ഫലസ്തീനുള്ള സഹായം ബൈഡന് പുന:സ്ഥാപിച്ചു

ഫലസ്തീന് വേണ്ടി അമേരിക്ക നല്കി വരുന്ന 235 ദശലക്ഷം ഡോളറിന്റെ സഹായ പദ്ധതി പുന:സ്ഥാപിച്ച് ബൈഡന് ഭരണകൂടം. മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തലാക്കിയ സഹായ പദ്ധതിയാണ് ഇപ്പോള്‍ പുനസ്ഥാപിച്ചിരിക്കുന്നത്. യു എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യു എസ് നിയമത്തിന് അനുസൃതമായിട്ടാകും സഹായം അനുവദിക്കുകയെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ഫലസ്തീന് അതോറിറ്റിക്ക് നല്കി വരുന്ന സഹായം നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണം യു എസ് കോണ്‍ഗ്രസ് പാസാക്കിയിട്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായിരുന്നു. ട്രംപിന്റെ താല്പര്യപ്രകാരമായിരുന്നു ഇത്. ഫലസ്തീന് ജനതയ്ക്കുള്ള യു എസിന്റെ വിദേശ സഹായം പ്രധാന യു എസ് താല്പര്യങ്ങളും മൂല്യങ്ങളും നിറവേറ്റുന്നതാണ്. ഇത് വളരെ അത്യാവശ്യക്കാര്‍ക്ക് നിര്‍ണായക ആശ്വാസം നല്‍കുന്നതാണ്. ഫലസ്തീന്റെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നു, ഇസ്റാഈല്‍- ഫലസ്തീന് ധാരണ, സുരക്ഷ ഏകോപനം, സ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നു.
ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും ഉള്‍പ്പെടെ ഫലസ്തീന് അഭയാര്‍ഥികള്‍ക്ക് വേണ്ട അത്യാവശ്യ അടിസ്ഥാന സേവനങ്ങള്‍ നല്കുന്ന യു എന്നിന്റെ കീഴിലുള്ള സംഘടനയായ UNRWAക്ക് യു എസ് സഹായം നല്‍കുന്നുണ്ട്. 2017 ലെ ടെയ്ലര് ഫോഴ്സ് നിയമപ്രകാരം ഫലസ്തീന് അതോറിറ്റിയിലേക്ക് നേരിട്ട് യു എസ് ഫണ്ട് നല്‍കുന്നത് നിരോധിച്ചിട്ടുണ്ട്. പരിചയസമ്പന്നരും വിശ്വസ്തരുമായ സ്വതന്ത്ര പങ്കാളികളിലൂടെയാണ് വെസ്റ്റ് ബാങ്കിലും ഗാസയിലും സഹായം നല്‍കുന്നത്. ഈ പങ്കാളികള്‍ സഹായം ആവശ്യമുള്ള ആളുകള്‍ക്ക് നേരിട്ട് വിതരണം ചെയ്യുകയാണ്. സര്‍ക്കാരുകളിലൂടെയോ അധികൃതരിലൂടെയോ അല്ല വിതരണം ചെയ്യുന്നതെന്നും യു എസ് അറിയിച്ചു.
