പള്ളി മിമ്പറുകളുടെ ദൗത്യം പണ്ഡിതന്മാര്‍ അവഗണിക്കരുത് -ഖതീബ് സംഗമം
മലപ്പുറം: മതേതര സാമൂഹിക അന്തരീക്ഷം ശക്തിപ്പെടുത്തുന്നതില്‍ പള്ളി മിമ്പറുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കേരള ഖതീബ് കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാന ഖതീബ് സംഗമം അഭിപ്രായപ്പെട്ടു. മഹല്ലുകളുടെ ഗുണഭോക്താക്കള്‍ മഹല്ലിലെ മുഴുവന്‍ മനുഷ്യരാണെന്ന സന്ദേശം വിശ്വാസികളെ ബോധവത്ക്കരിക്കാന്‍ ഖതീബുമാര്‍ ശ്രദ്ധവെക്കണം. സാമൂഹ്യ നവോത്ഥാനത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കേണ്ട പള്ളി മിമ്പറുകളുടെ ദൗത്യം അവഗണിച്ചതാണ് മുസ്്‌ലിം സമുദായം ഇന്നനുഭവിക്കുന്ന ജീര്‍ണതയുടെയും പിന്നാക്കത്തിന്റെയും അടിസ്ഥാന കാരണം.
മുസ്്‌ലിം സമൂഹത്തിന്റെ സംസ്‌കരണവും മഹല്ലിന്റെ ശാക്തീകരണവും പ്രബുദ്ധതയും ഉദ്ദേശിച്ച് നടത്തപ്പെടേണ്ട വെള്ളിയാഴ്ച ഖുതുബകള്‍ കേവല ചടങ്ങുകളിലൊതുക്കിത്തീര്‍ത്തതിന്റെ ദുരന്തമാണ് സമുദായം വിവിധ മേഖലകളില്‍ അനുഭവിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ എല്ലാവിധ ചുറ്റുപാടുകളില്‍ നിന്നും മാറിനിന്ന് അംഗശുദ്ധിവരുത്തി മിമ്പറുകള്‍ക്ക് താഴെ അച്ചടക്കത്തോടെ വന്നിരിക്കുന്ന വിശ്വാസികള്‍ക്ക് അത്യാവശ്യമായ ഉപദേശങ്ങള്‍ അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍, പള്ളി മിമ്പറിന്റെ ദൗത്യം അവഗണിക്കുകയെന്ന കടുത്ത അപരാധമാണ് മതപണ്ഡിതന്മാരും സമുദായ നേതൃത്വവും ചെയ്യുന്നതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
മലപ്പുറത്ത് നടന്ന സംഗമം കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. ഖതീബ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി, എം അഹ്മദ്കുട്ടി മദനി, എം ടി മനാഫ്, ഡോ. മുസ്തഫ കൊച്ചിന്‍, ഡോ. ജമീല്‍ അഹ്മദ്, ഡോ. ജാബിര്‍ അമാനി, കെ സി സി മുഹമ്മദ് അന്‍സാരി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അബ്ദുല്‍ അലി മദനി, കെ എം കുഞ്ഞമ്മദ് മദനി, എ അബ്ദുല്ലത്തീഫ് മദനി, കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി, അലി മദനി മൊറയൂര്‍, മൊയ്തീന്‍ സുല്ലമി കുഴിപ്പുറം, എന്‍ എം അബ്ദുല്‍ജലീല്‍, ശംസുദ്ദീന്‍ പാലക്കോട്, എം എം ബഷീര്‍ മദനി, മൂസക്കുട്ടി മദനി, സി മമ്മു കോട്ടക്കല്‍, ആബിദ് മദനി, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, കെ പി മുഹമ്മദ് കല്പറ്റ, അബ്ദുസ്സലാം പുത്തൂര്‍, സലീം അസ്ഹരി പ്രസംഗിച്ചു.