3 Thursday
July 2025
2025 July 3
1447 Mouharrem 7

ഖുല്‍അ് അഥവാ ഒഴിവാകല്‍

ശംസുദ്ദീന്‍ പാലക്കോട്‌


ഭര്‍ത്താവിനോടൊപ്പമുള്ള ദാമ്പത്യ ജീവിതം ദുഷ്‌കരമാവുന്ന സാഹചര്യത്തില്‍ സ്ത്രീക്ക് ഈ ബന്ധത്തില്‍ നിന്ന് ഒഴിവാകുന്നതിന് ഇസ്‌ലാം അനുവദിക്കുന്ന മാര്‍ഗമാണ് ഖുല്‍അ്. ഭര്‍ത്താവിനൊപ്പമുള്ള ജീവിതം തുടര്‍ന്നാല്‍ പല അനിഷ്ട സംഭവങ്ങളും അരുതായ്മകളും ഉണ്ടാകുമെന്ന് സ്ത്രീ ന്യായമായും ഭയപ്പെടുന്ന ഘട്ടം സംജാതമായാല്‍ അയാളുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് സ്ത്രീ തന്നെ മുന്‍കൈയെടുത്ത് ഒഴിവാകാന്‍ ശ്രമിക്കുന്ന അത്യപൂര്‍വമായ വിവാഹമോചന പ്രക്രിയയാണ് ഖുല്‍അ്. വിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യം വിശദീകരിക്കുന്ന ഭാഗം ദീര്‍ഘമായ ഒരായത്തില്‍ ഇപ്രകാരം കാണാം:
”വിവാഹമോചനം രണ്ട് പ്രാവശ്യമാണ്. അതിനാല്‍ നിങ്ങള്‍ അവളെ (ജീവിതപങ്കാളിയെ) നല്ല നിലയില്‍ കൂടെ നിര്‍ത്തുകയോ നല്ല നിലയില്‍ വിട്ടയക്കുകയോ ചെയ്യുക. നിങ്ങളവര്‍ക്ക് കൊടുത്തിരിക്കുന്നത് ഒന്നും തിരിച്ചുവാങ്ങല്‍ അനുവദനീയമല്ല. അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാന്‍ കഴിയില്ലെന്ന് അവരിരുവരും ഭയപ്പെട്ടാലൊഴികെ. അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവള്‍ നല്‍കുന്നത് (മഹ്ര്‍ തിരിച്ചുനല്‍കുന്നത്) സ്വീകരിച്ചു കൊണ്ട് നിങ്ങള്‍ക്കിരുവര്‍ക്കും വേര്‍പിരിയുന്നതില്‍ തെറ്റില്ല. ഇതൊക്കെ അല്ലാഹുവിന്റെ നിയമപരിധിയില്‍ പെട്ടതാണ്. അവ നിങ്ങള്‍ ലംഘിക്കരുത്. ആരെങ്കിലും അല്ലാഹുവിന്റെ നിയമപരിധികള്‍ ലംഘിച്ചാല്‍ അവര്‍ തന്നെയാകുന്നു അക്രമികള്‍.” (അല്‍ബഖറ 229)
ക്രൂരനും ദുസ്സ്വഭാവിയും തീരെ ഇഷ്ടപ്പെടാത്തവനുമായ ഒരുത്തന്റെ കൂടെയാണെങ്കിലും ഭാര്യ എന്ന നിലയില്‍ അയാള്‍ക്ക് വിധേയപ്പെട്ട് ജീവിതം ഹോമിച്ച് കളയണമെന്ന് ഇസ്‌ലാം സ്ത്രീയെ നിര്‍ബന്ധിക്കുന്നില്ല എന്നര്‍ഥം. എന്നാല്‍ വിട്ടുവീഴ്ച ചെയ്യാവുന്ന ചില്ലറ പ്രശ്‌നങ്ങളുണ്ടാകുമ്പോഴേക്ക് എടുത്തുപയോഗിക്കാനും ദുരുപയോഗപ്പെടുത്താനുമുള്ളതല്ല ഈ നിയമവും അനുവാദവുമെന്ന് ഈ ആയത്തിന്റെ അവസാന ഭാഗം വിശ്വാസികളെ താക്കീത് ചെയ്യുന്നു.
ഖുല്‍ഇല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:
1) പുരുഷന്‍ മുമ്പ് വിവാഹ സമയത്ത് അവള്‍ക്ക് നല്‍കിയ മഹ്ര്‍ അയാള്‍ക്ക് തിരിച്ചു കൊടുക്കാന്‍ അവള്‍ തയ്യാറാകണം. സ്ത്രീയാണ് വിവാഹമോചനത്തിന് മുതിരുന്നത് എന്നതാണ് കാരണം.
2) സാധാരണ വിവാഹമോചനത്തില്‍ മഹ്ര്‍ തിരിച്ചു ചോദിക്കാനോ തിരിച്ചു വാങ്ങാനോ പുരുഷന് പാടില്ലാത്തതാകുന്നു. ഇക്കാര്യം ഇതേ ആയത്തില്‍ തന്നെ (2:229) വ്യക്തമാക്കിയിട്ടുണ്ട്.
3) ഒരു സ്ത്രീ നിര്‍വാഹമില്ലെങ്കില്‍ മാത്രമേ സാധാരണ നിലക്ക് മഹ്ര്‍ തിരിച്ചു കൊടുക്കാന്‍ സന്നദ്ധതയറിയിച്ച് പുരുഷനോട് വിവാഹമോചനം ആവശ്യപ്പെടുകയുള്ളൂ. ഇവിടെ വിവാഹ മോചനം സ്ത്രീയുടെ ആവശ്യമായതിനാല്‍ അക്കാര്യം മനസ്സിലാക്കി പുരുഷന്‍ വിവാഹമോചനത്തിന് സന്നദ്ധമാകണം.
4) ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ട നിയമാനുസൃത മാര്‍ഗങ്ങള്‍ എല്ലാം പരാജയപ്പെട്ടാലേ സ്ത്രീ ഖുല്‍ഇന് ഒരുങ്ങാന്‍ പാടുള്ളൂ.
5) ഖുല്‍ഇലൂടെ മഹ്ര്‍ തിരിച്ചുനല്‍കാന്‍ സ്ത്രീ മുന്നോട്ട് വന്നിട്ടും പുരുഷന്‍ വിവാഹമോചനം നല്‍കാതെ അവളെ വിഷമിപ്പിക്കാനാണ് തയ്യാറാകുന്നതെങ്കില്‍ വിവാഹ ബന്ധം ദുര്‍ബലപ്പെടുത്തല്‍ അഥവാ ഫസ്ഖ് പോലെയുള്ള നിയമാനുകൂല്യങ്ങള്‍ സ്ത്രീക്ക് ഉപയോഗിക്കാവുന്നതാണ്.
ഇരു മെയ്യാണെങ്കിലും ഒരു മനമായി ജീവിക്കേണ്ടവരാണ് ദമ്പതികള്‍. പുരുഷന്റെയോ സ്ത്രീയുടെയോ പെരുമാറ്റ ദൂഷ്യം തന്നെയാണ് മിക്ക ദാമ്പത്യ പ്രശ്‌നങ്ങളുടെയും കാരണം. അതിനാല്‍ നിങ്ങള്‍ ആദ്യം ശരിയാകൂ എന്നിട്ട് ഞാന്‍ ശരിയാകാം എന്ന ഈഗോയിസം ദാമ്പത്യത്തില്‍ ഭൂഷണമല്ല. അവനവന്‍ ശരിയാവുക എന്നതാണ് പരിഹാരം. എന്നിട്ടും പരിഹാരമില്ലാതെ കൂട്ടുജീവിതം ദുസ്സഹമാകുമ്പോള്‍ മാത്രമാണ് വേര്‍പിരിയല്‍ കര്‍ശനമായ നിയമാനുസൃതം അനുവദനീയമാകുന്നത്.

Back to Top