ഗ്രന്ഥത്തിലേക്ക് മടങ്ങാം
എം ടി അബ്ദുല്‍ഗഫൂര്‍
അബൂഉമാമ(റ) പറയുന്നു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു. നിങ്ങള്‍ ഖുര്‍ആന്‍ വായിക്കുക. തീര്‍ച്ചയായും അത് അന്ത്യദിനത്തില്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശയായിരിക്കുന്നതാണ്. (മുസ്്‌ലിം, അഹ്മദ്)
വിശുദ്ധ ഖുര്‍ആന്‍; മനുഷ്യ സമുദായത്തിന് ഇറക്കപ്പെട്ട ഉത്തമമായ വേദഗ്രന്ഥം. ഏറ്റവും ശരിയായ മാര്‍ഗത്തിലേക്കത് ദര്‍ശനം നല്‍കുന്നു. എല്ലാതരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് വഴിതെളിയിക്കുന്നു. പരീക്ഷണങ്ങളിലും പ്രയാസങ്ങളിലുമുള്ള രക്ഷാമാര്‍ഗവും അവലംബവുമത്രെ ആ ഗ്രന്ഥം. മുന്‍കഴിഞ്ഞ സമുദായങ്ങളുടെ വര്‍ത്തമാനവും വരാനിരിക്കുന്ന തലമുറകള്‍ക്ക് മുന്നറിയിപ്പുമതിലുണ്ട്. ജീവിച്ചിരിക്കുന്നവര്‍ക്ക് ന്യായപ്രകാരം തീരുമാനമെടുക്കുവാനുള്ള വിധിവിലക്കുകളടങ്ങിയതത്രെ അത്.
അതിലെ വിജ്ഞാനങ്ങള്‍ വര്‍ണനാതീതമാണ്. അതിലെ അത്ഭുതങ്ങള്‍ക്ക് അതിരില്ല. ചിന്താശേഷിയെ ഉദ്ദീപിപ്പിക്കുന്ന ആ ഗ്രന്ഥം മനസ്സാന്നിധ്യത്തോടെ വായിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ജീവിതവഴി എളുപ്പമാകുന്നു.
മുന്‍ഗാമികള്‍ ഖുര്‍ആന്‍ വായിച്ചത് അത്തരത്തിലായിരുന്നു. ഖുര്‍ആനില്‍ നിന്ന് പത്ത് വചനങ്ങള്‍ വായിച്ചാല്‍ അതിന്റെ ആശയം ഗ്രഹിക്കുകയും അവ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാതെ മറ്റൊന്നിലേക്ക് ശ്രദ്ധ തിരിച്ചിരുന്നില്ല. അറിവു നേടുന്നതോടൊപ്പം അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും അവര്‍ തയ്യാറായിരുന്നു. അത് ദൈവികമായ സംസാരമായി അവര്‍ ഉള്‍ക്കൊണ്ടു. അവരാണ് ലോകത്തിന് മാതൃകയായത്. അവരെയാണ് ശത്രുക്കള്‍ ഭയപ്പെട്ടത്. അവരിലൂടെയാണ് ഭൂമിയില്‍ സ്വസ്ഥതയും സമാധാനവും ലഭ്യമായത്. അവരാണ് ധര്‍മവും നീതിയും നടപ്പിലാക്കിയത്. എല്ലാം ദൈവിക നിയമങ്ങള്‍ ഉള്‍ക്കൊണ്ടതിനാലുള്ള നേട്ടമത്രെ.
ഇന്ന് സമൂഹത്തില്‍ തിന്മകള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. പരീക്ഷണങ്ങളും പ്രയാസങ്ങളും വര്‍ധിക്കുന്നു. അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും ക്ഷണിക്കുന്നവരാണധികവും. അതിക്രമവും അരാജകത്വവും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാനുള്ള ഏകമാര്‍ഗം അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക് മടങ്ങുകയെന്നതാണ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, യുവാവെന്നോ വൃദ്ധനെന്നോ നോക്കാതെ പണ്ഡിതനും പാമരനും പണക്കാരനും പണിക്കാരനും നേതാക്കളും അനുയായികളും ആ വിശുദ്ധ ഗ്രന്ഥത്തിന്റെ പഠനവും മനനവും അനുധാവനവും ശീലമാക്കിയാല്‍ അതായിരിക്കും സര്‍വ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം.
അതിലാണ് ഉയര്‍ച്ചയും വളര്‍ച്ചയും. അതിലാണ് പ്രതാപവും ഐശ്വര്യവും. ഇഹത്തിലും പരത്തിലുമുള്ള രക്ഷാമാര്‍ഗമത്രെ അത്. അതിനെ സ്വീകരിക്കുകയും മനസ്സാന്നിധ്യത്തോടെ അത് വായിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തവര്‍ക്ക് അന്ത്യദിനത്തില്‍ ഖുര്‍ആന്‍ ശുപാര്‍ശയായി മാറുമെന്നാണ് ഈ തിരുവചനത്തിന്റെ പാഠം. നിസ്സഹായമായ ആ അവസ്ഥയില്‍ ആശ്വാസത്തിന്റെ നീരുറവയാണ് വിശുദ്ധ ഖുര്‍ആന്‍.