം യാത്രകള്‍ ചെയ്തും അനുഭവസ്ഥരുമായി സംവദിച്ചും ഉറക്കൊഴിച്ചിരുന്ന് വായിച്ചും ലക്ഷ്യത്തിലെത്താന്‍ അദ്ദേഹം നടത്തിയ കഠിന ശ്രമം സര്‍വശക്തനായ അല്ലാഹുവിനല്ലാതെ അളക്കാനാവില്ല. ചെറുതും വലുതുമായ ഒട്ടേറെ സ്‌കുളുകള്‍ ഇതിനായി സന്ദര്‍ശിച്ചു. ഡോക്ടര്‍ പഠനവിധേയമാക്കിയ സ്‌കൂള്‍ അധികൃതരില്‍ പലരും പിന്നീട് ഡോക്ടറുടെ സ്‌കൂള്‍ നടത്തിപ്പ് പഠനം നടത്തുന്നതിനായി എത്തിയ ധാരാളം അനുഭവങ്ങളുമുണ്ട്.
ഭംഗിയും തലയെടുപ്പുമുള്ള ബില്‍ഡിംഗായിരുന്നില്ല ഡോക്ടറുടെ സ്‌കൂള്‍ കാഴ്ചപ്പാട്, ചെറുതാണെങ്കിലും വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പാഠപുസ്തകത്തിനപ്പുറത്തുള്ള പഠനമാണ് അദ്ദേഹം പ്രധാനമായും ലക്ഷ്യം വെച്ചത്. ഇതിനായി ടീച്ചേഴ്‌സിനെ സജ്ജമാക്കാനാണ് പരിശ്രമിച്ചതും. എയ്‌സ് ആരംഭിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പ് തന്നെ അതിലേക്കുള്ള ടീച്ചേഴ്‌സിന്റെ ട്രെയ്‌നിങ് ഡോക്ടര്‍ ആരംഭിച്ചിരുന്നു.
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ രീതികള്‍ പഠിപ്പിക്കപ്പെടുന്ന നിരവധി ട്രെയിനിംഗ് ക്യാമ്പുകളില്‍ അദ്ദേഹം പങ്കെടുക്കുകയും ടീച്ചേഴ്‌സിനെ പങ്കെടുപ്പിക്കുകയും ചെയ്തു. പരന്ന വായനയായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയ മറ്റൊരു ഘടകം, കാലത്തിനനുസൃതമായി മാറ്റത്തിന്റെ ശബ്ദം ക്ലാസ്മുറികളില്‍ മുഴങ്ങണമെങ്കില്‍ ടീച്ചര്‍ എപ്പോഴും അപ്‌ഡേറ്റാവണം എന്നത് ടീച്ചേഴ്‌സിനെ അദ്ദേഹം നിരന്തരം ബോധ്യപ്പെടുത്തി.
വായന പരിശീലിപ്പിക്കാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും എല്ലാ മാസവും അവസാനത്തെ ശനിയാഴ്ചകളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ‘തിങ്ക്ടാങ്ക്’ ട്രെയിനിംഗ് ക്യാമ്പ് വര്‍ഷങ്ങളായി അദ്ദേഹം നടത്തിയിരുന്നു, വലിയ തോതില്‍ പണം ചെലവഴിച്ച് ടീച്ചേഴ്‌സിന് നല്‍കപ്പെടുന്ന ട്രെയിനിംഗ് അടുത്ത മാസങ്ങളില്‍ പി എസ് സി കിട്ടിയോ മറ്റോ സ്‌കൂള്‍ വിടുന്ന അധ്യാപകര്‍ക്ക് നല്‍കുന്നത് നഷ്ടമല്ലേ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഡോക്ടറുടെ മറുപടി ഇങ്ങനെയായിരുന്നു: ”ഈ സ്‌കൂള്‍ അല്ലെങ്കില്‍ മറ്റൊരു സ്‌കൂള്‍, അവര്‍ കുട്ടികളുടെ അടുത്തേക്കല്ലേ പോകുന്നത്.” ഒരു ടീച്ചറെ നന്നായി ട്രെയ്‌നിങ് നല്‍കി വിട്ടാല്‍ അവര്‍ ഭൂമിയില്‍ എവിടെയാണെങ്കിലും ഒരു അസറ്റാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
കുട്ടികള്‍ എന്നും സന്തോഷത്തോടെ സ്‌കൂളില്‍ വരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിര്‍ബന്ധം, ചൂരലില്ലാത്ത സ്‌കൂള്‍ എന്നത് 1996 മുതല്‍ അദ്ദേഹം നടപ്പാക്കി, കുട്ടികളെ ശിക്ഷിച്ചതിന്റെ പേരില്‍ സ്‌കൂള്‍ വിടേണ്ടി വന്ന അധ്യാപകരും എന്റെ അനുഭവത്തിലുണ്ട്. നൈസര്‍ഗിക ഭാവന പുറത്ത് വരാന്‍ ടീച്ചര്‍-സ്റ്റുഡന്റ് സൗഹൃദ ക്ലാസ്മുറികളെ കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിച്ചു. ക്ലാസ് മുറികളിലും കോറിഡോറിലും കുട്ടികള്‍ക്കായി എഴുതാനും വരക്കാനും അവസരങ്ങളൊരുക്കി. ഡമോക്രസി, ഡൈവര്‍സിറ്റി, ഇന്റഗ്രിറ്റി, സെല്‍ഫ് മാനേജ്‌മെന്റ്, എംപതി, ഒപ്റ്റിമിസം, സെക്കുലറിസം, ഗ്രിറ്റ് തുടങ്ങിയ മൂല്യങ്ങളെ കുറച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കാന്‍ പ്രത്യേക കോര്‍ണറുകള്‍ സ്ഥാപിച്ചു.
എന്തും എപ്പോഴും ചോദിക്കാനുള്ള ആര്‍ജ്ജവം കുട്ടികള്‍ നേടണമെന്ന് ഇടക്ക് പറയുമായിരുന്നു, ഇതിനായി കുട്ടികളുടെ ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും അദ്ദേഹം അധ്യാപകരെ ബോധവത്കരിച്ചു. കുട്ടിപ്രായത്തിലെ ജിജ്ഞാസ വര്‍ധിപ്പിക്കാന്‍ ‘ക്യൂരിയോസിറ്റി ഹബ്ബ്’ എന്ന പേരില്‍ ഒരു ഏരിയ സ്‌കൂളില്‍ സജ്ജമാക്കി. പ്രത്യേക സബ്ജക്ടുകളില്‍ പിന്നിലായി പോകുന്ന കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍ ‘മേക്കര്‍ ലാബ്’ തയ്യാറാക്കുകയും ടീച്ചേഴ്‌സ് സബ്സ്റ്റിറ്റിയൂഷന്‍ എന്ന സാധാരണ സ്‌കൂളുകളിലെ സമ്പ്രദായത്തിന് ഒരു തിരുത്ത് നടപ്പാക്കുകയും ചെയ്തു.
അധ്യാപകരുടെ ക്ലാസ് വീഡിയോ ഷൂട്ട് ചെയ്യുകയും അത് അവര്‍ തന്നെ കണ്ട് വിലയിരുത്തി ഫീഡ്ബാക്ക് തയ്യാറാക്കുകയും വേണമെന്ന് നിയമമാക്കി. വിഷാദത്തിന്റെ പിടിയിലായവര്‍ക്കും പഠനവൈകല്യമുള്ള കുട്ടികള്‍ക്കും വേണ്ടി പ്രത്യേക അധ്യാപകരെ നിയമിക്കുകയും പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്തു. അക്കാദമിക് കാര്യങ്ങളില്‍ മികച്ച റിസല്‍ട്ടും എ പ്ലസും ഒരു വലിയ സംഭവമായി ഗണിക്കാതെ, പഠനം, ചിന്താശേഷി, ലീഡര്‍ഷിപ്പ് ക്വാളിറ്റി, ക്രിയേറ്റിവിറ്റി എന്നിവക്ക് മുന്‍ഗണന നല്‍കുന്ന വിദ്യാഭ്യാസ നയമാണ് ഡോക്ടര്‍ നടപ്പാക്കാന്‍ ശ്രമിച്ചത്.
മത നിലപാടുകളും ആദര്‍ശവും കൃത്യമായി പാലിച്ച് മുന്നേറിയിരുന്ന ഡോക്ടര്‍ സ്‌കൂളിലുള്ള ഇതര മതസ്ഥരുടെ വിശ്വാസവും ആരാധനയും വളരെ ബഹുമാനത്തോടെയാണ് കണ്ടത്. ജീവനക്കാര്‍ക്ക് പരമാവധി ഉയര്‍ന്ന ശമ്പളം നല്‍കുക എന്നതും അത് കൃത്യമായ തിയ്യതികളില്‍ തന്നെ നല്‍കുക എന്നതും ജീവിതാവസാനം വരെ പാലിച്ചു, സ്ഥാപനത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയത്ത് ശമ്പളം നല്‍കാനും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയ ധാരാളം അനുഭവങ്ങളുമുണ്ട്.
സ്റ്റാഫ് റിക്രൂട്ട്‌മെന്റിന്റെ കാര്യത്തില്‍ വളരെ കണിശമായ നിലപാടായിരുന്നു ഡോക്ടര്‍ക്ക്. അഭിമുഖത്തില്‍ താന്‍ ഉദ്ദേശിക്കുന്ന ക്വാളിറ്റിയുള്ള ടീച്ചറെ ലഭിച്ചില്ലെങ്കില്‍ പിന്നെയും പിന്നെയും തുടര്‍ അഭിമുഖങ്ങള്‍ നടത്തി സ്ഥാപനത്തിനോടും കുട്ടികളോടുമുള്ള ബാധ്യത നിറവേറ്റി.
1996-2021 കാലയളവിനിടയില്‍ രണ്ട് സ്‌കൂളുകളിലുമായി 550-600 അധ്യാപകരെ ഡോക്ടര്‍ നിയമിച്ചിട്ടുണ്ടാവും. ഇതില്‍ ഒരാള്‍ പോലും ആരുടേയെങ്കിലും ശുപാര്‍ശ പ്രകാരം നിയമിതനായതല്ലെന്നത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന കാര്യം മാത്രമല്ല, ഒരു ചരിത്രം കൂടിയായിരിക്കും.

Back to Top