23 Monday
December 2024
2024 December 23
1446 Joumada II 21

അന്ധവിശ്വാസങ്ങള്‍ അരങ്ങൊഴിയാത്തതെന്ത്?

മുര്‍ശിദ് പാലത്ത്‌


ഏതാനും ദിവസം മുമ്പ് പാലക്കാടന്‍ ചുരമിറങ്ങിവന്ന മനുഷ്യബലിയുടെ വാര്‍ത്ത നമ്മുടെ നിയമസഭാ തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്കും അനന്തപുരിയിലെ സമരവേദികളുടെ ചോരക്കാഴ്ചകള്‍ക്കുമിടയില്‍ മുങ്ങിപ്പോയത് സ്വാഭാവികമാണ്. ഏതാനും ദിവസം മുമ്പ് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ രണ്ടു കുമാരികളെ കുരുതികൊടുത്ത് മോക്ഷം വാങ്ങിയ സംഭവം നാം മറന്നില്ലേ.
ഒരര്‍ഥത്തില്‍, ശരിയാണ് ഇതെല്ലാം സ്‌ക്രോള്‍ ന്യൂസുകള്‍ക്കപ്പുറം ചര്‍ച്ചയാക്കിയാല്‍ എല്ലാതരം അച്ചടി ദൃശ്യ മാധ്യമങ്ങള്‍ക്കും സ്ഥലവും സമയവും തികയാതെ വരും. അന്താരാഷ്ട്ര മൂലകള്‍ മുതല്‍ നമ്മുടെ മുറ്റം വരെ നീളുന്ന ഇത്തരം വാര്‍ത്തകള്‍ അത്രയേറെയാണ്. കൂടാതെ ഇത്തരം കേസുകള്‍ വല്ലാതെ അന്വേഷിച്ചു പോയാല്‍ വായനക്കാരുടെയും വരിക്കാരുടെയും പ്രേക്ഷകരുടെയും പരസ്യക്കാരുടെയുമെല്ലാം എണ്ണം ഗണ്യമായി കുറയും. മാത്രവുമല്ല, പ്രതിപ്പട്ടിക വിശാലമാക്കിയാല്‍ അതില്‍ മിക്ക മാധ്യമങ്ങള്‍ക്കും കൂട്ടില്‍ കയറേണ്ടിയും വരും. അങ്ങനെ അനുവാചകര്‍ക്കോ അധികാരികള്‍ക്കോ വേണ്ടാത്ത, വാര്‍ത്താ മുതലാളിമാര്‍ക്ക് ദോഷം മാത്രം നല്കുന്ന വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
കുറ്റം പറയരുതല്ലോ, ഇത് ആഘോഷമാക്കാനും ലൈവായി നിര്‍ത്താനും ശ്രമിക്കുന്നവരും ഇല്ലാതില്ല. അമ്മിത്തളിരുകൊണ്ടെങ്കിലും ഇസ്ലാമിനെ തല്ലണമെന്നു കരുതി പതിറ്റാണ്ടുകളായി വെള്ളമൊഴിക്കുന്ന ബുജികള്‍, പുതിയകാല നിരീശ്വരവാദികളാണിവര്‍. വിശിഷ്യാ ഇസ്ലാമില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും വാങ്ങി വളന്റിയറി റിട്ടയര്‍മെന്റെടുത്ത അറബിപ്പേരുകാരായ നിര്‍മത ഫാസിസ്റ്റുകള്‍. ഇസ്ലാമിന്റെ പേരില്‍ ലോകത്ത് സംഭവിക്കുന്ന ഒരു നന്മയും അറിയാന്‍ ഭാഗ്യം കിട്ടാതെ പോകുന്ന, ഇസ്ലാം പേരില്‍ ഏത് കുളത്തില്‍ രൂപംകൊണ്ട ഓളവും സൂനാമിയാക്കി ഭയപ്പെടുത്തുന്ന ഈ ഇസ്ലാമോഫോബിക്കുകള്‍ക്ക് ഇസ്ലാമിനെ അടിക്കാന്‍ പുതുതായി കിട്ടിയ വടിയാണിത്. ഇസ്ലാമിന്റെ ശാസ്ത്രീയതയും അജയ്യതയും പ്രമാണങ്ങളിലൂടെ ബോധ്യപ്പെട്ട്, പരാജയം രുചിച്ച് മുണ്ടിട്ട് നടക്കുന്നവര്‍ക്ക് ഇതും നാണം മറക്കാനുള്ള, കഥയിലെ രാജാവിന്റെ അദൃശ്യ ആടയാക്കാം.
സത്യത്തില്‍ ഈ വാര്‍ത്ത സാമൂഹ്യബോധമുള്ളവരെയെല്ലാം അലോസരപ്പെടുത്തേണ്ടതാണ്. മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരെല്ലാം പ്രതികളാകുന്നുണ്ടിവിടെ. ഭരണ-നിയമ അധികാരികള്‍ വിവാദ വാര്‍ത്തകള്‍ വരുമ്പോള്‍ ഞെട്ടുകയും ചില നമ്പറുകളിറക്കുകയും ചെയ്യും. അന്വേഷണവും കേസും കോടതിയുമെല്ലാം അതിലുണ്ടാകും. കുറച്ചുകാലം കഴിയുമ്പോള്‍ ‘എന്നിട്ടെന്തായി’ എന്നു ചോദിക്കാന്‍ ഒരു മങ്ങാട്ടച്ചനുമില്ലാത്തവിധം അരണബുദ്ധിയായി മാറിയ പൊതുജനം അതങ്ങ് മറന്നോളുമെന്ന് ഈ ശകുനിമാര്‍ക്കറിയാം.

ഏതാനും വര്‍ഷം മുമ്പ് കേരളത്തില്‍ ഇത്തരം ചില തുടര്‍ സംഭവങ്ങളുണ്ടായപ്പോള്‍ നമ്മുടെ ഭരണകൂടത്തിനു മുമ്പില്‍ അന്ധവിശ്വാസ നിരോധന നിയമം ചര്‍ച്ചയായിരുന്നു. അന്നത്തെ സര്‍ക്കാര്‍ അതിന് തത്വത്തില്‍ അംഗീകാരം നല്കി. നിയമമുണ്ടായാല്‍ അന്ധവിശ്വാസങ്ങള്‍ ഭയന്നോടുമെന്നോ ആ രംഗത്തെ കാട്ടുരാജാക്കന്മാര്‍ വലയിലാകുമെന്നോ ഉള്ള അന്ധവിശ്വാസമില്ലെങ്കിലും ചില കര്‍ക്കശ നിലപാടുകള്‍ ചെറു പ്രാണികളെയെങ്കിലും ചിലന്തിവലയില്‍ കുരുക്കുമെന്ന ആശ്വാസമുണ്ടായിരുന്നു. സകല അന്ധവിശ്വാസികള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരില്‍ അന്ന് പക്ഷേ അത് നിയമമായില്ല. എല്ലാ വിശ്വാസങ്ങളും അന്ധമാണെന്ന് ശഠിക്കുന്ന നിരീശ്വരവാദികള്‍ക്ക് മേല്‍ക്കയ്യുള്ള അടുത്ത സര്‍ക്കാറും ഇതാ പഞ്ചവത്സരം പൂര്‍ത്തിയാക്കി പടിയിറങ്ങുകയാണ്. നിയമം തിരുനക്കരെ തന്നെ.
വിശ്വാസവും അന്ധവിശ്വാസവും പകലും ഇരവും പോലെ വ്യക്തമാണ്. എന്നാല്‍ ഇത് വേര്‍തിരിയുന്ന ഇടം ഏറെ സങ്കീര്‍ണവും അവ്യക്തവുമാണ്. ഇവിടമാണ് യുക്തിവാദികളെന്നു അവകാശപ്പെടുന്ന അവിശ്വാസികളുടെയും ദുര്‍ബല വിശ്വാസികളുടെയും മേച്ചില്‍പുറം. തെളിഞ്ഞ ബുദ്ധിയും മുന്‍വിധികളില്ലാത്ത സ്വതന്ത്രമനസ്സും ഋജുവായ പ്രമാണ വായനയും ഒത്തുചേരുമ്പോഴേ ശരിയായ ദൈവ-മത വിശ്വാസങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.
എന്നാല്‍ ഇങ്ങനെ ദൈവത്തെ കണ്ടെത്തുകയും തുടര്‍ന്ന് ശരിയായ പ്രമാണങ്ങള്‍ തിരിച്ചറിഞ്ഞ് വിശ്വാസങ്ങളും ആചാരങ്ങളും സ്വീകരിക്കുകയും ചെയ്യുക ഇത്തിരി അധ്വാനം ആവശ്യപ്പെടുന്നുണ്ട്. നടേ സൂചിപ്പിച്ച ആത്മാര്‍ഥതയും സ്വതന്ത്രചിന്തയുമെല്ലാം ഉള്ളവര്‍ക്കേ അത് സാധ്യമാകൂ. ഇവിടെയാണ് പരലോക മോക്ഷവും ഇഹലോക വിജയവും എളുപ്പമാക്കാനുള്ള ആത്മീയ കുറുക്കുവഴി മനുഷ്യന്‍ അന്വേഷിച്ചത്. അവനു മുന്നിലാണ് പിശാച് പുരോഹിതന്മാരായി അവതരിച്ചത്. സ്രഷ്ടാവിന് മാത്രം അധികാരമുള്ള പരലോകത്ത് തങ്ങള്‍ക്ക് ചില പിടിപാടുകളുണ്ടെന്നും അതുമുഖേന രക്ഷപ്പെടാമെന്നും അവര്‍ ഭക്തരെ വിശ്വസിപ്പിച്ചു. ജീവിതത്തിലെ രോഗം, ദാരിദ്ര്യം, ദാമ്പത്യം, മരണം, അപകടം തുടങ്ങിയ സകലമാന പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നും എന്നാല്‍ ശ്രമകരമായ ആ ജോലി താന്‍ ഏറ്റെടുക്കാമെന്നും, ശരി കണ്ടെത്തി നിങ്ങള്‍ക്ക് പഠിപ്പിച്ചു തരാമെന്നും ചെകുത്താന്‍ സേവകര്‍ ആശ്വസിപ്പിച്ചപ്പോള്‍ വിശ്വാസിയാകുക എളുപ്പമുള്ള കാര്യമായി.
പഠനവും ചിന്തയുമെല്ലാം ഭൗതികാവശ്യങ്ങള്‍ക്ക് മാത്രമായി. ആചാര്യന്മാരുടെ മേലുള്ള അന്ധാനുകരണമാണ് ആത്മീയതയുടെ പ്രമാണമെന്നായി. അങ്ങനെയാണ് മതാനുയായികള്‍ ദിവ്യ-സിദ്ധ വലകളിലേക്ക് അടിഞ്ഞുകൂടിയത്. ജീവിതപ്രയാസങ്ങള്‍ക്ക് നൂലും ചരടും മുതല്‍ മനുഷ്യബലിയും ആത്മാഹുതിയും വരെയുള്ള ആത്മീയ പരിഹാരക്രിയകള്‍ നടപ്പിലാക്കിയ പുരോഹിതര്‍ ഈ ഭക്തരുടെ ധനവും മാനവും മക്കളുമെല്ലാം ചൂഷണംചെയ്ത് അധികാരികളെ വിലക്കുവാങ്ങാന്‍ മാത്രം കൊഴുത്തു. മദ്യപാനം ഹാനികരമെന്നറിഞ്ഞിട്ടും മുഴുക്കുടിയരാകുന്നവരെപ്പോലെ, സ്വയം അന്ധവിശ്വാസങ്ങളില്‍ എരിഞ്ഞു തീരുമ്പോഴും സംതൃപ്ത മോക്ഷത്തിന്റെ മധുരം ആസ്വദിക്കുന്ന, അതില്‍ അഭിമാനിക്കുന്ന ഭക്തലക്ഷങ്ങള്‍ ഉദയംകൊണ്ടു,
വലിയ വലിയ ബിരുദങ്ങളും പദവികളും ശാസ്ത്രസ്ഥാനങ്ങളുമുള്ളവരാണ് ഇവരിലേറെയും എന്നത് വിജ്ഞാന വിസ്‌ഫോടനം നടന്നെന്നവകാശപ്പെടുന്ന ആധുനിക കാലത്ത് അത്ഭുതമല്ലാതായിരിക്കുന്നു. വിദ്യാരംഭം കുറിക്കാന്‍ നല്ലനാളു കുറിക്കുന്ന ഭരണകൂടവും ജ്യോതിശാസ്ത്രം പഠിപ്പിക്കാന്‍ ജ്യോതിഷിയെ തിരയുന്ന ശാസ്ത്രജ്ഞരും വാസ്തു പുരുഷനെ പേടിച്ച് സാങ്കേതിക സര്‍വകലാശാലയുടെ കവാടം മാറ്റുന്ന സാങ്കേതിക വിദഗ്ധരും വിശ്വാസിലോകത്തെ ആദരണീയരായി. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ ശാസ്ത്രലോകം ജീവന്‍കൊടുത്ത് പഠിച്ച് നേടിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ ഇതിഹാസയുഗ കോപ്പിയായി പ്രസംഗിക്കാനും പ്രബന്ധമവതരിപ്പിക്കാനും ശാസ്ത്ര സമ്മേളനങ്ങള്‍ വേദിയായപ്പോള്‍ ശാസ്ത്രജ്ഞര്‍ യുറേക്ക വിളിക്കുന്നു. അവര്‍ക്ക് ആസ്ഥാനപദവികള്‍ ലഭിക്കുന്നു. സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നതെന്നു പറയപ്പെടുന്ന ഇതിഹാസ യുഗത്തിലേക്കുള്ള തിരിച്ചുപോക്കാണ് തങ്ങളുടെ ഭരണലക്ഷ്യമെന്ന് ജനപ്രതിനിധികള്‍ പ്രതിജ്ഞയെടുക്കുന്നു. ഈ അന്ധവിശ്വാസികളില്‍ എല്ലാ മതവിഭാഗത്തില്‍ പെട്ടവരുമുണ്ട്. മതനിഷേധികള്‍ക്ക് പോലും മനംകുളിര്‍പ്പിക്കുന്ന മതേതരത്വം പൂത്തുലയുന്ന ഇടമാണ് അന്ധവിശ്വാസത്തിന്റെ ലോകം.
മനുഷ്യരെ അന്ധവിശ്വാസങ്ങളുടെ സകല അന്ധകാരങ്ങളില്‍ നിന്നും മോചിപ്പിക്കാനായി അവതീര്‍ണമായ ഇസ്ലാമിന്റെ അനുയായികളും അഹമഹമികയാ ഇവിടെ കാണികളും കളിക്കാരുമായി മത്സരരംഗത്തുണ്ട്. ജ്യോതിഷത്തിന് അറബി ജ്യോതിഷവും ആഭിചാരത്തിന് സിഹ്‌റും, രാശിനോട്ടത്തിന് നഹ്‌സും, മന്ത്ര-ജപങ്ങള്‍ക്ക് ഇസ്ലാമിക മാന്ത്രികവും, ചാത്തന്‍സേവക്ക് ഖുര്‍ആനിക് തെറാപ്പിയും, ഹോമ-യജ്ഞങ്ങള്‍ക്ക് ഇസ്മിന്റെ പണിയും പിന്നെ വര്‍ഗീയതയില്ലാത്ത ഏലസ്സും ഐക്കല്ലുമെല്ലാമായി ചാണിനു ചാണായും മുഴത്തിന് മുഴമായും ഒപ്പത്തിനൊപ്പമെത്താന്‍ കടുത്ത മത്സരത്തിലാണ് മാപ്പിളപ്പുരോഹിതന്മാര്‍. ഇതിനിടയിലാണ് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ ഈറ്റില്ലങ്ങളില്‍ നിന്ന് ഇതിന് ബലം നല്കുന്ന ചില ഒറ്റപ്പെട്ട വാര്‍ത്തകള്‍ ഏതാനും വര്‍ഷം മുമ്പു മുതല്‍ കേട്ടു തുടങ്ങിയത്. ആ കനലുകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലെന്നുവേണം കരുതാന്‍.
കുടുംബ പ്രശ്‌നങ്ങളോ മനോവിഭ്രാന്തിയോ ഇനി മറ്റെന്തെങ്കിലും ബാഹ്യകാരണങ്ങളോ എന്താണ് പാലക്കാട് സംഭവത്തിന് പിന്നിലെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു. എങ്കിലും ഇപ്പോള്‍ കിട്ടിയ വിവരമനുസരിച്ച് പ്രതിയുടെ വികലമായ മതബോധമാണ് പ്രശ്‌നം. എങ്കില്‍ ഇവിടെ പ്രമാണങ്ങളുടെ അതിവായന നടന്നിട്ടുണ്ട്. മതപ്രമാണങ്ങളുടെ അതിവായനയുടെ പാഠഭേദങ്ങളാണ് തന്റെ ആദര്‍ശക്കാരല്ലാത്തവരെ ഉന്മൂലനം ചെയ്യുന്ന മതഭീകരവാദമായി രൂപപ്പെടുന്നത്. അതു തന്നെയാണ് തന്നെയും തനിക്കുവേണ്ടതിനെയും നശിപ്പിക്കുന്ന ഭക്തിയും.
ഈ ഇന തീവ്രതകളെയെല്ലാം എരിച്ചുകളയുന്ന ഇസ്ലാമിക തീക്കുണ്ഡങ്ങളിലൂടെയാണ് ഏറ്റവും അവസാനമായി പാലക്കാട്ട് ഉറുമ്പരിച്ചത് എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. തനതായ രൂപത്തില്‍ പൊതു സമൂഹത്തിലും മുസ്‌ലിം സമുദായത്തിലും ആദര്‍ശ പ്രബോധനം സജീവമാകണമെന്നും തിരിച്ചറിവില്ലാത്ത അറിവാളന്‍മാരുടെ ലോകത്ത് അവ്യക്തതയില്ലാത്ത ഈമാന്‍ പ്രചണ്ഡമായി പ്രചരിപ്പിക്കണമെന്നും ഈ സംഭവം ഓര്‍മപ്പെടുത്തുന്നുണ്ട്. അധികാരവും അപ്പക്കഷ്ണങ്ങളുമെല്ലാം അസ്തിത്വത്തിന് അനിവാര്യമെങ്കിലും ആത്മാവില്ലാത്ത അസ്തിത്വം അപചയമാണെന്ന് തിരിച്ചറിയാന്‍ എക്കാലത്തെയും നവോത്ഥാന പ്രവര്‍ത്തകര്‍ക്കേ കഴിയൂ എന്ന് ഉള്‍ക്കൊള്ളുക. അധികാരമാണ് ലക്ഷ്യമെന്നും വോട്ടാണ് ജനാധിപത്യ നേതൃമാര്‍ഗമെന്നും വിശ്വസിക്കുന്ന ഭരണകൂടങ്ങളും അതിനായി അധ്വാനിക്കുന്നവരും ഒരിക്കലും ഈ സമരമുഖത്ത് നേരെ വരില്ല. എന്നാല്‍, സമൂഹ സുസ്ഥിതി ആഗ്രഹിക്കുന്ന എല്ലാവരും ചേര്‍ന്ന് ഒറ്റക്കെട്ടായി നിന്ന് അവരെ ഈ ആത്യന്തിക ജനക്ഷേമത്തിലേക്ക് നയിച്ചേ പറ്റൂ. ഇല്ലെങ്കില്‍ അന്ധവിശ്വാസം കേരളത്തിന്റെ സമ്മതിദായക പട്ടിക ചുരുക്കുമെന്നതില്‍ സംശയം വേണ്ട.

Back to Top