9 Friday
January 2026
2026 January 9
1447 Rajab 20

ഒരു തുള്ളി കളയരുതേ

സി കെ റജീഷ്‌

ഇറാനിലെ പ്രശസ്ത ഡോക്ടറായിരുന്നു ബാറ്റ്മാന്‍ ഗേലിഡ്ജ്. ലണ്ടനിലായിരുന്നു വൈദ്യശാസ്ത്ര പഠനം. ശേഷം സെന്റ് മേരീസ് ഹോസ്പിറ്റലില്‍ ഡോക്ടറായി സേവനം. പിന്നീട് ജന്മനാടായ ഇറാനിലെത്തി. അവിടെ ഒരു ആശുപത്രി പണിതു. ആ സമയത്ത് ഇറാന്‍ വിപ്ലവത്തെ തുടര്‍ന്ന് നാട് കലാപകലുഷിതമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടാത്ത പുതിയ ഭരണകൂടം ഡോക്ടര്‍മാര്‍ക്കെതിരെ കുറ്റാരോപണം നടത്തി ജയിലിലടച്ചു. ഒരു രാത്രിയില്‍ അവിടെയുള്ള തടവുകാരന് ഉദരരോഗം കലശലായി. അയാളുടെ കുടലിന് വ്രണമാണെന്ന് ഡോക്ടര്‍ മനസ്സിലാക്കി. ഒരു മരുന്നും കൊടുക്കാനുണ്ടായിരുന്നില്ല. ഡോക്ടര്‍ അയാളോട് ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ പറഞ്ഞു. ഇരുപത് മിനുട്ട് ഇടവിട്ട് വെള്ളം കുടിച്ചപ്പോള്‍ വേദന ശമിച്ചു. ഡോക്ടര്‍ ജലപാന ചികിത്സ തുടര്‍ന്നു. വേദന അനുഭവിക്കുന്ന നിരവധി രോഗികള്‍ക്ക് ആശ്വാസമായി. ഡോക്ടറുടെ സേവനം കണക്കിലെടുത്ത് അദ്ദേഹത്തെ ജയില്‍ മോചിതനാക്കി. ‘യുവര്‍ ബോഡീസ് മെനിക്രെസസ് ഫോര്‍ വാട്ടര്‍’ എന്ന ശ്രദ്ധേയമായ പുസ്തകത്തിലൂടെ ഡോ. ബാറ്റ്മാന്‍ ഗേലിഡ്ജ് ജലപാന ചികിത്സയെപ്പറ്റി വിശദീകരിക്കുന്നുണ്ട്.
ജലം ജീവന്റെ ആധാരമാണ്. ഈ ഭൂമിയിലിറങ്ങിയ ദൈവത്തിന്റെ വലിയ അനുഗ്രഹമാണത്. വെള്ളം അവസാനിക്കുന്നിടത്ത് ജീവന്‍ ഇല്ലാതാവുന്നു. അതിലെ ഓരോ തുള്ളിയിലും അനവധി അത്ഭുതങ്ങളാണ് സ്രഷ്ടാവ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. നമ്മുടെ കണ്ടുപിടുത്തങ്ങളൊക്കെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളാണ്, ജീവിതത്തെ ആയാസരഹിതമാക്കാനുള്ള ബദലുകളാണ്. എന്നാല്‍ വെള്ളത്തിന് പകരം വെക്കാവുന്നത് നമ്മുടെ കണ്ടുപിടിത്തത്തിന്റെ പട്ടികയിലിടം പിടിച്ചിട്ടില്ല. അതുകൊണ്ട് ഒരു തുള്ളിയും പാഴാക്കിക്കൂടാ. ‘ഒരു തുള്ളിയല്ലേ’ എന്ന് നിസ്സാരവല്ക്കരിക്കുന്നവര്‍ വെള്ളത്തിന്റെ വിലയറിയാത്തവരാണ്. ഒരു മിനുറ്റില്‍ അഞ്ച് തുള്ളി വെള്ളം കളഞ്ഞാല്‍ ഒരു ദിവസം പാഴായിപ്പോകുന്നത് രണ്ടു ലിറ്റര്‍ വെള്ളമാണെന്ന് നാമോര്‍ക്കുക.
ജലം ജീവാമൃതമാണ്. ശരീരത്തില്‍ എവിടെ രക്തമുണ്ടോ അവിടെ മാത്രമേ ജീവന്‍ കാണൂ. ഭൂമിയുടെ ശരീരത്തിന് പോറലേല്‍ക്കാതെ കാത്തുവെക്കുന്നത് ജലസ്രോതസ്സുകളാണ്. കുളങ്ങള്‍, തടാകങ്ങള്‍, അരുവികള്‍, കിണറുകള്‍, മറ്റു ജലാശയങ്ങള്‍ ഇവയെല്ലാം ജീവന്റെ തുടിപ്പുകളുള്ള ഉറവിടങ്ങളാണ്. നാം കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ജീവന് നേരെയായിരിക്കും ഭീഷണിയുയരുന്നത്. ജലം കിട്ടാക്കനിയാണെന്ന തിരിച്ചറിവ് എപ്പോഴുമുണ്ടാവേണ്ടതാണ്. വറുതിയെ വരുതിയിലാക്കാന്‍ വേണ്ടി മാത്രമായിരിക്കരുത് ജലോപയോഗത്തിലുള്ള നമ്മുടെ അച്ചടക്കം. പ്രളയവും വരള്‍ച്ചയും മാറി മറിയുന്തോറും ജലം ജീവനാണെന്ന കാര്യം നാം നെഞ്ചോട് ചേര്‍ത്തുവെക്കണം. ഇനിയും വികസനക്കോടാലി കൊണ്ട് ആവാസ വ്യവസ്ഥക്ക് പ്രഹരമേല്‍പ്പിക്കാതിരിക്കാനുള്ള കരുതലുണ്ടാവട്ടെയെന്ന മുന്നറിയിപ്പാണ് ഓരോ പ്രകൃതി ദുരന്തങ്ങളും.
വെള്ളത്തിന് അത്ഭുതശക്തിയുണ്ട്. സമ്മര്‍ദങ്ങളെ അതിജീവിച്ച് മനസ്സിനെ സന്തുലിതമാക്കാനുള്ള കരുത്ത് അതിനുണ്ട്. കോപത്തെ നിയന്ത്രിക്കാന്‍ അംഗശുദ്ധി വരുത്തണമെന്ന് റസൂല്‍(സ) നിര്‍ദേശിച്ചത് ഇതുകൊണ്ടായിരിക്കണം. വെള്ളം ഒരു സ്വകാര്യ സ്വത്തല്ല. മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളൊക്കെ അതിന്റെ അവകാശികളാണ്. കുളിക്കാനും കഴുകാനും നനയ്ക്കാനും വെള്ളം വേണം. അതിലുപരി കുടിനീരിനായി കണ്ണീരൊഴുക്കുന്നവര്‍ ചുറ്റുവട്ടങ്ങളിലുണ്ടെന്ന് നാം ഓര്‍ക്കണം. മുന്‍ഗണന പാലിച്ച് മിതോപയോഗം ശീലമാക്കുന്നത് തലമുറകള്‍ക്കുള്ള കരുതിവെപ്പ് കൂടിയാണ്. നിറക്കൂട്ട് കലര്‍ത്താത്ത ‘പച്ചവെള്ള’ ത്തിന്റെ സ്വച്ഛത ശുദ്ധവായു കണക്കെ പ്രധാനമാണ്. മണ്ണും വിണ്ണും അതിലെ വിഭവങ്ങളും മലിനമുക്തമായ മനസ്സും കാത്തുവെക്കാന്‍ നമുക്ക് കഴിയട്ടെ.

Back to Top