കാരുണ്യത്തിന്റെ കരുതല്‍
സി കെ റജീഷ്

ക്രീമിയന്‍ യുദ്ധത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 1853-ല്‍ ബ്രിട്ടനും ഫ്രാന്‍സും തുര്‍ക്കിയും ചേര്‍ന്ന് റഷ്യക്കെതിരെ നടത്തിയ ആക്രമണം. ഈ യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പരിചരിക്കാന്‍ പ്രഗത്ഭയായ ഒരു നഴ്സിനെ പ്രതിരോധമന്ത്രി സിഡ്നി ഹെര്‍ബര്‍ട്ട് പട്ടാള ആശുപത്രിയിലേക്ക് അയച്ചു. ‘വിളക്കേന്തിയ വനിത’ എന്ന പേരില്‍ പ്രശസ്തയായ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ആയിരുന്നു ആ നഴ്‌സ്. പ്രത്യേകം പരിശീലനം ലഭിച്ച മുപ്പത്തിയെട്ട് നഴ്സുമാരും അവരോടൊപ്പമുണ്ടായിരുന്നു.
പട്ടാളക്കാര്‍ മാരകമായ പരിക്കുപറ്റി മരണത്തോട് മല്ലിട്ട് കഴിയുകയാണ്. മരുന്നോ വെള്ളമോ ചികിത്സയോ ഒന്നുമില്ല. ഫ്ളോറന്‍സും കൂടെയുള്ളവരും കാരുണ്യത്തിന്റെ കരുതല്‍ മാലാഖമാരായി അവരെ പരിചരിച്ചു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ വരെ കൈയില്‍ വിളക്കുമേന്തി അവര്‍ ആശുപത്രി വരാന്തയിലുണ്ടാവുമായിരുന്നു. ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം കുടിക്കാനും അവര്‍ക്ക് അവസരമൊരുക്കി കൊടുത്തു.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന പട്ടാളക്കാര്‍ പതിയെ ആരോഗ്യവാന്മാരായി. ആധുനിക നേഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ 1907-ല്‍ ‘ഓര്‍ഡര്‍ ഓഫ് മെറിറ്റ്’ എന്ന ബഹുമതിക്ക് അര്‍ഹയായി. രോഗീ പരിചരണത്തെക്കുറിച്ച് ഫ്ളോറന്‍സ് ഇരുന്നൂറിലേറെ പുസ്തകങ്ങളും ലഘുലേഖകളും രചിച്ചിട്ടുണ്ട്.
ആരോഗ്യമെന്നത് ദൈവാനുഗ്രഹമാണ്. രോഗമാകട്ടെ ശാപമോ പാപമോ ആയി കാണേണ്ടതല്ല. കണ്ണില്‍ കരടുപോയി എന്ന് തോന്നിയാല്‍ മതി നാമേറെ അസ്വസ്ഥരാവുന്നു. ഇത്രയേയുള്ളൂ. എളുപ്പം താളം തെറ്റിപ്പോവുന്ന അവസ്ഥയിലാണ് നമ്മുടെ ശരീരഘടനയുള്ളത്. ശരീരവും മനസ്സും സാമൂഹിക സാഹചര്യവുമായി പൊരുത്തപ്പെട്ട് സുസ്ഥിതിയില്‍ കഴിയണം. അതാണ് ആരോഗ്യം. അത് ആരുടെയും ഔദാര്യമോ കുത്തകയോ അല്ല. എല്ലാവരുടെയും ജന്മാവകാശമാണ്.
‘സുഖമായിരിക്കട്ടെ’ എന്ന് സുഹൃത്തിനോട് പറഞ്ഞ് നോക്കൂ. സുഖാവസ്ഥയിലേക്ക് നയിക്കാന്‍ ആ വാക്ക് മതിയാവും. ‘സാരമില്ല’ എന്ന് പറഞ്ഞു കൂടെ നില്‍ക്കാന്‍ ചിലരുണ്ടായത് കൊണ്ടാണ് ആരോഗ്യത്തെ പലര്‍ക്കും വീണ്ടെടുക്കാനായത്. സാന്ത്വനമാണ് ചികിത്സയെന്നത് ജീവിത വ്രതമാക്കിയവര്‍ക്കിടയിലാണ് വീണുപോയവരുടെ ജീവിതം തന്നെ പച്ചപിടിച്ച് വരുന്നത്.
മുറിവേറ്റ മനസ്സുള്ളവരുടെ കൂടെ നില്‍ക്കുമ്പോള്‍ നമ്മളും മുറിവേറ്റ മനസ്സിന്റെ ഉടമയായി മാറുകയാണ് വേണ്ടത്. സഹതാപ വാക്കുകളല്ല, സഹാനുഭൂതിയും സമസൃഷ്ടി സ്നേഹവുമാണ് മുറിവുണക്കാനുള്ള സിദ്ധൗഷധം. ചിന്തകനായ ഡോ. മുസ്തഫ സ്വാദിഖ് റാഫിഈ എഴുതി: സ്വാതന്ത്ര്യത്തിന്റെ വിലയറിയണമെങ്കില്‍ ഒരിക്കലെങ്കിലും ജയിലറ സന്ദര്‍ശിക്കണം. ആരോഗ്യത്തിന്റെ അനുഗ്രഹം മനസ്സിലാക്കാന്‍ ആശുപത്രി സന്ദര്‍ശിക്കണം.
രോഗീ സന്ദര്‍ശനം പുണ്യ പ്രവൃത്തിയാണ്. ആശ്വാസം പകര്‍ന്ന് ആരോഗ്യമുള്ള മനസ്സ് സമ്മാനിക്കുന്ന സ്നേഹ സാന്നിധ്യമായി സന്ദര്‍ശകന്‍ മാറണം. ‘സാരമില്ല, ദൈവാനുഗ്രഹത്താല്‍ രോഗം സുഖപ്പെടും’ എന്ന് നബി(സ) രോഗി കേള്‍ക്കെ പ്രാര്‍ഥിച്ചത് രോഗാതുരമായ മനസ്സിനുള്ള സാന്ത്വന ചികിത്സയാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഒരിക്കല്‍ ആനന്ദകരമായ ജീവിതാനുഭവത്തെ ഇങ്ങനെ ഓര്‍ത്തെടുക്കുന്നു: പതിവ് തെറ്റിക്കാതെ വൈകുന്നേരങ്ങളില്‍ രോഗിയായ അയല്‍വാസിയെ സ്വന്തം വാഹനത്തില്‍ കയറ്റി ദൂരമേറെ സഞ്ചരിച്ച് ഉദ്യാനത്തില്‍ എത്തുമ്പോള്‍ അയാളുടെ മുഖത്ത് വലിയ ആഹ്ലാദം കണ്ടിരുന്നു. ഉദ്യാനത്തിലെ മനോഹര കാഴ്ചകളായിരുന്നു മരണം വരെയുള്ള അയാളുടെ മരുന്ന്.
