പല രാത്രികളില്‍ ഞാനും ആ ക്രൂരതക്ക് ഇരയായി
ബി ബി സി റിപ്പോര്‍ട്ട്/ വിവ. കെ പി മന്‍സൂര്‍ അലി
സിന്‍ജിയാങ്ങില്‍നിന്ന് കൂട്ട മാനഭംഗത്തിന്റെ
കരളലിയിക്കും കഥകള്‍
മഹാമാരി വന്നിട്ടില്ലാത്ത കാലമായിട്ടുപോലും മാസ്‌കണിഞ്ഞായിരുന്നു എപ്പോഴും പുരുഷന്‍മാരുടെ നില്‍പ് -കഥ പറഞ്ഞു തുടങ്ങുകയാണ് തുര്‍സുനെ സിയാവുദ്ദീന്‍. അവര്‍ എപ്പോഴും സ്യൂട്ടിലായിരിക്കും. പക്ഷേ, അത് പൊലീസ് യൂനിഫോം ആകില്ല. അര്‍ധരാത്രി കഴിഞ്ഞ് അവര്‍ സെല്ലുകളിലെത്തും. ഇഷ്ടമുള്ള വനിതകളെ തെരഞ്ഞാണ് വരവ്. ഇടനാഴി ഇറങ്ങി ബ്ലാക്‌റൂം എന്ന നിരീക്ഷണ ക്യാമറകളില്ലാത്ത മുറികളിലേക്കാണ് യാത്ര. പല രാത്രികളില്‍ താനും ആ ക്രൂരതക്ക് ഇരയായെന്ന് തുര്‍സുനെ സിയാവുദ്ദീന്‍. തന്റെ ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാനാവാത്ത മുറിവായി ഇത് എന്നും നിലനില്‍ക്കുമെന്ന് അവള്‍ പറയുന്നു. ഇത്രയും പറയാന്‍ പോലും തനിക്കിഷ്ടമില്ലെന്ന് തുര്‍സുനെ.
ചൈനയില്‍ സിന്‍ജിയാങ് പ്രവിശ്യയില്‍ സ്ഥാപിച്ച അതി നിഗൂഢവും പ്രവിശാലവുമായ തടവറകളിലൊന്നില്‍ നീണ്ട ഒമ്പതു മാസമാണ് തുര്‍സുനെ സിയാവുദ്ദീന് കഴിയേണ്ടിവന്നത്. സ്വതന്ത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറെ ദൂരത്തില്‍ പടര്‍ന്നുകിടക്കുന്ന ഈ കോണ്‍ക്രീറ്റ് ജയിലുകളില്‍ ദുരിതജീവിതം താണ്ടി 10 ലക്ഷത്തിലേറെ പുരുഷന്‍മാരും സ്ത്രീകളുമുണ്ട്. ഉയ്ഗൂറുകളുടെയും ഇതര ന്യൂനപക്ഷങ്ങളുടെയും പുനര്‍വിദ്യാഭ്യാസം മാത്രമാണ് ഇവയുടെ ലക്ഷ്യമെന്ന് ചൈന പറയുന്നു.
എന്നാല്‍, ഉയ്ഗൂറുകളുടെ മതപരവും അല്ലാത്തതുമായ എല്ലാ സ്വാതന്ത്ര്യവും ചൈന എന്നേ എടുത്തുകളഞ്ഞെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണ്ടെത്തല്‍. ആകെ അവശേഷിക്കുന്നത് കൂട്ട നിരീക്ഷണം, കമ്യൂണിസ്റ്റ് ബോധനം, നിര്‍ബന്ധിത വന്ധ്യംകരണം എന്നിങ്ങനെ ചിലതു മാത്രം.
2014-ല്‍ സിന്‍ജിയാങ്ങിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങാണ് പുതിയ നയത്തിന്റെ പിന്നില്‍. ഉയ്ഗൂര്‍ വിഘടനവാദികള്‍ നടത്തിയതെന്നു പറയുന്ന സ്‌ഫോടനമായിരുന്നു കാരണം. ‘ശകലം പോലും കാരുണ്യം അരുതെ’ന്നായിരുന്നു തൊട്ടുപിറകെ ഷിയുടെ നിര്‍ദേശമെന്ന് ന്യൂയോര്‍ക് ടൈംസിന് ചോര്‍ന്നുകിട്ടിയ രേഖകള്‍ പറയുന്നു. പിന്നീട് അവിടെ അരങ്ങേറിയത് വംശഹത്യയാണെന്ന് യു എസ് സര്‍ക്കാര്‍ പറയുന്നു. മറുവശത്ത്, കൂട്ട തടവും നിര്‍ബന്ധിത വന്ധ്യംകരണവും ശുദ്ധ നുണയും അസംബന്ധവുമാണെന്ന് പറഞ്ഞ് രക്ഷപ്പെടുന്നു, ചൈന.
ക്യാമ്പുകള്‍ക്കകത്തു കുടുങ്ങിയവരില്‍നിന്ന് നേരിട്ട് രേഖപ്പെടുത്തിയ മൊഴികള്‍ കുറവാണ്. പക്ഷേ, ഇത്തരക്കാരായ നിരവധി മുന്‍ തടവുകാരെയും ഒരു പാറാവുകാരനെയും കണ്ട് ബി ബി സി തയാറാക്കിയ മൊഴികളില്‍ സംഘടിതമായി നടന്ന കൂട്ട മാനഭംഗത്തിന്റെയും ലൈംഗിക പീഡനങ്ങളുടെയും മര്‍ദനങ്ങളുടെയും ചിത്രം വ്യക്തമാക്കുന്നുണ്ട്.
തടവറ ജീവിതം കഴിഞ്ഞ് നാടുവിട്ട് യു എസിലെത്തിയ തുര്‍സുനെ സിയാവുദ്ദീന്‍ പറയുന്നു, വനിതകളെ എല്ലാ രാത്രികളിലും സംഘമെത്തി കൊണ്ടുപോയി ഒരാളോ ഒന്നിലേറെ പേരോ ചേര്‍ന്ന് മാനഭംഗത്തിനിരയാക്കുമെന്ന്. മൂന്നു തവണ താനും കൂട്ട മാനഭംഗത്തിനിരയായതായി അവര്‍ വെളിപ്പെടുത്തുന്നു. അതും രണ്ടും മൂന്നും പേര്‍ ചേര്‍ന്ന്. മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്, തുര്‍സുനെ. അന്ന് പക്ഷേ, കസാഖിസ്ഥാനിലായിരുന്നു. രഹസ്യസേനയെ വിട്ട് ഏതുനിമിഷവും ചൈന തിരികെ കൊണ്ടുപോകുമെന്ന് ഭയന്ന നാളുകള്‍. നെഞ്ചുപൊള്ളുന്ന അനുഭവങ്ങള്‍ തുറന്നുപറഞ്ഞ ശേഷം തിരികെ ചൈനയിലെത്തിയാല്‍ അനുഭവിക്കേണ്ടിവരിക പഴയതിനെക്കാള്‍ വലിയ ഭീകരതയാകുമെന്നും തുര്‍സുനെക്ക് ഉറപ്പ്.
ചൈന ഇപ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ തുര്‍സുനെയുടെ റിപ്പോര്‍ട്ട് അവിടെ ചെന്ന് സ്ഥിരീകരിക്കല്‍ നടക്കില്ല. പക്ഷേ, ബി ബി സിക്ക് അവള്‍ കാണിച്ചുകൊടുത്ത യാത്രാരേഖകള്‍ ഇവയുടെ വസ്തുത ഉറപ്പുവരുത്തുന്നു. സിന്‍യുവാനിലെ ഉയ്ഗൂറുകള്‍ക്ക് അത് കൂന്‍സ് ഗ്രാമം ക്യാമ്പിനെ കുറിച്ച് തുര്‍സുനെ നല്‍കിയ വിവരണവും ഉപഗ്രഹ ചിത്രങ്ങളും തമ്മിലുമുണ്ട് നല്ല സാമ്യം.
കൂന്‍സ് ഗ്രാമത്തില്‍ 2017, 2018 വര്‍ഷങ്ങളില്‍ ഉയ്ഗൂറുകളെ ‘വിദ്യാഭ്യാസത്തിലൂടെ പരിവര്‍ത്തനം’ (അങ്ങനെയാണ് ചൈനീസ് ഭാഷ്യം) നടത്താന്‍ തുടര്‍ന്ന പദ്ധതികളെ കുറിച്ച് അഡ്രിയന്‍ സെന്‍സ് എന്ന ചൈനീസ് വിദഗ്ധന്‍ വിശദമായി പറയുന്നുണ്ട്. ‘വിദ്യാഭ്യാസത്തിലൂടെ പരിവര്‍ത്തനം’ എന്നാല്‍ മസ്തിഷ്‌ക പ്രക്ഷാളനവും ഹൃദയ ശുദ്ധീകരണവും ധാര്‍മിക ബോധവത്കരണവും തിന്മകളുടെ ഉച്ചാടനവുമാണെന്നാണ് വിശദീകരണം.
സിന്‍ജിയാങില്‍നിന്ന് കുടിയേറി കസാഖിസ്ഥാനില്‍ തുടരുന്ന ഒരു വനിതയെ കൂടി ബി ബി സി നേരില്‍ കണ്ടിരുന്നു. 18 മാസമാണ് അവര്‍ ജയിലില്‍ കഴിയേണ്ടിവന്നത്. ക്യാമ്പില്‍ വിവസ്ത്രരാക്കി കൈയാമം വെച്ച് ചൈനീസ് പുരുഷന്മാര്‍ക്കായി വിട്ടുകൊടുക്കുകയായിരുന്നു പതിവ്. എല്ലാം പൂര്‍ത്തിയായാല്‍ മുറി ശുദ്ധിയാക്കലും തന്റെ ഉത്തരവാദിത്വമാണ് -അവര്‍ പറയുന്നു.
”സ്ത്രീകളെ അരക്കുമേല്‍ വിവസ്ത്രരാക്കലായിരുന്നു തന്റെ ജോലി, മാറിനില്‍ക്കാനാവാത്ത വിധം കൈയാമം വെക്കുകയും വേണം” -ഈ തടവറകളിലൊന്നില്‍ കാവല്‍ക്കാരനായിരുന്ന ഒരാളുടെ വാക്കുകള്‍. ”എന്നിട്ട്?, ഞാന്‍ സ്ഥലം വിടണം. പിന്നീട് പൊലീസുകാരോ അല്ലാത്തവരോ എത്തും. എല്ലാം പൂര്‍ത്തിയാക്കി അയാള്‍ മടങ്ങിയാല്‍ സ്ത്രീയെ കൊണ്ടുപോയി കഴുകുന്നതും എന്റെ ജോലി. തടവുകാരില്‍ കാണാന്‍ ഭംഗിയുള്ളവരെ സംഘടിപ്പിച്ചു നല്‍കിയാല്‍ പണവും കിട്ടും” -കസാഖ് വനിത ഗുല്‍സിറ അവല്‍ഖാന്‍ പറയുന്നു.
കടുത്ത ശിക്ഷ ഭയന്ന് ഗാര്‍ഡുമാരെ സഹായിക്കാന്‍ നിര്‍ബന്ധിതരായതിന്റെ അനുഭവം പറയുന്നുണ്ട്, മുന്‍ തടവുകാരില്‍ വേറെ ചിലര്‍. ഒരിക്കല്‍ പോലും മറുത്തൊന്ന് ചെയ്യാനാകുമായിരുന്നില്ല. എന്നുവെച്ചാല്‍, ‘പദ്ധതിയിട്ട പ്രകാരം നടന്ന കൂട്ട മാനഭംഗമായിരുന്നു’ സംഭവിച്ചത്. ചില രാത്രികളില്‍ പൊലീസുകാര്‍ കൊണ്ടുപോയ വനിതകള്‍ ഒരിക്കലും മടങ്ങിവരാത്ത അനുഭവവുമുണ്ട്. തിരിച്ചുവന്നവര്‍ക്കാകട്ടെ, ഒന്നും പുറത്തുപറയാനും അവകാശമുണ്ടായിരുന്നില്ല. താന്‍ രേഖപ്പെടുത്തിയ ഇരകളുടെ മൊഴികള്‍ തുറന്നുകാട്ടുന്നത് കൊടുംക്രുരതയുടെ ഞെട്ടിക്കുന്ന കഥകളാണെന്ന് സെന്‍സ് അടിവരയിടുന്നു.
മുസ്‌ലിം-തുര്‍ക്കി വംശജരാണ് ഉയ്ഗൂറുകള്‍. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ്ങില്‍ 1.1 കോടിയാണ് അവരുടെ ജനസംഖ്യ. കസാഖിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്നായതിനാല്‍ കസാഖുകളുമുണ്ട്. 42-കാരിയായ തുര്‍സുനെയുടെ ഭര്‍ത്താവ് കസാഖാണ്. നീണ്ട അഞ്ചു വര്‍ഷം കസാഖിസ്ഥാനില്‍ താമസിച്ച ശേഷം 2016-ലാണ് ദമ്പതികള്‍ നാട്ടില്‍ മടങ്ങിയെത്തിയത്. നാട്ടിലിറങ്ങിയ ഉടന്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് പാസ്‌പോര്‍ട്ട് കണ്ടുകെട്ടി. മാസങ്ങള്‍ കഴിഞ്ഞ് ഉദ്യോഗസ്ഥരെത്തി അറിയിച്ച പ്രകാരം ഉയ്ഗൂറുകളുടെ ഒരു യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അറസ്റ്റിലായി. തുടക്കത്തില്‍ മോശമല്ലാത്ത ഭക്ഷണവും ഫോണ്‍ സൗകര്യവും ലഭിച്ചതിനാല്‍ എല്ലാം ശുഭമെന്ന് തോന്നിച്ചു. ഒരു മാസം കഴിഞ്ഞ് കുടല്‍പുണ്ണ് രോഗം വന്നതോടെ വിട്ടയച്ചു. ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പക്ഷേ, തുര്‍സുനെക്ക് സിന്‍ജിയാങ്ങില്‍ ഒറ്റക്കു കഴിയാനായിരുന്നു വിധി.
വനിതകളുടെ ആഭരണങ്ങള്‍ പോലും കണ്ടുകെട്ടും. അക്കൂട്ടത്തില്‍ അവളുടേതും അവര്‍ കൊണ്ടുപോയി. ചെവിയില്‍ അടിച്ച് കമ്മല്‍ ഊരിയെടുത്തപ്പോള്‍ ചോരയൊലിച്ച് മുറിവായി. തല മറക്കാന്‍ ഉപയോഗിച്ച വസ്ത്രവും ഊരിമാറ്റും. നീളമുള്ള വസ്ത്രം ധരിച്ചാല്‍ ബഹളം വെക്കും. വൃദ്ധകളെ പോലും വസ്ത്ര ധാരണത്തിന് പീഡിപ്പിച്ചത് തുര്‍സുനെ ഓര്‍ക്കുന്നു. അടിവസ്ത്രമൊഴികെ എല്ലാം അഴിച്ചുമാറ്റിയ ഒരു വൃദ്ധ കൈകൊണ്ട് പൊത്തിപ്പിടിച്ച് പേടിയോടെ നിന്ന കാഴ്ച ഹൃദയം നുറുക്കുന്നതായിരുന്നുവെന്ന് തുര്‍സുനെ പറയുന്നു. അന്ന് അവള്‍ കരഞ്ഞതിന് കണക്കില്ല. അത്ര പ്രായമില്ലാത്ത തന്നോടു ചെയ്തതൊക്കെയും ആ വൃദ്ധയോടും അവര്‍ കാണിച്ചു.
ഷൂകള്‍, ഇലാസ്റ്റികും ബട്ടണുമുള്ള വസ്ത്രങ്ങള്‍ എന്നിവയെല്ലാം സ്ത്രീകള്‍ കൈമാറണം. ആദ്യ ഒന്നുരണ്ട് മാസം ഒന്നും സംഭവിക്കില്ല. പ്രത്യേകമായി സംവിധാനിച്ച പരിപാടികള്‍ നിരന്തരം വീക്ഷിച്ചിരിക്കണം. ഇടക്ക് മുടി മുറിക്കും. ഭര്‍ത്താവ് കസാഖിസ്ഥാനില്‍ പോയതിനായിരുന്നു തനിക്ക് തൊഴി കിട്ടിയതെന്ന് തുര്‍സുനെ ഓര്‍ക്കുന്നു. ”പൊലീസ്? ബൂട്ടുകള്‍ കഠിനവും ഭാരമേറിയതുമാണ്. ഇതറിയാത്തതിനാല്‍ അടിച്ചുവീഴ്ത്തുകയാണെന്നാണ് തോന്നിയത്. പിന്നെയാണ് വയറ്റില്‍ ബൂട്ടുകൊണ്ടുള്ള തൊഴിയാണെന്ന് മനസ്സിലായത്?” -വയറ്റില്‍ നിന്ന് രക്തം കട്ടയായി ഒഴുകിയിറങ്ങിയത് ചിലര്‍ പരാതിപ്പെട്ടപ്പോള്‍ ഇതൊക്കെ സ്ത്രീക്ക് പതിവുള്ളതു മാത്രമെന്നായിരുന്നു മറുപടി.
ഓരോ സെല്ലിലും 14 പേരുണ്ടാകുമെന്ന് തുര്‍സുനെ. ആദ്യദിവസം സ്ത്രീകളെ പുറത്തേക്കു കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ ഒന്നും മനസ്സിലായില്ല. മറ്റിടങ്ങളിലേക്ക് മാറ്റുകയാകും എന്നാണ് കരുതിയത്. 2018 മേയ് മാസത്തിലൊരു ദിവസം രാത്രിയില്‍ തന്നെയും മറ്റൊരു യുവതിയെയും കൊണ്ടുപോയപ്പോള്‍ എല്ലാം ബോധ്യമായി. മാസ്‌കണിഞ്ഞായിരുന്നു അയാള്‍. കൂടെയുള്ളവളെ മറ്റൊരു മുറിയിലേക്കാണ് കൊണ്ടുപോയത്. അവള്‍ അവിടെയെത്തി വൈകാതെ അട്ടഹാസമുയര്‍ന്നു. ശാരീരിക പീഡനമെന്നാണ് കരുതിയത്. ബലാല്‍സംഗമെന്ന് എന്നിട്ടും തോന്നിയില്ല.
അതുകഴിഞ്ഞ് തന്നെയും അവിടെയെത്തിച്ചപ്പോള്‍ നേരത്തെ അനുഭവിച്ച രക്തസ്രാവത്തെ കുറിച്ചുപറഞ്ഞു. ഇരുട്ടുമുറിയിലെത്തിച്ച് ലൈംഗികാവയവത്തില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം ഉപയോഗിച്ച് മര്‍ദിച്ചു. രോഗാവസ്ഥയായതിനാലാകണം ഒന്നാം ദിവസം താത്കാലികമായി പീഡനം അവിടെ അവസാനിച്ചു. അന്ന് ആദ്യമായി പീഡനമേറ്റ യുവതി പിന്നെ ആരോടും മിണ്ടാതെയായതായി – തുര്‍സുനെ പറയുന്നു.
ഉയ്ഗൂറുകളുടെ സംസ്‌കാരവും ഭാഷയും മതവും അവരില്‍നിന്ന് എടുത്തുകളയുന്നതാണ് ‘പുനര്‍ വിദ്യാഭ്യാസ’ പ്രക്രിയ. സിന്‍ജിയാങ്ങില്‍ വസിച്ചുവന്ന ഉസ്‌ബെക് വനിത ഖുല്‍ബിനുര്‍ സാദിഖ് ഇക്കൂട്ടത്തില്‍ അധ്യാപികയായി നിര്‍ബന്ധിത സേവനത്തിന് ഉണ്ടായിരുന്നു. രക്ഷപ്പെട്ട് നാടുവിട്ട അവര്‍ പിന്നീട് തന്റെ അനുഭവങ്ങള്‍ പുറംലോകത്തോടു പങ്കുവെച്ചിരുന്നു. വനിതകളൂടെ ക്യാമ്പ് കടുത്ത നിയന്ത്രണങ്ങളിലായിരുന്നുവെന്ന് ഖുല്‍ബിനൂര്‍ സാദിഖ് പറയുന്നു. ഇതേ കുറിച്ച് ഒരു പൊലീസുകാരിയോട് ചോദിച്ചപ്പോള്‍ കൂട്ട മാനഭംഗം ക്യാമ്പിലെ പതിവു സംഭവമാണെന്ന് പ്രതികരിച്ചതായും അവര്‍ പറഞ്ഞു. ബലാല്‍സംഗം മാത്രമല്ല, വൈദ്യുതാഘാതവും സ്ത്രീകള്‍ അനുഭവിക്കണം.
കൂന്‍സ് ക്യാമ്പില്‍ ആഴ്ചകളായും മാസങ്ങളായും നീണ്ട പീഡന പര്‍വത്തിനിടെ തുര്‍സുനെയുടെ മുടി പലവട്ടം കത്രിച്ചു, നിര്‍ബന്ധ ക്ലാസുകള്‍ ശ്രവിച്ചു. ഇനിയും മനസ്സിലാകാത്ത മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയയായി. ഗര്‍ഭനിരോധന ഗുളികകള്‍ കഴിപ്പിച്ചു. ഓരോ 15 ദിവസവും പ്രത്യേക വാക്‌സിന്‍ കുത്തിവെച്ചു. കുത്തിവെപ്പ് കഴിയുന്നതോടെ തലകറക്കം വരും. നിര്‍ബന്ധിത വന്ധ്യംകരണമാണ് അതിലേറെ ഭീകരം. പ്രായം 20-ലെത്തിയവര്‍ വരെ ഇതിന് വിധേയരാകേണ്ടിവന്നു. സിന്‍ജിയാങ്ങില്‍ ഇത് വ്യാപകമാണെന്ന് അടുത്തിടെ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനീസ് ദേശസ്‌നേഹ പാട്ടുകള്‍ പഠിക്കലാണ് മറ്റൊരു പ്രധാന ജോലി. ചൈനയെയും ഷി ജിന്‍പിങ്ങിനെയും വാഴ്ത്തുന്ന ടി വി പരിപാടികളും വീക്ഷിക്കണം. ഷിയെ കുറിച്ച വരികള്‍ മനഃപാഠമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് ശിക്ഷയും അനുഭവിക്കണം. അതിനായി പുസ്തകങ്ങളാണ് തടവറകളില്‍ ആദ്യം ലഭിക്കുക. പരീക്ഷകളില്‍ പരാജയപ്പെട്ടവര്‍ക്ക് അണിയാന്‍ മൂന്നു നിറങ്ങളുള്ള വസ്ത്രങ്ങളുണ്ടാകും. ഒരുവട്ടം, രണ്ടുവട്ടം, മൂന്നുവട്ടം എന്നിങ്ങനെ തോല്‍വിയുടെ എണ്ണം കണക്കാക്കിയാണ് വസ്ത്രങ്ങളുടെ നിറംമാറ്റം. ഈ സംഭവങ്ങള്‍ മുന്‍ പാറാവുകാരന്‍ ബി ബി സിയുമായി പങ്കുവെച്ചതാണ്. പ്രസിഡന്റ് ഷി വാഴുന്നയിടങ്ങളാണ് ഈ തടവറകള്‍. ചുവരുകള്‍ നിറയെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍, വാഴ്ത്തുപാട്ടുകള്‍. ഈ പുനര്‍വിദ്യാഭ്യാസ പ്രക്രിയയുടെ വക്താവും ഷി തന്നെയെന്ന് സാക്ഷ്യപ്പെടുത്തുന്നു ചൈനയിലെ മുന്‍ ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍ ചാള്‍സ് പാര്‍ട്ടണ്‍.
പലപ്പോഴും ബലാല്‍സംഗം ചെയ്യുന്ന പൊലീസുകാര്‍ പീഡനത്തിന് പുറമെ ശരീരം മുഴുക്കെ മുറിവേല്‍പിക്കുമെന്നും തുര്‍സുനെ ഓര്‍ക്കുന്നു. മനുഷ്യരോ അതല്ല, മൃഗങ്ങളോ എന്നുവരെ സംശയിച്ചുപോകും. ശരീരം മുഴുക്കെ പാടുകളുണ്ടാകും. തുര്‍സുനെക്ക് മാത്രം മൂന്നുവട്ടം സമാന അനുഭവങ്ങളുടെ ഭീകരത നേരിടേണ്ടിവന്നിട്ടുണ്ട്. ഒന്നിലേറെ കുഞ്ഞുങ്ങള്‍ക്ക് അമ്മയായതിന് വേറെ ചിലര്‍ അനുഭവിക്കേണ്ടിവന്നത് അതിലേറെ വലിയ പീഡനങ്ങള്‍. മൂന്നുദിവസം വരെ ഇത്തരം സ്ത്രീകള്‍ അപ്രത്യക്ഷരാകും. അതുകഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ശരീരം മുഴുക്കെ മുറിവുകളാകും.
ചൈന നടപ്പാക്കുന്ന പുതിയ തടവറകളില്‍നിന്ന് പുറത്തിറങ്ങിയവരില്‍ ഉണ്ടായ മാറ്റങ്ങളാണ് അതിലേറെ ഭീകരം. സിന്‍ജിയാങ്ങില്‍ കുട്ടികളുടെ ജനന നിരക്ക് കുത്തനെ താഴോട്ടുപോയത് അതിലൊന്ന് എന്നുവെച്ചാല്‍, നടമാടിയത് ജനസംഖ്യാ വംശഹത്യയെന്നു സാരം.
പലരും ലഹരിക്കടിമകളായി. ആദ്യ രാത്രിയില്‍ താന്‍ പേടിച്ചരണ്ട നിലയില്‍ കണ്ട വനിത പോലും ചില നാളുകളില്‍ തെരുവില്‍ മദ്യപിച്ചുവീണുകിടക്കുന്ന കാഴ്ചയാണെന്ന് തുര്‍സുനെ വേദന പങ്കുവെക്കുന്നു. ക്യാമ്പ് പൂര്‍ത്തിയായവരെന്ന് പറഞ്ഞ് എത്തിയ എല്ലാവരും ഒരേ ദുരന്തത്തിനടിമകളായാണ് എത്തുന്നത്. നിരീക്ഷണം, തടവ്, സൈദ്ധാന്തിക പഠനം, മനുഷ്യത്വമില്ലാതാക്കല്‍, വന്ധ്യംകരണം, പീഡനം, ബലാല്‍സംഗം പിന്നെയെന്തുവേണം ദുരന്തം മാത്രമാകാന്‍. ”എല്ലാവരെയും നശിപ്പിക്കല്‍ മാത്രമാണ്? അവര്‍ക്ക് ലക്ഷ്യം. അത് അറിയാത്തവരില്ല താനും”.