ധനമോഹവും സ്ഥാനമോഹവും ആപത്ത്
എം ടി അബ്ദുല്‍ഗഫൂര്‍
കഅ്ബിബ്‌നു മാലിക്(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: വിശന്നു വലഞ്ഞ രണ്ട് ചെന്നായ്ക്കള്‍ ഒരു ആട്ടിന്‍ പറ്റത്തിലേക്ക് അയക്കപ്പെടുന്നതിനേക്കാള്‍ കുഴപ്പമായിരിക്കും ധനത്തോടും സ്ഥാനത്തോടുമുള്ള ആര്‍ത്തി മനുഷ്യന്റെ മതത്തില്‍ ഉണ്ടാക്കുക. (തിര്‍മിദി)
സുരക്ഷിതമായി മേഞ്ഞുകൊണ്ടിരിക്കുന്ന ഒരു ആട്ടിന്‍പറ്റത്തിലേക്ക് ചെന്നായ പ്രവേശിച്ചാല്‍ ആ കൂട്ടത്തിലെ ചില ആടുകളെ കൊന്നുതിന്നും, ചിലതിനെ മുറിവേല്പിക്കും. വിശന്നു വലഞ്ഞ രണ്ടു ചെന്നായ്ക്കളാണ് ആട്ടിന്‍പറ്റത്തിലേക്ക് അയക്കപ്പെടുന്നതെങ്കിലോ? അവിടെയുണ്ടാവുന്ന നാശനഷ്ടങ്ങള്‍ കടുത്തതായിരിക്കും. ഈ അവസ്ഥയേക്കാള്‍ അപകടകരമാണ് മനുഷ്യന്റെ ധനമോഹവും സ്ഥാനമോഹവും വരുത്തിവെക്കുക എന്ന പാഠമാണ് നബി(സ) ഈ വചനത്തിലൂടെ നല്‍കുന്നത്. ധനമോഹവും സ്ഥാനമോഹവും മനുഷ്യന്റെ പ്രവൃത്തികളെ അത്രമേല്‍ ദുഷിപ്പിക്കുന്നു എന്ന് വിവരിക്കാന്‍ ഇതിനേക്കാള്‍ മികച്ച ഒരു ഉപമയുമില്ല.
അനുവദനീയമെന്നോ അനനുവദനീയമെന്നോ ആലോചിക്കാതെ ഏത് മാര്‍ഗത്തിലും ധനം സമ്പാദിക്കണമെന്ന ചിന്ത അതിക്രമത്തിലേക്കും അതിരുകവിയലിലേക്കുമാണ് മനുഷ്യനെ എത്തിക്കുക. പിശുക്കും അഹങ്കാരവും വര്‍ധിക്കുകയും ആരാധനകളില്‍ അശ്രദ്ധരാവുകയും ചെയ്യാന്‍ ധനമോഹം ഇടവരുത്തുന്നു. സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തിയും മനുഷ്യനെ ദുഷിപ്പിക്കുന്ന പ്രധാന ഘടകമാകുന്നു. സ്ഥാനലബ്ധിക്കായി ഏത് മാര്‍ഗവും സ്വീകരിക്കാന്‍ ലജ്ജയില്ലാതാവുകയും സമൂഹത്തില്‍ വഷളായ അവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഈ ലോകത്ത് തനിക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥാ നമാനങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി വിശ്വാസത്തെയും ആദര്‍ശത്തെയും അടിയറവെക്കുന്ന ലജ്ജാകരമായ അവസ്ഥകള്‍ ഇന്ന് കണ്ടുവരുന്നുണ്ട്. നൈമിഷികമായ ഈ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അനശ്വരമായ തന്റെ ആദര്‍ശത്തെയാണ് പണയപ്പെടുത്തുന്നതെന്നോര്‍ക്കാന്‍ അത്തരക്കാര്‍ക്ക് കഴിയുന്നില്ല എന്നത് ദു:ഖകരമാകുന്നു.
സമൂഹത്തിലും സംഘടനകളിലും ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാകുന്നതിന് ധനമോഹവും സ്ഥാനമോഹവും വഴിയൊരുക്കാറുണ്ട്. ഐഹിക വിഭവങ്ങള്‍ക്കുവേണ്ടി മതചിന്തകളെ വില്‍ക്കുന്ന ഈ പ്രവണത യഥാര്‍ഥ പ്രശസ്തി ലഭിക്കേണ്ട പരലോകത്തെയാണ് നഷ്ടപ്പെടുത്തുന്നത്. ‘ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പ്പെടുത്തിക്കൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും’ (28:83) എന്ന വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്താവന ഏത് സാഹചര്യത്തിലും വിശ്വാസികള്‍ ഓര്‍ക്കേണ്ടതാണ്.