2 Wednesday
July 2025
2025 July 2
1447 Mouharrem 6

യമന്‍: മനുഷ്യ നിര്‍മിത പട്ടിണി അവസാനിപ്പിക്കണമെന്ന് യു എന്‍


യമനിലെ മനുഷ്യനിര്‍മിത ക്ഷാമം അവസാനിപ്പിക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ മുന്നോട്ടുവരണമെന്ന് യു എന്‍ വക്താവ് മാര്‍ക് ലോകോക് ആവശ്യപ്പെട്ടു. ആഭ്യന്തര യുദ്ധം മൂലം കെടുതി അനുഭവിക്കുന്ന രാജ്യത്തിനായി 3.85 ബില്യണ്‍ ഡോളര്‍ സ്വരൂപിച്ച് ലോകരാജ്യങ്ങള്‍ യമനിലെ മനുഷ്യനിര്‍മിത പട്ടിണി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച നടന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യത്തിലുള്ള യു എന്നിന്റെ ആശങ്ക അറിയിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഇത്തരത്തില്‍ ഫണ്ട് കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ മോശമായ ക്ഷാമമാകും യമനില്‍ കാണാന്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2020-ല്‍ സഹായ ലഭ്യതയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018-ലും 2019-ലും യു എന്‍ സമാനമായ രീതിയില്‍ യമനിലെ പട്ടിണി ഇല്ലാതാക്കാന്‍ ഫണ്ട് ലഭ്യമാക്കാന്‍ ആഹ്വാനം നടത്തിയിരുന്നു. അന്ന് സഊദി അറേബ്യ, യു എ ഇ, കുവൈത്ത് എന്നീ രാഷ്ട്രങ്ങളില് നിന്നാണ് വലിയ സംഭാവനകള്‍ ലഭിച്ചത്. ലോകത്തെ ഏറ്റവും ഗുരുതര മാനുഷിക പ്രതിസന്ധി അനുഭവിക്കുന്ന യമനില്‍ 80 ശതമാനം ആളുകളും സഹായം ആവശ്യമുള്ളവരാണെന്നാണ് യു എന്നിന്റെ കണക്കുകൂട്ടല്‍.

Back to Top