23 Monday
December 2024
2024 December 23
1446 Joumada II 21

ഇസ്‌റാഅ്, മിഅ്‌റാജ് അമാനുഷിക യാത്രകള്‍

പി മുസ്തഫ നിലമ്പൂര്‍

ഹിജ്‌റക്ക് മുമ്പ് അല്ലാഹു നബിക്ക് സാധിപ്പിച്ചു കൊടുത്ത മഹത്തായ അനുഗ്രഹവും അവന്റെ ദൃഷ്ടാന്തവുമാണ് ഇസ്‌റാഅ് മിഅ്‌റാജ്. ഒരു രാത്രിയുടെ ഏതാനും നിമിഷത്തില്‍ നബി(സ)യെ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ഈലായിലെ ബൈത്തുല്‍ മുഖദ്ദസിലേക്ക് രാപ്രയാണം ചെയ്തതാണ് ഇസ്‌റാഅ്. അവിടെ നിന്ന് ആകാശാരോഹണം നടത്തിയതാണ് മിഅ്‌റാജ്.
നബിയുടെ നെഞ്ചുകീറി ഹൃദയം പുറത്തെടുത്ത് സംസം വെള്ളത്തില്‍ കഴുകി വിജ്ഞാനവും ഈമാനും നിറച്ചു നബിക്ക് സഞ്ചരിക്കാനായി കഴുതയേക്കാള്‍ വലുതും കോവര്‍ കഴുതയേക്കാള്‍ ചെറുതുമായ ബുറാഖ് എന്ന വിശേഷതകള്‍ നിറഞ്ഞ വാഹനത്തെ കൊണ്ടുവന്നു. തുടര്‍ന്ന് ബൈത്തുല്‍ മുഖദ്ദസിലേക്ക് യാത്രയായി. ബൈത്തുല്‍ മുഖദ്ദസില്‍ എത്തിയപ്പോള്‍ നബി(സ) അദ്ദേഹത്തിന്റെ വാഹനത്തെ, മുന്‍ പ്രവാചകന്‍മാര്‍ ബന്ധിച്ചിരുന്ന വൃത്തത്തിനുള്ളില്‍ ബന്ധിച്ചു. എന്നിട്ട് പള്ളിയില്‍ രണ്ട് റക്അത്ത് നമസ്‌കരിച്ചു. അവിടെ മറ്റു പല പ്രവാചകന്മാരും അദ്ദേഹത്തെ തുടര്‍ന്ന് നമസ്‌കരിക്കാന്‍ ഉണ്ടായിരുന്നു. അവിടെവെച്ച് നബി(സ)ക്ക് ജിബ്‌രീല്‍(അ) ഒരു പാത്രം വീഞ്ഞും ഒരു പാത്രം പാലും നല്‍കി. നബി പാല്‍ സ്വീകരിച്ചു. അപ്പോള്‍ താങ്കള്‍ പ്രകൃതിക്കിണങ്ങുന്നതാണ് തെരഞ്ഞെടുത്തതെന്ന് ജിബ്‌രീല്‍(അ) പറഞ്ഞു. ശേഷം നബിയെയും കൂട്ടി ആകാശ ലോകത്തിലേക്കുള്ള ആകാശാരോഹണം ഉണ്ടായി.
ഓരോ ആകാശത്തെയും കാവല്‍ക്കാര്‍ ആരാണ് വന്നത് എന്ന് അന്വേഷിക്കുകയും ജിബ്‌രീല്‍(അ) പരിചയപ്പെടുത്തുകയും ആകാശകവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്നു. ഒന്നാം ആകാശത്തില്‍ ആദം(അ), രണ്ടാം ആകാശത്തില്‍ ഈസ(അ), യഹ്‌യ(അ) എന്നിവരെയും മൂന്നാം ആകാശത്തില്‍ യൂസഫ്(അ), നാലില്‍ ഇദ്‌രീസ് (അ) അഞ്ചില്‍ ഹാറൂന്‍(അ), ആറില്‍ മൂസ(അ), ഏഴില്‍ ഇബ്‌റാഹിം(അ) എന്നിവരെ കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
ഏഴാം ആകാശത്തില്‍ സിദ്‌റത്തുല്‍ മുന്‍തഹാ എന്ന മഹത്തായ വൃക്ഷവും എഴുപതിനായിരം മലക്കുകള്‍ ദിനേന സുജൂദ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂര്‍ എന്ന വിശുദ്ധ ഗേഹവും സ്വര്‍ഗ നരക ദൃശ്യങ്ങളില്‍ ചിലതും മറ്റു പല ദൃഷ്ടാന്തങ്ങളെയും നബി(സ) നേരില്‍ ദര്‍ശിച്ചു. നമസ്‌കാരം നിര്‍ബന്ധമാക്കി, ശിര്‍ക്ക് ചെയ്യാത്തവര്‍ക്ക് പാപങ്ങള്‍ പൊറുത്തു കൊടുക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടു. നന്മ തിന്മകളുടെ തോത് നിശ്ചയിച്ചു. നരക-സ്വര്‍ഗ കാഴ്ചകള്‍ അദ്ദേഹം കാണുകയുണ്ടായി. അനേകം ദൃഷ്ടാന്തങ്ങള്‍ അദ്ദേഹം ദര്‍ശിക്കുകയും അതിലൂടെ മഹത്തായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു.
പശ്ചാത്തലവും സന്ദേശവും
നബിക്ക് എല്ലാവിധ സഹായവും സംരക്ഷണവും താങ്ങും തണലുമായിരുന്ന ഖദീജ(റ)യും അബൂത്വാലിബും മരണമടഞ്ഞ ദുഖ:വര്‍ഷം. ശേഷം പീഡനങ്ങള്‍ സഹിക്കവയ്യാതെ ത്വാഇഫിലേക്ക് ഹിജ്‌റ പോയപ്പോള്‍ അവരില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളും തിരസ്‌കരണവും നിമിത്തം വിഷമിച്ചിരിക്കുന്ന ഘട്ടത്തില്‍, പൂര്‍വിക പ്രവാചകന്മാരുടെ ചരിത്രം ഓര്‍മിപ്പിച്ചും സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ചും ഓര്‍മ്മപ്പെടുത്തി, തനിക്കും തന്റെ സമൂഹത്തിനും ലഭ്യമാകാനിരിക്കുന്ന നന്മകളെ സംബന്ധിച്ചു ഓര്‍മിപ്പിച്ചും കൊണ്ടുള്ള ഈ മഹത്തായ ദൃഷ്ടാന്തത്തില്‍ ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഉണ്ട്. മറ്റു പ്രവാചകന്മാര്‍ക്ക് ദൃഷ്ടാന്തമായി നല്‍കിയതുപോലെ പൂര്‍ണമായും അല്ലാഹുവിന്റെ നിയന്ത്രണത്തിലുള്ള ദൃഷ്ടാന്തങ്ങള്‍ നബിക്കു കാട്ടി കൊടുക്കുകയാണ് ഇതിലൂടെ സംഭവിച്ചത്.
തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ. (വി.ഖു 17:1)
തന്റെ ദാസനെ രാപ്രയാണം ചെയ്യിപ്പിച്ച യജമാനനായ രക്ഷിതാവിനെ വിശുദ്ധപ്പെടുത്തിക്കൊണ്ടുള്ള വചനം തന്നെ ഇത് അല്ലാഹുവിന്റെ മാത്രം കഴിവില്‍പ്പെട്ടതും പ്രവാചകന് നല്‍കിയ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുമാണെന്നും വ്യക്തമാണ്. ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) പറയുന്നു: നബി തിരുമേനിയുടെ നെഞ്ചു കീറി ഹൃദയം പുറത്തെടുത്ത സംഭവം മുതല്‍ ഈ വിഷയത്തില്‍ സംഭവിച്ച മുഴുവന്‍ കാര്യങ്ങളും സാധാരണ സംഭവങ്ങള്‍ക്കു വിരുദ്ധമാകുന്നു. എന്നാല്‍ അത് സമ്മതിക്കല്‍ നിര്‍ബന്ധമാകുന്നു. അതിന്റെ യഥാര്‍ഥ അവസ്ഥയില്‍ മാറ്റംവരുത്താവതുമല്ല. എല്ലാ സംഭവങ്ങളും അല്ലാഹുവിന്റെ കഴിവിന് അധീനമാണ്. (ഫത്ഹുല്‍ബാരി)
രാപ്രയാണവും ആകാശാരോഹണവും നബിയുടെ മുഅ്ജിസത്തില്‍ പെട്ടതാണ് എന്ന് വ്യക്തം. പ്രവാചകന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ദൃഷ്ടാന്തങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധ്യമല്ല. അല്ലാഹുവിന്റെ നിര്‍ദേശാനുസരണം അവന്റെ അനുമതിയോടെ മാത്രമേ അതിനു സാധ്യമാകൂ. ഏറെ പ്രയാസകരമായ യാത്രയായിട്ടും ഹിജ്‌റ ഒരാഴ്ചയോളം സമയമെടുത്തിട്ടാണ് പൂര്‍ത്തിയായത്. നബിയുടെ ഇഷ്ടപ്രകാരം ദൃഷ്ടാന്തങ്ങള്‍ കാണിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍, വളരെ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും നടത്തിയ ഹിജ്‌റ പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കാമായിരുന്നു. ഖുറൈശികള്‍ വിവിധ ദൃഷ്ടാന്തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ നബി നല്‍കിയ മറുപടി ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത് വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ? (വി.ഖു 17:90-93)
അടിമ തന്റെ രക്ഷിതാവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നതും സന്തോഷകരമായതുമായ അഭിവാദനമാണ് ദാസന്‍ എന്നത്. വളരെ നിര്‍ണായകമായ പല സന്ദര്‍ഭങ്ങളിലും നബിയെ അല്ലാഹു തന്റെ ദാസന്‍ എന്നാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. രാപ്രയാണത്തെയും ആകാശാരോഹണത്തെ സംബന്ധിച്ചും (വി.ഖു 17:1, 53:10) ഇപ്രകാരം വിശേഷിപ്പിച്ചു. വേറെയും പല സന്ദര്‍ഭങ്ങളിലും ഇപ്രകാരം വിശേഷിപ്പിച്ചിട്ടുണ്ട്. (വി.ഖു 18:1, 96:10, 25:1, 57:9)
മുന്‍ പ്രവാചകന്മാരെയും അല്ലാഹു ഇതേ അഭിസംബോധന നടത്തിയിട്ടുണ്ട്. അടിമയെ യജമാനന്‍ ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുക എന്നത് വലിയ അനുഗ്രഹമാണ്. അത് സ്രഷ്ടാവും സംരക്ഷകനും പരിപാലകനുമായ അല്ലാഹുവിന്റെ ഖുദ്‌റതുകള്‍ ഉള്‍ക്കൊള്ളാനും വിശ്വാസികളുടെ വിശ്വാസം സുദൃഢമാകാനും ദുര്‍ബല വിശ്വാസികളുടെ കപടത ബോധ്യപ്പെടാനും ഇത് നിമിത്തമാകും. അല്ലാഹുവും അവന്റെ ദാസരും തമ്മിലുള്ള അഭേദ്യമായ ബന്ധം സ്ഥാപിതമാകുന്ന സന്ദര്‍ഭമാണ് രാത്രി സന്ദര്‍ഭങ്ങള്‍. ഖുര്‍ആന്‍ അവതരിച്ചതും ആകാശാരോഹണം ഉണ്ടായതും രാത്രിയില്‍ തന്നെ.
ഭൂലോകത്ത് അല്ലാഹുവിനെ മാത്രം ആരാധിക്കാനായി സ്ഥാപിതമായ വിശുദ്ധ ഗേഹം, മസ്ജിദുല്‍ ഹറാമില്‍ നിന്ന് അനേക പ്രവാചകന്മാര്‍ യാത്ര പോയ ചരിത്ര പാഠങ്ങള്‍ ഏറെയുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് നബിയെ കൊണ്ടുപോകുന്നതിലൂടെ, പൂര്‍വിക സമൂഹങ്ങളുമായി പ്രവാചകന്റെ ഉമ്മത്തിന് ബന്ധം സ്ഥാപിതമാവുകയായിരുന്നു. തോട്ടങ്ങളും തോപ്പുകളും കൊണ്ട് അനുഗൃഹീതമായ ബൈത്തുല്‍ മുഖദ്ദസില്‍ മറ്റു പ്രവാചകന്മാര്‍ക്ക് ഇമാമായി രണ്ട് റകഅത്ത് നമസ്‌കരിച്ചു.
തുടര്‍ന്നുള്ള ആകാശാരോഹണത്തില്‍ വിവിധ പ്രവാചകന്‍മാരെ അഭിവാദനം ചെയ്തതിലൂടെ താന്‍ അഭിമുഖീകരിക്കാനിരിക്കുന്ന പല സാഹചര്യങ്ങളെയും നബിയെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു. തന്റെ സന്താനങ്ങളില്‍ നിന്ന് വഴിപിഴച്ചു പോകുന്നവരെ സംബന്ധിച്ച് ദുഃഖിക്കുകയും സുകൃതവാന്‍മാരെ നോക്കി സന്തോഷിക്കുകയും ചെയ്യുന്ന മനുഷ്യ പിതാവായ ആദം നബിയുടെ സാഹചര്യം പോലെ നബിയുടെ ജനതയിലും ഉമ്മത്തിലും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ടാകുമെന്ന് ബോധ്യപ്പെടുത്തുന്നു.
ഈസാ, യഹ്‌യ പ്രവാചകന്മാരെ സമൂഹം ഉപദ്രവിച്ചത് പോലെ സ്വ ജനതയില്‍ നിന്ന് ഉപദ്രവമേല്‍ക്കേണ്ടിവരുന്ന തന്റെ സാഹചര്യം മുമ്പുള്ളവരും അനുഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുകയായിരുന്നു നബി(സ). സ്വന്തം സഹോദരങ്ങളാല്‍ അകറ്റപ്പെട്ട യൂസുഫിനെ(അ) പോലെ സ്വ കുടുംബത്തില്‍ നിന്നും അകലേണ്ടിവന്നാലും അദ്ദേഹത്തിന് ലഭിച്ചതുപോലെ ദൈവിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്.
മൂസാ, ഹാറൂന്‍ എന്നിവര്‍ പ്രബോധനം ചെയ്തിട്ടും അവരുടെ ജനത നന്ദികേട് കാട്ടിയതുപോലെ അനിഷ്ട സംഭവങ്ങള്‍ അനുഭവിക്കേണ്ടി വരുമ്പോള്‍ സഹനം പാലിക്കാനുള്ള സന്ദേശം നല്‍കുകയായിരുന്നു നാഥന്‍. താന്‍ നിയോഗിക്കപ്പെടാന്‍ പ്രാര്‍ഥിച്ച ആദര്‍ശ പിതാവ് ഇബ്‌റാഹിം (അ) ജീവിതത്തില്‍ ബഹുമുഖ ത്യാഗങ്ങള്‍ അനുഭവിച്ചതിന് സമാനമായ സാഹചര്യങ്ങളിലൂടെ തന്റെ ജീവിതവും കഴിയേണ്ടി വരുമെന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു അദ്ദേഹത്തെ. എല്ലാറ്റിലുമുപരി മുഴുവന്‍ സൃഷ്ടികളില്‍ ഏറെ ആദരണീയനായ പ്രവാചകന്റെ മഹത്വവും പില്‍ക്കാലത്ത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഉമ്മത്തിനും ലഭിക്കുന്ന അനുഗ്രഹങ്ങളും ശ്രേഷ്ഠതയും അറിയിച്ചു കൊടുത്തു. ഈ മഹത്വത്തിന്റെ ലഭ്യതക്കായി അല്ലാഹുവിനെ മനസ്സിലാക്കേണ്ടത് പ്രകാരം മനസ്സിലാക്കി ആരാധനകളിലൂടെ അവനിലേക്കടുക്കുകയാണ് വേണ്ടത്.
ആരാധനകളില്‍ സുപ്രധാനമായ നമസ്‌കാരം ആകാശാരോഹണ യാത്രയിലാണ് നിര്‍ബന്ധമാക്കിയത്. നമസ്‌കാരത്തിന്റെ പ്രാധാന്യം ഇതില്‍ നിന്ന് വ്യക്തമാകുന്നു. ആര് കൈവിട്ടാലും അല്ലാഹുവിന്റെ പ്രീതിക്കായി ജീവിച്ചവരെ അല്ലാഹു സംരക്ഷിക്കുമെന്ന സന്ദേശവും നമുക്ക് ലഭിക്കുന്നു. ഭൂമിയില്‍ തന്റെ രിസാലത്തിന്റെ വ്യാപനവും പരലോകത്ത് ലഭ്യമാകുന്ന മഹത്വങ്ങളും കണ്‍കുളിര്‍ക്കെ കണ്ട് രക്ഷിതാവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുകയും ചെയ്തു.

Back to Top