5 Friday
December 2025
2025 December 5
1447 Joumada II 14

ന്യൂസിലാന്റില്‍ സുനാമി ഭീഷണി;


തുടര്‍ച്ചയായുണ്ടായ ഭൂമി കുലുക്കങ്ങളെ തുടര്‍ന്ന് ന്യൂസിലാന്റില്‍ സുനാമി ഭീഷണി. വടക്കന്‍ ദ്വീപിലെ കിഴക്കന്‍ തീരത്തുള്ളവരോടെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നാഷനല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ആഹ്വാനം ചെയ്തിട്ടുണ്ട്. തീരപ്രദേശങ്ങളിലുള്ളവരെയെല്ലാം ഒഴിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള ആഹ്വാനം നല്‍കിയ ശേഷം ന്യൂമിയയില്‍ മുന്നറിയിപ്പ് സൈറണ്‍ തുടര്‍ച്ചയായി മുഴക്കുന്നുണ്ട്. പത്തടിയോളം ഉയരത്തില്‍ തിരമാലകള്‍ ഉയരുന്നുണ്ട്. വടക്കന്‍ ദ്വീപിലെ വടക്ക് കിഴക്കന്‍ ഭാഗത്തുണ്ടായ ഭൂമി കുലുക്കങ്ങളാണ് കടലില്‍ അസ്വാഭാവിക തിരമാലകള്‍ക്ക് കാരണം. റിക്ടര്‍ സ്‌കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂമി കുലുക്കമാണ് അവസാനമായുണ്ടായത്. 7.2, 7.4 എന്നിങ്ങനെ രേഖപ്പെടുത്തിയ രണ്ട് കുലുക്കങ്ങള്‍ക്ക് ശേഷമാണ് 8.0 രേഖപ്പെടുത്തിയ കുലുക്കമുണ്ടായത്. തുടര്‍ച്ചയായുണ്ടായ കുലുക്കങ്ങളില്‍ ഓരോന്നിനും ശക്തി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശങ്ക ശക്തമാണ്.
ഭൂമി കുലുക്കത്തെ തുടര്‍ന്നുള്ള പ്രകമ്പനം 1000 കിലോമീറ്ററോളം ചുറ്റളവിലുണ്ടായിട്ടുണ്ട്. തീരത്തു നിന്ന് വാങ്ഗറേ വരെയും ഗ്രേറ്റ് ബാരിയര്‍ ദ്വീപ്, വാക്കത്താനെ, ഒപോടികി അടക്കം മറ്റാറ്റ മുതല്‍ ടോളഗ വരെയും സുനാമി ഭീഷണിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ന്യൂസിലാന്റിലെ മറ്റു ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് ഇല്ല. മുന്നറിയിപ്പ് നല്‍കിയ ഭാഗത്തുള്ളവരോട് എത്രയും പെട്ടൊന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഭീഷണി നിലനില്‍ക്കുന്ന മേഖലയില്‍ വീടുകളില്‍ കഴിയരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുട്ടികളെ സ്‌കൂളില്‍ വിടരുതെന്നും ഗതാഗത കുരുക്കുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.

Back to Top