ഇബാദത്തും ദുര്‍വ്യാഖ്യാനങ്ങളും-2
പി കെ മൊയ്തീന്‍ സുല്ലമി
നബി(സ) പറയുന്നു: ”തീര്‍ച്ചയായും പ്രാര്‍ഥന തന്നെയാണ് ആരാധന” (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്). ”പ്രാര്‍ഥന ആരാധനയുടെ മജ്ജയാകുന്നു” (തിര്‍മിദി). ഒരു കാര്യം ആരാധനയായിത്തീരണമെങ്കില്‍ അതില്‍ ഒരു പ്രാര്‍ഥന നിര്‍ന്ധമാകുന്നു എന്നതാണ് മേല്‍ ഹദീസുകളുടെ താല്പര്യം. അഥവാ നമ്മുടെ നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, മറ്റു സല്‍കര്‍മങ്ങള്‍ എന്നിവ അല്ലാഹു സ്വീകരിക്കണമെങ്കില്‍ അത് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടും അതിന് അല്ലാഹുവിന്റെ പ്രതിഫലം തേടിക്കൊണ്ടുമായിരിക്കണം. എങ്കില്‍ മാത്രമേ അവ ആരാധനയില്‍ ഉള്‍പ്പെടുന്ന പ്രതിഫലാര്‍ഹമാകുന്ന കാര്യങ്ങളാവൂ.
എന്നാല്‍ പ്രാര്‍ഥനയാകുന്ന ഇബാദത്ത് ആരോടുമാകാം എന്ന വാദക്കാരാണ് കേരളത്തിലെ യാഥാസ്ഥിതിക സമസ്ത വിഭാഗം. അത് മരിച്ചവരെന്നോ ജീവിച്ചിരിക്കുന്നവരെന്നോ ആള്‍ദൈവങ്ങളെന്നോ ജിന്നുകളെന്നോ മലക്കുകളെന്നോ വ്യത്യാസപ്പെടുത്തേണ്ടതില്ല എന്നാണ് അവരുടെ വാദം. പ്രാര്‍ഥനക്ക് അവര്‍ നല്കുന്ന വ്യാഖ്യാനം ‘സഹായ തേട്ടം’ എന്നാണ്. ഉമ്മയോട് കഞ്ഞി ചോദിക്കുന്നതുപോലെ മരണപ്പെട്ടുപോയ മഹത്തുക്കളോട് തന്റെ വിഷമങ്ങള്‍ ദൂരീകരിച്ചുതരാന്‍ സഹായം തേടാവുന്നതാണ്. അദൃശ്യനായ അല്ലാഹുവിനോട് തേടുന്നതു പോലെ അദൃശ്യരായ സകല ശക്തികളോടും സഹായം തേടാവുന്നതാണ്. എന്നാല്‍ ഉമ്മയോട് കഞ്ഞി ചോദിച്ചാല്‍ കഞ്ഞി ലഭിച്ചു എന്ന് വരും. ഡോക്ടറോട് രോഗം പറഞ്ഞാല്‍ മരുന്ന് എഴുതിത്തരും. ബദ്‌രീങ്ങളോട് കഞ്ഞി ചോദിച്ചാലോ രോഗം പറഞ്ഞാലോ കഞ്ഞിയോ മരുന്നോ ലഭിക്കുന്നതല്ല.
ഇത് അല്ലാഹുവോട് തേടുന്നതുപോലെയുള്ള അദൃശ്യ ശക്തികളോടുള്ള തേട്ടമായതുകൊണ്ടാണ് അതിന് പ്രാര്‍ഥന എന്ന് പറഞ്ഞുവരുന്നത്. അത് അല്ലാഹു അല്ലാത്തവരോട് നടത്തല്‍ ശിര്‍ക്കാണ്. അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന ന്യായീകരിക്കാന്‍ സമസ്തക്കാര്‍ പലതരം ദുര്‍വ്യാഖ്യാനങ്ങളും ന്യായവാദങ്ങളും നിരത്താറുണ്ട്. അതില്‍ പെട്ട ഒരു വാദമാണ്: ‘അല്ലാഹു അന്‍ബിയാ ഔലിയാക്കള്‍ക്ക് കൊടുത്ത കഴിവില്‍ നിന്ന് ചോദിക്കാം’ എന്നത്.
മനുഷ്യന് അല്ലാഹു കൊടുത്ത കഴിവിനെക്കുറിച്ച് അവരുടെ വാദം വ്യത്യസ്തവും വൈരുധ്യം നിറഞ്ഞതുമാണ്. നാട്ടിക മൂസ മുസ്‌ല്യാര്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”നമ്മുടെ ഓരോ ചലനവും ദൈവസൃഷ്ടിയും അപ്പപ്പോള്‍ അല്ലാഹു നല്കുന്നവയുമാണ്” (തൗഹീദും ശിര്‍ക്കും, പേജ് 57). പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍ രേഖപ്പെടുത്തുന്നു: ”അവര്‍ക്ക് അല്ലാഹു നല്കിയ കഴിവുകൊണ്ട് സഹായിക്കാന്‍ കഴിയുമെന്നും നിരവധി രേഖകള്‍ കൊണ്ട് തെളിഞ്ഞതാണ്” (ഫതാവാ റംലി, 4: 382, ഫതാവാ മുഹ്യിസ്സുന്ന, പേ 419).
നാട്ടിക മുസ്‌ല്യാര്‍ ലക്ഷ്യസഹിതം രേഖപ്പെടുത്തിയത് മനുഷ്യര്‍ക്ക് ഒരു കഴിവും അല്ലാഹു മുന്‍കൂട്ടി നല്കിയിട്ടില്ല, എല്ലാ കഴിവും അപ്പപ്പോള്‍ നല്കുകയാണ് എന്നാണ്. എന്നാല്‍ പൊന്മള മുസ്‌ല്യാര്‍ ലക്ഷ്യസഹിതം രേഖപ്പെടുത്തിയത് അല്ലാഹു മനുഷ്യര്‍ക്ക് കൊടുത്ത കഴിവില്‍ നിന്ന് ചോദിക്കാം എന്നാണ്. ഇതില്‍ ഏതാണ് ശരിയായ വാദം? മനുഷ്യര്‍ക്ക് അപ്പപ്പോള്‍ കഴിവുകള്‍ കൊടുക്കും എന്നാണോ? അല്ലെങ്കില്‍ മുന്‍കൂട്ടി തന്നെ കൊടുക്കും എന്നാണോ?
സമസ്തക്കാര്‍, കൊടുത്ത കഴിവ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കഴിവുകളെ സംബന്ധിച്ചാണ്. അത് അന്‍ബിയാ ഔലിയാക്കള്‍ക്ക് അല്ലാഹു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ജീവിതകാലത്തും മരണശേഷവും അവര്‍ സഹായിക്കുമെന്നാണ് സമസ്തക്കാരുടെ വാദം. അതിന് തെളിവെന്താണ്? ഇന്നേവരെ ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ യാതൊരു വിധ രേഖയും അത് സ്ഥാപിക്കാന്‍ അവര്‍ കൊണ്ടുവന്നിട്ടില്ല. അല്ലാഹുവിന്റെ കഴിവുകള്‍ ഒരു സൃഷ്ടിക്കും അല്ലാഹു നല്കുന്നതല്ല.
അല്ലാഹു പറയുന്നു: ”അവനു തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു” (ശൂറാ 11). ”അവനു തുല്യനായി ആരും തന്നെയില്ല” (ഇഖ്‌ലാസ് 4). അന്‍ബിയാ ഔലിയാക്കളിലൂടെ വെളിപ്പെടുന്ന മുഅ്ജിസത്തുകളും കറാമത്തുകളും അല്ലാഹുവിന്റെ കഴിവില്‍ പെട്ട കാര്യങ്ങളാകുന്നു. അത് അല്ലാഹു അവരിലൂടെ വെളിപ്പെടുത്തുന്നു എന്ന് മാത്രം. അതിന് ഖുര്‍ആനില്‍ തന്നെ നിരവധി തെളിവുകളുണ്ട്. മനുഷ്യന്‍ എത്ര ഉന്നതനായിരുന്നാലും അവന്റെ കഴിവുകള്‍ക്ക് പരിധിയും പരിമിതിയുമുണ്ട്. സൂറതുത്ത്വലാഖ് 3, ഫുര്‍ഖാന്‍ 2, റഅ്ദ് 8 എന്നിവ പരിശോധിച്ചാല്‍ അത് മനസ്സിലാക്കാന്‍ കഴിയും.
മനുഷ്യരില്‍ ഏറ്റവും ഉന്നതര്‍ പ്രവാചകന്മാരാണ്. അവരുടെ അറിവിനും കഴിവിനും പരിധിയുണ്ടെന്ന് താഴെ വരുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും അല്ലാഹു ജന്മനാ ചില കഴിവുകള്‍ നല്കിയിട്ടുണ്ട്. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം കല്പിച്ചത്: ”അതിനാല്‍ നിങ്ങള്‍ക്ക് കഴിയും വിധം അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക.” (തഗാബുന്‍ 16). ”അല്ലാഹു ഒരുവനോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നിര്‍ബന്ധിക്കുകയില്ല” (അല്‍ബഖറ 286). നബി(സ) കല്പിച്ചതും അപ്രകാരം തന്നെയാണ്.
നബി(സ) കല്പിക്കുകയുണ്ടായി: ”നിങ്ങള്‍ക്ക് കഴിയാവുന്നത്ര സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുക” (ബുഖാരി, മുസ്‌ലിം). അല്ലാഹു പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തുന്ന മുഅ്ജിസത്തുകളും ഔലിയാക്കളിലൂടെ വെളിപ്പെടുത്തുന്ന കറാമത്തുകളും ഉദ്ദേശിക്കുമ്പോള്‍ പ്രകടിപ്പിക്കാന്‍ സാധ്യമല്ല.
അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ വെളിപ്പെടുത്താന്‍ സാധിക്കൂ. അതുകൊണ്ടാണ് പല പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും പല സന്ദര്‍ഭങ്ങളിലും വിഷമിക്കേണ്ടി വന്നതും സ്വന്തം ശരീരം പോലും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കാതിരുന്നതും ആദം നബി(അ)ക്ക് അല്ലാഹു കൊടുത്ത കഴിവുണ്ടായിരുന്നുവെങ്കില്‍ പിശാചിന്റെ ദുര്‍ബോധനത്തിന് അദ്ദേഹം വിധേയമാകുമായിരുന്നില്ല. അല്ലാഹു പറയുന്നു: ”ആദം തന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും അങ്ങനെ പിഴച്ചുപോകുകയും ചെയ്തു.” (ത്വാഹ 121)
ഇബ്‌റാഹീം നബി(അ) യുടെ അടുക്കല്‍ അല്ലാഹു കൊടുത്ത അറിവും കഴിവുമുണ്ടായിരുന്നുവെങ്കില്‍ ഭക്ഷണം കഴിക്കാത്ത മലക്കുകള്‍ക്ക് വേവിച്ച മൂരിക്കുട്ടിയെ ഭക്ഷിക്കാന്‍ നല്കുമായിരുന്നില്ല. അല്ലാഹു പറയുന്നു: ”അനന്തരം അദ്ദേഹം ധൃതിയില്‍ തന്റെ ഭാര്യയുടെ അടുത്തേക്കു ചെല്ലുകയും തടിച്ച ഒരു കാളക്കുട്ടിയെ വേവിച്ചുകൊണ്ടുവരികയും ചെയ്തു,” (ദാരിയത്ത് 26)
യഅ്ഖൂബ് നബി(അ)ക്ക് അല്ലാഹു കൊടുത്ത അറിവും കഴിവുമുണ്ടായിരുന്നുവെങ്കില്‍ ജീവിച്ചിരിക്കുന്ന പുത്രനെ ഓര്‍ത്ത് കരഞ്ഞ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുമായിരുന്നില്ല. ”ദു:ഖം കാരണത്താല്‍ അദ്ദേഹത്തിന്റെ ഇരു കണ്ണുകളും വെളുത്തുപോയി.” (യൂസുഫ് 84)
അല്ലാഹു നല്കിയ അറിവും കഴിവും ശക്തിയുമുണ്ടായിരുന്നെങ്കില്‍ നബി(സ) ഉഹ്ദിലും ഹുനൈനിലും പരാജയപ്പെടുമായിരുന്നില്ല. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ യുദ്ധ ദിവസത്തിലും സഹായിക്കുകയുണ്ടായി. അഥവാ നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ സന്തോഷഭരിതരാക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യാതിരിക്കുകയും ഭൂമി വിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം.” (തൗബ 25) മുഅ്ജിസത്തുള്ള പ്രവാചകനും കറാമത്തുള്ള സ്വഹാബത്തും ഉണ്ടായിട്ടും അവര്‍ക്ക് നല്കപ്പെട്ട സഹായം കൊണ്ട് ഉഹ്ദിലും ഹുനൈനിലും വിജയിക്കാന്‍ കഴിഞ്ഞില്ല.
സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയപ്പെട്ടവരാണ് നാല് ഖലീഫമാര്‍. അവരെക്കാള്‍ അല്ലാഹുവിന്റെ ഔലിയാക്കളായി മറ്റാരാണുള്ളത്? അവരില്‍ അബൂബക്കര്‍(റ) ഒഴിച്ച് മറ്റുള്ള മൂന്നു ഖലീഫമാരും വധിക്കപ്പെടുകയാണുണ്ടായത്. അല്ലാഹു നല്കിയ കറാമത്തുകള്‍ കൊണ്ട് അവരില്‍ ഒരു വ്യക്തിക്കും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സ്വന്തം ജീവന്‍ പോലും രക്ഷിക്കാന്‍ കഴിയാത്ത അന്‍ബിയാക്കളും ഔലിയാക്കളും അവരുടെ മരണശേഷം മറ്റുള്ളവര്‍ക്ക് എങ്ങനെയാണ് സഹായം നല്കുക?
സമസ്തക്കാര്‍ ജല്പിക്കുന്ന ഒരു കഴിവും അല്ലാഹു ആര്‍ക്കും നല്കിയിട്ടില്ലായെന്നതാണ് സത്യം. അല്ലാഹു അല്ലാത്ത ശക്തികളോട് പ്രാര്‍ഥിച്ചിരുന്ന അബൂലഹബ്, അബൂജഹല്‍, ഉത്ബത്ത്, ശൈബത്ത് എന്നിവരുടെയും വാദം അതു തന്നെയായിരുന്നു. അവര്‍ കഅ്ബയില്‍ 360-ല്‍ പരം വിഗ്രഹങ്ങള്‍ വെച്ചിരുന്നു. അതില്‍ പ്രധാനികളായിരുന്നു ഇബ്‌റാഹീമും(അ) ഇസ്മാഈലും(അ) ലാതയുമെല്ലാം. അവരോടെല്ലാമായിരുന്നു അവര്‍ പ്രാര്‍ഥിച്ചിരുന്നത്. ഹജ്ജില്‍ തല്‍ബിയത്ത് ചൊല്ലുമ്പോള്‍ അതിന്റെ കാരണം അവര്‍ ഇപ്രകാരം വ്യക്തമാക്കിയിരുന്നു: ”അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്കിയിരിക്കുന്നു. നിനക്കായ് യാതൊരു പങ്കുകാരനുമില്ല. ഒരു പങ്കുകാരന്‍ ഒഴികെ. അവന്‍ ഉടമപ്പെടുത്തിയ കഴിവും അവനും നിന്റെ ഉടമസ്ഥതയില്‍ തന്നെയാണ്.” (മുസ്‌ലിം). അല്ലാഹുവിന്റെ പങ്കുകാര്‍ ഉടമപ്പെടുത്തിയ സകല കഴിവുകളും അല്ലാഹു നല്കിയതാണ് എന്നര്‍ഥം. അതു തന്നെയാണ് സമസ്തക്കാരും പറയുന്നത്.
നമുക്ക് അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ. അതേ അവസരത്തില്‍ ദൃശ്യമായ നിലയില്‍ അല്ലാഹു മനുഷ്യര്‍ക്ക് നല്കിയ ചില കഴിവുകളുണ്ട്. അത് പരസ്പരം ചോദിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ അദൃശ്യമായ നിലയില്‍ നമുക്ക് ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹുവിന് മാത്രമേ സാധിക്കൂ. അല്ലാഹു പറയുന്നു: ”ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്കിക്കൊണ്ടും നന്മ നല്കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്” (അന്‍ബിയാഅ് 35).
അദൃശ്യ ശക്തികളോടോ മനുഷ്യന്റെ നിയന്ത്രണത്തിലല്ലാത്ത അല്ലാഹുവിന്റെ നിയന്ത്രണങ്ങളില്‍ നിലകൊള്ളുന്ന സൃഷ്ടികളോടോ വസ്തുക്കളോടോ സഹായം തേടല്‍ ശിര്‍ക്കാണ്. ചൂട് കുറയാന്‍ സൂര്യനോട് തേടലും രാത്രി പ്രകാശം ലഭിക്കാന്‍ ചന്ദ്രനോട് തേടലും ശിര്‍ക്കാണ്. കാരണം അത് വിഗ്രഹാരാധനക്ക് തുല്യമാണ്. മരണത്തില്‍ നിന്ന് രക്ഷ നേടാന്‍ അസ്‌റാഈലിനോട് തേടലും മഴ നില്ക്കാന്‍ മീകാഈലിനോട് തേടലും ശിര്‍ക്കു തന്നെയാണ്. ഇപ്പറഞ്ഞ സൂര്യചന്ദ്രന്മാര്‍ക്കും മലക്കുകള്‍ക്കും അല്ലാഹു കൊടുത്ത കഴിവുകളാണ്. പക്ഷെ, അവയോട് തേടല്‍ ശിര്‍ക്കും കുഫ്‌റുമാണ്.
ഇതുപോലെ ജിന്നുകള്‍, മലക്കുകള്‍ എന്നിവര്‍ക്ക് അല്ലാഹു ഒരുപാട് കഴിവുകള്‍ നല്കിയിട്ടുണ്ട്. അവരോട് തേടലും ശിര്‍ക്കു തന്നെയാണ്. ഇതൊക്കെ ഖുര്‍ആന്‍ കൊണ്ടും സുന്നത്തുകള്‍ കൊണ്ടും ഇതു രണ്ടും പ്രമാണമാക്കി ജീവിച്ച സലഫുസ്സ്വാലിഹുകളുടെ പ്രസ്താവനകള്‍ കൊണ്ടും വ്യക്തമായി സ്ഥിരപ്പെട്ട സത്യമാണ്. പക്ഷെ, അമ്പിയാ ഔലിയാക്കളെക്കൊണ്ട് ഭൗതിക നേട്ടം കൊയ്യുന്നവര്‍ ഈ സത്യത്തെ എതിര്‍ക്കുകയാണ്.