കോവിഡ് സാമ്പത്തിക സഹായ ബില്‍ യു എസ് സെനറ്റില്‍ പാസായി

പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച 1.9 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് യു എസ് സെനറ്റില്‍ പാസായി. 50 പേര്‍ ബില്ലിന് അനുകൂലമായും 49 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. കോവിഡ് സഹായ ബില്‍ പാസാക്കിയതിന് സെനറ്റിന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നന്ദി അറിയിച്ചു. ജനങ്ങള്‍ ഇതിനോടകം ഏറെ ദുരിതം അനുഭവിച്ചു കഴിഞ്ഞെന്നും അവര്‍ക്കുള്ള സഹായം ഇനി അകലെയല്ലെന്നും ബൈഡന്‍ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ബൈഡന്റെ കോവിഡ് സാമ്പത്തിക സഹായ പാക്കേജ്. അര്‍ഹരായവര്‍ക്ക് ഒറ്റത്തവണയായി 1,400 ഡോളര്‍ ലഭിക്കും. 75000 ഡോളര്‍ വരെ വരുമാനമുള്ളവര്‍ക്ക് ഇത് ലഭിക്കും. എന്നാല്‍, തൊഴിലില്ലായ്മ വേതനം ലഭിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 400 ഡോളറിന് പകരം 300 ഡോളര്‍ മാത്രമേ ഇനി ലഭിക്കൂ. പ്രതിസന്ധി ഘട്ടത്തില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട 9.5 ദശലക്ഷം ആളുകള്‍ക്കാണ് തൊഴിലില്ലായ്മ ആനുകൂല്യത്തില്‍ ആഴ്ചയില്‍ ഈ 300 ഡോളര്‍ ലഭിക്കുക. കോവിഡ് മഹാമാരി സാമ്പത്തിക സ്ഥിതി താളംതെറ്റിച്ച സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ക്ക് 350 ബില്യണ്‍ ഡോളറിന്റെ സഹായമാണ് നല്‍കുന്നത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് കൂടാതെ കോവിഡ് വാക്‌സിനേഷനും പരിശോധനയും വ്യാപിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പാക്കേജില്‍ തുക വകയിരുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് കുതിച്ചുയര്‍ന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബൈഡന്‍ ഭരണകൂടത്തിന് പദ്ധതിയുണ്ട്.
