മറക്കാത്ത ഒരു റമദാന്‍ ഉംറ
നിഗാര്‍ ബീഗം

നമ്മളില്‍ അറിയാതെ തന്നെ വന്നുചേരുന്ന അച്ചടക്കമോ ശാന്തതയോ ക്ഷമയോ ഒക്കെയായിരിക്കാം റമദാന്‍ മാസത്തെ ഇത്ര പവിത്രമാക്കുന്നത്. പതിനാലു മണിക്കൂര്‍ നീളുന്ന ഉപവാസമാണെങ്കില്‍ പോലും ഈ ഒരു മാസം നമ്മള്‍ ഊര്‍ജ്ജസ്വലരാണ്.
എനിക്ക് പക്ഷെ ഈ മാസത്തിന്റെ നല്ലയോര്‍മകളില്‍ കുറച്ചു വര്‍ഷമായി കണ്ണീരും ചേര്‍ന്നിരിക്കുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു റമദാനില്‍ ഞാനും ഭര്‍ത്താവും ഉംറക്ക് പോവാന്‍ തീരുമാനിച്ചു. ഒരു മാസം മുഴുവനായി മക്കത്ത്. പെരുന്നാള്‍ പിറ്റേന്ന് മടക്കം. അതു കേട്ടപ്പോള്‍ രണ്ടു ഹജ്ജു കഴിഞ്ഞ ഉമ്മയ്ക്ക് ഞങ്ങളോടൊപ്പം വീണ്ടും വരണം. ബാപ്പയെയും ഒപ്പം കൂട്ടണം. ബാപ്പ സമ്മതിച്ചു.
എനിക്കാണെങ്കില്‍ ഏറ്റവും സന്തോഷമായി. ബാപ്പയോടും ഉമ്മയോടുമൊപ്പമുള്ള യാത്രകളില്‍ ഞാന്‍ വീണ്ടും പഴയ കൗമാരക്കാരിയായ കുട്ടിയാവും. അവര്‍ രണ്ടുപേരും നല്ല ആരോഗ്യമുള്ളവരുമാണ്. പിന്നെന്താ പ്രശ്‌നം.
അങ്ങനെ ഒന്നാം നോമ്പിന് വൈകുന്നേരത്തോടെ ഞങ്ങള്‍ മക്കയിലെത്തി. മഗ്‌രിബ് ബാങ്കിനോടൊപ്പം റൂമിലുമെത്തി. നോമ്പ് തുറക്കാനുള്ള ഭക്ഷണമൊക്കെ റൂമിലേക്ക് കൊണ്ടുവന്നു.
യാത്രാക്ഷീണമുണ്ടെങ്കിലും ഞങ്ങളെല്ലാം അത്യാവശ്യം ഭക്ഷണം കഴിച്ചു. പക്ഷെ ഉമ്മ മട്ടണ്‍ കഴിക്കില്ല. ആ മണം വന്നതോടുകൂടി മറ്റുള്ളതുപോലും കഴിച്ചില്ല. കുറച്ചു ഫ്രൂട്ട്‌സ് മാത്രം.
രണ്ടു ഹജ്ജ് കഴിഞ്ഞ ഉമ്മയ്ക്കും ബാപ്പക്കും ആ രാത്രി തന്നെ ഉംറ നിര്‍വഹിക്കണമെന്ന് ആഗ്രഹമില്ല. പക്ഷെ കഅ്ബ ആദ്യമായിക്കാണാന്‍ പോവുന്നതിന്റെ ആകാംക്ഷയില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്ക് പോയേ തീരൂ. രാവിലെ ബഹ്‌റൈനില്‍ വെച്ച് ഇഹ്‌റാമില്‍ പ്രവേശിച്ചതാണ്.
ഉമ്മ പറഞ്ഞു, കുഴപ്പമില്ല നമുക്കെല്ലാര്‍ക്കും ഇപ്പോള്‍ തന്നെ പോവാം എന്ന്. തൊട്ടടുത്ത ഹോട്ടലില്‍ തന്നെയാണ് താമസം. അങ്ങനെ നാലാളും കൂടി ഹറമിലെത്തി. നാലാളും ഒന്നിച്ച് ത്വവാഫ് ആരംഭിച്ചു.
മൂന്നാമത്തെ ത്വവാഫില്‍ ബാപ്പയും അസിക്കയും ഞങ്ങളില്‍ നിന്ന് കൈവിട്ടുപോയി. കുഴപ്പമില്ല അങ്ങനെ ഒറ്റപ്പെടുകയാണെങ്കില്‍ ആ ക്ലോക്ക് ടവറിന്റെ താഴെ വന്നു നില്‍ക്കണമെന്ന് ബാപ്പ പറഞ്ഞു തന്നിട്ടുണ്ട്. എനിക്ക് പേടിയൊന്നും തോന്നിയില്ല.
ആയിരങ്ങളോടൊപ്പം ഉമ്മയും ഞാനും കൈപിടിച്ചങ്ങനെ നീങ്ങി. രണ്ടു പ്രാവശ്യം കൂടി ചുറ്റി. പെട്ടെന്ന് എന്റെ കയ്യിലുള്ള ഉമ്മാന്റെ കൈ വിറയ്ക്കുന്നതായി എനിക്കു തോന്നി. എന്തേന്ന് ഞാന്‍ കണ്ണുകൊണ്ട് ചോദിച്ചു.
”മോളേ എനിക്കെന്തോ ക്ഷീണം പോലെ.”
ഞാന്‍ ഉമ്മയെ സൂക്ഷിച്ചുനോക്കി. എന്നെക്കാള്‍ ആരോഗ്യവതിയാണ് ഉമ്മ. പക്ഷെ ഉമ്മാക്ക് എന്തോ തളര്‍ച്ച വരുന്നുണ്ടെന്ന് എനിക്ക് മനസിലായി. ആ ജനസമുദ്രത്തില്‍ നിന്ന് പുറത്തു കടക്കുന്നതെങ്ങനെ. അപ്പോഴേക്കും ഉമ്മാന്റെ കൈകളുടെ ശക്തി കുറഞ്ഞു കുറഞ്ഞു വരുന്നതെനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.
ഉമ്മയെ ശരീരത്തിലേക്ക് ചേര്‍ത്തുപിടിച്ചു കൊണ്ട് ഞാന്‍ ത്വവാഫ് പൂര്‍ത്തിയാക്കാതെ, പതുക്കെ പതുക്കെ പിന്നിലേക്ക് നീങ്ങി. പുറത്തേക്ക് കടക്കാനുള്ള ഓരോ റൗണ്ടിലേക്കു കയറാന്‍ തുടങ്ങി. അപ്പോഴതാ ഇശാബാങ്ക് കൊടുക്കുന്നു. തറാവീഹിന് എല്ലാരും ചടെപടേന്ന് റെഡിയാവുന്നു.
ഉമ്മ എന്റെ കയ്യില്‍ നിന്ന് ഊര്‍ന്ന് പോവാന്‍ തുടങ്ങിയിരിക്കുന്നു. എവിടെയെങ്കിലും ഒന്നിരുത്താന്‍ ഒരൊറ്റ വനിതാ പോലീസും സമ്മതിക്കുന്നില്ല.
അനങ്ങിയാല്‍ കരയുന്ന ഞാന്‍ പക്ഷെ ഏറ്റവും ശക്തയായത് അപ്പോള്‍ മാത്രമാണ്. എല്ലാരും ഒന്നാം നോമ്പിന്റെ തറാവീഹിന്റെ പുണ്യം വാരിയെടുക്കാന്‍ വരിയായി നില്‍ക്കുന്നതിനിടയ്ക്ക് ഒരു കൈ സഹായത്തിന് പോലും ആരും വന്നില്ല. ഉമ്മാന്റെ വണ്ണമുള്ള ശരീരവും താങ്ങി ഞാന്‍ മുകളിലെത്തി.
പക്ഷെ എവിടെയും ഇരുത്താന്‍ ഒരിഞ്ചു സ്ഥലമില്ല. ശരീരവും താങ്ങി കുറെയങ്ങ് നടന്നു, ലക്ഷ്യമില്ലാതെ. അപ്പോള്‍ ഒരു മൂല കണ്ടു. വെളിച്ചമില്ലാതെ, പ്രാവിന്‍ കാഷ്ഠങ്ങള്‍ നിറഞ്ഞ ഒരു ഭാഗം. അവിടെ ഇരുത്തി. നോക്കുമ്പോള്‍ ഉമ്മയതാ നിലത്തേക്ക് ഊര്‍ന്നു പോവുന്നു. വിളിച്ചിട്ട് മിണ്ടുന്നില്ല. ബോധമില്ല എന്നെനിക്ക് മനസ്സിലായി. എന്നിട്ടും ഞാന്‍ കരഞ്ഞില്ല. ആരോടൊക്കെയോ ഉള്ള ദേഷ്യമായിരുന്നു ഉള്ളില്‍. ഉമ്മയെ അവിടെക്കിടത്തി ഹാജറാബീവി ഓടിയ പോലെ അങ്ങോട്ടുമിങ്ങോട്ടും കുറെയോടി.
അപ്പോഴെല്ലാം തറാവീഹിന്റെ മാസ്മരികതയുള്ള ഓത്ത് ഹറമാകെ മുഴങ്ങിക്കൊണ്ടിരിക്കുന്നത് എനിക്കു കേള്‍ക്കാം. ആ ഓട്ടത്തിനിടയിലാണ് ഒരു ബോര്‍ഡ് കണ്ടത്. രക്ഷിതാക്കളുടെ കയ്യില്‍നിന്ന് നഷ്ടപ്പെട്ട കുട്ടികളെ ഏല്‍പിക്കാനുള്ള സ്ഥലം. ഇംഗ്ലീഷില്‍ ബോര്‍ഡുണ്ട്. ഓടി അങ്ങോട്ടു കയറിച്ചെന്നു. കുറെ അറബി ചെറുപ്പക്കാര്‍ ഇരിക്കുന്നു. കരഞ്ഞു വിളിച്ചോണ്ട് കുറച്ച് കുഞ്ഞുങ്ങളും.
അവര്‍ക്കരികിലെത്തി. ഇംഗ്ലീഷില്‍ കാര്യം പറഞ്ഞു. ഞാനൊരു ഇന്ത്യനും മലയാളിയുമാണെന്നും ഒപ്പം പറഞ്ഞു. അക്കൂട്ടത്തില്‍ നിന്നതാ പത്തു പതിനേഴു വയസുള്ളൊരു അറബിപ്പയ്യന്‍ എണീക്കുന്നു. അടുത്തുവന്ന് മലയാളത്തില്‍ ചോദിച്ചു:
എവിടെയാ നിങ്ങളുടെ ഉമ്മ കിടക്കുന്നത്. വരൂ… എന്നു പറഞ്ഞുകൊണ്ട് അടുത്തു വന്ന് കൈപിടിച്ചു. അപ്പോള്‍ പക്ഷെ ഞാന്‍ ശരിക്കും കരഞ്ഞുപോയി. അവനും ഞാനും ഓടുകയായിരുന്നു. ഉമ്മയുടെ അടുത്തെത്തിയപ്പോള്‍ ഉമ്മ അപ്പോഴും ആ കിടപ്പു തന്നെ.
അതുകണ്ട് അവനൊറ്റയോട്ടം. ഒരറബി കോഴിക്കോടു വന്ന് ഒരു മലയാളിപ്പെണ്ണിനെ കല്യാണം കഴിച്ചതിലുള്ള മകനായിരുന്നു അവന്‍. നിമിഷങ്ങള്‍ക്കുള്ളില്‍ സ്‌ട്രെക്ചറും മല്ലന്‍മാരായ രണ്ടു ആളുകളുമായി അവന്‍ വന്നു. അവര്‍ അതിലേക്ക് ഉമ്മയെ ഒരു പൂവെടുക്കുന്ന ലാഘവത്തോടെ എടുത്തു കിടത്തി നാലു സ്ഥലത്ത് ബെല്‍റ്റിട്ട് മുറുക്കി. ഒരോട്ടം. അവരൊപ്പമെത്താന്‍ ഞാന്‍ നന്നായി ഓടേണ്ടി വന്നു. ഹറമിനുള്ളിലെ ക്ലിനിക്കിലെത്തി. പെട്ടെന്ന് തന്നെ വേണ്ട ചികിത്സയും മരുന്നുകളും കൊടുത്തു. ഗ്ലൂക്കോസും സോഡിയവും കയറ്റി. ക്രമേണ ഉമ്മ ബോധാവസ്ഥയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ ഉമ്മ എഴുന്നേറ്റിരുന്നു. കുറച്ചുകൂടി കിടക്കണമെന്നുണ്ട് ഉമ്മയ്ക്ക്. പക്ഷെ ഞങ്ങള്‍ക്ക് ഇറങ്ങാന്‍ സമയമായി. പലരെയും നിര്‍ത്താതെ കൊണ്ടു വരുന്നുണ്ട്. ഞാന്‍ ഉമ്മയുടെ കയ്യും പിടിച്ച് പതുക്കെ പുറത്തെത്തി. ക്ലോക്ക് ടവറിനെ ലക്ഷ്യമാക്കി ആ ജനസാഗരത്തിനിടയിലൂടെ നടന്നു. അവിടെ ഉമ്മയെ ഇരുത്തി.
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ തലയിലൂടെ തടവിക്കൊടുത്തു കൊണ്ടിരിക്കുമ്പോഴതാ ബാപ്പയും അസിക്കയും ത്വവാഫും സഅ്‌യുമെല്ലാം നടത്തി ഉംറ കഴിഞ്ഞ് റാഹത്തായി ചിരിച്ചു കൊണ്ട് വരുന്നു. ഞങ്ങളെ അവിടെ കണ്ട് അവര്‍ പറഞ്ഞു: ആഹാ നിങ്ങളാണല്ലോ മിടുക്കികള്‍, നേരത്തെ കഴിഞ്ഞല്ലോ.
എനിക്ക് പിന്നെ പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല. ഒരൊറ്റ കരച്ചില്‍. കരച്ചിലിനിടയിലൂടെ ബാപ്പായോട് സംഭവിച്ചതെല്ലാം പറഞ്ഞു. വളരെ കൂളായിട്ടായിരുന്നു ബാപ്പാന്റെ ഉത്തരം.
ഞങ്ങളിപ്പൊ ചെയ്തു വന്ന ഉംറയെക്കാള്‍ എത്രയോ പുണ്യം നീയീ സമയം കൊണ്ട് നേടിയല്ലോ. ഇതില്‍ പരം എന്ത് ഉംറയാണ് നിനക്കു വേണ്ടത്? നാളെ രാവിലെ വന്ന് നിനക്ക് ഉംറ നിര്‍വഹിക്കാം. ഉമ്മയ്ക്ക് വീല്‍ ചെയറുമൊരുക്കാം.
പിറ്റേന്ന് ഞാനും ഉമ്മയും ഉംറ ചെയ്തു. പക്ഷെ അതുവരെ ആരോഗ്യവതിയായിരുന്ന ഉമ്മ അന്നങ്ങ് കിടപ്പിലായി. പന്ത്രണ്ടു ദിവസം മക്കയിലെയും ജിദ്ദയിലെയും ഹോസ്പിറ്റലുകളില്‍ ഞങ്ങള്‍ അലഞ്ഞു. ഉമ്മ പഴയ ഉമ്മയായില്ല. ഒരു മാസം ഞങ്ങളോടൊപ്പം അവിടെ നില്‍ക്കാനാഗ്രഹിച്ച ഉമ്മയെ പന്ത്രണ്ടാം നോമ്പിന് ബാപ്പയോടൊപ്പം നാട്ടിലേക്കയച്ചു. എന്നെയും അസിക്കയെയും കൂടെപ്പോരാന്‍ ഉമ്മ സമ്മതിച്ചില്ല. ഒരു മാസം ഇവിടെ നിന്നിട്ടേ മടങ്ങാവൂ എന്ന സഫിയ ടീച്ചറുടെ കര്‍ശന ഓര്‍ഡര്‍. ഇവിടെ കരിപ്പൂരില്‍ ആംബുലന്‍സുമായി അനിയന്‍മാര്‍ കാത്തിരുന്നു. നേരെ മിംസിലേക്ക്.
പെരുന്നാള് മക്കയില്‍ കൂടി ഞങ്ങളിവിടെ തിരിച്ചെത്തിയപ്പോഴേക്കും ഉമ്മ തീരെ അവശയായിരുന്നു. പിന്നെ ഉമ്മ അധികം ജീവിച്ചില്ല. ബാപ്പയെയും ഞങ്ങളെയും ഇവിടെയിട്ട് സ്വര്‍ഗത്തിലെത്തി. ഒരുപാട് നല്ല പാഠങ്ങള്‍ പഠിപ്പിച്ച്, സ്‌നേഹംകൊണ്ട് വലയം തീര്‍ക്കേണ്ടതെങ്ങനെയെന്ന് കാണിച്ചു തന്ന്, ശിഷ്യഗണങ്ങളുടെ ഹൃദയങ്ങളില്‍ എങ്ങനെ പ്രതിഷ്ഠ നേടാമെന്നതിന് ഉദാഹരണമായി, നല്ല ഭക്ഷണം കൊണ്ട് പ്രിയപ്പെട്ടവരെ എങ്ങനെ അത്ഭുതപ്പെടുത്താമെന്ന്… എല്ലാം കിട്ടിയത് ഉമ്മയില്‍ നിന്നാണ്.
നോമ്പു വരുമ്പോഴേക്ക് എന്റെ മനസ്സിലിപ്പൊ ഒരു കണ്ണീരോര്‍മ്മയായി ആ ദിനങ്ങളാണ് കയറിവരുന്നത്.
