പ്രവാചക ദൗത്യം മൗലികതയും ആവശ്യകതയും
അബ്ദുല്‍അലി മദനി
കോടിക്കണക്കില്‍ സൃഷ്ടികളുള്‍ക്കൊള്ളുന്ന പ്രവിശാലമായ ഈ പ്രപഞ്ചം കേവലമൊരു യാദൃച്ഛികതയുടെ സന്തതിയായി രൂപപ്പെട്ടതല്ല. ജന്തുജാലങ്ങള്‍, സസ്യലതാദികള്‍, കായ്്കനികള്‍ നിറഞ്ഞു നില്‍ക്കുന്ന തോട്ടങ്ങള്‍, മനോഹരങ്ങളായ ദൃശ്യങ്ങള്‍, അത്ഭുതകരമായ ദൃഷ്ടാന്തങ്ങള്‍… എല്ലാം കണ്ടു മനസ്സിലാക്കാന്‍ ആവശ്യമായ ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ക്കെങ്ങനെയാണ് ഇതെല്ലാം കേവല പൊട്ടിത്തെറിയുടെ ഫലമായി രൂപം കൊണ്ടവയാണെന്ന് പറയാനാവുക?
ഈ മഹാപ്രപഞ്ചം ബുദ്ധിമാന്മാര്‍ക്ക് ചിന്തിച്ചു പഠിക്കാനുതകുംവിധം മലര്‍ക്കെ തുറന്നു വെക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാവണം കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്‍, നിലാവൊളി തൂകുന്ന ചന്ദ്രന്‍, മിന്നിത്തിളങ്ങി മറയുന്ന നക്ഷത്ര കൂട്ടങ്ങള്‍, വന്‍ സമുദ്രങ്ങള്‍, ഘോരവനങ്ങള്‍, മരുപ്പച്ചകള്‍, അരുവികള്‍, തടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, കൊടുങ്കാറ്റും ഭൂകമ്പവും അഗ്നിപര്‍വ്വതങ്ങളും ഇടിയും മിന്നലും ജനനമരണങ്ങളുമെല്ലാം എന്നും ബുദ്ധിയുള്ള മനുഷ്യരുടെ ചിന്തയില്‍ വിഷയമായിട്ടുള്ളത്. ഇവിടെ വെച്ചാണ് ശാസ്ത്രമെന്ന ഒരു വഴിത്താര രൂപപ്പെടുന്നത്. പല നിലക്കും അതിന്റെയാളുകള്‍ ഗവേഷണം നടത്തിക്കൊണ്ടേയിരിക്കുന്നു. അതീവ സങ്കീര്‍ണ്ണമായ നിഗമനങ്ങളിലൂടെ. എന്നിട്ടും ആര്‍ക്കും ഇവയിലൊന്നിലും ശക്തമായ നിയന്ത്രണമോ ആധിപത്യമോ സ്ഥാപിക്കാന്‍ സാധിക്കുന്നില്ല.
എന്നാല്‍ അല്‍പം ചില കഴിവുകള്‍ മനുഷ്യരാരെങ്കലും നേടിയിട്ടുണ്ടെന്ന് സമ്മതിച്ചാല്‍ പോലും മറുഭാഗത്ത് ദൗര്‍ബല്യങ്ങളുടെ ആഴമാണ് പ്രത്യക്ഷമാകുന്നത്. വലിയ ബുദ്ധിരാക്ഷസന്മാരെപോലും അമ്പരപ്പിക്കുംവിധം ഈ മഹാപ്രപഞ്ചത്തിന്റെ ആധിപത്യം കൈവശപ്പെടുത്തിയ അധിപന്‍ ആരാണ്? സ്വയം ഭൂവാണിതെല്ലാമെന്ന് വാദിക്കുന്ന ഭൗതിക വാദിക്ക് തൃപ്തികരമായ മറുപടി നല്‍കാനായിട്ടില്ല. മനുഷ്യന്‍ എത്ര വലിയ കഴിവുകള്‍ സ്വന്തമാക്കിയാലും അവന്റെ പിടിയിലൊതുക്കാന്‍ കഴിയാത്തവിധം ഈ പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംവിധാനിച്ച മഹാശക്തന്‍ ആരായിരിക്കും? അത്ഭുതകരമായ ഈ പ്രപഞ്ചത്തിന് രൂപ കല്പന നല്‍കിയതിന്റെ ലക്ഷ്യമെന്ത്? ആസൂത്രണ പാടവവും അധീശാധികാരവുമുള്ള പ്രപഞ്ചനാഥന്റെ താല്പര്യങ്ങളെന്തെല്ലാമായിരിക്കും?
ഒരിക്കല്‍ ലോകത്തെ മുഴുവന്‍ നടുക്കിയ മഹാദുരന്തമായിരുന്നുവല്ലോ ടൈറ്റാനിക് കപ്പല്‍ ദുരന്തം. അത്യാധുനിക സുഖസൗകര്യങ്ങളോടെ നിര്‍മ്മിക്കുകയും ദൈവംപോലും വിചാരിച്ചാല്‍ മുങ്ങാത്തത് എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുകയും ചെയ്ത പ്രസ്തുത കപ്പല്‍ അതിവിദഗ്ധരായ കപ്പിത്താന്മാരുടെ നിയന്ത്രണത്തിലാണ് കടലിലിറക്കിയത്. എന്നാല്‍ അതിന്റെ കന്നിയാത്രയില്‍ തന്നെ അതിദാരുണമാംവിധം തകര്‍ന്നു തരിപ്പണമായി. ഞങ്ങള്‍ ഇവിടെയൊന്നും ദൈവത്തെ കാണുന്നില്ലെന്ന് ഭൂമിയിലേക്ക് വിളിച്ചു പറഞ്ഞ ബഹിരാകാശ യാത്രികരുടെ അന്ത്യമെങ്ങനെയായിരുന്നു? ഗുരുതരവും ഭീതിജനകവുമായ അന്തരീക്ഷത്തില്‍നിന്ന് രക്ഷപ്പെട്ടാല്‍ ചിലര്‍ പറയും ദൈവം നമ്മെ രക്ഷപ്പെടുത്തിയെന്ന്.
എന്നാല്‍, ആരാണ് രക്ഷകന്‍? ചിലപ്പോള്‍ നമ്മുടെ സര്‍വ്വ കണക്കുകൂട്ടലുകളും തെറ്റിച്ച് ഭീമമായ ലാഭനഷ്ടങ്ങള്‍ വരുത്തിവെക്കുന്നതാരാണ്? കേവലം നിസ്സാരമായ ബീജത്തില്‍ നിന്ന് അത്യുന്നതനെന്നവകാശപ്പെടുന്ന മനുഷ്യന് അസ്തിത്വം നല്‍കിയതാരാണ്? ലോകത്തെ വിറപ്പിച്ചുകൊണ്ട് ഭരണം നടത്തിയ സ്വേച്ഛാധിപതികളായ ഭരണാധിപന്മാര്‍ക്കെന്ത് സംഭവിച്ചു? ആരാണ് സ്വയംഭൂ? ദൈവമോ പ്രപഞ്ചമോ?
ഫറോവ, നംറൂദ്, ഹിറ്റ്്‌ലര്‍, മുസ്സോളിനി, നെപ്പോളിയന്‍… എങ്ങനെയായിരുന്നു അവരുടെ അന്ത്യം? ഇതെല്ലാം ഓര്‍ത്താല്‍ ഒരു കാര്യം വ്യക്തമാകും. ഈ ലോകവും അതിലെ പ്രതിഭാസങ്ങളും അനിയന്ത്രിതമോ അലക്ഷ്യമോ ആയ യാദൃച്ഛിക സംഭവമല്ലെന്ന്. മനുഷ്യജീവിതം ഉള്‍പ്പെടെ എല്ലാം ലക്ഷ്യോന്മുഖമായിട്ടാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. എങ്കിലും യഥാര്‍ഥമായ ലക്ഷ്യത്തിലേക്ക് മാനവതയുടെ കൈപിടിച്ചാനയിക്കാന്‍ നിലവിലുള്ള ഭൗതിക കഴിവുകള്‍ കൊണ്ട് സാധിക്കുമോ? ശാസ്ത്രപുരോഗതികൊണ്ടും സാങ്കേതിക വൈദഗ്ധ്യംകൊണ്ടും ധാര്‍മികമായി മനുഷ്യനെ ഉര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമോ? അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രീയ നേട്ടങ്ങള്‍ക്കു പിന്നില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാര്‍ക്ക് മനുഷ്യ സമൂഹത്തെ സംസ്‌കരിച്ചെടുക്കാനാവുമോ? മനുഷ്യര്‍ ആര്‍ജ്ജിച്ചെടുത്ത ബൗദ്ധികമായ അറിവുകള്‍ മുഖേന അവരില്‍ കുടികൊള്ളുന്ന കളവ്, വഞ്ചന, അസൂയ, ചൂഷണം, വര്‍ഗീയ വൈരാഗ്യം, അക്രമാസക്തി, ഹീനകൃത്യങ്ങള്‍ എന്നിവ തുടച്ചു മാറ്റാന്‍ സാധിച്ചിട്ടുണ്ടോ? ഇല്ലെന്നാണിതിന്റെയെല്ലാം ഉത്തരമെങ്കില്‍ പിന്നെ ഏത് മൂല്യങ്ങള്‍ക്കാണ് മാനവതയെ സംസ്‌കരിക്കാനാവുക?
ഇവിടെയാണ് ദൈവാസ്തിത്വത്തിന്റെയും മരണാനന്തര ജീവിതചിന്തയുടെയും മതവിശ്വാസ സംഹിദതയുടെയും അനിവാര്യത ബോധ്യമാകുന്നത്. മനുഷ്യര്‍ക്കുണ്ടാകാറുള്ള ശാരീരിക രോഗങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമായതു പോലെ അവന്റെ ആത്മാവിനും സംസ്‌കരണവും പരിപോഷണവും ലഭിക്കേണ്ടതുണ്ട്. ഈ മഹല്‍ കൃത്യമാണ് പ്രവാചകന്മാരെ നിയോഗിച്ചതിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്. ചിന്താപരമായി എത്രമാത്രം വളര്‍ന്നാലും അവന്റെ സാമാന്യ ബുദ്ധിക്കതീതമായ ഒട്ടനവധി വസ്തുതകള്‍ അറിയേണ്ടതുള്ളതിനാല്‍ അത്തരം അറിവുകള്‍ അവര്‍ക്ക് എത്തിക്കാനുള്ള ദൈവനിശ്ചയമായിട്ടുള്ള വഴിയാണ് പ്രവാചക നിയോഗം.
മനുഷ്യര്‍ക്ക് അവരുടെ ജീവിതവ്യവഹാരങ്ങള്‍ ചിട്ടപ്പെടുത്താന്‍ ബുദ്ധിസാമര്‍ഥ്യം അത്യാവശ്യമായതുപോലെ അവച്യുതികളില്‍നിന്നും അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍നിന്നും ജീവിതത്തെ കാത്തുസൂക്ഷിക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ദൈവിക ബോധനം ലഭിച്ച പ്രവാചകന്മാരുടെ നേതൃത്വവും അനിവാര്യമാകുന്നു. പദാര്‍ഥങ്ങള്‍ സംയോജിപ്പിച്ചു ലാബുകളില്‍വെച്ചു നടത്തുന്ന ഗവേഷണങ്ങളും ശാസ്ത്രീയമായ അറിവുകളുടെ വളര്‍ച്ചയും മനുഷ്യനെ സ്വഭാവ ശുദ്ധിയുള്ളവനാക്കാന്‍ പര്യാപ്തമാകുന്നില്ലെന്നും ഈ കാര്യത്തില്‍ മനുഷ്യബുദ്ധിക്ക് ഏറെ പരിമിതികളുണ്ടെന്നും ലോകം കണ്ടറിഞ്ഞ സ്ഥിതിക്ക്, അതിലുപരിയായി മനുഷ്യര്‍ അന്വേഷിക്കുന്ന ജ്ഞാനവും ബോധവുമെവിടെനിന്നാണ് ലഭിക്കുക?
മേല്‍സൂചിപ്പിച്ച അറിവ് മനുഷ്യര്‍ക്ക് ലഭ്യമാകുന്ന ഏക മാര്‍ഗത്തെയാണ് രിസാലത്ത് (പ്രവാചകത്വം) അഥവാ, പ്രവാചക ദൗത്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അതാണതിന്റെ ഉത്തരം. എന്നാല്‍ അതോടൊപ്പം തന്നെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം മനുഷ്യരുടെ ഭൗതിക ജീവിത മുന്നേറ്റത്തിന് നിദാനമായ കാര്‍ഷിക പുരോഗതി, വ്യാവസായിക നേട്ടങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, നൂതനങ്ങളായ യുദ്ധോപകരണങ്ങള്‍ തുടങ്ങിയ മേഖലകളിലെ കണ്ടുപിടുത്തങ്ങള്‍ പ്രവാചക ദൗത്യത്തിന്റെ മൗലിക ഉദ്ദേശങ്ങളില്‍പ്പെട്ടവയല്ലെന്നുള്ളതാണ്. പക്ഷെ, ഇത്തരം അഭിവൃദ്ധിയിലൂടെ കുതിച്ചുകയറുന്ന മാനവതക്ക് അതിലെ നേട്ടങ്ങള്‍ ഫലപ്രദമായ രീതിയില്‍, സങ്കീര്‍ണതകളില്ലാതെ ഉപയോഗപ്പെടുത്താനുതകുന്ന ധാര്‍മിക നിര്‍ദേശങ്ങള്‍ ദിവ്യസന്ദേശങ്ങളിലൂടെയല്ലാതെ ലഭിക്കാനും വഴിയില്ല. മനുഷ്യര്‍ക്കാവശ്യമായ അത്തരം നിയമങ്ങള്‍ മനുഷ്യര്‍തന്നെ പറഞ്ഞു കൊടുത്താല്‍ മറ്റെല്ലാവരും അതുള്‍ക്കൊള്ളണമെന്നില്ല. അപ്പോള്‍ ഈ അറിവ് ഞാന്‍ എന്റെ വകയായി നിങ്ങള്‍ക്ക് നല്‍കുന്നതാണെന്ന് പറയുന്ന ഒരു പ്രവാചകന്‍ ഉണ്ടാവാന്‍ പാടില്ലാത്തതുമാണ്. അങ്ങനെയാണ് പ്രവാചകന്മാര്‍ അവരുടെ ദൗത്യം പൂര്‍ത്തീകരിച്ചിട്ടുള്ളതും.
ഒന്നുകൂടി വിശദമാക്കിയാല്‍, എങ്ങനെ കൃഷി ചെയ്യണം, ഏത് വഴികളാണ് കൂടുതല്‍ വിളവ് ലഭിക്കാന്‍ സ്വീകരിക്കേണ്ടത്, വിത്തു വിതക്കുകയും കൊയ്‌തെടുക്കുകയും ചെയ്യേണ്ടതെങ്ങനെ എന്നൊന്നും പഠിപ്പിക്കാന്‍ ഒരു പ്രവാചകന്റെ ആവശ്യം വരുന്നില്ല. അതിന്നെല്ലാം മനുഷ്യരുടെ ഗവേഷണങ്ങള്‍ മതിയാകും. എന്നാല്‍ കാര്‍ഷിക വിളകളില്‍നിന്ന് ഒരു നിശ്ചിത വിഹിതം പാവപ്പെട്ടവന് നല്‍കണം, അത് ധര്‍മമാണ്, പ്രതിഫലാര്‍ഹമാണ്, അതിന്റെ തോത് ഇത്രയാണ്, അത് കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും എന്നൊക്കെ ലാബുകളിലെ നിരീക്ഷണങ്ങള്‍കൊണ്ട് കണ്ടെത്താനാവില്ല.
അത്യാധുനികങ്ങളായ പടക്കോപ്പുകള്‍ കൂമ്പാരമായി ശേഖരിക്കുമ്പോള്‍ അവ മുഖേന നിരപരാധികളായ മനുഷ്യരെ വധിക്കരുതെന്നും നാശം വിതക്കരുതെന്നും പഠിപ്പിക്കാന്‍ അവയുടെ നിര്‍മാണ കമ്പനികള്‍ക്കാവില്ലല്ലോ. അതിനാല്‍ മനുഷ്യരോടുള്ള ദൈവിക വാഗ്ദാനത്തിന്റെ സാക്ഷാല്‍ക്കാരമെന്ന നിലക്ക് അനുഗ്രഹമായി ലഭിച്ചതാണ് പ്രവാചക നിയോഗം. അതിന്റെ സമ്പൂര്‍ണ രൂപത്തില്‍ തന്നെ അതിവിടെ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യര്‍ക്കിടയില്‍ സാധാരണ മനുഷ്യരെപോലെ തന്നെ ജീവിച്ചു വളര്‍ന്നവരെയായിരുന്നു പ്രവാചകന്മാരായി നിയോഗിച്ചിരുന്നത്. സാധാരണ മനുഷ്യരെപ്പോലെ തിന്നുകയും കുടിക്കുകയും വിസര്‍ജനം നടത്തുകയും വിവാഹം കഴിക്കുകയും തൊഴിലുകളില്‍ ഏര്‍പ്പെടുകയും ചെയ്തവരായിരുന്നു പ്രവാചകന്മാര്‍.
ചിരി, കരച്ചില്‍, രോഗം, ഭയം, ആഗ്രഹങ്ങള്‍ എന്നിവയും പ്രവാചകന്മാര്‍ക്കുണ്ടായിരുന്നു. അതിനാല്‍ പ്രവാചകന്മാരായി നിയോഗിക്കപ്പെട്ട ലക്ഷത്തില്‍പരം ദൈവ ദൂതന്മാരെല്ലാം തന്നെ മനുഷ്യരായിരുന്നുവെന്ന് അടിയുറച്ച് വിശ്വസിക്കണമെന്നാണ് ഇസ്്‌ലാം പഠിപ്പിക്കുന്നത്. അവര്‍ ദൈവിക സന്ദേശങ്ങളാണ് ഞങ്ങള്‍ അറിയിക്കുന്നതെന്ന് വ്യക്തമാക്കുന്നതൊന്നുംതന്നെ അവരുടെ സ്വന്തം അറിവുകളുടെയും ചിന്തകളുടെയും വകയല്ലെന്നും അംഗീകരിക്കേണ്ടതുണ്ട്. അഥവാ, ദൈവിക സന്ദേശങ്ങളിലൊന്നും അവരുടെ സ്വന്തം വകയായി വല്ലതും കടത്തിക്കൂട്ടാനോ ഒഴിവാക്കാനോ അവര്‍ക്ക് അധികാരമില്ലെന്ന് സാരം.
പാപമുക്തരായ മനുഷ്യരായിരുന്നു അവര്‍. പ്രവാചകന്മാര്‍ മഅ്്‌സൂമുകളാണെന്നത് അടിസ്ഥാനപരമായ വിശ്വാസങ്ങളിലൊന്നാണ്. അവരെ ചെകുത്താന്മാര്‍ക്ക് കീഴ്്‌പ്പെടുത്താനോ പിശാചുക്കള്‍ക്ക് അവരുടെ മനസ്സില്‍ കയറിപ്പറ്റി സ്ഥാനം പിടിക്കാനോ കഴിയുകയുമില്ല. (സൂറത്തുല്‍ ഹിജ്‌റിലെ 40 മുതല്‍ 43 കൂടിയുള്ള സൂക്തങ്ങള്‍ നോക്കുക.) പ്രവാചകന്മാരുടെ ജനനമരണ ദിവസങ്ങളും സ്ഥലങ്ങളും ഒരു വിശ്വാസി അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമില്ല. അതൊന്നും അല്ലാഹു അറിയിച്ചു തന്നിട്ടുമില്ല. ലോകത്ത് നിയുക്തരായ ദൈവദൂതന്മാര്‍ മൂന്ന് സുപ്രധാന കാര്യങ്ങളാണ് മൗലികമായി മനുഷ്യരെ പഠിപ്പിച്ചത്. (ഒന്ന്) പ്രപഞ്ചത്തിന്റെ സാക്ഷാല്‍ നാഥനായ ഏകദൈവത്തിന്റെ വിശേഷണങ്ങളെന്തൊക്കെയെന്നും അവനെ ആരാധിക്കേണ്ടതെങ്ങനെയെന്നും. (രണ്ട്) മനുഷ്യര്‍ അവരുടെ മരണശേഷമാണ് ശാശ്വതമായ ജീവിതം നയിക്കുന്നത്. ഈ ലോകത്ത അവര്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലമായി അവര്‍ പരലോകത്ത് രക്ഷാശിക്ഷകള്‍ ആസ്വദിച്ചുകൊണ്ടിരിക്കും. (മൂന്ന്) മോക്ഷവും മോചനവും ലഭിക്കാനുള്ള ഏക വഴി സത്യവിശ്വാസം സ്വീകരിച്ചു സുകൃതങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നതാണ്. സല്‍കര്‍മ്മങ്ങളായി പരിഗണിക്കപ്പെടുന്ന സുകൃതങ്ങള്‍ ഏതെല്ലാമെന്നും ശിക്ഷാര്‍ഹമായ ദുഷ്്കര്‍മങ്ങള്‍ ഏതെല്ലാമാണെന്നും ജനങ്ങളെ അറിയിക്കുകയെന്നതാണ് പ്രവാചകന്മാര്‍ നിര്‍വഹിച്ച മുഖ്യ ദൗത്യം. അങ്ങനെ മനുഷ്യരുടെ ബുദ്ധിക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും അതീതമായ അറിവുകള്‍ അവരുടെ രക്ഷാമാര്‍ഗമെന്ന നിലക്ക് ഉത്തരവാദിത്ത ബോധത്തോടെ അവരെ അറിയിക്കുകയെന്ന ശ്രമകരവും ത്യാഗപൂരിതവുമായ ജോലിയാണവര്‍ സഹനത്തോടെ നിര്‍വ്വഹിച്ചത്. അവര്‍ പഠിപ്പിച്ചതിന് വിരുദ്ധമായ ഒന്നും വിശ്വാസികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാടില്ല. അപ്പോള്‍ പ്രവാചകരിലും വേദഗ്രന്ഥത്തിലും വിശ്വസിക്കുകയെന്ന് പറയുന്നതിന്റെ താല്പര്യം അവര്‍ മുഖേന ലഭിക്കുന്ന അറിവുകള്‍ ദൈവിക സന്ദേശങ്ങളായിരുന്നു എന്ന് ദൃഢമായി അംഗീകരിക്കലാകുന്നു.
നിലവിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് മനുഷ്യരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ നിശ്ചയിക്കപ്പെടുന്ന ദൂതന്മാര്‍ക്ക് മാത്രമായി അല്ലാഹു അനുവദിച്ചു നല്‍കുന്നതെല്ലാം അവരില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ളവര്‍ അവര്‍ക്ക് സമ്മതിച്ചുകൊടുക്കുകയും വേണം. അല്ലാത്തപക്ഷം ആരും തന്നെ യഥാര്‍ഥ സത്യവിശ്വാസിയായി പരിഗണിക്കുന്നതല്ല. മാത്രമല്ല, മുഹമ്മദ് നബി(സ)ക്ക് ശേഷം ഒരാള്‍ എനിക്ക് വഹ്്‌യ് (ദിവ്യബോധനം) ലഭിക്കുന്നു എന്നോ ഞാന്‍ നബിയാണെന്നോ ഇനിയും നബിമാര്‍ വരാമെന്നോ വാദിച്ചാല്‍ അവന്‍ ഇസ്്‌ലാം മതത്തില്‍നിന്ന പുറത്തായവനും ഇസ്്‌ലാമിന്റെ കഠിന ശത്രുവുമായിരിക്കും.