23 Monday
December 2024
2024 December 23
1446 Joumada II 21

ഇടത് മതേതര ഹിന്ദുത്വ കേരളം മുസ്‌ലിംകളോട് ചെയ്യുന്നത്

കരീം


കേരളത്തിലെ അറിയപ്പെടുന്ന ഒരു ടി വി വാര്‍ത്താ അവതാരകന്‍ ‘ഹലാല്‍ ലൗ സ്റ്റോറി’ എന്ന സിനിമയെപ്പറ്റി എഴുതിയ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്: ”പുതു തലമുറയിലെ മുസ്‌ലിംകള്‍ രചനയോ സംവിധാനമോ നിര്‍വഹിച്ച സിനിമകളെ നിരൂപണം ചെയ്യാന്‍ സിനിമ കാണേണ്ട കാര്യമില്ല” -അത്രമാത്രം മുന്‍വിധിയോടെയാണ് പൊതു സമൂഹം എന്നും ഇടത്മതേതരരെന്നും സ്വയം അവകാശപ്പെടുന്ന കേരളീയ സമൂഹം മുസ്‌ലിം വിഷയങ്ങളെ സമീപിക്കുന്നത്.
ഹിന്ദു തീവ്രവാദ സംഘടനയായ ആര്‍ എസ് എസിന്റെ മുസ്‌ലിം വിരോധം പുതിയ കാര്യമല്ല. മുസ്‌ലിംകളെ ശാരീരികമായി ഉന്മൂലനം ചെയ്യുക, രാജ്യത്തു നിന്ന് ഇല്ലായ്മ ചെയ്യുക എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. സ്ഥാനത്തും അസ്ഥാനത്തും മുസ്‌ലിം വിരോധം പ്രചരിപ്പിക്കല്‍ അവരുടെ മുഖ്യ അജണ്ടയാണ്. എന്നാല്‍, ഇടത്മതേതര കക്ഷികള്‍ ആര്‍ എസ് എസിന്റെ മെഗാ ഫോണാകുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ചരിത്രം പഠനവിധേയമാക്കുമ്പോള്‍ ഇടത്മതേതര പാര്‍ട്ടികളില്‍ മുസ്‌ലിംകളെ സാമൂഹികമായും സാംസ്‌കാരികമായും അപരവല്‍ക്കരിക്കുക എന്നൊരു ലക്ഷ്യം കടന്നുകൂടിയിട്ടില്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍, തരംകിട്ടുമ്പോഴെല്ലാം 1971-ലെ തലശ്ശേരി കലാപത്തില്‍ പള്ളിക്ക് കാവല്‍ നില്‍ക്കുന്നതിനിടെ ‘മുസ്‌ലിംകള്‍ക്ക് വേണ്ടി’ രക്തസാക്ഷിയായ സഖാവ് യു കെ കുഞ്ഞിരാമന്റെ ‘നൊസ്റ്റു കഥ’ പറയും. ആ കഥക്ക് സത്യവുമായി പുലബന്ധം പോലുമില്ലെന്നത് വേറെ കാര്യം.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി മുബാറക് പാഷയെ നിയമിച്ചതിനെതിരെ റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തില്‍ നിന്നുള്ള എം പി എന്‍ കെ പ്രേമചന്ദ്രനാണ് ആദ്യമായി രംഗത്ത് വന്നത്. പിന്നീട് വെള്ളാപ്പള്ളിയും ആര്‍ എസ് എസും വിഷയം ഏറ്റെടുത്തു. സംഘ്പരിവാറിന്റെ കോടാലിക്കൈ ആയ വെള്ളാപ്പള്ളി നടേശനെയും നമുക്ക് മനസ്സിലാക്കാം. മുബാറക് പാഷ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വി സി ആയതുകൊണ്ട് മുസ്‌ലിംകള്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടാവുമെന്ന് തോന്നുന്നില്ല. മറിച്ച്, ഇടത് സര്‍ക്കാറിന് ഗുണമുണ്ട് താനും. കേരളത്തില്‍ ഒരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുമെന്ന് നേരത്തേ തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്. തെരഞ്ഞെടുപ്പുകള്‍ അടുത്തുവരികയും സര്‍ക്കാറിന്റെ പ്രതിച്ഛായ മോശമാവുകയും ചെയ്ത സാഹചര്യത്തില്‍, രക്ഷപ്പെടണമെങ്കില്‍ അല്‍പം ജാതിക്കളി കൂടിയേ തീരൂ എന്ന് പാര്‍ട്ടി തിരിച്ചറിയുന്നു. നേരത്തെ തീരുമാനിച്ചിരുന്ന ഓപ്പണ്‍ സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേരു നല്‍കുക വഴി ഈഴവരെ കൈയ്യിലെടുക്കാം. സര്‍വകലാശാലയുടെ ഉദ്ഘാടന ചടങ്ങിലേക്ക് വെള്ളാപ്പള്ളിയെ ക്ഷണിക്കാതിരിക്കുക വഴി ജാതി തമ്പുരാക്കന്മാര്‍ക്ക് പാര്‍ട്ടി കീഴടങ്ങില്ല എന്ന പ്രതീതി സൃഷ്ടിക്കാം. മുസ്‌ലിമിനെ വി സിയാക്കുക വഴി സര്‍ക്കാര്‍ അവരെ പരിഗണിക്കുന്നുവെന്ന് വരുത്തിതീര്‍ക്കാം. മുസ്‌ലിം പ്രീണനത്തിനെതിരെ വെള്ളാപ്പള്ളിയെ കൊണ്ട് എന്തെങ്കിലും വിടുവായിത്തം പറയിപ്പിച്ച് മുന്നാക്ക സംവരണത്തിനെതിരെ ഉയര്‍ന്നുവന്നേക്കാവുന്ന സംവരണ സമുദായ ഐക്യത്തെ തുരങ്കം വെക്കാം. ചുരുക്കത്തില്‍ വെടക്കാക്കി തനിക്കാക്കാം.

കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് ഇതുവരെ 45 ചീഫ് സെക്രട്ടറിമാരുണ്ടായിട്ടുണ്ട്. ഇതില്‍ 33 പേരും ഹിന്ദുക്കളായിരുന്നു (പേരിന് ചില ഈഴവരെയും കണ്ടേക്കാം). 11 ക്രിസ്ത്യാനികളും, ഒരേയൊരു മുസ്‌ലിമും. 2006-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ അവസാന കാലത്താണ് മുഹമ്മദ് റിയാസുദ്ദീന്‍ ഐ എ എസ് ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍, ഏഴര മാസത്തിന് ശേഷം അച്യുതാനന്ദന്‍ അധികാരത്തിലേറിയ ഉടന്‍ തന്നെ റിയാസുദ്ദീനെ ഐ എം ജി ഡയറക്ടറായി തരംതാഴ്ത്തി. 33 ഡി ജി പിമാരില്‍ 25 പേരും ഹിന്ദുക്കളായിരുന്നു (പേരിന് ചില ഈഴവരെയും കണ്ടേക്കാം). ഏഴു പേര്‍ ക്രിസ്ത്യാനികളും, ഒരേയൊരു മുസ്‌ലിമും. അബ്ദുസ്സത്താര്‍ കുഞ്ഞ് 1997 ജൂണ്‍ 5 മുതല്‍ ജൂണ്‍ 30 വരെ, 26 ദിവസം ഡി ജി പിയായി. 1996-2001ലെ ഇ കെ നയനാര്‍ മന്ത്രിസഭയുടെ കാലത്തായിരുന്നു അത്. ഇതേ കാലയളവില്‍ അദ്ദേഹം ഡി ജി പി റാങ്കില്‍ ജയില്‍ ഡി ജി പിയുടെയും കമാന്റന്റ് ജനറല്‍ ഫയര്‍ ഫോഴ്‌സിന്റെയും ചുമതല വഹിച്ചിരുന്നു. പക്ഷേ, ഒരു മുസ്‌ലിം, ക്രമസമാധാനപാലന ചുമതലയുള്ള ഡി ജി പിയാകുന്നത് ഹൈന്ദവ കേരളത്തിന് ഉള്‍ക്കൊള്ളാനാവുന്നതിന്റെ അപ്പുറമാണ്.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്തുണ്ടായ അഞ്ചാം മന്ത്രി വിവാദം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. മുസ്‌ലിംലീഗിന് ഒരു മന്ത്രി സ്ഥാനം കൂടി എന്ന ആവശ്യത്തെ നഖശിഖാന്തം എതിര്‍ക്കാന്‍ എല്‍ ഡി എഫിലെയും യു ഡി എഫിലെയും യുവതുര്‍ക്കികള്‍ ഒരമ്മ പെറ്റ മക്കളെ പോലെയാണ് രംഗത്തുവന്നത്.
എന്നാല്‍, ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള, അരമനയുടെ ആജ്ഞാനുസരണം മാത്രം തീരുമാനമെടുക്കുന്ന കേരളാ കോണ്‍ഗ്രസിന്റെ വിവിധ ഗ്രൂപ്പുകള്‍ക്കും, നായര്‍ സഹകാരിയായ ബാലകൃഷ്ണ പിള്ളക്കും യഥേഷ്ടം ഇടതു മുന്നണിയില്‍ കയറിയിറങ്ങാം. പത്തരമാറ്റ് ആര്‍ എസ് എസുകാരനായ രാമന്‍ പിള്ളക്ക് കോളിംഗ് ബെല്‍ പോലുമടിക്കാതെ ഇടതു മുന്നണി യോഗത്തില്‍ കയറിയിരിക്കാം. ബി ജെ പി നേതാക്കളുമായി സൗന്ദര്യപ്പിണക്കം തോന്നിയ മാത്രയില്‍ ഒ കെ വാസു മാസ്റ്റര്‍ക്കും സുഗതനും സുദീഷ് മിന്നിക്കുമെല്ലാം ഇടതുപക്ഷത്തിന്റെ ചാര്‍ച്ചക്കാരാകാം. അല്ലാതെ മതേതരത്വം തെളിയിച്ച് മുന്നണി പ്രവേശനത്തിന് ഐ എന്‍ എല്ലിനെ പോലെ കാല്‍നൂറ്റാണ്ട് കാത്തിരിക്കുകയൊന്നും വേണ്ട.

വി എസ് അച്യുതാനന്ദന്‍

വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ധനമന്ത്രി തോമസ് ഐസക്ക് ആലുവക്കാരന്‍ അക്ബറിനെ ആലപ്പുഴയിലെ മാരാരി റിസോര്‍ട്ടില്‍ വിളിച്ചുവരുത്തി ഒരു ചുമതല ഏല്‍പ്പിക്കുന്നത്. കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കണം. അക്ബര്‍ 30 വര്‍ഷത്തോളം ഫെഡറല്‍ ബാങ്കില്‍ എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ ജോലി ചെയ്തയാളാണ്. പിന്നീട് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ബാങ്കായ ബാങ്ക് ഒഫ് കാബൂളിന്റെ സിഇഒ ആയി ചുമതലയേറ്റു. തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് ധനമന്ത്രി പുതിയ ചുമതലയേല്‍പ്പിക്കുന്നത്. ചുമതല ഏറ്റെടുത്ത് അല്‍പ ദിവസത്തിനകം, മലയാളത്തിലെ ദേശീയ ദിനപത്രത്തില്‍ ഒരു വാര്‍ത്ത, ‘താലിബാന്റെ സാമ്പത്തിക ഉപദേഷ്ടാവായി അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്തയാളെ കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടറായി എല്‍ ഡി എഫ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നു!’ നല്ല പേര് ചീത്തയായതോടെ അക്ബര്‍ ചുമതലയൊഴിഞ്ഞു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ മാനേജിങ് ഡയറക്ടറായി എറണാകുളത്തെ പ്രമുഖ വിശ്വ ഹിന്ദു പരിഷത്ത് നേതാവിന്റെ സഹോദരനായ ഒരു ഐആര്‍ എസുകാരനെ (ഇന്‍ഡ്യന്‍ റവന്യൂ സര്‍വീസ്) നിയമിക്കുന്നതും ഇതേ കാലത്താണ്. ടിയാന്റെ നിയമനം പാര്‍ട്ടിയില്‍ വിവാദമായതോടെ, അതിനെ മറികടക്കാനും അക്ബറിന്റെ നിയമനം പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ ഉപയോഗിച്ചു. ഏത് രാഷ്ട്രീയ പ്രതിസന്ധിയും എളുപ്പത്തില്‍ തരണം ചെയ്യാവുന്ന ‘സേഫ്റ്റി വാല്‍വാണ്’ മുസ്‌ലിം സ്വത്വം.
കേരളത്തില്‍ ആദ്യമായി മുസ്‌ലിം യുവാക്കള്‍ക്കെതിരെ യു എ പി എ കേസുകള്‍ ചാര്‍ജ് ചെയ്തതും വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചപ്പോഴും, വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ എന്‍ എ ഖാദര്‍ വിജയിച്ചപ്പോഴും മലപ്പുറത്തിന്റെ മനസ്സ് വര്‍ഗീയമാണെന്നും, തീവ്രവാദികളുടെ ഏകീകരണമാണ് മലപ്പുറത്ത് നടന്നതെന്നും പ്രതികരിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനുമായിരുന്നു.

എന്‍ കെ പ്രേമചന്ദ്രന്‍


2002-ല്‍ വാജ്‌പേയി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണ് ഓഹരി വിറ്റഴിക്കല്‍ മന്ത്രാലയം ഐ ടി ഡി സിയുടെ ഉടമസ്ഥതയിലുള്ള കോവളത്തെ അശോക ഹോട്ടലും 65 ഏക്കര്‍ സ്ഥലവും 44 കോടി രൂപക്ക് പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിയുടെ എം ഫാര്‍ ഹോട്ടല്‍ ഗ്രൂപ്പിന് വില്‍ക്കുന്നത്. ഇതോടെ ഹോട്ടലിനോട് ചേര്‍ന്ന് ഐടിഡിസി കൈവശം വെച്ചിരുന്ന കോവളം കൊട്ടാരത്തിന്റെ (ഹാല്‍ സിയന്‍ കാസില്‍) ഉടമസ്ഥാവകാശത്തെ പറ്റി തര്‍ക്കം മുറുകി. ഹോട്ടലും പരിസരവും സമരവേലിയേറ്റത്തില്‍ മുങ്ങി. സി പി എം നേതാക്കളായ വി എസ് അച്യുതാനന്ദനും എം വിജയകുമാറും കളം നിറഞ്ഞാടി. ഗത്യന്തരമില്ലാതെ എം ഫാര്‍ ഗ്രൂപ്പ് ഹോട്ടല്‍ കണ്ണൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ലീലാ ഗ്രൂപ്പിന് കൈമാറി. എ കെ ജിയുടെയും പി കൃഷ്ണപിള്ളയുടെയും പാര്‍ട്ടി ക്ലാസ് കേട്ട് വളര്‍ന്ന കൃഷ്ണന്‍ നായര്‍ വന്നതോടെ എതിര്‍പ്പിന്റെ ശക്തി കുറഞ്ഞു. വീണ്ടും കൈമറിഞ്ഞ് കൊല്ലത്തുകാരന്‍ രവി പിള്ളയുടെ റാവിസ് ഗ്രൂപ്പിന്റെ കൈകളിലെത്തി. അതോടെ കോവളം കൊട്ടാരവും 4.13 ഹെക്ടര്‍ സ്ഥലവും 2017-ല്‍ നിരുപാധികം റാവിസ് ഗ്രൂപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ശ്രീ പത്മനാഭന്റെ മണ്ണ്, അത് ഒരു തരിയാണെങ്കില്‍ പോലും ഒരു മേത്തന്‍ കൈവശം വെക്കുന്നതിനെക്കാള്‍ നല്ലത് നായരോ പിള്ളയോ വെക്കുന്നതാണല്ലോ! മാത്രമല്ല ലീലാകൃഷ്ണന്‍ നായരും രവി പിള്ളയും കേരളത്തിലെ സമുന്നതരായ സി പി എം നേതാക്കളുടെ ചാര്‍ച്ചക്കാരും, അവരുടെ മക്കളുടെ വിദ്യാഭ്യാസ, തൊഴില്‍ പുരോഗതിയില്‍ അതീവ ശ്രദ്ധാലുക്കളും ആയിരുന്നു.
മുസ്‌ലിംകള്‍ പൊതുവില്‍ വിവരദോഷികളും സംസ്‌കാര ശൂന്യരും ആണെന്നാണ് കമ്യൂണിസ്റ്റ് കാഴ്ചപ്പാട്. ലീഗ് മന്ത്രിമാര്‍ പ്രത്യേകിച്ചും. കേരളത്തില്‍ ‘ചാക്കീരി പാസ്’ എന്നൊരു പ്രയോഗമുണ്ട്. സ്‌കൂളുകളില്‍ ഓള്‍ പ്രൊമോഷന്‍ കൊണ്ടുവന്ന ചാക്കീരി അഹ്മദ് കുട്ടിയെ പരിഹസിക്കാന്‍ പറഞ്ഞുപരത്തിയ പ്രയോഗമാണിത്. എന്നാല്‍ സി ബി എസ് ഇയും ഇതേ രീതിയാണ് പിന്തുടരുന്നതെന്ന കാര്യം അറിയാത്തവരല്ല ഈ വിമര്‍ശം ഉന്നയിക്കുന്നത്. നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ ആയിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം സൂപ്പിക്കെതിരെ ബോംബ് പൊട്ടിക്കും എന്ന് വീരവാദം മുഴക്കിയിരുന്നു. പി ജെ ജോസഫ് പ്ലസ്ടു സ്‌കൂളുകള്‍ ലേലം വിളിച്ച് വിറ്റപ്പോഴാകട്ടെ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായതുമില്ല. ഇ ടി മുഹമ്മദ് ബഷീറിന്റെയും പി കെ അബദുറബ്ബിന്റെയും വിദ്യാഭ്യാസ യോഗ്യതയും മതവിശ്വാസവും വരെ ഇടതുപക്ഷത്തിന്റെ പരിഹാസത്തിന് വിഷയമായി. ഔദ്യോഗിക വസതിയുടെ പേര് മാറ്റിയതിന്റെ പേരിലും, ഏതോ എയിഡഡ് സ്‌കൂളില്‍ വനിതാ അധ്യാപകര്‍ ധരിച്ച ഓവര്‍ കോട്ടിന്റെ നിറം പച്ചയായതിന്റെ പേരിലും, അന്തര്‍ദേശീയ നിലവാരത്തിലുള്ള റൈറ്റിങ് ബോര്‍ഡിന്റെ നിറം പച്ചയായതിന്റെ പേരിലും, എസ് എസ് എല്‍ സി വിജയ ശതമാനം വര്‍ധിച്ചതിന്റെ പേരിലും അബ്ദുറബ്ബിനെ കമ്യൂണിസ്റ്റുകാരും സംഘ്പരിവാറും വളഞ്ഞിട്ടാക്രമിച്ചു. സര്‍ക്കാര്‍ പരിപാടിയില്‍ നിലവിളക്ക് കത്തിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അബ്ദുറബ്ബിന്റെ വീട്ടിലേക്ക് നിലവിളക്കുമായി പ്രകടനം നടത്തിയിരുന്നു.
എന്നാല്‍, പ്രൊഫ. സി രവീന്ദ്രനാഥ് എന്ന വിദ്യാഭ്യാസ മന്ത്രി സര്‍ക്കാര്‍ പരിപാടിയില്‍ സസ്യാഹാരം ശീലമാക്കണമെന്ന് ആഹ്വാനിച്ചപ്പോള്‍, ആരും മന്ത്രി മന്ദിരത്തിലേക്ക് ബീഫ് വരട്ടിയതുമായി പ്രകടനം നടത്തിയില്ല. എസ് എസ് എല്‍ സി വിജയ ശതമാനം ആകാശം മുട്ടെ ഉയര്‍ന്നപ്പോള്‍, സ്‌കൂള്‍ പറമ്പില്‍ പശുവിനെ കെട്ടാന്‍ വന്ന ഗോപാലന്‍ ചേട്ടന്‍ എസ് എസ് എല്‍ സി പാസായി എന്ന് ആരും ട്രോള്‍ ഇറക്കിയില്ല. ഉത്തരക്കടലാസുകള്‍ കാണാതെ പോയതിനെപ്പറ്റി എസ് എഫ് ഐയും ഡി വൈ എഫ് ഐയും അറിഞ്ഞതുപോലുമില്ല.
രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹികമായ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശയായിരുന്നു രാജ്യത്തെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെയും ഇഫ്‌ളുവിന്റെയും ഓഫ് ക്യാമ്പസുകളും അറബി സര്‍വകലാശാലയും സ്ഥാപിക്കണമെന്നത്. അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസുകള്‍ ബംഗാളിലെ മുര്‍ശിദാബാദിലും ബീഹാറിലെ കിഷന്‍ ഗഞ്ചിലും കേരളത്തില്‍ പെരിന്തല്‍മണ്ണയിലും പ്രവര്‍ത്തനം തുടങ്ങി. ഇഫ്‌ളു ക്യാമ്പസ് മലപ്പുറത്തെ പാണക്കാട്ട് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും, ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷമായി. അലിഗര്‍ ക്യാമ്പസും ഇഫ്‌ളു കാമ്പസും മലപ്പുറത്തു വരുന്നതില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നേരത്തേ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. കേരളത്തിന് അനുവദിച്ച ഐ ഐ ടി പാലക്കാട്ടും കേന്ദ്ര സര്‍വകലാശാല കാസര്‍കോട്ടും ഐസര്‍ തിരുവനന്തപുരത്തും ഐ ഐ എം സി കോട്ടയത്തും വന്നപ്പോള്‍ ആര്‍ക്കും പരാതികള്‍ ഉണ്ടായില്ല. കാരണം അതൊന്നും മലപ്പുറത്തായിരുന്നില്ല.
കേരളത്തില്‍ സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ പ്രായോഗികത പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റിയും അറബി സര്‍വകലാശാല എന്ന നിര്‍ദേശം അംഗീകരിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച ഡോ. പി അന്‍വര്‍ ചെയര്‍മാനും, പ്രൊഫ. സി ഐ അബ്ദുറഹ്മാന്‍ കണ്‍വീനറും, ഡോ. ഇ കെ അഹ്മദ്കുട്ടി, ഡോ. എ എഫ് മാത്യു, പ്രൊഫ. അബ്ദുന്നാസര്‍ കോലോത്തുംകണ്ടി, ഡോ. സി പി അബൂബക്കര്‍, പ്രെഫ. ഷഹദ് ബിന്‍ അലി, ഡോ. ലിയാഖത്ത് അലി, ഡോ. പി രാഘവന്‍, പ്രെഫ. റഷീദ് അഹ്മദ് എന്നിവര്‍ അംഗങ്ങളുമായ വിദഗ്ധ സമിതി വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. എന്നാല്‍ വിഷയം മന്ത്രിസഭയില്‍ എത്തിയതോടെ ആദ്യം ധനവകുപ്പും പിന്നീട് എല്‍ ഡി എഫിലെയും യു ഡി എഫിലെയും യുവ എം എല്‍ എമാരും എതിര്‍പ്പുമായി വെട്ടുകിളികളെ പോലെ പറന്നിറങ്ങി.
എന്നാല്‍, മുസ്‌ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീര്‍ 1993-ല്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ ഒരു എതിര്‍പ്പുമുണ്ടായില്ല. ഐക്യരാഷ്ട്രസഭയുടെ ആറ് ഔദ്യോഗിക ഭാഷകളില്‍ ഒന്നായ, ലോകത്താകമാനം 422 മില്യന്‍ ആളുകള്‍ സംസാരിക്കുന്ന, കേരളത്തിന്റെ സമ്പദ് ഘടനയെ താങ്ങിനിര്‍ത്തുന്ന 19 ലക്ഷത്തോളം പ്രവാസികള്‍ തൊഴിലെടുത്ത് ജീവിക്കുന്ന ഗള്‍ഫ് നാടുകളിലെ ഭാഷയാണ് അറബി. എന്നിട്ടും കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് അത് വെറും ഓത്തുപള്ളി ഭാഷ മാത്രം.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിലെ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മൂന്ന് പേര്‍ മാത്രം. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും, പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും. കോണ്‍ഗ്രസ് സീറ്റ് നല്‍കിയത് ഷാനിമോള്‍ ഉസ്മാനു മാത്രം. എല്‍ ഡി എഫില്‍ തോല്‍വി ഉറപ്പായ മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ യഥാക്രമം വി പി സാനു, പി വി അന്‍വര്‍, പി പി സുനീര്‍ എന്നിവര്‍ക്ക് പുറമെ, കയ്യാലപ്പുറത്തെ മണ്ഡലമായ ആലപ്പുഴയില്‍ എ എം ആരിഫിനും സീറ്റ് നല്‍കി. മുസ്‌ലിംകള്‍ക്ക് സീറ്റു നല്‍കുന്ന കാര്യത്തിലെ മതേതര മുന്നണികള്‍ക്ക് ഈ ചതുര്‍ഥിയുള്ളൂ. പ്രത്യേകിച്ചും പൊതു സ്വതന്ത്രനെ തേടുമ്പോള്‍. ഫാദര്‍ വടക്കനും, കെ എസ് മനോജും, പി സി തോമസും, അല്‍ഫോന്‍സ് കണ്ണന്താനവും, മാണി വിതയത്തിലും, ക്രിസ്റ്റി ഫെര്‍ണാണ്ടസും, വീണാ ജോര്‍ജും സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആയതുപോലെ, മുള്ളൂര്‍ക്കര സഖാഫിയോ കെ കെ ഷാഹിനയോ ഒരിക്കലും സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആവില്ല.
അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപറ്റി വാ തോരാതെ സംസാരിക്കുമെങ്കിലും, വൈക്കത്തുകാരി അഖില എന്ന ‘നരന്ത് പെണ്ണിന് അത്രക്ക് അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടെന്നാണ് ഹിന്ദുത്വ, കമ്യൂണിസ്റ്റ് മതേതരന്മാരുടെ നിലപാട്. അഖില ഇസ്‌ലാമിക വിശ്വാസം സ്വീകരിച്ച് ഹാദിയയായി മാറി. കേസ് കോടതിയിലെത്തി. ജാതി വെറിയനായ ഒരു ജഡ്ജി കോടതിയുടെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിയമവിരുദ്ധ വിധിയിലൂടെ ഹാദിയയുടെ വിശ്വാസവും വിവാഹവും റദ്ദാക്കി മാതാപിക്കളോടൊപ്പം അയക്കുന്നു. വിധിയില്‍ പറയാത്ത നിയന്ത്രണങ്ങളോടെ ഇടത് ഭരണകൂടവും സംഘ്പരിവാറും ഹാദിയയെ വീട്ടുതടങ്കലില്‍ ആക്കുന്നു. സംസ്ഥാന മനുഷ്യാവകാശ, വനിതാ, യുവജന ക്ഷേമ കമ്മീഷനുകള്‍ ആ വീട്ടിലേക്ക് പ്രവേശനമില്ലാതെ നോക്കുകുത്തിയായി നിന്നപ്പോള്‍, ആര്‍ എസ് എസ് പ്രചാരകര്‍ നിര്‍ബാധം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും പിന്തുണയോടെ വിളയാടി. അവസാനം വിദ്യാഭ്യാസം തുടരാനും വിശ്വാസം നിലനിര്‍ത്താനും ഭര്‍ത്താവിനോടൊപ്പം ജീവിക്കാനും ഹാദിയക്ക് കോടി രൂപ ചെലവഴിച്ച് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു.
കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ മുസ്‌ലിം പ്രതിനിധാനങ്ങളില്‍ ഒരുപക്ഷേ സംഘ്പരിവാറിനെക്കാള്‍ ആശങ്കാകുലരാണ് ഇടതുപക്ഷം. സി എ എ- എന്‍ ആര്‍ സി സമരങ്ങളില്‍ മുസ്‌ലിം യുവജന സംഘടനകളുടെ ഇടപെടലുകള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ, മലയാള സിനിമയിലെ മുസ്‌ലിം സാങ്കേതിക പ്രവര്‍ത്തകരുടെ കടന്നുവരവ് എന്നിവ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് ഇടതുപക്ഷം കണ്ടത്. വൈറസ്, ഹലാല്‍ ലൗ സ്‌റ്റോറി, വരാനിരിക്കുന്ന വാരിയംകുന്നന്‍ സിനിമകളെപ്പറ്റി സാമൂഹിക മാധ്യമങ്ങളിലെ ഇടത് സൈബര്‍ സഖാക്കള്‍ അഴിച്ചുവിട്ട ഹേറ്റ് ക്യാമ്പയിന്‍ ഉദാഹരണം. സമൂഹത്തിലെ മുസ്‌ലിം സ്വത്വ പ്രതിനിധാനങ്ങളെ അദൃശ്യമാക്കാന്‍ സംഘടിതമായി നടക്കുന്ന ആസൂത്രിത ശ്രമം. അതിലുപരി മുസ്‌ലിംകളുടെ തന്ത ചമയാനുള്ള ഇടതുപക്ഷ സാധ്യത അടഞ്ഞുപോകുന്നതിലെ വേവലാതി. ഈ പറഞ്ഞതെല്ലാം സമീപ വര്‍ഷങ്ങളിലെ സംഭവങ്ങളാണെങ്കിലും, ഈ സംഘടിത വേട്ടയാടലും അപരവത്കരണവും അടുത്തകാലത്തൊന്നും തുടങ്ങിയതല്ല.

സി എച്ച് മുഹമ്മദ് കോയ

1970-ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത്, കേരള നിയമസഭയില്‍ നടന്ന ഒരു ചര്‍ച്ച ശ്രദ്ധിക്കുക. വിദ്യാഭ്യാസ വകുപ്പില്‍ അറബി അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ആറന്മുളയില്‍ നിന്നുള്ള ഇടത് സ്വതന്ത്ര എം എല്‍ എ ആയിരുന്ന പി എന്‍ ചന്ദ്രസേനന്‍ നിയമസഭയില്‍ ആരോപണം ഉന്നയിക്കുന്നു: നാട്ടില്‍ ഇപ്പോള്‍ കുട നന്നാക്കാന്‍ ആളെ കിട്ടുന്നില്ല. കാരണം കുട നന്നാക്കികളെല്ലാം അറബി അധ്യാപകരായി മാറി.
സി എച്ചിന്റെ മറുപടി: ശരിയാണ്, കുട നന്നാക്കികളില്‍ അധ്യാപക യോഗ്യതയുള്ളവരെ ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തി ജോലിക്കെടുത്തിട്ടുണ്ട്, അവരുടെ അടുത്ത തലമുറ ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും ആകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
എം വി രാഘവന്‍: ആ നിയമനങ്ങള്‍ കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.
സി എച്ച്: അതില്‍ വലിയ കാര്യമില്ല. കല്ലായി പുഴക്ക് തീ പിടിച്ചുവെന്ന് പറഞ്ഞ് ആരെങ്കിലും കോടതിയില്‍ പോയാല്‍, അവര്‍ ഉടനെ സ്‌റ്റേ ഉത്തരവ് കൊടുക്കും. പിന്നീട് വിശദമായ വാദം നടക്കുമ്പോള്‍ മാത്രമേ പുഴക്ക് തീപിടിക്കില്ല എന്ന കാര്യം പരിഗണിക്കൂ.
കെ ആര്‍ ഗൗരിയമ്മ: നിങ്ങള്‍ മുസ്‌ലിംകളെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകിക്കയറ്റുകയാണ്.
സി എച്ച്: തിരുകിക്കയറ്റാന്‍ മുസ്‌ലിംകള്‍ എന്താ മണ്ണെണ്ണ വിളക്കിന്റെ തിരിയാണോ? സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിംകളുടെ ബാക്ക്‌ലോഗ് നികത്താന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിച്ചിട്ടുണ്ട്.
എം വി രാഘവന്‍: നിങ്ങള്‍ വര്‍ഗീയ വാദിയാണ്.
സി എച്ച്: ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോയ ഒരു സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്നതാണ് എന്റെ പാര്‍ട്ടി എന്നെ ഏല്‍പിച്ച ദൗത്യം. അത് മറ്റ് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാതെയും, അവരുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കാതെയും നിര്‍വഹിക്കും. അതിന്റെ പേരില്‍ ഞാന്‍ വര്‍ഗീയ വാദിയാവുകയാണെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ.
എതിരാളികളുടെ വിമര്‍ശനങ്ങളെ ഈ രീതിയില്‍ നേരിടാന്‍ കഴിയുന്ന നേതാക്കള്‍ക്കേ മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം നല്‍കാനാവൂ. നിലവിലെ സാഹചര്യത്തില്‍ ഒരാരോപണം ഉയരുമ്പോള്‍, അത് ഞങ്ങളല്ല, ഞങ്ങള്‍ അങ്ങനെയല്ല അത്, അവരാണ് എന്ന് പറഞ്ഞ് പരസ്പരം പാരപണിയുന്ന മത, രാഷ്ട്രീയ നേതൃത്വത്തിന് അണികള്‍ക്ക് ആത്മവിശ്വസം നല്‍കാനാവില്ല. ആര്‍ജ്ജവമുള്ള രാഷ്ട്രീയ നേതൃത്വം ഉയര്‍ന്നുവന്നാലേ അസ്തിത്വം നിലനിര്‍ത്താനാവൂ.
കടപ്പാട്: ഉത്തരകാലം

Back to Top