23 Monday
December 2024
2024 December 23
1446 Joumada II 21

ജുമുഅ ഖുത്ബയും സാമൂഹിക പ്രശ്‌നങ്ങളും

അബ്ദുല്‍അലി മദനി


പൗരാണിക ശരീഅത്തുകളിലും ആധുനിക ജനസമുദായങ്ങളുടെ ജീവിതശൈലിയിലുമെല്ലാം തന്നെ അറിയപ്പെട്ട ആശയവിനിമയ മാധ്യമമാണ് പ്രസംഗം. അറേബ്യന്‍ ജാഹിലിയ്യത്തിലും പ്രസംഗം, കവിതാ രചന തുടങ്ങിയ ഗദ്യ പദ്യ സാഹിത്യ ശാഖകള്‍ മിക്കവാറും എല്ലാ സമുദായങ്ങളിലും പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നതായിട്ടാണ് ചരിത്രം വ്യക്തമാക്കിത്തരുന്നത്. ഇത്തരം കലകളെ പ്രവാചകന്‍ മുഹമ്മദ് നബി(സ) ചേര്‍ത്തുപിടിക്കുകയും അവക്ക് വേണ്ടത്ര വിശുദ്ധിയും പരിരക്ഷയും നല്കി ഇസ്‌ലാമിക പ്രബോധന സംരംഭങ്ങളെ ജീവസ്സുറ്റതാക്കുകയും ചെയ്തതായിട്ടാണ് കാണാനാവുക.
നബി(സ) ‘സ്വഫാ’ മലമുകളില്‍ കയറിനിന്ന് ‘നീ നിന്റെ ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്കുക’ (ശുഅറാ 214) എന്ന ദൈവിക കല്പന നിറവേറ്റാന്‍ ഒരുങ്ങിയേടം മുതല്‍ അവിടുത്തെ ചരിത്ര പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം വരെ ഒട്ടനവധി പ്രശസ്തവും പ്രൗഢോജ്വലങ്ങളുമായ പ്രസംഗങ്ങള്‍ നിര്‍വഹിച്ചതായി ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അതില്‍ പ്രസിദ്ധമായ ഒന്നാണ് മദീനയില്‍ നബി(സ)ക്ക് താങ്ങും തണലും ഇരിപ്പിടവുമെല്ലാം നല്കി സഹായിച്ച അന്‍സാറുകള്‍ക്കുണ്ടായ മന:ക്ലേശത്തെ നീക്കിയ അമാനുഷിക പ്രസംഗമെന്നറിയപ്പെട്ട ‘അല്‍ഖത്താബത്തുല്‍ മുഅ്ജിസ’യെന്നത്. അതിലെ ഒരു വാചകം ഇങ്ങനെയാണ്: ‘മനുഷ്യരെല്ലാം ഒരു താഴ്‌വരയിലും അന്‍സാറുകള്‍ തനിച്ച് മറ്റൊരു താഴ്‌വരയിലുമായാല്‍ ഞാന്‍ അന്‍സാറുകളോടൊപ്പമായിരിക്കുമെന്ന്’. ഇത് കേള്‍ക്കാനിടയായ അന്‍സാറുകള്‍ ഹര്‍ഷപുളകിതരായി നബിയോടൊപ്പം ചേര്‍ന്നുനില്ക്കുകയാണുണ്ടായത്.
വ്യക്തതയും ആശയസമ്പുഷ്ടതയും നിറഞ്ഞു നില്ക്കുന്നതായിരുന്നു പ്രവാചകന്റെ പ്രസംഗങ്ങളെല്ലാം. മുഖഭാവഭേദങ്ങളും ഗൗരവ ശബ്ദങ്ങളും ചിലപ്പോള്‍ പ്രേക്ഷകരെ ആവേശഭരിതരാക്കിയിരുന്നെങ്കില്‍ മറ്റു ചിലപ്പോള്‍ അത്യാകര്‍ഷണീയമായ സാന്ത്വന വാക്കുകളും കണ്‍കുളിര്‍പ്പിക്കുന്ന അനുഭൂതികളും അറിയിക്കുമ്പോള്‍ എന്തെന്നില്ലാത്തൊരു നിര്‍വൃതിയായിരുന്നു അവിടുത്ത സന്തത സഹചാരികള്‍ക്കുണ്ടായിരുന്നത്.
അങ്ങനെ അന്യൂനവും പരിപൂര്‍ണവുമായൊരു ദൗത്യനിര്‍വാഹകനായി വിജയം വരിച്ച ശേഷമാണ് പ്രവാചക വിയോഗമുണ്ടായത്. തന്റെ കാലശേഷം ഉത്തമ നൂറ്റാണ്ടുകളിലെ ഖുലഫാഉര്‍റാശിദുകളും നേതാക്കളും ജേതാക്കളും പ്രവാചകന്റെ കാല്പാടുകള്‍ പിന്‍തുടര്‍ന്ന് പോന്നു. ഈ വിധം മതപരമായ വിഷയങ്ങള്‍ പഠിപ്പിക്കുന്ന പ്രഭാഷണങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ജുമുഅ ഖുതുബ അന്നു മുതല്‍ ഇന്നുവരെ ജീവസ്സുറ്റ പ്രബോധന മാര്‍ഗമായി തുടര്‍ന്നുവരികയാണ്.

ജുമുഅ ഖുത്ബയുടെ പ്രാധാന്യം
ഇതര പ്രസംഗങ്ങളെയപേക്ഷിച്ചു വെള്ളിയാഴ്ച ദിവസം പള്ളികളുടെ മിമ്പറുകളില്‍ നിര്‍വഹിക്കപ്പെടുന്ന ജുമുഅ ഖുത്ബകള്‍ നിരവധി സവിഷേതകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അത് ദൈവ സ്മരണ നിലനിര്‍ത്തപ്പെടുന്നതിനും ആരാധനകള്‍ നിര്‍വഹിക്കപ്പെടുന്നതിനും പ്രത്യേകമായി പടുത്തുയര്‍ത്തപ്പെട്ട പള്ളികളില്‍ വെച്ചായതിനാല്‍ മറ്റിതര സ്ഥലങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന പ്രസംഗങ്ങളേക്കാള്‍ പരിശുദ്ധിയും ആത്മീയതയും ദര്‍ശിക്കാനാകും. അല്ലാഹുവെ മാത്രം വാഴ്ത്താനും പ്രകീര്‍ത്തിക്കാനും ആരാധിക്കാനുമായി ഭൂമിയില്‍ പണിതുയര്‍ത്തിയ ഭവനങ്ങളെന്ന നിലയില്‍ അവിടെ മതചിഹ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ആരാധനകള്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അവിടെ സന്നിഹിതരാകുന്ന ജനസഹസ്രങ്ങളുടെ മനസ്സുകളില്‍ അവിടെനിന്ന് നല്കുന്ന സദുപദേശ നിര്‍ദേശങ്ങള്‍ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്യുമെന്നതില്‍ സംശയിക്കാനില്ല. പള്ളികള്‍ ഇസ്‌ലാമിക പൈതൃകങ്ങള്‍ പുനര്‍ജീവിപ്പിക്കാനും ദൈവിക മാഹാത്മ്യം സ്വാംശീകരിപ്പിക്കാനുമുള്ള കേന്ദ്രങ്ങളായതില്‍ അത്ഭുതപ്പെടാനുമില്ല. സത്യമതത്തിലേക്കും അതിന്റെ അടിസ്ഥാന സ്രോതസ്സുകളിലേക്കും വഴികാട്ടുന്ന സന്മാര്‍ഗ ദര്‍ശിനിയായി തലയുയര്‍ത്തി നില്ക്കുന്ന പള്ളികളെ വിശ്വാസികള്‍ അളവറ്റ ആദരവോടെയാണല്ലോ കാണുന്നത്.
പഠിക്കാനും പരിശോധിക്കാനും ആശയ വിനിമയത്തിന്നും പാരായണങ്ങള്‍ക്കും വിശ്വാസികള്‍ക്ക് സാധ്യമാകുന്ന ജുമുഅ നമസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണല്ലോ ഖുതുബ. ജുമുഅ നമസ്‌കാരത്തെ ഇതര നമസ്‌കാരങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നതും പ്രാധാന്യമുള്ളതാക്കുന്നതും ജുമുഅ ഖുതുബയാണ്. അതിനാലാണ് നമസ്‌കാരത്തിനായി വന്നുചേരുന്നതുപോലെത്തന്നെ ഖുതുബ കേള്‍ക്കാനും എത്തിച്ചേരണമെന്ന ആശയത്തെ ഖുര്‍ആന്‍ ഉന്നതമാക്കുന്നത്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ! വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെക്കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍” (വി.ഖു 62:9). ഈ സൂക്തത്തില്‍ വ്യക്തികള്‍ക്ക് ബാധ്യതയുള്ളപോലെത്തന്നെ സമൂഹത്തിന്റെ കടമയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് അല്ലാഹു കാര്യം വിശദമാക്കിത്തരുന്നത്. സമൂഹത്തിലെ എല്ലാ തട്ടുകളിലുമുള്ള വ്യക്തികളുമൊന്നിച്ച് ഒരു നിശ്ചിത സമയത്ത് നിര്‍ണിത സ്ഥലത്ത് ഒരുമിച്ചു കൂട്ടുക വഴി അല്ലാഹുവോടുള്ള വിധേയത്വം ഒരേ സമയം ഓര്‍ത്തെടുക്കുന്നതോടൊപ്പം അഹംഭാവവും പരസ്പരം പെരുമ നടിക്കലും ഇല്ലാതാക്കാനും അതുവഴി സാധ്യമാകുന്നു. ജീവിതരംഗത്ത് തന്നേക്കാള്‍ ശക്തനായ ഒരാള്‍ അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുന്നത് കാണാനിടയാകുന്ന ദുര്‍ബലനും തന്നേക്കാള്‍ കഴിവു കുറഞ്ഞവന്‍ അതേ സുജൂദ് തന്നെ നിര്‍വഹിക്കുന്നത് കാണാനിടയാകുന്ന ഉന്നതനും അല്ലാഹുവിന്റെ മുന്നില്‍ സമന്മാരാണെന്ന ഒരുള്‍ബോധം വളര്‍ത്തിയെടുക്കുകയാണ് അതുവഴി ഇസ്‌ലാം ചെയ്യുന്നത്.

നല്ല ഖത്തീബ്
ഇസ്‌ലാമിക സംസ്‌കാരം പൂര്‍ണമായും നല്ലപോലെ കാത്തുസൂക്ഷിക്കുന്നവനായിരിക്കുക, വിവിധ വിജ്ഞാന ശാഖകളില്‍ അവഗാഹമുള്ളവനായിരിക്കുക, തന്റെ ദൗത്യം അനായാസേന നിറവേറ്റാന്‍ കഴിയത്തക്കവിധം ധാരാളം പഠിക്കുകയും വായിക്കുകയും ചെയ്യുന്നവനാകുക, ഇസ്‌ലാമും മറ്റിതര സംസ്‌കാരങ്ങളും തമ്മില്‍ തുലനം ചെയ്യാനും പ്രമാണങ്ങളുടെ പിന്‍ബലത്തോടെ ഇസ്‌ലാമിന്റെ മഹിമ ഉയര്‍ത്തിക്കാട്ടാനും കഴിവുള്ളവനാവുക തുടങ്ങിയ സവിശേഷതകള്‍ ഒത്തിണങ്ങിയവനായിരിക്കണം ഒരു നല്ല ഖത്തീബ്. കാരണം സാധാരണക്കാര്‍ക്ക് ഇസ്‌ലാമികാധ്യാപനങ്ങള്‍ നേര്‍ക്കുനേരെ മനസ്സിലാക്കിക്കൊടുക്കുകയെന്ന ചുമതല അദ്ദേഹത്തില്‍ നിക്ഷിപ്തമാണല്ലോ.
മാനവ ചരിത്രത്തിന്റെ ഗതി പരിശോധിച്ചാല്‍ പലപ്പോഴും വിവിധ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതായി നമുക്ക് അനുഭവപ്പെടും. ആയതിനാല്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലത്തോടെ പ്രശ്‌നങ്ങളെ തുലനം ചെയ്ത് അതിലെ ഗുണപാഠങ്ങള്‍ സദസ്യരെ ബോധ്യപ്പെടുത്താന്‍ ഖത്തീബിന് സാധിക്കണം. കഴിഞ്ഞ കാലയളവിലുണ്ടായത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ അവയെ വിലയിരുത്തിയ ശേഷം പഠനാര്‍ഹമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാവശ്യമായ ഉദ്‌ബോധനം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഖുതുബയുടെ യഥാര്‍ഥ ഫലം നേടാനാവില്ല. ഖുതുബയുടെ സമര്‍പ്പണശൈലിയും അതിന്റെ ഒരവിഭാജ്യ ഘടകമത്രെ. വരണ്ടുണങ്ങിയതും ജീവനില്ലാത്തതുമായ ശൈലിയാണ് ഖത്തീബ് സ്വീകരിച്ചതെങ്കില്‍ ഒരു നല്ല ഗുരുവിന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ഥിയുടെ അവസ്ഥക്കു പകരം മുഷിപ്പുളവാക്കുന്ന ഒരപരിചിതന്റെ മുന്നിലാണ് താനെന്ന മനോഭാവമാണ് കേള്‍വിക്കാരനുണ്ടാവുക. ഈ അവസ്ഥ മാറ്റിയെടുത്ത് അതിവിദഗ്ധനായ ഒരു ഭിഷഗ്വരന്റെ സവിധത്തില്‍ ചികിത്സ നിശ്ചയിക്കപ്പെട്ട സംതൃപ്തി അവിടെ വന്നുകൂടിയവര്‍ക്കൊക്കെയുണ്ടാവുകയും വേണം.
കുറഞ്ഞ സമയത്തിനിടയില്‍ പരിപൂര്‍ണമായ ഒരുക്കത്തോടെ സമൂഹത്തിന്റെ വിവിധ തട്ടുകളിലെ മുഴുവന്‍ മനുഷ്യരെയും മുന്നില്‍ കണ്ടുകൊണ്ട് വിശദമായി വിഷയം പഠിപ്പിക്കാന്‍ ഒരു ഖത്തീബിനു കഴിയണം. അതിന്നായി താന്‍ സമര്‍പ്പിക്കാനുദ്ദേശിക്കുന്ന വിഷയത്തിന്റെ ഉള്ളടക്കവും അതിലുണ്ടായിരിക്കേണ്ട ഖുര്‍ആനിക വചനങ്ങളും പ്രവാചകചര്യകളും മതത്തിന്റെ പൊതുവായ നിര്‍ദേശങ്ങളും നേരത്തെ ഹൃദയത്തില്‍ അടുക്കിവെച്ച് ഒരുക്കം കൂട്ടണം. അത്തരം ക്രോഡീകരണം ഒരു കടലാസില്‍ പകര്‍ത്താം. ഖുത്ബയുടെ ഉള്ളടക്കവും തുടക്കവും ഒടുക്കവും സമര്‍പ്പണ ശൈലിയും സാമാജികരുടെ അഭിരുചിയുമെല്ലാം തന്നെ കണക്കിലെടുക്കേണ്ടതുണ്ട്. മുന്നില്‍ വന്നിരിക്കുന്നവരെ മടുപ്പുളവാക്കും വിധം ദീര്‍ഘിപ്പിക്കുന്നതോ, തമാശ പറഞ്ഞ് ചിരിപ്പിച്ചാനന്ദിപ്പിക്കും വിധമോ, സാധാരണ ദിനപത്രങ്ങള്‍ വായിച്ചാല്‍ ലഭ്യമാകുന്ന അറിവുകളുടെ ആവര്‍ത്തനങ്ങളോ ആവരുത് ജുമുഅ ഖുത്ബ. പ്രവാചകന്‍(സ)യുടെ ഖുതുബകള്‍ ആശയ സമ്പുഷ്ടവും കാര്യഗൗരവം നിറഞ്ഞതും എല്ലാവരെയും സ്വാധീനിക്കുന്നതുമായിരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്ത് ബോധവല്ക്കരണം നടത്തലാണ് ഈ വിഷയത്തിലുള്ള നബിചര്യ.
ഒരു ഖുത്ബ ജനഹൃദയങ്ങളില്‍ ആഴത്തില്‍ കയറിച്ചെല്ലാന്‍ സഹായകമാവുന്ന ഏറ്റവും സുപ്രധാനമായ ഘടകമാണ് ഖത്തീബിന്റെ പെരുമാറ്റ രീതി. കാരണം സല്‍സ്വഭാവം, മാതൃകാ യോഗ്യമായ ജീവിതം, ഇസ്‌ലാമിക സംസ്‌കാരം എന്നിവ വേണ്ടത്രയില്ലാത്ത ഖത്തീബിന്റെ വാക്കുകള്‍ക്ക് ജനഹൃദയങ്ങളെ വശീകരിക്കാനാവില്ല. ഇസ്‌ലാം ഉയര്‍ത്തിക്കാട്ടുന്ന മഹനീയ ഗുണങ്ങള്‍ ഖത്തീബില്‍ ഉണ്ടായിരിക്കണമെന്ന് മാത്രമല്ല, ക്രയവിക്രയങ്ങളില്‍ കൃത്യവിലോപം കാണിക്കുന്നവനോ മനുഷ്യസംസ്‌കാരത്തെ ഇകഴ്ത്തുന്നവനോ ആവരുത് ഖുത്ബ നിര്‍വഹിക്കുന്നവന്‍.

ഖുത്ബയുടെ വിജയം
ജുമുഅ ഖുത്ബ കൂടുതല്‍ ഫലപ്രദമാകാന്‍ സുപ്രധാനങ്ങളായ ചില ഘടകങ്ങള്‍ കൂടി ശ്രദ്ധിക്കാവുന്നതാണ്. 1. ഖതീബ് ഒരു നിര്‍ണിത വിഷയം തെരഞ്ഞെടുക്കുക. കാരണം പലതിനെക്കുറിച്ചും പ്രതിപാദിക്കുന്ന വിഷയങ്ങള്‍ കേള്‍ക്കുന്നവന്റെ മനസ്സില്‍ സ്വാധീനിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുണ്ടാകുക. ആയതിനാല്‍ തെരഞ്ഞെടുത്ത ഒരു വിഷയത്തെപ്പറ്റി അതിന്റെ രത്‌നച്ചുരുക്കം കുറഞ്ഞ വാക്കുകളില്‍ സമര്‍പ്പിക്കാന്‍ ഖതീബ് ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ കേള്‍വിക്കാരന്റെ മനസ്സില്‍ അത് ദിവസങ്ങളോളം തങ്ങിനില്ക്കും. പല കാര്യങ്ങളും അടുക്കും ചിട്ടയുമില്ലാതെ പ്രതിപാദ്യ വിഷയമാക്കുന്ന ഒരാള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറഞ്ഞ വാചകങ്ങളില്‍ ഖുത്ബയെ ഒതുക്കാനാവില്ല. 2. ധാരാളം ആശയങ്ങളും ചിന്തിക്കാന്‍ വകയുള്ളതുമായിരിക്കുക. കേട്ടിരിക്കുന്നവര്‍ക്ക് ആര്‍ത്തി തോന്നിക്കുംവിധം കണ്ണി മുറിയാതെ ഒരേ വിഷയത്തില്‍ ചിന്ത കേന്ദ്രീകരിപ്പിച്ചു നിരവധി പോയിന്റുകള്‍ സദസ്യര്‍ക്ക് സമ്മാനിക്കാന്‍ ഖത്തീബ് ശ്രമിക്കുകയാണെങ്കില്‍ കേള്‍ക്കുന്നവരില്‍ നല്ല ഫലമുളവാക്കും. 3. ചര്‍ച്ചാവിഷയങ്ങളിലേക്കെത്തുന്നതിനു മുമ്പ് അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുതകും വിധം നല്ലൊരു മുഖവുരയോടെ തുടങ്ങുകയും അതിന്റെ അവസാനത്തില്‍ പ്രസ്തുത വിഷയത്തില്‍ നിന്ന് ബന്ധം വിടാതെ അവസാനിപ്പിക്കുകയും ചെയ്യുക. 4. ഖത്തീബിന്റെ ഭാഷാ ശൈലിയും പ്രയോഗങ്ങളും വളരെയേറെ സ്ഫുടമായതും ഭാഷാപ്രയോഗങ്ങളുടെ സാധാരണ നിയമങ്ങള്‍ക്ക് വിധേയമായതുമായിരിക്കണം. അക്ഷരങ്ങള്‍ അതിന്റേതായ സ്ഥാനങ്ങളില്‍ നിന്ന് പുറത്തുയരുന്നതും സാമാജികന് എളുപ്പത്തില്‍ ഗ്രഹിക്കാനുതകുന്നതുമാകണം. ഖുത്ബ കേള്‍ക്കാനെത്തുന്ന മുഴുവന്‍ ജനങ്ങള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കത്തക്ക രീതിയില്‍ പദപ്രയോഗങ്ങളില്‍ മിതത്വം പാലിക്കണം. പ്രാസമൊപ്പിക്കാന്‍ പ്രയാസപ്പെട്ട് വാക്കുകള്‍ അന്വേഷിക്കുകയോ താഴ്ന്ന പദങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്. പദ പ്രയോഗങ്ങള്‍ വ്യംഗ്യമായതും ആശയവും അര്‍ഥവും നിഗൂഢമായതുമാകാന്‍ പാടില്ല. കാരണം ജുമുഅ ഖുത്ബ ഇസ്‌ലാമികാധ്യാപനങ്ങള്‍ പ്രബോധനം ചെയ്യുകയായതിനാല്‍ അത് വ്യക്തമായതും സംശയരഹിതമായതുമായിരിക്കേണ്ടതുണ്ട്.
ഭാവനാലോകത്ത് ചുറ്റിക്കറങ്ങുന്ന ഒരാളുടെ ചിന്താമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്ന വളരെ വിചിത്രമായൊരു ലോകം ഒരിക്കലും സാമാജികന്റെ മുന്നില്‍ അവതരിപ്പിക്കരുത്. തരം താഴ്ന്ന ഭാഷാപ്രയോഗങ്ങളും ശകാരങ്ങളും പ്രേക്ഷകരില്‍ വെറുപ്പുളവാക്കുകയാണ് ചെയ്യുന്നത്. കേള്‍ക്കുന്നവനില്‍ കുടികൊള്ളുന്ന ദുര്‍ഗുണത്തെപ്പറ്റിയാണ് ഖത്തീബ് ഓര്‍മിപ്പിക്കുന്നതെങ്കില്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ അതു സംബന്ധമായി എന്തു പറയുന്നു എന്നതല്ലാതെ ഖതീബ് എന്നെ മാത്രം ഉദ്ദേശിച്ചാണിത് പറയുന്നതെന്ന് ഊഹിക്കരുത്, ഇവിടെയാണ് ആളെ നോക്കരുത്. തെളിവ് നോക്കിയാല്‍ മതിയെന്ന തത്വം പ്രസക്തമാവുക. 5. ജുമുഅ ഖുത്ബ ഖുര്‍ആനും നബിചര്യകളും വേണ്ടത്ര ഉള്‍ക്കൊള്ളിച്ചവയാകണം. ദിനപത്രങ്ങള്‍, മറ്റിതര പ്രസിദ്ധീകരണങ്ങള്‍ നല്കുന്ന അറിവിനേക്കാള്‍ സദസ്സിലുള്ള ഖതീബില്‍ നിന്ന് പ്രതീക്ഷിക്കുന്നത് മതപരമായ അറിവുകളാണെന്ന ബോധം ഖത്തീബിനുണ്ടായേ മതിയാകൂ. ഗാനങ്ങളും കവിതകളും കഴിയുന്നത്ര കുറയ്ക്കുകയാണ് വേണ്ടത്. ഒരു കവി ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് കവിയുടെ പേരു പറയാതെ ഉദ്ധരിക്കുന്ന പതിവ് ചിലരിലെങ്കിലും കാണപ്പെടാറുണ്ട്. മാത്രമല്ല, കവികളുടെ ഭാഷ സാധാരണ പ്രയോഗങ്ങളില്‍ നിന്ന് വിഭിന്നവുമാണ്.
6. മനുഷ്യരുടെ പ്രവര്‍ത്തനഫലങ്ങളില്‍ ചിലത് ഇവിടെ വെച്ചുതന്നെ അനുഭവിക്കേണ്ടി വരുമെന്ന ബോധം സാമാജികര്‍ക്കുണ്ടാക്കാവുന്നതാണ്. ശാശ്വതമായ പരലോക ജീവിതത്തില്‍ എന്തായാലും പ്രവര്‍ത്തന ഫലങ്ങള്‍ അനുഭവിക്കാതിരിക്കില്ലെന്ന കാര്യം ബുദ്ധിപരമായും പ്രമാണങ്ങളുടെ വെളിച്ചത്തിലും അംഗീകരിപ്പിക്കണം. അതുവഴി മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ പ്രേരണയും പ്രതീക്ഷകള്‍ നന്നാക്കാന്‍ അവസരവും ലഭിക്കും. കൂടാതെ മനുഷ്യജീവിതത്തിന്റെ യഥാര്‍ഥ നിലയും വിലയും മനസ്സിലാക്കി വീണ്ടുവിചാരമുണ്ടാവുകയും ചെയ്യും. വ്യക്തിയോ, സമൂഹമോ, സമുദായമോ ആരായാലും ശരി എല്ലാറ്റിനും അനുയോജ്യമായ പ്രതിഫലം നിര്‍ണയിക്കപ്പെട്ടതാണെന്നത് ദൈവനിശ്ചയങ്ങളിലെ അലംഘനീയ തത്വമാണല്ലോ.

ഖുത്ബയും
സാമൂഹിക പ്രശ്‌നങ്ങളും

സമകാലിക സമൂഹം അഭിമുഖീകരിക്കുന്ന അതീവ സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും പ്രതിവിധിയും കണ്ടെത്താന്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയിക്കാനില്ല. ജുമുഅ ഖുത്ബയിലൂടെ സമൂഹത്തിന്റെ അത്തരം പ്രശ്‌നങ്ങള്‍ വിലയിരുത്തി പരിഹാരം നിര്‍ദേശിക്കാവുന്നതാണ്. എല്ലാ തട്ടുകളിലുമുള്ള മുസ്‌ലിംകള്‍ ഒരുമിച്ചു കൂടേണ്ട ഒരു സദസ്സാണല്ലോ ജുമുഅ. അത്തരമൊരു വേദി മറ്റൊരിക്കലും വന്നു ചേരില്ല. സമൂഹവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ജുമുഅ ഖുത്ബയിലേക്ക് വലിച്ചിഴക്കരുത്. അപ്രസക്തമായതോ സമൂഹം എന്നേക്കുമായി മറന്നുകളഞ്ഞതോ ആയ കാര്യങ്ങള്‍ ചര്‍വിത ചര്‍വണം ചെയ്യുന്നതില്‍ പ്രയോജനമൊന്നുമില്ല.
ഒട്ടനവധി ഭീതിജനകമായ അനുഭവങ്ങള്‍ താണ്ടിക്കടക്കുന്ന പരിഭ്രാന്തരായ സമൂഹത്തിന് രക്ഷാമാര്‍ഗവും പ്രതിരോധ ചിന്തകളുമാണ് നല്‌കേണ്ടത്. ജുമുഅ ഖുത്ബയിലൂടെ അവയുടെ ഇസ്‌ലാമിക മാനങ്ങള്‍ പ്രേക്ഷകരെ അറിയിക്കാവുന്നതാണ്.
വര്‍ഗീയ കലാപങ്ങള്‍, സാമൂഹികാസ്വാസ്ഥ്യങ്ങള്‍ മുതലായ ദുര്‍ഘട ഘട്ടങ്ങളില്‍ അമൂല്യമായ ഇസ്‌ലാമിക ദര്‍ശനങ്ങള്‍ മാനവ കുലത്തെ വിളിച്ചറിയിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരവസരമാണ് ജുമുഅ ഖുത്ബ. ആയതിനാല്‍ ഇസ്‌ലാമിക ദഅ്‌വത്തിനെ സജീവമാക്കാന്‍ സാധ്യമാകുന്ന ഒരു നല്ല ഖത്തീബിന് ഒട്ടേറെ ഉത്തരവാദിത്തമുണ്ടെന്നും ജുമുഅ ഖുത്ബയെന്ന അതി മഹത്തായ കര്‍മം ഇതിനെല്ലാമായി നിയമമാക്കിയതാണെന്നും മുസ്‌ലിം സമൂഹം ഒന്നടങ്കം അംഗീകരിച്ചേ മതിയാകൂ. മാനവരാശിയെ ഭയാനകമായ നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുകയെന്നതാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ മുഖ്യ ലക്ഷ്യം. അത് ജുമുഅ ഖുതുബയിലൂടെ പ്രാപിച്ചെടുക്കേണ്ടതുണ്ട്. നാഥന്‍ അനുഗ്രഹിക്കട്ടെ.

Back to Top