5 Friday
December 2025
2025 December 5
1447 Joumada II 14

രണ്ടു മാസത്തിനിടെ മ്യാന്‍മര്‍ പട്ടാളം കൊന്നത് 43 കുട്ടികളെ


അശാന്തിയുടെ ഇരുട്ടറയില്‍ നിന്ന് മോചിതമാവാതെ മ്യാന്‍മര്‍. കഴിഞ്ഞ രണ്ടു മാസത്തിനിടെ മ്യാന്‍മറില്‍ പട്ടാള ഭരണകൂടം കൊലപ്പെടുത്തിയത് 43 കുട്ടികളെ. അന്താരാഷ്ട്ര ശിശു സംരക്ഷണ ഏജന്‍സിയാണ് കഴിഞ്ഞ ദിവസം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏഴു മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ഇവരില്‍ തന്നെ അധിക പേരും കൊല്ലപ്പെട്ടത് വീട്ടില്‍വെച്ചാണെന്നതും ഗൗരവമേറുന്നു. പിതാവിന് സമീപത്തേക്ക് ഓടിയെത്തിയ ഏഴു വയസ്സുകാരി കിന്‍ മിയോ ചിത് ആണ് ഒടുവിലത്തെ ഇര. രണ്ടു മാസം പ്രായമുള്ള കുട്ടിയുടെ കണ്ണുകള്‍ പട്ടാളത്തിന്റെ റബര്‍ ബുള്ളറ്റുകള്‍ ഏറ്റ് തകര്‍ന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. യാംഗോനിലെ ഒരു തെരുവില്‍ കളിക്കുന്നതിനിടെയാണ് 13-കാരന് നെഞ്ചില്‍ വെടിയേല്‍ക്കുന്നത്. ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിലൂടെ പട്ടാള ഭരണകൂടം രാജ്യത്ത് അശാന്തിയുടെ ഇരുട്ടറ തന്നെ സൃഷ്ടിച്ചിരിക്കുന്നു. കിഴക്ക് പൂര്‍വേഷ്യന്‍ രാജ്യമായ മ്യാന്‍മറില്‍ നിലനില്‍ക്കുന്നത് അതിഭയാനകമായ സാഹചര്യമാണെന്നാണ് അന്താരാഷ്ട്ര ശിശു സംരക്ഷണ ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സമാധാന നൊബേല്‍ ജേതാവും മ്യാന്‍മര്‍ ദേശീയ നേതാവുമായ ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതോടെയാണ് മ്യാന്‍മര്‍ വീണ്ടും ലോക ശ്രദ്ധയാകര്‍ഷിച്ചത്.

Back to Top