ഉയിഗൂറുകള്‍ക്കെതിരെ ചൈന നടത്തുന്നത് വംശഹത്യ

ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്നത് വംശഹത്യയാണെന്ന് യു എസ് ഗവേഷക സംഘത്തിന്റെ റിപ്പോര്‍ട്ട്. ഷിന്‍ജിയാങ്ങിലെ ഉയിഗൂറുകള്‍ക്കെതിരെ നടത്തിയ വംശഹത്യക്ക് വ്യക്തമായ തെളിവുണ്ട്. വംശഹത്യക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ കണ്‍വന്‍ഷന്‍ നിരോധിച്ച ഓരോ ആക്റ്റിന്റെയും വ്യക്തമായ ലംഘനമാണ് ചൈന നടത്തിയതെന്നും അമേരിക്കയുടെ ന്യൂലൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരതക്കെതിരായ ജനങ്ങളുടെ യുദ്ധം എന്ന പേരില്‍ 2014-ല്‍ ഷിന്‍ജിയാങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് നടത്തിയത് ഉയിഗൂറുകളെ പൂര്‍ണമായും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ്. തുടര്‍ന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ ഈ ക്യാംപയിന്‍ ഏറ്റുപിടിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ഉയിഗൂറുകള്‍ക്കെതിരെ കൂട്ട തടങ്കല്‍, ഉയിഗൂര്‍ നേതാക്കളുടെ കൊലപാതകം, നിര്‍ബന്ധിത വന്ധ്യംകരണം, കുട്ടികളെ കുടുംബങ്ങളില്‍ നിന്ന് വേര്‍പെടുത്തുക, പള്ളികളും പുണ്യസ്ഥലങ്ങളും തകര്‍ത്തുകളയുക, തുര്‍ക്കിക് മുസ്‌ലിം സംഘത്തിന്റെ സ്വത്വം നശിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
