യു എ ബീരാന്‍ സാഹിബ്; സര്‍ഗധനനായ നേതാവ്
ഹാറൂന്‍ കക്കാട്
ഉജ്വലനായ രാഷ്ട്രീയ നേതാവ്, അജയ്യനായ ഭരണകര്‍ത്താവ്, ധിഷണാശാലിയായ ഗ്രന്ഥകാരന്‍, പ്രതിഭാധനനായ വിവര്‍ത്തകന്‍, മികച്ച പ്രഭാഷകന്‍, കഴിവുറ്റ പത്രപ്രവര്‍ത്തകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സുവര്‍ണമുദ്രകള്‍ പതിപ്പിച്ച വ്യക്തിയായിരുന്നു യു എ ബീരാന്‍ സാഹിബ്. ഒരേ സമയം കേരള നിയമസഭയിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പദവികള്‍ വഹിച്ച രാഷ്ട്രീയ സൗമ്യന്‍! ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെയും പിന്നീട് ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെയും പ്രമുഖ നേതാവായിരുന്ന ബീരാന്‍ സാഹിബ് കേരളം ദര്‍ശിച്ച മികച്ച ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തകനായിരുന്നു.
1925 മാര്‍ച്ച് ഒമ്പതിന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ അഹ്മദ് സാഹിബിന്റെ മകനായാണ് ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. തുടര്‍പഠനത്തിന് ശ്രമിക്കാതെ ഒരു സുഹൃത്തിന്റെ കൂടെ അദ്ദേഹം കോയമ്പത്തൂരിലേക്ക് നാടുവിടുകയായിരുന്നു. പട്ടാളക്കാരനാവാന്‍ മോഹിച്ച് രാമന്‍ എന്ന സുഹൃത്തിന്റെ കൂടെ അവിടെ ഒരു റിക്രൂട്ടിങ് ക്യാമ്പില്‍ പങ്കെടുത്തു. നിയമനം ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചാബിലെ ഫിറോസ്പൂരിലേക്ക് പരിശീലനത്തിന് പോയി. അവിടെ 25 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി പതിനെട്ടുകാരനായ ബീരാന്‍ സാഹിബായിരുന്നു. അത് കൊണ്ട് തന്നെ കഠിനമായ പരിശീലനങ്ങള്‍ക്ക് നിര്‍ബന്ധിക്കാതെ മേജര്‍ അദ്ദേഹത്തെ മെസ്സിലെ കണക്കെഴുതാനും മറ്റും പരിശീലിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇന്ത്യന്‍ മിലിട്ടറിയില്‍ സേവനമനുഷ്ഠിച്ച ബീരാന്‍ സാഹിബ് സൈനിക നീക്കങ്ങളുടെ ഭാഗമായി ഡല്‍ഹി, ബര്‍മ, കല്‍ക്കത്ത, അഹ്മദ് നഗര്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജോലി ചെയ്തു.
1950-ല്‍ അവധിയില്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മിലിട്ടറി ജോലി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് മുംബൈയിലെ ബ്രിട്ടീഷ് സ്ഥാപനമായ ആംസ്ട്രാങ് ആന്റ് സ്മിത്ത് കമ്പനിയില്‍ ക്ലര്‍ക്കായി ജോലിയില്‍ കയറി. ആറ് വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് പ്രശസ്ത ഹിന്ദുസ്ഥാനി കവികളും ഗാനരചയിതാക്കളുമായ മജ്റൂഹ് സുല്‍ത്താന്‍ പുരി, കൈഫി ആസ്മി എന്നിവരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അതിനിടെ ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ ലേഖകനായി. അക്കാലത്ത് തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരള മുസ്ലിം ജമാഅത്ത് എന്ന സംഘടന രൂപീകരിച്ചു. അതിന്റെ ജനറല്‍ സെക്രട്ടറിയായി ശ്രദ്ധേയമായ ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
‘ചന്ദ്രിക’യില്‍ വിവിധ വിഷയങ്ങളില്‍ ബീരാന്‍ സാഹിബ് ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. അതുവഴി സി എച്ച് മുഹമ്മദ് കോയ സാഹിബുമായി ശക്തമായ ബന്ധം രൂപപ്പെട്ടു. തുടര്‍ന്ന് മുംബൈ മുസ്ലിം ജമാഅത്തിന്റെ ഒരു പരിപാടിയിലേക്ക് സി എച്ചിനെ ബീരാന്‍ സാഹിബ് ക്ഷണിച്ചൂ. സി എച്ചിന്റെ കേരളത്തിന് പുറത്തുള്ള ആദ്യ യാത്രയായിരുന്നു അത്. പിന്നീട് ചന്ദ്രികയുടെ മുംബൈ ലേഖകനായി ബീരാന്‍ സാഹിബ് നിയമിതനായി. 1956-ല്‍ സി എച്ചിന്റെയും ബാഫഖി തങ്ങളുടെയും ക്ഷണപ്രകാരം ബീരാന്‍ സാഹിബ് ചന്ദ്രികയുടെ സഹ പത്രാധിപരായി ചുമതലയേറ്റു. പിന്നീട് സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായി. ചന്ദ്രിക പത്രത്തില്‍ അദ്ദേഹം എഴുതിയ ചടുലമായ പല മുഖപ്രസംഗങ്ങളും പഠനാര്‍ഹമായ ലേഖനങ്ങളും മുസ്ലിം ലീഗിന്റെ നയങ്ങളും നിലപാടുകളുമായി മാറിയതിന് കാലം സാക്ഷിയായി.
ബീരാന്‍ സാഹിബ് മുസ്ലിം ലീഗിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന വേളയിലാണ് 1968-ല്‍ മലപ്പുറം ജില്ല രൂപീകൃതമാവുന്നത്. അതോടെ മലപ്പുറം ജില്ലാ മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായി. ബാഫഖി തങ്ങള്‍ക്കും പൂക്കോയ തങ്ങള്‍ക്കും സി എച്ചിനും ഒപ്പം പിന്നാക്ക ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹവും മുന്‍നിരയിലുണ്ടായിരുന്നു.
പഞ്ചായത്ത് ആക്റ്റ് നിലവില്‍ വന്നതിന് ശേഷം 1963-ല്‍ ബാലറ്റിലൂടെ നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ചരിത്രത്തിന്റെ ഭാഗമാവാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് ബീരാന്‍ സാഹിബ്. ഇരുപത് വര്‍ഷത്തോളം അദ്ദേഹം കോട്ടക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ആധുനിക കോട്ടക്കലിന്റെ ശില്‍പി എന്ന നിലയിലാണ് അദ്ദേഹം ഖ്യാതി നേടിയത്. വര്‍ഷങ്ങളോളം എം എല്‍ എ സ്ഥാനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയും ഒരുമിച്ചാണ് അദ്ദേഹം വഹിച്ചത്. 1978-ല്‍ വിദ്യാഭ്യാസ മന്ത്രിയായും കോട്ടക്കല്‍ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ച അത്യപൂര്‍വ രാഷ്ട്രീയാചാര്യനായിരുന്നു അദ്ദേഹം. 1963 മുതല്‍ 1980 വരെ ഈ പദവിയിലിരുന്നു. 1970-ല്‍ മലപ്പുറത്തു നിന്നും 1977-ല്‍ താനൂരില്‍ നിന്നുമാണ് നിയമസഭയിലത്തെിയത്.
തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് സി എച്ച് മുഹമ്മദ് കോയ സാഹിബ് രാജിവെച്ചതിനെ തുടര്‍ന്ന് 1978-ല്‍ ഒമ്പത് മാസം ബീരാന്‍ സാഹിബ് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി. 1980-ല്‍ മലപ്പുറത്ത് നിന്നും 1982-ല്‍ തിരൂരില്‍ നിന്നും ബീരാന്‍ സാഹിബ് തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിച്ചു.
1982 മുതല്‍ 87 വരെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായി. ആ കാലത്താണ് കേരളത്തില്‍ മാവേലി സ്റ്റോറുകള്‍ ആരംഭിച്ചത്. അതിനാല്‍ ‘മാവേലി ബീരാന്‍’ എന്നായിരുന്നു സി എച്ച് അദ്ദേഹത്തെ വിളിച്ചിരുന്നത്. എം എല്‍ എ ആയിരിക്കേ, 1990-ല്‍ കോട്ടക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചത്തെി. 1993-ല്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. 1991-ല്‍ തിരൂരങ്ങാടിയില്‍ നിന്ന് ലീഗ് പ്രതിനിധിയായി വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു ഭാഷകളില്‍ തികഞ്ഞ അവഗാഹമുണ്ടായിരുന്ന ബീരാന്‍ സാഹിബ് മികച്ച പ്രഭാഷകന്‍ എന്നപോലെ തന്നെ ശ്രദ്ധേയനായ പരിഭാഷകനുമായിരുന്നു. ഉപരാഷ്ട്രപതി വി വി ഗിരി കോട്ടക്കലെത്തിയപ്പോള്‍ പ്രസംഗം പരിഭാഷപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ഖാഇദെ മില്ലത്തിന്റെ ഏറ്റവും ഇഷ്ടപെട്ട പരിഭാഷകനായിരുന്നു ബീരാന്‍ സാഹിബ്.
കവിതകളും ചെറുകഥകളും വിവര്‍ത്തനങ്ങളും ജീവചരിത്രങ്ങളും സഞ്ചാരസാഹിത്യങ്ങളുമടക്കം കനപ്പെട്ട നിരവധി രചനകള്‍ നല്‍കി മലയാള സാഹിത്യത്തെ അദ്ദേഹം സമ്പന്നമാക്കി.
ഇന്ത്യാ വിഭജനത്തില്‍ മുസ്ലിം സമുദായത്തേയും നേതൃത്വത്തേയും അതിഭീകരമായി വേട്ടയാടുകയും പ്രതിക്കൂട്ടിലടക്കുകയും ചെയ്ത സാഹചര്യമുണ്ടായി. ഇവ്വിഷയകമായി ബീരാന്‍ സാഹിബ് എഴുതിയ ‘വിഭജനത്തിന്റെ വിവിധ വശങ്ങള്‍’ ഒരു ആധികാരിക റഫറന്‍സ് ഗ്രന്ഥമാണ്. ആന്റണ്‍ ചെക്കോവ്, മോപ്പസാങ്, സ്മാര്‍സെറ്റ് മോം തുടങ്ങിയ വിശ്വ സാഹിത്യകാരന്മാരുടെ കഥകള്‍ അദ്ദേഹം പരിഭാഷപ്പെടുത്തി. അറബ് രാജ്യങ്ങളും യൂറോപ്പും, അറബ് രാജ്യങ്ങള്‍, റഷ്യ, മാലി തുടങ്ങിയ യാത്രാ വിവരണങ്ങള്‍, കുപ്പിവളകള്‍, ട്യൂട്ടര്‍ തുടങ്ങിയ ചെറുകഥകള്‍ എന്നിവ ബീരാന്‍ സാഹിബിന്റെ മികച്ച രചനകളാണ്. മൗലാനാ മുഹമ്മദലി, ജമാല്‍ അബ്ദുന്നാസര്‍, ജനറല്‍ നജീബ് തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍ മനോഹരമായി എഴുതിയ യു എ ബീരാന്‍ സാഹിബിന് പക്ഷേ, സ്വന്തം ആത്മകഥ എഴുതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 1997ല്‍ ആത്മകഥാ രചനക്ക് തുടക്കം കുറിച്ചെങ്കിലും ഏറെ താമസിയാതെ അദ്ദേഹം രോഗശയ്യയിലായതിനാല്‍ സംഭവബഹുലമായ ആ ആത്മകഥ പാതിവഴിയില്‍ നിലച്ചുപോയി.
പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളെക്കുറിച്ചു നിരന്തരം എഴുതിയതിനാല്‍ ‘യുണൈറ്റഡ് അറബ് ബീരാന്‍’ എന്നും സി എച്ച് അദ്ദേഹത്തെ പരിചയപ്പെടുത്തിയിരുന്നു. തകഴി, ബഷീര്‍, എസ് കെ പൊറ്റെക്കാട്, തിക്കോടിയന്‍, കെ എ കൊടുങ്ങല്ലൂര്‍, എം ടി തുടങ്ങിയവരുമായി വളരെ അടുത്ത ബന്ധമായിരുന്നു ബീരാന്‍ സാഹിബിന്.
നാല് പതിറ്റാണ്ട് കാലം മുസ്ലിംലീഗിനെ കാറ്റിലും കോളിലും പെടാതെ നോക്കാന്‍ മുന്നിലുണ്ടായിരുന്ന ബീരാന്‍ സാഹിബ്, ബാബ്രി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് ഇബ്‌റാഹീം സുലൈമാന്‍ സേട്ട് സാഹിബിന്റെ കൂടെ ഇന്ത്യന്‍ നാഷണല്‍ ലീഗിലേക്ക് ചേക്കേറി. തുടര്‍ന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
സമസ്ത കേരള സാഹിത്യപരിഷത്ത്, കേരള ഗ്രന്ഥശാലാ സംഘം എന്നിവയുടെ നേതൃനിരയിലും അദ്ദേഹമുണ്ടായിരുന്നു. കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണ സംരംഭങ്ങളില്‍ മായാത്ത എമ്പാടും പാദമുദ്രകള്‍ ചാര്‍ത്തിയ യു എ ബീരാന്‍ സാഹിബ് 2001 മേയ് 31ന് 73-ാം വയസ്സില്‍ അന്തരിച്ചു.