21 Thursday
November 2024
2024 November 21
1446 Joumada I 19

റജബിന്റെ ശ്രേഷ്ഠത ശരിയും തെറ്റും

പി മുസ്തഫ നിലമ്പൂര്‍


സര്‍വലോക പരിപാലകനായ അല്ലാഹു അദൃശ്യജ്ഞാനിയും അഗാധജ്ഞനുമാണ്. അവന്റെ സൃഷ്ടികളില്‍ ചില വ്യക്തികളെ, ചില സ്ഥലങ്ങളെ, ചില മാസങ്ങളെ, ചില ദിവസങ്ങളെ അവന്‍ ആദരിക്കുകയും വിശേഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവയുടെ രഹസ്യം കൃത്യമായി നമുക്ക് അറിയില്ല. അല്ലാഹുവിന്റെ ഖുദ്‌റത്തിനെ കുറിച്ച് ചിന്തിക്കുവാനും അവന്റെ അടിമകള്‍ക്ക് കൂടുതല്‍ പുണ്യം ലഭിക്കാനും ഇത് കാരണമാകും. മുഹര്‍റം, റജബ്, ദുല്‍ഖഅദ്, ദുല്‍ഹിജ്ജ എന്നിവ അവന്‍ ആദരിച്ച നാല് മാസങ്ങളാണ്. ഈ മാസങ്ങളില്‍ യുദ്ധം നിഷിദ്ധമാണ്. ഇതിലുള്‍പ്പട്ട ഒരു മാസമാണ് റജബ്. റജബ് എന്ന വാക്കിന്റെ അര്‍ഥം മഹത്വം എന്നാണ്. വിശുദ്ധ ഗേഹമായ കഅബയിലേക്ക് ഹജ്ജ് ഉംറ തീര്‍ഥാടനത്തിനും യാത്ര പോകുന്നതിനും സഹായകമാകുന്നതാണ് ഈ നിയമം. ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം.” (വി ഖു 9:36)
നിശ്ചയമായും കാലം, അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെപ്പോലെ തിരിഞ്ഞു വന്നിരിക്കുന്നു. ഒരുകൊല്ലം പന്ത്രണ്ട് മാസം. അതില്‍ നാലെണ്ണം ഹറാമായവ (അലംഘനീയമായ പവിത്രമാസങ്ങള്‍). മൂന്നെണ്ണം തുടര്‍ച്ചയായുള്ളവയാണ്. അതായത്, ദുല്‍ക്വഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ. (നാലാമത്തേത്) രണ്ട് ജുമാദകളുടെയും ശഅ്ബാന്റെയും ഇടയിലുള്ള മുള്വര്‍ ഗോത്രത്തിന്റെ റജബും (ബുഖാരി 1741, മുസ്‌ലിം 1671)
അവന്‍ ആദരിച്ച അവന്റെ ചിഹ്നങ്ങളെ നാം ആദരിക്കണം; ഇതിലൂടെ വിശ്വാസ ദൃഢതയുള്ളവരെയും ദുര്‍ബല വിശ്വാസികളെയും തിരിച്ചറിയപ്പെടുന്നതിനാണത്. ”അത് (നിങ്ങള്‍ ഗ്രഹിക്കുക) അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും.” (വി.ഖു 22:30) ”അത് (നിങ്ങള്‍ ഗ്രഹിക്കുക) വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ.” (വി.ഖു 22:32)
പൂര്‍വിക കാലം മുതല്‍ പവിത്ര മാസങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതം അവര്‍ മാറ്റി മറിക്കും. യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ യുദ്ധം ചെയ്തു, പകരം മറ്റു മാസങ്ങളില്‍ പവിത്രത കല്‍പിക്കുകയും ചെയ്യുന്ന സമ്പ്രദായം അവിശ്വാസമാണെന്ന് അല്ലാഹു താക്കീത് ചെയ്തു. ”വിലക്കപ്പെട്ട മാസം പുറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്റെ വര്‍ധനവ് തന്നെയാകുന്നു. സത്യനിഷേധികള്‍ അത് മൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത് അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയതിന്റെ (മാസത്തിന്റെ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്, അല്ലാഹു നിഷിദ്ധമാക്കിയത് ഏതോ അത് അനുവദനീയമാക്കുവാനും വേണ്ടിയാണ് അവരങ്ങനെ ചെയ്യുന്നത്. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.” (വി.ഖു 9:37)
പവിത്ര മാസങ്ങളെ അല്ലാഹുവും റസൂലും എപ്രകാരം ആദരിക്കാന്‍ പഠിപ്പിച്ചുവോ അപ്രകാരം ആദരിക്കുകയാണ് വേണ്ടത്.

റജബും അനാചാരങ്ങളും
യുദ്ധം നിഷിദ്ധമായ പവിത്ര മാസങ്ങളില്‍ ഒരു മാസമാണ് റജബ്. മറ്റു പവിത്ര മാസങ്ങളേക്കാള്‍ ഒരു പ്രത്യേകതയും റജബ് മാസത്തിന് മാത്രമായിട്ടില്ല. എന്നാല്‍ റജബ് മാസത്തില്‍ പ്രത്യേക നമസ്‌കാരവും നോമ്പും മറ്റു പുണ്യ കര്‍മ്മങ്ങളും അനുഷ്ഠിക്കുന്ന സമ്പ്രദായം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്രവാചകന്റെ (സ) അനേക വചനങ്ങളില്‍ സ്ഥിരപ്പെട്ട നോമ്പിനും നമസ്‌കാരങ്ങള്‍ക്കു പോലും കല്‍പ്പിക്കാത്ത പ്രാധാന്യം നിര്‍മ്മിത വാറോലകളില്‍ പരാമര്‍ശിക്കുന്ന അനാചാരങ്ങള്‍ക്ക് നല്‍കുന്നു. നബി(സ)യോ സ്വഹാബികളോ ഉത്തമ നുറ്റാണ്ടിലുള്ളവരോ മദ്ഹബിലെ ഇമാമുകള്‍ തന്നെയോ അനുഷ്ഠിക്കാത്ത കാര്യങ്ങളാണ് ഇവിടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പൂര്‍വികരായ പണ്ഡിതന്മാര്‍ ഇത് എതിര്‍ത്തിട്ടുണ്ട്.
സ്വലാത്തു റഗ്വാഇബ്
റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ ഈരണ്ട് റക്അത്ത് വീതം ആറു തവണയായി പന്ത്രണ്ട് റക്അത്ത് നമസ്‌കരിക്കുന്ന സ്വലാത്തുല്‍ റഗ്വാഇബ് എന്ന പേരില്‍ ഒരു നമസ്‌കാരം നിര്‍വഹിക്കപ്പെടുന്നു. ശീഅകള്‍ ആണ് ഇത് പ്രചരിപ്പിക്കുന്നത്. ഇമാം ത്വര്‍ത്വൂശി (റ) പറയുന്നു: ”ഇതു സംബന്ധമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒന്നും നബി(സ) നിന്ന് സ്വഹീഹായി വന്നിട്ടില്ല. എല്ലാം കെട്ടിച്ചമച്ചതാണ്. ഹിജ്‌റ നാലാം നൂറ്റാണ്ടിനു ശേഷം (ഹിജ്‌റ 450) ആണ് ഇത് അറിയപ്പെട്ടത്.” (അല്‍ബിദ്അതു വല്‍ അഹാദീസ് പേജ് 122)
അബുല്‍ഫറജ് ഇബ്‌നുല്‍ ജൗസി (റ) പറയുന്നു: ”റഗ്വാഇബ് നമസ്‌കാരം നബി(സ)യുടെ മേല്‍ നിര്‍മ്മിച്ചുണ്ടാക്കിയ കളവ് ആകുന്നു. അത് സംബന്ധിച്ചു ധാരാളം പണ്ഡിതന്മാര്‍ താക്കീത് ചെയ്തിട്ടുണ്ട്. സ്വഹാബിമാരോ നന്മയില്‍ നിലനിന്നിരുന്ന ഇമാമുകളോ ഇപ്രകാരം നമസ്‌കരിച്ചത് ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഇത് മതത്തിലുള്ള കാര്യം ആയിരുന്നുവെങ്കില്‍ പൂര്‍വികര്‍ വളരെ ഭക്തിയോടെ തന്നെ അത് നിര്‍വഹിക്കുമായിരുന്നു. ഇത് നാല് നൂറ്റാണ്ടിനുശേഷം പുതുതായി നിര്‍മിച്ചതാണ്.” (അല്‍മൗളൂആത് 2:124)
ഇമാം നവവി (റ) പറയുന്നു: ”സ്വലാതു റഗ്വാഇബ് എന്നറിയപ്പെടുന്ന റജബിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ 12 റക്അത്തും ശഅ്ബാന്‍ പതിനഞ്ചിലെ നൂറും ഉള്‍പ്പെടെയുള്ള രണ്ട് നമസ്‌കാരങ്ങളും വളരെ വെറുക്കപ്പെട്ടതും ദുഷിച്ചതുമായ അനാചാരമാകുന്നു. ഖൂതുല്‍ ഖുലൂബ്, ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്നീ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന കാരണത്താല്‍ നീ വഞ്ചിതനാകരുത്. സ്ഥിരപ്പെട്ട ഹദീസുകളില്‍ ഇത് വന്നിട്ടില്ല. ഇതു സംബന്ധമായി വന്നിട്ടുള്ളവ മുഴുക്കെയും ബാത്വിലാണ്.” (ശറഹുല്‍ മുഹദ്ദബ് 3/548)
ഇമാം നവവി(റ) പറഞ്ഞതായി ഹാഫിദ് മുഹമ്മദ് ബ്‌നു ത്വാഹിര്‍ അല്‍ മഖ്ദസി (റ) പറയുന്നു: ”ഇമാം നവവിയുടെ ശറഹു മുസ്‌ലിമില്‍ രേഖപ്പെടുത്തുന്നു: സ്വലാത്തു റഗ്വാഇബ് വെറുക്കപ്പെട്ട അനാചാരമാണെന്ന് പണ്ഡിതന്മാര്‍ തെളിവ് പിടിച്ചത് വെള്ളിയാഴ്ച മാത്രമായി നമസ്‌കരിക്കാനോ നോമ്പെടുക്കാനോ പാടില്ല എന്ന ഹദീസില്‍ നിന്നാണ്. ഈ അനാചാരം (സ്വലാത്തു റഗ്വാഇബ്) നിര്‍മ്മിച്ചവരെയും പ്രത്യേക രൂപഭാവത്തില്‍ ചെയ്യുന്നവരെയും അല്ലാഹു ശപിക്കട്ടെ. കാരണം ഇത് വെറുക്കപ്പെട്ട അനാചാരവും വഴിപിഴച്ചതും വിവരക്കേടുമാകുന്നു.” (തദ്കിറതുല്‍ മൗളൂആത് 1:44)
മിഅ്‌റാജ്
നബിയുടെ(സ)യുടെ മുഅ്ജിസത്തുകളില്‍ വിശേഷമായതാണ് ഇസ്‌റാഅ്, മിഅ്‌റാജ്. നബിയുടെ ഭാര്യയും പിതൃവ്യനും മരണമടഞ്ഞ ദു:ഖ വര്‍ഷത്തിനും ത്വാഇഫുകാരുടെ തിരസ്‌കരണത്തിനും പ്രയാസപ്പെടുത്തലുകള്‍ക്കും ശേഷം അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹമാണിത്. ഈ കാര്യത്തില്‍ മുസ്‌ലിം ലോകത്ത് സംശയമില്ല. എന്നാല്‍ ഇത് സംഭവിച്ച വര്‍ഷം, മാസം, ദിവസം എന്നിവ ഏതാണെന്ന് ഖണ്ഡിതമായി നമുക്കറിയില്ല. പൂര്‍വികരാരും ഈ ദിവസത്തെ നിര്‍ണയിച്ചു പറയാത്തതുകൊണ്ട് അതറിയാന്‍ മാര്‍ഗവുമില്ല.
ഹിജ്‌റക്ക് ഒരു മാസം മുമ്പ് മാത്രമാണ് ഇത് സംഭവിച്ചത് എന്ന് അഭിപ്രായമുള്ളവരുണ്ട്. ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പ്, അഞ്ചു വര്‍ഷം മുമ്പ്, പതിനാറു മാസം മുമ്പ്, മൂന്നു വര്‍ഷം മുമ്പ്. മാസങ്ങളില്‍ ദുല്‍ഖഅദ, റമദാന്‍, ശവ്വാല്‍, ദിവസങ്ങളില്‍ വെള്ളിയാഴ്ച രാവ്, ശനിയാഴ്ച, തിങ്കളാഴ്ച എന്നിങ്ങനെ വിവിധ അഭിപ്രായങ്ങളുണ്ട്. എന്നാല്‍ ചിലര്‍ റജബ് ഇരുപത്തി ഏഴാം രാവിന് മിഅ്‌റാജ് ദിനം എന്ന് പേരിട്ട് ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും പ്രത്യേക നമസ്‌കാരവും നോമ്പും അനുഷ്ഠിക്കുകയും ചെയ്യുന്നു. ഇത് ദീനില്‍ സ്ഥിരപ്പെട്ടിട്ടില്ല.
മിഅ്‌റാജ് നോമ്പും
നമസ്‌കാരവും

ഇബ്‌നു ഹജര്‍(റ) പറയുന്നു: ”(മറ്റു അലംഘനീയ മാസങ്ങളേക്കാള്‍) റജബിലെ (മാത്രം) മഹത്വത്തെ സംബന്ധിച്ചോ അതിലെ പ്രത്യേക നോമ്പിനെ പറ്റിയോ രാത്രിയിലെ പ്രത്യേക നമസ്‌കാരത്തെ സംബന്ധിച്ചോ അല്ലെങ്കില്‍ മറ്റു ഏതെങ്കിലും ദിവസത്തിനോ സമയത്തിനോ മഹത്വമുള്ളതായി തെളിവിന് പറ്റുന്ന ഒരു ഹദീസും സ്വഹീഹായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.” (തബ്‌യീനുല്‍ അജബ് പേജ് 6)
അദ്ദേഹം തന്നെ പറയുന്നു: ”(മറ്റു അലംഘനീയ മാസങ്ങളേക്കാള്‍) റജബിന്റെ മഹത്വത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ അവിശ്വസനീയമാണ്, അല്ലെങ്കില്‍ നിര്‍മിച്ചുണ്ടാക്കിയതാണ്.” (തബ്‌യീനുല്‍ അജബ് പേജ് 8)
ഇബ്‌നു നുഹാസ് (റ)പറയുന്നു: ”മിഅ്‌റാജ് രാവിലുള്ള ആഘോഷം മതത്തില്‍ തെറ്റായ അനാചാരമാണ്. പിശാചിന്റെ സഹോദരങ്ങള്‍ നിര്‍മിച്ചുണ്ടാക്കിയതാണത്.” (തന്‍ബീഹുല്‍ ഗ്വാഫിലീന്‍, പേജ് 379,380)
ജാഹിലിയ്യ കാലക്കാരാണ് മറ്റു പവിത്രമാസങ്ങളേക്കാള്‍ റജബിന് പ്രാധാന്യം നല്‍കിയിരുന്നത്. അവര്‍ അവരുടെ വിഗ്രഹങ്ങളെ പ്രീതിപ്പെടുത്താന്‍ ഈ മാസത്തില്‍ അറവ് നടത്തിയിരുന്നു. നുശൈബത് ബ്‌നു അംറ് (റ) നിവേദനം: ഞങ്ങള്‍ റസൂലിനോട്(സ) പറഞ്ഞു: ”പ്രവാചകരേ ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് റജബ് മാസത്തില്‍ അത്വീറ അറുക്കാറുണ്ടായിരുന്നു. (അതിനെ സംബന്ധിച്ച് എന്താണ് നിലപാട്). നബി(സ) പറഞ്ഞു. നിങ്ങള്‍ ഏതു മാസത്തിലും അറവ് നടത്തുകയും അല്ലാഹുവില്‍ നിന്ന് പുണ്യം തേടുകയും ഭക്ഷണം നല്‍കുകയും ചെയ്യുക.” (സുനനു നസാഈ, ബാബുല്‍ഫറഇ വല്‍ അത്വീറ)
ഇബ്‌നു ഹജര്‍(റ) പറയുന്നു: അത്വീറയെ നബി(സ) പാടെ വിലക്കിയിട്ടില്ല. അല്ലാഹുവല്ലാത്തവരുടെ പേരിലോ അല്ലെങ്കില്‍ റജബ് മാസത്തില്‍ മാത്രം പ്രത്യേകം അത്വീറ നടത്തുന്നതിനെയുമാണ് വിലക്കിയിട്ടുള്ളത്.” (ഫത്ഹുല്‍ ബാരി) തിങ്കളാഴ്ച നോമ്പ്, അയ്യാമുല്‍ ബീള് തുടങ്ങിയ സുന്നത്ത് നോമ്പ് എല്ലാ മാസങ്ങളിലും അനുഷ്ഠിക്കുന്നവര്‍ക്ക് ആ മാസത്തിലും അനുഷ്ഠിക്കാം. ദാവൂദിന്റെ(അ) നോമ്പ് പോലെ ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പ് തുടരുന്നവര്‍ക്ക് അത് തുടരാം. അല്ലാതെ റജബില്‍ മാത്രം പ്രത്യേകമായി ചെയ്യുന്നത് ബിദ്അത്താണ്.
ബിദ്അത്തിന്റെ ഗൗരവം
”അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെപ്പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധി കല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്.” (വി ഖു: 42:21)
ദൈവിക സന്ദേശത്തില്‍ മാറ്റം വരുത്തിയ വേദക്കാരിലെ പുരോഹിതരെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: ”എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം.” (വി.ഖു 2:79)
നബി(സ) അദ്ദേഹത്തിന്റെ ദൗത്യം സത്യസന്ധമായി തന്നെ പൂര്‍ത്തിയാക്കി. നബി(സ) പഠിപ്പിച്ചതിനപ്പുറം ദീനില്‍ വര്‍ധിപ്പിക്കാനോ കുറവ് വരുത്താനോ ആര്‍ക്കും അവകാശമില്ല. വേദക്കാര്‍ ശപിക്കപ്പെടാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഈ മാറ്റിമറിക്കലായിരുന്നു. അവര്‍ പുരോഹിതന്മാര്‍ പറയുന്നത് വേദമായി ധരിച്ചു. ഇതാണ് ഖുര്‍ആന്‍ അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷാധികാരികളായി സ്വീകരിച്ചു എന്ന് പറഞ്ഞതിന്റെ പൊരുള്‍. വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു എന്നതും ഇവരെ സംബന്ധിച്ചാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഈ അവസ്ഥ നബി(സ)യുടെ ഉമ്മത്തിന് വരാതിരിക്കാന്‍ വേണ്ടിയാണ് അല്ലാഹു ഈ താക്കീതു നല്‍കുന്നത്.
സൃഷ്ടികളില്‍ അതിശ്രേഷ്ഠനായ നബി(സ)ക്ക് പോലും അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രമേ പുണ്യ പാപങ്ങളെ പഠിപ്പിക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ നബി(സ)യോ സ്വഹാബികളോ താബിഉകളോ അറിയാത്ത പുത്തനനാചാരം നിര്‍മ്മിക്കുന്ന മുബ്തദിഉകള്‍ക്ക് കടുത്ത ശിക്ഷയുണ്ട്. അവരുടെ അനാചാരങ്ങളവസാനിപ്പിക്കുന്നതുവരെ അവരുടെ തൗബ പോലും സ്വീകരിക്കില്ല എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുഫ്‌യാനു സൗരി(റ) പറയുന്നു: ”ഇബിലീസിന് ബിദ്അത്തിനെയാണ് മറ്റു പാപങ്ങളെക്കാള്‍ പ്രിയങ്കരം. എന്തുകൊണ്ടെന്നാല്‍ ബിദ്അത്തില്‍ നിന്ന് തൗബ ചെയ്യുകയില്ല. മറ്റു പാപങ്ങളില്‍നിന്നാവട്ടെ പശ്ചാത്തപിച്ച് മടങ്ങിയേക്കാം.” (തുഹ്ഫതുല്‍ ഇറാഖിയ, പേജ് 12)
ബൈഹഖി(റ) പറയുന്നു: ഇമാം ശാഫിഈ(റ) പറഞ്ഞു: ”സ്വ ഇഛ പ്രകാരം പ്രവര്‍ത്തിക്കുന്നവനായി (ബിദ്അത്ത്) തന്റെ രക്ഷിതാവിനെ ഒരടിമ കാണുന്നതിനേക്കാള്‍ ഞാനിഷ്ടപ്പെടുന്നത് ശിര്‍ക്കല്ലാത്ത മറ്റു പാപങ്ങളുമായി അവര്‍ അവനെ കാണുന്നതാണ്.” (അല്‍ ഇഅ്തിഖാദ് പേജ് 158).
ഇമാം ശാത്വിബി(റ) പറയുന്നു: ”അബൂ ഇദ്‌രീസില്‍ കൗലാനി(റ) പറഞ്ഞു: അണക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ മസ്ജിദിന് തീപിടിച്ച് കാണുന്നതാണ് നിഷ്‌കാസനം വരുത്താന്‍ കഴിയാത്ത ബിദ്അത്തിനെ കാണുന്നതിനേക്കാള്‍ ഞാനിഷ്ടപ്പെടുന്നത്.” (അല്‍ ഇഅ്തിസാം 1:82)
പള്ളി ചുട്ടുകരിക്കുന്നതിനേക്കാള്‍ ഗുരുതരമായ പാപമാണ് ബിദ്അത്ത് എന്നാണ് മേല്‍ ഉദ്ധരണി നമ്മെ ബോധ്യപ്പെടുത്തുന്നത്. ബിദ്അത്തിന്റെ ഗൗരവം കടുത്തതാണ്. പുണ്യമുള്ള നമസ്‌കാരങ്ങളും നോമ്പും നബി (സ) യുടെ ചര്യ പ്രകാരം ചെയ്യുക. ഈ പുണ്യകര്‍മങ്ങള്‍ക്കില്ലാത്ത മഹത്വവും പ്രാധാന്യവും ബിദ്അത്തുകള്‍ക്ക് ജനങ്ങള്‍ കൊടുക്കുന്നു.
നബിയുടെ ഹൗദുല്‍ കൗസറില്‍നിന്ന് അകറ്റാന്‍ കാരണമാകുന്ന ബിദ്അത്തുകള്‍ നാം വര്‍ജ്ജിക്കുക. നബി(സ) വിശേഷിപ്പിച്ചത് വിശേഷപ്പെടുത്തുകയും അല്ലാത്തത് അല്ലാതെയും പ്രവര്‍ത്തിക്കുക.

Back to Top