ന്യൂനപക്ഷ വേട്ട: ഭരണാധികാരികള്‍ അലംഭാവം വെടിയണം
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിനില്‍ വച്ച് മലയാളികള്‍ അടങ്ങുന്ന കന്യാസ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണം, ദളിത്-പിന്നാക്ക – ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് നിരന്തരം നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ ഒടുവിലത്തേതാണ്. സ്വന്തം രാജ്യത്തു പോലും സുരക്ഷിതരല്ലെന്ന ബോധം ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ് ഇത്തരം സംഭവങ്ങളിലൂടെ. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ഏകശിലാത്മകമായ മതരാഷ്ട്ര വാദം ആയുധമാക്കിയ ഒരു വിഭാഗം രൂപാന്തരം പ്രാപിച്ചു കഴിഞ്ഞതിന്റെ അനന്തര ഫലം കൂടിയാണിത്. അപകടകരമായ ഭാവിയാണ് ഇത്തരം ശക്തികള്‍ രാജ്യത്തിനു മുന്നില്‍ തുറന്നിടുന്നത്.
ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീ സംഘമാണ് ഝാന്‍സിയില്‍ ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായത്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആക്ഷേപിച്ചാണ് ഇവരെ ഭീഷണിപ്പെടുത്തി ട്രെയിനില്‍ നിന്ന് ഇറക്കുകയും തിരുവസ്ത്രം വരെ അഴിപ്പിക്കുകയും ചെയ്തത്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അതിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മൗലികമായി തന്നെ ഭരണഘടന രേഖപ്പെടുത്തി നല്‍കിയ ഒരു രാജ്യത്താണ് ഈ ദുര്‍വിധി എന്ന് ഓര്‍ക്കണം. ഇതാദ്യമായല്ല കന്യാസ്ത്രീകള്‍ക്കു നേരെ വര്‍ഗീയ ശക്തികളുടെ ഭാഗത്തു നിന്ന് ആക്രമണമുണ്ടാകുന്നത്. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും. പുരോഹിതനും ആതുര ശുശ്രൂഷകനുമായ ഗ്രഹാം സ്‌റ്റെയിന്‍സിനേയും രണ്ട് കുരുന്നുകളേയും ചുട്ടുകൊന്നത് ഒഡീഷയില്‍ വച്ചാണ്. കാന്ധമാല്‍ കലാപം ഇന്നും നടക്കുന്ന ഓര്‍മകളാണ്. ആസൂത്രിത മതപരിവര്‍ത്തനം ആരോപിച്ച് അഴിച്ചുവിട്ട വര്‍ഗീയ കലാപത്തില്‍ നിരവധി ക്രിസ്ത്യന്‍ വീടുകളും ആരാധനാലയങ്ങളുമാണ് ചുട്ടെരിക്കപ്പെട്ടത്. കന്യാസ്ത്രീകള്‍ക്കു േനരെയും അന്ന് വ്യാപക ആക്രമണങ്ങള്‍ അരങ്ങേറി. ആസൂത്രിതമായ ആക്രമണ പരമ്പരകളായിരുന്നു ഇവയെല്ലാം. ഇതുകൂടാതെ ഒറ്റപ്പെട്ടു നടന്ന അക്രമ സംഭവങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയില്ല.
ഭരണകൂട സംവിധാനങ്ങളുടെ ഒത്താശയോടെയാണ് ഈ അക്രമ സംഭവങ്ങളെല്ലാം അരങ്ങേറുന്നത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ ചുമതലപ്പെട്ട പൊലീസ് കാഴ്ചക്കാരുടെ റോളില്‍ മാത്രമായി ചുരുങ്ങുന്നു. ഭരണ സംവിധാനങ്ങള്‍ വര്‍ഗീയ കാലപങ്ങള്‍ക്ക് എങ്ങനെയെല്ലാം കുടപിടിക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപം. സുരക്ഷ ഒരുക്കുന്നത് പോയിട്ട് ഇരകളുടെ നിലവിളികള്‍ കേള്‍ക്കാന്‍ പോലും അന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. കലാപാനന്തര ഭൂമിയിലെ പുനരധിവാസത്തിന് ദയ തേടിയലഞ്ഞ ജനങ്ങളോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പെരുമാറിയതു പോലും അത്രമേല്‍ ക്രൂരമായിട്ടായിരുന്നു. ഗുജറാത്ത് കലാപത്തിന്റെ തുടര്‍ച്ചയായിരുന്നു ഒഡീഷയിലെ കാന്ധമാലില്‍ നടന്നത്. അതിന്റെ തുടര്‍ച്ചയായിരുന്നു അസം അതിര്‍ത്തി ജില്ലകളില്‍ അരങ്ങേറിയത്. ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഒന്നുപോലും സുരക്ഷിതരല്ലെന്നാണ് ഈ സംഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മോദി ഭരണകൂടം രാജ്യത്ത് അധികാരത്തില്‍ എത്തിയ ശേഷം അരങ്ങേറിയ ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, വെടിയുണ്ടകള്‍ക്കിരയായ എം എം കല്‍ബുറഗിയെയും ഗോവിന്ദ് പന്‍സാരെയേയും പോലുള്ള ബുദ്ധിജീവികള്‍, രോഹിത് വെമുലയെപ്പോലുള്ളവരുടെ ജീവാഹുതികള്‍…, ഒരു ബഹുസ്വര സമൂഹം അതിന്റെ ശവക്കുഴി എങ്ങനെ സ്വയം തോണ്ടുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഒരു വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് ഒരു രാജ്യത്തിന്റെ ഭാവി തന്നെ ബലികഴിക്കപ്പെടുന്നത്. അപരിഹാര്യമായ മുറിവാണ് ഇത് സൃഷ്ടിക്കുന്നത്.
ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചിരിക്കുന്നത്. ഇലക്ഷന്‍ ഗിമ്മിക്ക് മാത്രമാണ് ഈ പ്രസ്താവനയെന്ന് പ്രത്യക്ഷത്തില്‍ തന്നെ ആര്‍ക്കും ബോധ്യപ്പെടും. പള്ളിത്തര്‍ക്കം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങി നാലു വോട്ടു സ്വന്തമാക്കാമെന്ന് കരുതിയത് പാളിപ്പോയതിനു പിന്നാലെയാണ് കന്യാസ്ത്രീ ആക്രമണം കൂടി പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ് ഈ പ്രസ്താവന. അതിനപ്പുറം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ബി ജെ പിയുടേയോ കേന്ദ്ര സര്‍ക്കാറിന്റേയോ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ഒരു നീക്കവും നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല.