22 Sunday
December 2024
2024 December 22
1446 Joumada II 20

പൊതുപ്രവര്‍ത്തകരും ജീവിത വിശുദ്ധിയും

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

വ്യക്തിതലത്തിലും സാമൂഹികതലങ്ങളിലും സൂക്ഷിക്കാന്‍ കഴിയുന്ന വിശുദ്ധിയാണ് ജീവിത വിജയം നേടിത്തരുന്നത്. ഈ വിശുദ്ധി നിലനിര്‍ത്താന്‍ അടിസ്ഥാനപരമായി വേണ്ടത് സ്രഷ്ടാവായ അല്ലാഹു തന്നെ വീക്ഷിക്കുന്നുണ്ട് എന്ന വിശ്വാസമാണ്. ഭക്തിയിലും സല്‍പ്രവര്‍ത്തനങ്ങളിലും മുഴുകുന്നവര്‍ക്ക് ‘ഖയ്‌റു ഉമ്മത്ത്’ (ഉല്‍കൃഷ്ട സമൂഹം) എന്ന ഭൗതികാംഗീകാരവും അവന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ ലോകത്തും പരലോകത്തും ഉപകരിക്കുന്ന ഈ ഉല്‍കൃഷ്ടത സാമൂഹികതലങ്ങളില്‍ നേടിയെടുക്കുക ശ്രമകരമായ കാര്യമാണ്. ഇതിന്റെ അഭാവത്തില്‍ വ്യക്തിതല വിശുദ്ധിയും അപൂര്‍ണമായിരിക്കും. എക്കാലത്തെയും സമൂഹത്തെ നബി(സ) വിശേഷിപ്പിച്ചത് ‘നൂറെണ്ണമുള്ള ഒട്ടകക്കൂട്ടമെന്നാ’ണ്. എണ്ണത്തില്‍ നൂറും അതിലധികവുമുണ്ടായേക്കാമെങ്കിലും യാത്രയ്ക്കുപകരിക്കുന്ന ഒരെണ്ണംപോലും അതില്‍ ഉണ്ടായിരിക്കയില്ല. (ബുഖാരി, മുസ്‌ലിം). ലക്ഷം പേര്‍ ഒത്തുകൂടുമ്പോള്‍ ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ ആയിരിക്കും എന്നര്‍ഥം. ഖയ്‌റു ഉമ്മത്ത് എന്ന ഉല്‍കൃഷ്ട നിലവാരത്തില്‍ നിന്ന് ലക്ഷണമില്ലാത്തവരായി അധഃപതിച്ചിരിക്കുന്ന സമൂഹത്തില്‍ അപചയങ്ങളുണ്ടാകുക സ്വാഭാവികം മാത്രം. വര്‍ത്തമാന സമൂഹത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിത വിശുദ്ധി ഈ അര്‍ഥതലത്തിലാണ് വിലയിരുത്തേണ്ടത്.
പൊതുപ്രവര്‍ത്തകരുടെ പട്ടികയില്‍ സാംസ്‌കാരിക, രാഷ്ട്രീയ, കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഉള്‍പ്പെടുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്നത് സമൂഹമാണ്. അതുകൊണ്ടുതന്നെ ഇവര്‍ പാലിക്കുന്ന വിശുദ്ധി സമൂഹത്തെ നേര്‍വഴിക്ക് നയിക്കും. ഇവര്‍ക്കുണ്ടാകുന്ന മൂല്യച്യുതി ഏറ്റുവാങ്ങേണ്ടിവരുന്നതും സമൂഹം തന്നെ. പണ്ടുണ്ടായിരുന്നത് പോലെ, ഈ രംഗങ്ങളില്‍ എവിടെയും അനുകരണീയ മാതൃകകള്‍ കാണാനില്ല എന്നതാണ് പൊതുപ്രവര്‍ത്തനരംഗത്ത് സമൂഹം നേരിടുന്ന വലിയ പ്രതിസന്ധി. മറ്റുള്ളവര്‍ക്ക് മാതൃകയായി നിലകൊള്ളണം എന്നാഗ്രഹിക്കുന്നവരാകട്ടെ, ഇരുട്ടിന്റെ ശക്തികള്‍ക്ക് മുമ്പില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്.
രണ്ടു വീക്ഷണങ്ങള്‍
പൊതുപ്രവര്‍ത്തനരംഗത്ത് രണ്ടു വീക്ഷണങ്ങളാണുള്ളത്. ഒന്ന്: സമൂഹത്തിന്റെ മൊത്തത്തിലുള്ള ഗതി എന്താണോ അതനുസരിച്ച് പ്രവര്‍ത്തിക്കുക. വ്യക്തികളുടെ ഇച്ഛാശക്തിക്ക് ഇവിടെ സ്ഥാനമില്ല. ലക്ഷണമൊത്തവരുടെ അഭാവത്തില്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ വൈകല്യങ്ങള്‍ നിറഞ്ഞതായിരിക്കും. ന്യായത്തിന്റെയും ധര്‍മത്തിന്റെയും വഴി സ്വയം കണ്ടെത്തി അത് തന്റെ പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുക്കലാണ് രണ്ടാമത്തേത്. നബി(സ) പ്രോത്സാഹിപ്പിച്ചതും ഇതാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ”ആളുകള്‍ നല്ലത് ചെയ്താല്‍ ഞങ്ങളും നല്ലത് ചെയ്യും. അവര്‍ അനീതി കാട്ടിയാല്‍ ഞങ്ങളും അങ്ങനെ ചെയ്യും എന്നിങ്ങനെ പറഞ്ഞുകൊണ്ട് നിങ്ങള്‍ ‘കൂടെക്കൂടി'(ഇമ്മഅത്ത്)കളാകരുത്. നിങ്ങള്‍ക്കൊരു നിശ്ചയദാര്‍ഢ്യം വേണം. ആളുകള്‍ നല്ലത് ചെയ്യുമ്പോള്‍ നന്മ ചെയ്യുവാനും അവര്‍ തെറ്റു പ്രവര്‍ത്തിക്കുമ്പോള്‍ അതുപോലെ പ്രവര്‍ത്തിച്ച് ക്രമം തെറ്റാതിരിക്കാനും നിങ്ങള്‍ മനസ്സിനെ പാകപ്പെടുത്തി നിര്‍ത്തുക.” (തുര്‍മുദി)
പ്രവാചകന്‍ പ്രോത്സാഹിപ്പിച്ച പ്രവര്‍ത്തന ശൈലി അപൂര്‍വമായി മാത്രമാണ് പൊതുരംഗത്ത് കാണാന്‍ കഴിയുന്നത്. തിന്മയോടും അന്യായങ്ങളോടും രാജിയായിക്കൊണ്ടാണ് പൊതുപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. നബി(സ) നിര്‍ദേശിച്ച പ്രവര്‍ത്തന ശൈലിക്കാവശ്യം, നേടുവാനുള്ള ചിന്തകളല്ല, ത്യജിക്കുവാനുള്ള താല്പര്യമാണ്. തനിക്ക് അനുഭവിക്കാന്‍ സ്വാതന്ത്ര്യവും സൗകര്യവുമുള്ള ആനുകൂല്യങ്ങള്‍ വേണ്ടെന്ന് വെച്ചോ വെട്ടിച്ചുരുക്കിയോ മറ്റുള്ളവര്‍ക്ക് വേണ്ടി നീക്കിവെക്കുക എന്ന ത്യാഗചിന്തയാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മനസ്സിനെ പാകപ്പെടുത്തുവാന്‍ ആവശ്യമായിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ നേടുവാനുള്ള മന:സ്ഥിതി മാത്രമാണുള്ളത്. ചെയ്യുന്ന സേവനങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളേക്കാള്‍ വലുതാണ് സേവകന്‍മാര്‍ക്ക് പിന്നീട് ലഭിക്കുന്നത്. ത്യജിക്കുവാനുള്ള മാനസികാവസ്ഥ ഉല്‍കൃഷ്ട സമൂഹസൃഷ്ടിക്ക് വഴിയൊരുക്കുമ്പോള്‍ നേടാനുള്ള മോഹം ജീവിത വിശുദ്ധി നഷ്ടപ്പെടുത്തുന്നു.
പൊതുപ്രവര്‍ത്തനങ്ങളും
സ്ഥാനലബ്ധിയും

ജനാധിപത്യചിന്തകളുടെ വ്യാപനത്തോടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്ലാത്ത പ്രസക്തിയും ഉപയുക്തതയും കൈവന്നിരിക്കുന്നു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പൊതുപ്രവര്‍ത്തനങ്ങളിലൂടെ ഭരണത്തിന്റെയും അധികാരത്തിന്റെയും സോപാനങ്ങളിലെത്താനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. ഭരണത്തിന്റെ പിന്‍ബലമുണ്ടാകുന്നതോടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ജീവിത വിശുദ്ധിക്ക് കൂടുതല്‍ മങ്ങലേല്‍ക്കുന്നു. അവിഹിതമായത് നേടുവാനുള്ള ആസക്തിയും വര്‍ധിക്കുന്നു. മാനവസേവയിലൂടെ ദൈവപ്രീതി നേടുക എന്നത് മാത്രമാണ് ഏത് സേവനങ്ങളുടെയും ലക്ഷ്യമായി മതം കാണുന്നത്. അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതി തേടുകയെന്നതല്ലാതെ പ്രത്യുപകാരം ആഗ്രഹിക്കുന്ന യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കും നിശ്ചയിച്ചിട്ടില്ല. (വി.ഖു.92:17,18) ഈ നിലവാരത്തിലേക്ക് പൊതുപ്രവര്‍ത്തനങ്ങള്‍ ഉയരുമ്പോള്‍ അവ, മതത്തില്‍ നിശ്ചയിച്ചിരിക്കുന്ന ചില ആരാധനകളെക്കാളും അല്ലാഹുവിന്റെ പക്കല്‍ പ്രിയങ്കരമായിത്തീരുന്നു. ആരാധനകളിലൂടെ നേടിയെടുക്കുന്ന ഭയഭക്തിയും നിര്‍മല മനസ്സും പൂര്‍ണമായും മാറ്റുരക്കപ്പെടുന്നതും ഈ സന്ദര്‍ഭത്തിലായിരിക്കും. അല്ലാഹുവിന്റെയും മലക്കുകളുടെയും ബഹുമാനാദരവുകള്‍ നേടുന്ന ഇത്തരം വ്യക്തികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സര്‍വസ്വീകാര്യത ലഭിക്കുമെന്നാണ് നബി(സ) പറയുന്നത്.
പൊതുപ്രവര്‍ത്തനങ്ങളെ സ്ഥാനലബ്ധിയുമായി ബന്ധപ്പെടുത്തുമ്പോളാണ് അവിഹിതമായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‌ക്കേണ്ടിവരുന്നത്. ചെയ്യുന്നത് തീര്‍ത്തും അന്യായമാണെന്ന് ബോധ്യപ്പെട്ടിട്ടും തനിക്ക് ലഭിച്ചിരിക്കുന്ന സ്ഥാനമാനങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ വേണ്ടി മൗനം പാലിക്കേണ്ടിവരുന്നവര്‍ പൊതുരംഗത്ത് ധാരാളമുണ്ട്. സ്ഥാനലബ്ധി, അധികാരം എന്നിവയെപ്പറ്റി കൃത്യമായ ദാര്‍ശനിക കാഴ്ചപ്പാടാണ് ഖുര്‍ആനിന്നുള്ളത്. വിശ്വാസം, സല്‍പ്രവര്‍ത്തനങ്ങള്‍, ആരാധനാ കര്‍മങ്ങളിലെ നിഷ്ഠ തുടങ്ങിയവയെല്ലാം ജീവിതചര്യയായി കൊണ്ടുനടക്കുന്നവര്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കുമെന്നും സമൂഹത്തിന്റെ അധികാരം അവരുടെ കൈകളില്‍ വരുമെന്നുമാണ് ഖുര്‍ആന്‍ പ്രവചിക്കുന്നത്. ”നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്യുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്കിയതുപോലെ അവര്‍ക്കും ഭൂമിയില്‍ പ്രാതിനിധ്യം നല്കുമെന്നും അവന്‍ തൃപ്തിപ്പെട്ട് നല്കിയ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് പൂര്‍ണ സ്വാധീനം നല്കുമെന്നും ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്കുമെന്നും” (24:55) അധികാരവും സ്ഥാനങ്ങളും ചോദിച്ചുവാങ്ങേണ്ടവയല്ല എന്നും അവക്കുള്ള അര്‍ഹത നേടുന്ന മുറക്ക് അല്ലാഹു അത് നമ്മെ ഏല്‍പ്പിക്കുമെന്നുമാണ് നബിയും അറിയിക്കുന്നത്. ”നിങ്ങള്‍ അധികാരം ചോദിച്ചു വാങ്ങരുത്. കാരണം അതു ചോദിക്കാതെ കിട്ടിയാല്‍ നീ സഹായിക്കപ്പെടും. ചോദിച്ചുവാങ്ങുകയാണെങ്കില്‍ അതൊരു ഭാരമായിത്തീരുകയും ചെയ്യും.” (ബുഖാരി) ഇബ്‌റാഹീം നബി(അ)ക്ക് മാനവചരിത്രത്തില്‍ തുല്യതയില്ലാത്ത നേതൃത്വം നല്കിയ സന്ദര്‍ഭം ശ്രദ്ധേയമാണ്.
അല്ലാഹുവിന്റെ എല്ലാ കല്പനകളും പൂര്‍ണമായി പാലിക്കുകയും തന്റെ ത്യാഗസന്നദ്ധത അവനെ ബോധ്യപ്പെടുത്തുകയും ചെയ്തപ്പോളാണ് ”ഞാന്‍ താങ്കളെ മാനവതയുടെ നേതാവാക്കിയിരിക്കുന്നു” (2:124) എന്ന പ്രഖ്യാപനമുണ്ടായത്. തുല്യമായ നേതൃത്വം പിന്‍തലമുറയിലും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ മറുപടി ഇപ്രകാരമായിരുന്നു. ”ഇത് അക്രമകാരികള്‍ക്ക് ബാധകമല്ല.”
അഹിതവും അമിതവുമായ പ്രവര്‍ത്തനങ്ങളാണ് അക്രമികളെ സൃഷ്ടിക്കുന്നത്. അവ കറകളഞ്ഞ സേവനങ്ങളായിരുന്നാല്‍ പോലും ദൈവപ്രീതിക്ക് ഉപകരിക്കുകയില്ല. വഴിവിട്ട പ്രവര്‍ത്തനങ്ങളിലൂടെ അത്തരക്കാര്‍ക്ക് സ്ഥാനങ്ങള്‍ ലഭിച്ചേക്കാം. പക്ഷേ അത് അവര്‍ക്ക് തന്നെ അനര്‍ഥമായി വരും.

Back to Top