21 Saturday
December 2024
2024 December 21
1446 Joumada II 19

ഇബാദത്തും ദുര്‍വ്യാഖ്യാനവും

പി കെ മൊയ്തീന്‍ സുല്ലമി

യുക്തിവാദികളായിരുന്നാലും ശിര്‍ക്കിനെയും കുഫ്‌റിനെയും വെള്ളപൂശി ഭൗതികമായ മുതലെടുപ്പുകള്‍ നടത്തുന്ന യാഥാസ്ഥിതികരായിരുന്നാലും തങ്ങളുടെ വിതണ്ഡവാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ അവരെല്ലാം പ്രയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു അടവു നയമാണ് സത്യത്തെ അസത്യമായും അസത്യത്തെ സത്യവുമായും കൂട്ടിക്കലര്‍ത്തുകയെന്നത്. അതിനുദാഹരണങ്ങളാണ് മൗലീദ് കിതാബുകള്‍. മൗലിദു കിതാബുകള്‍ ഗദ്യമായും പദ്യമായും ഉദ്ധരിക്കപ്പെട്ടിട്ടുള്ളവയില്‍ തൊണ്ണൂറു ശതമാനവും അബദ്ധങ്ങളായിരിക്കും. ഇത്തരം അബദ്ധങ്ങള്‍ക്ക് മാര്‍ക്കറ്റ് ലഭിക്കാന്‍ വേണ്ടിയാണ് മൗലിദുകിതാബുകളില്‍ ഇടക്കിടെ ചില ഖുര്‍ആന്‍ വചനങ്ങള്‍ നിരത്തിവെക്കുന്നത്.
അല്ലാഹു പറയുന്നു: ”നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴയ്ക്കരുത്. അറിഞ്ഞുകൊണ്ട് സത്യം, മറച്ചുവെക്കുകയും ചെയ്യരുത്” (അല്‍ബഖറ 42). ഇതേ നയം തന്നെയാണ് കേരളത്തിലെ ~ഒരു പറ്റം പണ്ഡിത്മാരും അവരോട് കൂറു പുലര്‍ത്തുന്ന യാഥാസ്ഥിതിക വിഭാഗങ്ങളും ഇബാദത്ത് എന്ന പദത്തോട് കൈക്കൊണ്ടിരിക്കുന്ന നയവും. ഇബാദത്ത് എന്ന പദത്തിന്റെ സാങ്കേതികമായ അര്‍ഥം ‘ആരാധന’ എന്നാണ്. ആരാധനക്ക് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും കൊടുത്ത വ്യാഖ്യാനം ‘ഒരു വസ്തുവിന് മുമ്പില്‍ അങ്ങേയറ്റത്തെ വിനയവും താഴ്മയും ബഹുമാനവും കാണിക്കുക’ എന്നതാണ്.
എന്നാല്‍ നബി(സ) പഠിപ്പിച്ചതും അതേ ആശയം തന്നെയാണ്. അഥവാ ഒരു വസ്തുവിന്റെ മുന്നില്‍ കാണിക്കുന്ന അങ്ങേയറ്റത്തെ വിനയത്തിന്റെയും താഴ്മയുടെയും ബഹുമാനത്തിന്റെയും പ്രതിരൂപമാണ് പ്രാര്‍ഥന. നബി(സ) പറയുന്നു: ”പ്രാര്‍ഥന അതു തന്നെയാണ് ആരാധന” (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്)
അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഒരു ഇബാദത്താണ് പ്രാര്‍ഥന. അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന ശിര്‍ക്കാണെന്നും കുഫ്‌റാണെന്നും വഴികേടാണെന്നും വിശുദ്ധ ഖുര്‍ആന്‍ സംശയരഹിതമായി അടിക്കടി ഉണര്‍ത്തിയിട്ടുണ്ട്. ”അല്ലാഹു പറയുന്നു: നബിയേ പറയുക: ഞാന്‍ എന്റെ റബ്ബിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.” (ജിന്ന് 20)
സമസ്തക്കാരും മറ്റു യാഥാസ്ഥിതികരും അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്യുന്നവരാണ്. അതിന് സമസ്തക്കാര്‍ പറയുന്ന ന്യായം, ഞങ്ങള്‍ ചോദിക്കുന്നത് അല്ലാഹു അവര്‍ക്ക് നല്കിയ കഴിവില്‍ നിന്നാണ് എന്നാണ്.
നവയാഥാസ്ഥിതികരുടെ ന്യായം അദൃശ്യശക്തികളായ മലക്കുകളും ജിന്നുകളും ഭൗതികജീവികളാണ്. അവര്‍ക്ക് അല്ലാഹു നല്‍കിയ കഴിവുകളില്‍ നിന്ന് ചോദിക്കുന്നതിന്ന് വിരോധമില്ല. അവര്‍ ഇപ്രകാരം എഴുതി വിട്ട പല പുസ്തകങ്ങളുമുണ്ട്. ഇവിടെ നമ്മുടെ വിഷയം സമസ്തക്കാര്‍ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട പ്രാര്‍ഥന എന്ന ഇബാദത്ത് അല്ലാഹു അല്ലാത്തവര്‍ക്കും ആകാം, അത് അനുവദനീയമാണ്, എന്നതിന്ന് അവര്‍ നിരത്തുന്ന സത്യവും അസത്യവും കലര്‍ന്ന ന്യായമല്ലാത്ത വാദങ്ങളാണ്. പ്രസ്തുത ചോദ്യത്തിന് ഒരു മുസ്‌ലിം പണ്ഡിതന്റെ മറുപടി ശ്രദ്ധിക്കുക:
”ആരോട് എപ്പോള്‍ എന്ത് സഹായം തേടിയാലും അത് അവര്‍ക്കുള്ള ആരാധനയല്ല. അതിനാല്‍ അത് ശിര്‍ക്കുമല്ല” (ഫതാവാ മുഹ്‌യിസ്സുന്ന, പേജ് 377). ഇവിടെ ചോദ്യം മരിച്ചുപോയവരെ വിളിച്ചു സഹായം തേടുന്നതിനെ സംബന്ധിച്ചാണ്. അതു തന്നെയാണല്ലോ പ്രാര്‍ഥന. അതിനുള്ള ഉത്തരമാണ് പൊന്മള മുസ്‌ലിയാര്‍ രേഖപ്പെടുത്തിയത്. ഇബാദത്തിന്റെ (പ്രാര്‍ഥനയുടെ) വിഷയത്തില്‍ സമസ്തക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുര്‍വ്യാഖ്യാനങ്ങളും കള്ളത്തരങ്ങളും താഴെ വരുന്നു.
അവ ശ്രദ്ധിക്കുക: ‘ദുആഅ്’ എന്ന പദം ആരാധനയാകുന്നതും അനുവദനീയമായ നിലയിലും ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അഥവാ ഭൗതികമായ വിളിക്കും ആത്മീയമായ (പ്രാര്‍ഥന എന്ന നിലയില്‍) വിളിക്കും വിശുദ്ധ ഖുര്‍ആനില്‍ ‘ദുആഅ്’ എന്ന പദം വന്നിട്ടുണ്ട്. അത് ശ്രദ്ധിക്കുക. ‘നൂഹ് നബി(അ) പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു’ (നൂഹ് 5). ഇവിടെ നൂഹ് നബി(അ) പറഞ്ഞ വിളി ഭൗതികമായ ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയെന്നതാണ്. ഇനി മറ്റൊരു വിളി ശ്രദ്ധിക്കുക: ‘അപ്പോള്‍ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ഥിച്ചു’ (ഖമര്‍ 10).
ഇവിടെ രണ്ടു സ്ഥലങ്ങളിലും ‘ദആ’ എന്ന പ്രയോഗമാണ് വന്നത്. പക്ഷെ വ്യത്യാസമുണ്ട്. ഒന്ന്: ഭൗതികമായ വിളിയാണ്. മറ്റൊന്ന്, പ്രാര്‍ഥനയാകുന്ന വിളിയാണ്. സമസ്തക്കാര്‍ ഇവിടെ നടത്തി വരാറുള്ള തട്ടിപ്പ് എല്ലാ ‘ദുആ’ യും ഇബാദത്തല്ല എന്ന് പറഞ്ഞു കൊണ്ടാണ്. കാരണം നൂഹ്(അ) ജനങ്ങളെ വിളിച്ചു എന്ന് ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അവിടെ പറഞ്ഞതും ‘ദആ’ എന്നാണ്. നൂഹ്(അ) മുശ്‌രിക്കാണോ? എന്തൊരു തട്ടിപ്പ്! ഭൗതികമായ വിളിയും ആത്മീയമായ (പ്രാര്‍ഥനയും) കൂട്ടിക്കലര്‍ത്തി ജനങ്ങളെ ശിര്‍ക്കില്‍ അകപ്പെടുത്തുകയെന്ന അല്ലാഹു പൊറുക്കാത്ത കൊടും പാതകമാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുപോലെ തന്നെയാണ് ‘ഇസ്തിഗാസ’യും.
ആപല്‍ഘട്ടത്തിലുള്ള സഹായ തേട്ടത്തിന്നാണ് ‘ഇസ്തിഗാസ’ എന്ന് സാങ്കേതികമായി പറഞ്ഞുവരുന്നത്. അത് ഭൗതികമായി അനുവദീക്കപ്പെട്ടതും പ്രാര്‍ഥനയായി വരുന്നതും ഉണ്ട്. ‘അല്ലാഹു അരുളി: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയ സന്ദര്‍ഭം’ (അന്‍ഫാന്‍ 9). അല്ലാഹുവോടുള്ള ഇസ്തിഗാസ (സഹായതേട്ടം) പ്രാര്‍ഥനയാണ്. അത് അല്ലാഹുവോട് മാത്രമേ പാടുള്ളൂ. മൂസാ നബി(അ)യുടെ അനുയായികളില്‍ പെട്ട ഒരു വ്യക്തി തന്റെ ശത്രുവിനെതിരില്‍ മൂസാ(അ)യോട് സഹായം തേടിയതായി ഖുര്‍ആനില്‍ വന്നിട്ടുണ്ട്.
അത് ഭൗതികമായ സഹായ തേട്ടമാണ്. അല്ലാഹു അരുളി: ”അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രു വിഭാഗത്തില്‍ പെട്ടവനെതിരില്‍ അദ്ദേഹത്തോട് സഹായം തേടി” (ഖസ്വസ്വ് 15). ഇവിടെയും സമസ്തക്കാര്‍ ദുര്‍വ്യാഖ്യാനം നടത്താറുള്ളത് എല്ലാ ഇസ്തിഗാസയും ഇബാദത്തല്ല. അങ്ങനെയെങ്കില്‍ മൂസാനബി(അ) മുശ്‌രിക്കാണോ എന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കാറുള്ളത്. അഥവാ അല്ലാഹു അനുവദിച്ച ഇസ്തിഗാസയും നിരോധിച്ച ഇസ്തിഗാസയും ഉണ്ട്. അതു മറച്ചുവെച്ച് അവര്‍ പാമരന്മാരെ ആശയക്കുഴപ്പത്തിലാക്കി വഞ്ചിക്കുകയാണ്. സാധാരണയായി അല്ലാഹുവോട് നാം പ്രാര്‍ഥന എന്ന നിലയില്‍ നടത്തി വരാറുള്ള സഹായ തേട്ടത്തിന് ‘ഇസ്തിആനത്ത്’ എന്ന് പറയും.
അല്ലാഹു അരുളി: ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു’ (ഫാതിഹ: 5). ഭൗതികമായ സഹായ തേട്ടത്തിനും ഇസ്തിആനത്ത് എന്നു പറയും. അല്ലാഹു അരുളി: ”പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ പരസ്പരം സഹായിക്കുക” (മാഇദ 2).
ഇതിനെ അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കാറുള്ളത് സൃഷ്ടികളോട് സഹായം തേടല്‍ ശിര്‍ക്കാണെങ്കില്‍ സൂറത്തുല്‍ മാഇദയില്‍ സൃഷ്ടികളെ സഹായിക്കാന്‍ അല്ലാഹു മറ്റുള്ള മനുഷ്യരോട് കല്പിക്കുമോ? ‘ഇവിടെ അല്ലാഹു നിരോധിച്ച സഹായ തേട്ടം ആരാധനയാകുന്ന സഹായ തേട്ടമാണ്. മലക്കുകള്‍, ജിന്നുകള്‍, മരണപ്പെട്ടവര്‍, വിഗ്രഹങ്ങള്‍, ആള്‍ദൈവങ്ങള്‍ എന്നിവകളെല്ലാം ഈ വകുപ്പില്‍ ഉള്‍പ്പെടുന്നതാണ്. മനുഷ്യന് അല്ലാഹു ചില കഴിവുകള്‍ കൊടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പരസ്പരം സഹായം തേടാം സഹായിക്കാം. എന്നാല്‍ മനുഷ്യകഴിവില്‍ പെടാത്ത കാര്യങ്ങള്‍ സൃഷ്ടികളോട് (ജീവിച്ചിരിക്കുന്ന) തേടലും ശിര്‍ക്ക് തന്നെയാണ്. സഹായം ഉദ്ദേശിച്ചുകൊണ്ടുള്ള വിളിക്ക് ‘നിദാഅ്’ എന്നാണ് പറയുക. അത് അനുവദിക്കപ്പെട്ടതും അല്ലാത്തതും ഉണ്ട്. സകരിയ്യാ നബി(അ)യെക്കുറിച്ച് അല്ലാഹു അരുളിയതു ശ്രദ്ധിക്കുക: ”അദ്ദേഹം തന്റെ റബ്ബിനെ പതുക്കെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം” (മര്‍യം 3).
‘നിദാഅ്’ ഭൗതികമായും വരും. അത് ശ്രദ്ധിക്കുക: ‘നൂഹ്(അ)ന്റെ മകനെ വിളിച്ചു’ (ഹൂദ് 42). ഇവിടെയും സമസ്തക്കാര്‍ തെറ്റിദ്ധരിപ്പിക്കാറുള്ളത് ഇപ്രകാരമാണ്: എല്ലാ ‘നിദാഉം’ (വിളി) ശിര്‍ക്കല്ല. അങ്ങനെയെങ്കില്‍ മകനെ വിളിച്ച നൂഹ് നബി(അ) മുശ്‌രിക്കായിത്തീരും. ആരാധനയായി വരുന്ന ‘നിദ’ (വിളി) ഇബാദത്താണ് എന്ന് വസ്തുത ഇവര്‍ മറച്ചുവെക്കുന്നു. അതുപോലെ പാപ മോചനത്തിന് സാങ്കേതികമായി പറയുന്ന പേരാണ് ‘ഇസ്തിഗ്ഫാര്‍’ എന്നത്. അല്ലാഹു അല്ലാത്തവരോട് പാപമോചനം തേടല്‍ ശിര്‍ക്കാണ്.
എന്നാല്‍ സൂറത്തുന്നിസാഇലെ 64-ാം വചനം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടും അതിനോടൊപ്പം ‘അതബി’ എന്ന് പറയപ്പെടുന്ന ഒരു വ്യക്തിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന വ്യാജമായ കഥ ഉദ്ധരിച്ചുകൊണ്ടുമാണ് അല്ലാഹു അല്ലാത്ത അമ്പിയാ ഔലിയാക്കളോട് പാപമോചനം തേടാം എന്ന് സമസ്തക്കാര്‍ സമര്‍ഥിക്കാറുള്ളത്. മൗലിദു കിതാബുകളില്‍ ഒരുപാട് വ്യക്തികള്‍ പാപങ്ങള്‍ പൊറുക്കുന്നവരായി ദര്‍ശിക്കാന്‍ കഴിയും. യഥാര്‍ഥത്തില്‍ അല്ലാഹു അല്ലാത്ത ശക്തികള്‍ പാപം പൊറുക്കും എന്ന് വിശ്വസിക്കുന്നതും അവരോട് പാപമോചനം തേടുന്നതും ശിര്‍ക്കാണ്.
അല്ലാഹു അരുളി: ”പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹു അല്ലാതെ ആരാണുള്ളത്?” (ആലുഇംറാന്‍ 135). ഓരോ കാര്യവും എങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്യണം എന്ന് കൃത്യമായി പഠിച്ചവരാണ് സമസ്തക്കാര്‍. അവരുടെ കോളേജുകളിലും ദര്‍സുകളിലും കാര്യമായി പഠിപ്പിക്കപ്പെടുന്നതും ഇത്തരം ദുര്‍വ്യാഖ്യാനങ്ങളാണ്. അതുപോലെ ‘ഇസ്തിആദത്ത്’ ഇബാദത്തായും അല്ലാതെയും വരും ‘ഇസ്തിആദത്ത്’ എന്നതിന്റെ അര്‍ഥം ‘ശരണം തേടല്‍, രക്ഷ തേടല്‍ എന്നൊക്കെയാണ്. അതും ആരാധനയില്‍ പെട്ടതായയതിനാല്‍ അല്ലാഹു അല്ലാത്ത അദൃശ്യ ശക്തികളോട് ഇസ്തിആദത്ത് നടത്തല്‍ ശിര്‍ക്കാണ്. അല്ലാഹു അരുളി: ”പറയുക: പ്രഭാതത്തിന്റെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു” (ഫലഖ് 1).
ദുര്‍വ്യാഖ്യാനത്തിന്ന് സമസ്തയിലെ പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വചനങ്ങളൊന്നും തരപ്പെടുന്നില്ലെങ്കില്‍ പിന്നീട് ശ്രമിക്കാറുള്ളത് ഹദീസുകളെ ദുര്‍വ്യാഖ്യാനിക്കാനാണ്. ശരണം തേടുന്ന വിഷയത്തില്‍ നമുക്കത് ദര്‍ശിക്കാന്‍ സാധിക്കും. അതിപ്രകാരമാണ്. ”അബൂമസ്ഊദ്(റ) തന്റെ അടിമയെ ശക്തമായി അടിച്ചപ്പോള്‍ അടിമ ഇപ്രകാരം പറയുകയുണ്ടായി ‘ഞാന്‍ അല്ലാഹുവോട് ശരണം തേടുന്നു’ എന്നിട്ടും അദ്ദേഹം അടി നിര്‍ത്തിയില്ല. അപ്പോഴാണ് നബി(സ) അവിടെ ചെല്ലുന്നത്.
നബി(സ)യെ കണ്ട അദ്ദേഹം ഇപ്രകാരം പറഞ്ഞു: ഞാന്‍ അല്ലാഹുന്റെ റസൂലില്‍ ശരണം തേടുന്നു. അതോടെ അബൂമസ്ഊദ്(റ)ന്റെ കൈയില്‍ നിന്ന് വടി താഴെ വീണു” (മുസ്‌ലിം). ഇവിടെ അല്ലാഹുവോട് ശരണം തേടിയത് അദൃശ്യമായ നിലയില്‍ അല്ലാഹു സഹായിക്കും എന്ന പ്രതീക്ഷയിലാണ്. നബി(സ)യോട് ശരണം തേടിയത് നബി(സ)യെ കണ്ടുകൊണ്ടും ദൃശ്യമായ നിലയിലുമാണ്. പക്ഷെ, സമസ്തക്കാര്‍ രണ്ടും തുല്യമാക്കി. അമ്പിയാ ഔലിയാക്കളോടും അവര്‍ മരണപ്പെട്ടവരായിരുന്നാലും ജീവിച്ചിരിക്കുന്നവരായിരുന്നാലും അവരോടൊക്കെ സഹായവും ശരണവും തേടാം എന്ന നിലയിലാണ് അവരുടെ ദുര്‍വ്യാഖ്യാനങ്ങള്‍.

Back to Top