23 Thursday
October 2025
2025 October 23
1447 Joumada I 1

മയ്യേരി മുഹമ്മദ്കുട്ടി ഹാജി

അമീന്‍ മയ്യേരി


കല്പകഞ്ചേരി: പറവന്നൂരിലെ തന്‍വീറുല്‍ മുസ്‌ലിമീന്‍ സംഘത്തിന്റെ കാര്യദര്‍ശിയും പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ പ്രധാനിയുമായിരുന്ന മയ്യേരി മുഹമ്മദ്കുട്ടി ഹാജി നിര്യാതനായി. കല്‍പകഞ്ചേരി പഞ്ചായത്തില്‍ മുസ്‌ലിംലീഗിന്റെ ആദ്യകാല സാരഥിയായിരുന്നു. ധാര്‍മ്മികതയുടെയും നേരിന്റെയും രാഷ്ട്രീയത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. 1957-ല്‍ സി എച്ച് മുഹമ്മദ് കോയ താനൂരില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം വളവന്നൂരിന്റയും കല്‍പകഞ്ചേരിയുടെയും പ്രാന്തപ്രദേശങ്ങളില്‍ കാല്‍നടയായി രാപ്പകലുകളില്‍ സഞ്ചരിച്ചിരുന്നു. അന്ന് സി എച്ചിനെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നു ഭക്ഷണം കഴിപ്പിക്കുകയും അദ്ദേഹവുമായി നിരന്തര സൗഹൃദം പുലര്‍ത്തുകയും ചെയ്തിരുന്നു.
തിരൂരങ്ങാടി യതീംഖാന സാരഥിയായിരുന്ന എം കെ ഹാജിയുമായും പിന്നീടു വന്ന കുഞ്ഞാദു ഹാജിയുമായും മുഹമ്മദ്കുട്ടി ഹാജിക്കു അടുത്ത ബന്ധമായിരുന്നു. ആദ്യകാലത്ത് യതീംഖാനക്കു വേണ്ട സാമ്പത്തിക സഹായങ്ങള്‍ സംഘടിപ്പിച്ചു നല്‍കുന്നതില്‍ അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു. വളവന്നൂര്‍ അന്‍സാര്‍ അറബി കോളജിന്റെ സ്ഥാപനത്തിനും വികസനത്തിനുമായി അന്‍സാറുല്ലാ സംഘം കമ്മറ്റിയില്‍ ഏറെ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അര നൂറ്റാണ്ടുകാലം പറവന്നൂര്‍ മയ്യേരി പള്ളിയുടെ മുതവല്ലിയും താങ്ങും തണലുമായിരുന്നു. മരിക്കുന്നതു വരെയും പള്ളിയുടെ ദൈനംദിന കാര്യങ്ങളില്‍ ഏറെ ഉത്തരവാദിത്വങ്ങളും ഇടപെടലുകളും നടത്തിയിരുന്നു. ഏറെ കാലത്തെ ജീവിതാനുഭവമുള്ളതിനാല്‍ പഴയകാല സംഭവങ്ങള്‍ കാലക്രമമനുസരിച്ചു പറയുന്നതിലും വിവരിക്കുന്നതിലും അസാമാന്യ പാടവമായിരുന്നു.
പരമ്പരാഗതമായി വലിയ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ വ്യത്യസ്ത രീതികളിലുള്ള കൃഷിരീതികളും വിളകളും അദ്ദേഹത്തിന് എന്നും ഏറെ പ്രിയമായിരുന്നു. മുന്‍ തലമുറയിലെ വലിയൊരു കണ്ണിയാണ് മുഹമ്മദ്കുട്ടി ഹാജിയുടെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top