3 Wednesday
December 2025
2025 December 3
1447 Joumada II 12

ആരാണ് യഥാര്‍ഥ ശക്തന്‍ ?

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) യില്‍ നിന്ന്: നബി(സ) പറഞ്ഞിരിക്കുന്നു. മല്‍പിടുത്തത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപമുണ്ടാവുമ്പോള്‍ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തുന്നവനാണ് യഥാര്‍ഥ ശക്തന്‍. (ബുഖാരി, മുസ്‌ലിം)

ശക്തി കാണിക്കാനുള്ള പ്രഥമ ഉപാധിയായാണ് മല്‍പിടുത്തം കണക്കാക്കിവരുന്നത്. ദ്വന്ദയുദ്ധം നടത്തി അതില്‍ വിജയിക്കുന്നവനെ കരുത്തുള്ളവനായി കണക്കാക്കുകയാണ് പതിവ്. ശരീരത്തിന്റെ ശേഷിയും ആരോഗ്യവും ആകാരവടിവുമെല്ലാം ആശ്രയിച്ചാണിവിടെ ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുക. നിരന്തരമായ പരിശീലനത്തിലൂടെയും കഠിനമായ അധ്വാനത്തിലൂടെയും നേടിയെടുക്കാവുന്ന ഒന്നാണ് ഈ ശക്തി.
എന്നാല്‍ ഗുസ്തി കാണിച്ച് മറ്റുള്ളവരെ കീഴ്‌പ്പെടുത്തുകയല്ല യഥാര്‍ഥ ശക്തിയുടെ അടയാളമെന്നാണ് ഈ വചനത്തിലൂടെ നബി(സ) പഠിപ്പിക്കുന്നത്. മറിച്ച്, ശരീരത്തിന്റെ മുഴുവന്‍ അവയവങ്ങളെയും ചലിപ്പിക്കാന്‍ പ്രേരണ നല്‍കുന്ന മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുക എന്നതാണ് യഥാര്‍ഥ ബലം.
കോപം പൈശാചികമാണ്. ഒരാള്‍ കുപിതനായാല്‍ പിന്നെ എന്താണ് പറയുന്നതെന്നോ ആരോടാണ് പറയുന്നതെന്നോ ആലോചിക്കാതെ ഭ്രാന്തമായ ഒരവസ്ഥയിലാണയാള്‍ എത്തിച്ചേരുക. അതുകൊണ്ടായിരിക്കാം പഠിക്കാന്‍ സൗകര്യമാവുന്ന കുറഞ്ഞ വാക്കുകളില്‍ ഉപദേശം നല്‍കണമെന്നാവശ്യപ്പെട്ട സ്വഹാബിയോട് ‘നീ കോപിക്കരുത്’ എന്ന് നബി തിരുമേനി(സ) പറഞ്ഞത്. പലതവണ ചോദ്യം ആവര്‍ത്തിച്ചപ്പോഴും ഒരേ മറുപടി തന്നെ നല്‍കിയതില്‍ നിന്ന് കുപിതനാവാതിരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാവുന്നു. സ്വര്‍ഗാവകാശികളായ സല്‍ക്കര്‍മ്മകാരികളുടെ ലക്ഷണമായിട്ടാണ് കോപം ഒതുക്കിവെക്കുന്നതിനെ (3:134) വിശുദ്ധ ഖുര്‍ആന്‍ എടുത്തുപറയുന്നത്.
കോപം ഒന്നിനും പരിഹാരമല്ല. മറിച്ച്, ഒരുപാട് പ്രശ്‌നങ്ങളിലും കുറ്റകൃത്യങ്ങളിലും ചെന്നുചാടാനുള്ള വഴിയാണത്. ആളും തരവും നോക്കാതെ വാക്കുകള്‍ ഉപയോഗിക്കുകയും ദോഷങ്ങള്‍ പ്രവര്‍ത്തിക്കുകയും അവസാനം അതോര്‍ത്ത് ഖേദിക്കേണ്ടിവരികയും ചെയ്യുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ പിശാച് മനസ്സില്‍ കോപമെന്ന വികാരം ഇളക്കി വിടുമ്പോള്‍ അല്ലാഹുവില്‍ ശരണം തേടിക്കൊണ്ട് പൈശാചികതയില്‍ നിന്ന് മാറിനില്ക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്.
ഏത് വിധേനയും കോപം ശമിപ്പിക്കാനുള്ള മാര്‍ഗമാരായണമെന്നത്രെ നബിതിരുമേനി(സ)യുടെ ഉപദേശം. കുപിതനാവുന്ന സമയത്ത് നില്ക്കുകയാണെങ്കില്‍ ഇരിക്കാന്‍ കല്പിച്ചത് മനസ്സിനാശ്വാസമുണ്ടാവാനും മനസ്സൊന്ന് തണുക്കുവാനുമാണ്. ഇരിക്കുമ്പോഴാണ് കോപം വരുന്നതെങ്കില്‍ കിടക്കുന്നത് മറ്റു ചലനങ്ങളില്ലാതെ കോപം ശമിക്കാന്‍ വഴിയൊരുക്കും. ശരീരം തണുക്കുവാനും മനസ്സിലെ തീ കെടുത്തുവാനും പര്യപ്തമാകുമാറ് വൂദു ചെയ്യുന്നതും കോപത്തെ ശമിപ്പിക്കുവാനുള്ള മാര്‍ഗത്രെ.
ഗുസ്തിയിലൂടെ നമുക്ക് ജയിക്കാന്‍ കഴിയുക മത്സരക്കളരിയിലുള്ള ഏതാനും പേരെയാണ്. എന്നാല്‍ മനസ്സിനെ നിയന്ത്രിച്ച് നിര്‍ ത്തി കോപം ഒതുക്കിവെക്കാന്‍ ശ്രമിക്കുന്നതിലൂടെ മുഴുവന്‍ മനുഷ്യരെയും ജയിച്ചടക്കാന്‍ സാധിക്കുമെന്നത്രെ ഈ ഹദീസിന്റെ പാഠം.

Back to Top