പ്രതീക്ഷയുടെ രഥത്തിലേറി സാറ
സാറ ബിന്‍ത് യൂസുഫ് അല്‍ അമീരിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന ഉരുക്കു വനിത. 35 വയസില്‍ താഴെ മാത്രമാണ് പ്രായം. ചൊവ്വയിലേക്ക് യാത്രചെയ്ത് ആദ്യ അവസരത്തില്‍ തന്നെ അവിടെയെത്തിയ അറബ് ലോകത്തെ പ്രതീക്ഷയുടെ ഐക്കണ്‍. യു എ ഇ മന്ത്രിസഭയിലെ നൂതന ശാസ്ത്ര സഹമന്ത്രി. എമിറേറ്റ്‌സ് കൗണ്‍സില്‍ ഓഫ് സയന്റിസ്റ്റ്‌സിന്റെ പ്രസിഡന്റും എമിറേറ്റ്‌സ് മിഷന്‍ ടു മാര്‍സ് പ്രോജക്റ്റിന്റെ ഡെപ്യൂട്ടി ഡയറക്ടറുമാണീ യുവതി. ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രോഗ്രാമിങില്‍ ഡിഗ്രി നേടിയ അപൂര്‍വ്വം സ്ത്രീകളിലൊരാള്‍. ബി ബി സി യുടെ ‘100 ദ ബെസ്റ്റി’ല്‍ കഴിഞ്ഞ വര്‍ഷം ഇടം നേടിയ പ്രതിഭ. റാശിദ് ബിന്‍ മുഹമ്മദ് ബഹിരാകാശ കേന്ദ്രത്തിലെ ബഹിരാകാശ ശാസ്ത്രജ്ഞയായും അഡ്വാന്‍സ്ഡ് ഏരിയല്‍ സിസ്റ്റംസ് പ്രോഗ്രാം ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ശാസ്ത്രീയ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും പ്രതിഭകളെ കണ്ടെത്തിയും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ബൗദ്ധിക നേതൃത്വം നല്കിയും ചൊവ്വയോളം രാജ്യത്തെ എത്തിച്ച അത്ഭുത വനിതയായി മാറിയിരിക്കുന്നു സാറ ബിന്‍ത് യൂസുഫ് അല്‍ അമീരി.