ഫലസ്തീന്‍ പ്രശ്‌നം: ഇസ്‌റാഈലിന് അനുകൂലമാക്കി യു കെ പാഠപുസ്തകങ്ങള്‍

ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷങ്ങള്‍ പഠനവിധേയമാക്കുന്ന ബ്രിട്ടീഷ് ഹൈസ്‌കൂള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ ഇസ്‌റാഈലിന് അനുകൂലമാക്കി ഫലസ്തീന്‍ ചരിത്രം. യു കെ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി പുറത്തിറക്കിയ രണ്ട് ടെക്സ്റ്റ് ബുക്കുകളിലാണ് ഫലസ്തീന്‍ ചരിത്രം വളച്ചൊടിച്ച് ഇസ്‌റാഈലിനെ വെള്ളപൂശുന്നത്. ഇതിനെതിരെ ഒരു സംഘം അക്കാദമീഷ്യന്‍മാര്‍ രംഗത്തുവന്നിട്ടുണ്ട്. ചരിത്രപരമായ രേഖകളെ വളച്ചൊടിക്കുകയും ഇസ്‌റാഈല്‍- ഫലസ്തീന്‍ പോരാട്ടത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് സന്തുലിതമായ കാഴ്ചപ്പാട് നല്‍കുന്നതില്‍ പുസ്തകം പരാജയപ്പെടുകയും ചെയ്തുവെന്നാണ് വിദ്യാഭ്യാസ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചരിത്ര രേഖകള്‍, ടൈംലൈന്‍, മാപ്പുകള്‍, ചിത്രങ്ങള്‍ എന്നിവയിലെല്ലാം കൈകടത്തലുകള്‍ നടത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസമെഴുതാനുള്ള മാതൃകാചോദ്യങ്ങളിലും ഇത് കാണാം. വിദ്യാഭ്യാസത്തിന്റെ മറവില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇത്തരം അജണ്ടകള്‍ കുത്തിവെക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം, പ്രതിസന്ധി, മാറ്റം എന്ന പേരില്‍ പിയഴ്‌സണ്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
