അനാഥ പൗത്രന്റെ സ്വത്ത്
പി മുസ്തഫ നിലമ്പൂര്‍
ഒരാള്‍ മരണപ്പെടുമ്പോള്‍ അയാളുടെ പിതാവോ മക്കളോ ജീവിച്ചിരിപ്പില്ലാത്ത അവസ്ഥയാണ് കലാലത്ത്. നബി(സ)യോട് ഉമറോ(റ) ജാബിറിബ്‌നു അബ്ദുല്ലയോ(റ) മതവിധി തേടിയ സന്ദര്‍ഭത്തിലാണ് ഈ നിയമം അവതരിച്ചത് എന്ന് ഹദീസുകളില്‍ വന്നിരിക്കുന്നു. ”നബിയേ, അവര്‍ നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക: കലാലത്തിന്റെ പ്രശ്‌നത്തില്‍ അല്ലാഹു നിങ്ങള്‍ക്കിതാ മതവിധി പറഞ്ഞു തരുന്നു. അതായത് ഒരാള്‍ മരിച്ചു, അയാള്‍ക്ക് സന്താനമില്ല ഒരു സഹോദരിയുണ്ട്. എങ്കില്‍ അയാള്‍ വിട്ടേച്ചുപോയതിന്റെ പകുതി അവള്‍ക്കുള്ളതാണ്. ഇനി (സഹോദരി മരിക്കുകയും) അവള്‍ക്ക് സന്താനമില്ലാതിരിക്കുകയും ആണെങ്കില്‍ സഹോദരന്‍ അവരുടെ (സ്വത്തിന്) പൂര്‍ണ്ണ അവകാശി ആയിരിക്കും. രണ്ടു സഹോദരങ്ങളാണ് ഉള്ളതെങ്കില്‍ അവന്‍ (സഹോദരന്‍) വിട്ടേച്ചുപോയ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കുള്ളതാണ.് ഇനി സഹോദരന്മാരും സഹോദരിമാരും കൂടി ആണുള്ളതെങ്കില്‍ ആണിന് രണ്ടു പെണ്ണിന്റെതിനു തുല്യമായ ഓഹരി ആണുള്ളത്. നിങ്ങള്‍ പിഴച്ചു പോകും എന്നു കരുതി അല്ലാഹു നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചു തരുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.” (വി.ഖു 4:176)
മേല്‍വചനത്തില്‍ നിന്ന്സന്താനമില്ലാതെമരണമടയുന്ന സാഹചര്യത്തില്‍ സഹോദര സഹോദരികള്‍ക്ക് ലഭിക്കുന്ന അനന്തരസ്വത്തിന്റെ വ്യക്തത മനസ്സിലാക്കാം. പിതാവുണ്ടെങ്കില്‍സഹോദരന്‍ തടയപ്പെടും എന്ന് നാം നേരത്തെ വ്യക്തമാക്കിയതാണ്. സന്താനങ്ങളില്ലാതെ മരണമടയുന്ന വ്യക്തിക്ക് ഒരു സഹോദരി മാത്രമാണുള്ളത് എങ്കില്‍ അവള്‍ക്ക് പകുതി ലഭിക്കുന്നു. രണ്ടോ അതിലധികമോ സഹോദരിമാരുണ്ടെങ്കില്‍ മൂന്നില്‍ രണ്ടു ഭാഗം ഓഹരി വെച്ചെടുക്കേണ്ടതാണ്.സഹോദരനാണ് അവകാശി എങ്കില്‍ അയാള്‍ മുഴുവന്‍ സ്വത്തിന്റെയും അവകാശിയാണ്. കൂടുതല്‍ സഹോദരന്മാരുണ്ടെങ്കില്‍ അവര്‍ തുല്യരായി പങ്കുവെക്കേണ്ടതാണ്. സഹോദര സഹോദരിമാരാണെങ്കില്‍ സ്ത്രീയുടെ ഇരട്ടി പുരുഷനും എന്ന തത്വത്തില്‍ പങ്കുവെക്കേണ്ടതാണ്. എന്നാല്‍പരേതക്ക് ഭര്‍ത്താവോഉമ്മയൊത്ത സഹോദരനോഓഹരിക്കാരായുണ്ടെങ്കില്‍ അവരുടെ അവകാശം കഴിഞ്ഞേ ലഭിക്കുകയുള്ളൂ.
”അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദര സഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറിലൊരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. (ഇവിടെ സ്ത്രീപുരുഷ വ്യത്യാസമില്ല). ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അത് കഴിച്ചാണിത്. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദ്ദേശമത്രെ ഇത്. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.” (വി.ഖു 4:12)
അപകടങ്ങളും ദുരന്തങ്ങളും
അപകടങ്ങളിലും ദുരന്തങ്ങളിലും കുടുംബാംഗങ്ങള്‍ ഒരുമിച്ച് മരണമടയുമ്പോള്‍ ആദ്യം മരിച്ചവന്റെ സ്വത്തില്‍ നിന്ന് ശേഷം മരിച്ചവനിലേക്ക് അനന്തരം ലഭിക്കും. അതു പ്രകാരം ശേഷം മരിച്ചവന്റെ അവകാശികള്‍ക്ക് നിയമാനുസൃതം അനന്തരം ലഭിക്കപ്പെടും. എന്നാല്‍ ആരാണ് ആദ്യം മരിച്ചതെന്ന് അറിയില്ലെങ്കില്‍ അനന്തര നിയമം ബാധകമാകില്ല. കാരണം അനന്തരാവകാശ നിയമത്തിന്റെ നിബന്ധന പൂര്‍ണമാകുന്നില്ല. ഭൂകമ്പമോ മണ്ണിടിച്ചിലോ വെള്ളത്തില്‍ കൂട്ടത്തോടെ മുങ്ങി മരിക്കുകയോ ചെയ്താല്‍ മൃതദേഹങ്ങള്‍ കിട്ടിയാലും അവരില്‍ ആരാണ് ആദ്യം മരിച്ചത് എന്ന് വ്യക്തമാകുന്നില്ല. അതുകൊണ്ട് അനന്തര സ്വത്തിന്റെ നിയമം ബാധകമല്ല. എന്നാല്‍ മൃതദേഹം കിട്ടാതെ, മരണം വ്യക്തമാകുകയോ ചെയ്യാത്തവര്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പടുന്നത് വരെയോ നാലുവര്‍ഷം അന്വേഷിച്ചിട്ടും (ഇമാം അഹ്മദ്ബ്‌നു ഹന്‍ബലിന്റെ വീക്ഷണം) അറിയാതെ വരികയും ചെയ്താല്‍ മരണംവരിച്ചതായി കണക്കാക്കി സ്വത്ത് ഭാഗിക്കാം. അതുവരെ അദ്ദേഹത്തിന്റെ സ്വത്ത് മാറ്റി വെക്കേണ്ടതാണ്. അനന്തര നിയമത്തിലെ നിബന്ധന പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ അതിനിടയില്‍ മരണമടയുന്ന അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് സ്വത്തിനവകാശമില്ല. നാട് വിട്ടു പോകുകയോ അപ്രത്യക്ഷരാവുകയോ ചെയ്താലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയോ മരണമടയുകയോ ചെയ്താലും ഇത് തന്നെയാണ് നിയമം.
അനാഥ പൗത്രന്റെ സ്വത്ത്
ഇസ്‌ലാമിന്റെ വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണമാണ് പിതാവ് ജീവിച്ചിരിക്കെ മകന്‍ മരണമടഞ്ഞാല്‍ ആ മകന്റെ മകന് അനന്തര അവകാശ നിയമപ്രകാരം സ്വത്തു ലഭിക്കുന്നില്ലയെന്നത്. ഇസ്‌ലാമിന്റെ ദായധന നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണിത്. അടുത്ത ബന്ധു അകന്ന ബന്ധുവിനെ തടയുകയെന്ന പൊതുനിയമമാണതിനു കാരണം. പലപ്പോഴും അനന്തര നിയമപ്രകാരം ലഭിക്കുന്നതിനേക്കാള്‍ ഈ പൗത്രന് വസിയ്യത്തിലൂടെ ലഭിച്ചേക്കും എന്നതാണ് യാഥാര്‍ഥ്യം. അനന്തരസ്വത്ത് ലഭിക്കുന്നത് ന്യായപ്രകാരമുള്ള വസ്വിയ്യത്ത് പൂര്‍ത്തീകരിച്ച ശേഷമാണ്. അനാഥനായ പൗത്രന് മൂന്നിലൊന്ന് വസിയ്യത്ത് ചെയ്യേണ്ടത് പിതാവിന്റെ നിര്‍ബന്ധ ബാധ്യതയാണ്.
”നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍ അയാള്‍ ധനം വിട്ടു പോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും കുടുംബത്തിനും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്.” (വി.ഖു 2:180)
ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ ആരെങ്കിലും വസിയ്യത്ത് രേഖപ്പെടുത്താതെ മരണമടഞ്ഞാല്‍ ന്യായപ്രകാരം അത് വസിയ്യത്ത് ചെയ്‌തെന്ന നിലയില്‍ (അവകാശികള്‍ അനിവാര്യമായി നല്‍കപ്പെടേണ്ട ബന്ധുക്കളുണ്ടെങ്കില്‍) അത് പരിഗണിക്കുകയാണ് വേണ്ടത്. കാരണം അനന്തരമെടുക്കപ്പെടുന്ന തന്റെ ബന്ധുവിന്റെ കടബാധ്യത പോലെ വസിയ്യത്തിനെ പരിഗണിക്കുകയാണ് വേണ്ടത്. അബ്ദുല്ലാഹിബ്‌നുഉമര്‍ (റ) പറയുന്നു: നബി(സ) പറഞ്ഞു: ”വസിയ്യത്ത് ചെയ്യാന്‍ വല്ലതും ഉള്ള ഒരു മുസ്‌ലിമിന് അവന്റെ വസിയ്യത്ത് രേഖപ്പെടുത്താതെ രണ്ടു രാത്രിപോലും കഴിയാന്‍ അവകാശമില്ല.” (ബുഖാരി 2738, മുസ്‌ലിം 1627)
ഇതുപ്രകാരം പരേതന്റെ ബാധ്യതയെന്ന നിലയിലാണ് അനാഥ പൗത്രന്റെ സ്വത്തിനെ കൈകാര്യം ചെയ്യേണ്ടത്. അടുത്ത ബന്ധുക്കള്‍ക്ക് വസിയ്യത്ത് നിര്‍ബന്ധമാണെന്ന തത്വം പാടെ വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അനാഥരായ ബന്ധുക്കള്‍ അല്ലെങ്കില്‍ പോലും അവരെ നല്ല നിലയില്‍ അനന്തരസ്വത്ത് ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ പരിഗണിക്കേണ്ടതുണ്ട്.
”(സ്വത്ത്) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടെങ്കില്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്‍കുകയും അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു.” (വി.ഖു 4:8)
അനന്തര നിയമത്തെ അല്ലാഹു അവന്റെ അനിവാര്യവും വ്യവസ്ഥാപിതവുമായ നിയമമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അത് യഥാവിധം പാലിക്കാന്‍ നാം ബാധ്യസ്ഥാരാണ്. നമസ്‌കാരങ്ങളുടെ റക്അത്തും സകാത്തിന്റെ തോതും ഖുര്‍ആനിക വചനത്തില്‍ വ്യക്തമാക്കാതിരുന്നിട്ടും അനന്തരസ്വത്തിന്റെ നിര്‍ണയം ഖുര്‍ആന്‍ വ്യക്തമാക്കിയതിലൂടെ തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതേ ഉള്ളൂ. അനന്തര സ്വത്തിനെ സംബന്ധിച്ച് പരാമര്‍ശിച്ച് ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധേയമാണ്: ”അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ഓഹരി നിര്‍ണ്ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.” (വി.ഖു 4:11)
”അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദ്ദേശമത്രെ ഇത്, അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു. അല്ലാഹുവിന്റെ നിയമപരിധികള്‍ ആകുന്നു ഇവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ് അവരതില്‍ നിത്യവാസികളായിരിക്കും അതത്രെ മഹത്തായ വിജയം.” (വി.ഖു: 4:12,13)
”ആര്‍ അല്ലാഹുവേയും അവന്റെ ദൂതനേയും ധിക്കരിക്കുകയും അവന്റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവന്‍ അതില്‍ നിത്യവാസിയായിരിക്കും അപമാനകരമായ ശിക്ഷയാണ് അവനുള്ളത്.” (വി.ഖു 4.14). വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതം ഇത് നിര്‍വഹിക്കേണ്ടുന്ന ഗൗരവം മേല്‍ വചനങ്ങളില്‍ വ്യക്തമാണ്. നമ്മുടെ നാട്ടുനടപ്പുകള്‍ക്കനുസൃതം അതില്‍ മാറ്റം വരുത്താനോ അസന്തുഷ്ഠി പുലര്‍ത്താനോ പാടുള്ളതല്ല. ”ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം, അവര്‍ക്കിടയില്‍ ഭിന്നത ഉണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധി കര്‍ത്താവാക്കുകയും നീ വിധി കല്‍പ്പിച്ചതിനെപ്പറ്റി പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.” (വി.ഖു 4:65)
ഒരാള്‍ മരണമടഞ്ഞാല്‍ അയാളുടെ ജനാസ സംസ്‌കരണം, കടം, വസിയ്യത്ത് എന്നിവക്ക് ശേഷം വരുന്ന സ്വത്ത് എത്രയും വേഗത്തില്‍ ഓഹരി വെക്കേണ്ടതാണ്. അളവില്‍ മാറ്റം വരുന്ന (വീട്ടു വസ്തുക്കള്‍പോലും) ധനമായാലും അളവില്‍ മാറ്റം വരാത്ത (ഭൂമി പോലെയുള്ള) ധനമായാലും അവകാശികളിലേക്കെത്തേണ്ടതുണ്ട്. പ്രായോഗികതക്കനുസൃതമായി അവകാശികള്‍ എല്ലാവരും ഒരുമിച്ച് സംതൃപ്തിയോടെ ന്യായപ്രകാരമായ കൂട്ടായ തീരുമാനത്തിലെത്തുന്നതിനു വിരോധമില്ല. എന്നാല്‍ അതിനപ്പുറം അത് നീട്ടിക്കൊണ്ടു പോകുകയും കൂട്ടു സ്വത്ത് അന്യായമായി തിന്നുകയും ചെയ്യുന്നതിന് ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. പിതാവിന്റെ സ്വത്ത് ഭാഗം ചെയ്യാന്‍ ഉമ്മാന്റെ കാലശേഷമേ പാടുള്ളൂ എന്ന നിയമം ഇസ്‌ലാം നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ ഉമ്മാന്റെ സുരക്ഷിതത്വത്തിനായി അത്തരം സന്ദര്‍ഭം ഉണ്ടായാല്‍ എല്ലാവരും ഒരുമിച്ചു തീരുമാനമെടുക്കുന്നതിന് വിരോധമില്ല. അവകാശികള്‍ക്ക് ആര്‍ക്കും ഒരു വിഷമവും ഉണ്ടാവാന്‍ ഇടയാകരുത്. അതുകൊണ്ടാണ് ഉമ്മാക്ക് ഭാര്യ എന്ന നിലയില്‍ അവകാശം നല്‍കിയത്. ”അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു, ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു.” (വി.ഖു 89:19,20)
സ്വത്തിന്റെ ഉടമ ജീവിച്ചിരിക്കെത്തന്നെ അനന്തരാവകാശമെന്ന നിലയില്‍ അവകാശം ചോദിക്കുന്നതും സ്ത്രീധനം നല്‍കാത്തതിനാല്‍ സ്ത്രീ പുരുഷ ഓഹരിയിലെ മാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുന്നതും അല്ലാഹുവിന്റെ നിയമത്തെ ലംഘിക്കലാണ്
ഒരാളുടെ സ്വത്ത് മരണപ്പെട്ടാലെ അനന്തരാവകാശ നിബന്ധനയാകുന്നുള്ളൂ. ജീവിച്ചിരിക്കുമ്പോള്‍ സാഹചര്യാനുസൃതം മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ചികിത്സക്കോ മറ്റു അനിവാര്യ ഘട്ടങ്ങളില്‍ ചിലവഴിക്കുന്നത് അനന്തരാവകാശമാകുകയില്ല. ദരിദ്രനും രോഗിയുമായ ബന്ധുവിന്റെ ചികിത്സക്ക് ചിലവായ സംഖ്യ മറ്റുള്ളവര്‍ അവകാശം പറഞ്ഞു വാങ്ങുന്നതിലെ മൗഢ്യം ഓര്‍ത്തുനോക്കുക. ചിലരുടെ നിലപാടുകള്‍ കേട്ടാല്‍ സ്ത്രീധനം നല്‍കുന്നത് കൊണ്ടാണ് ഇസ്‌ലാം സ്ത്രീ പുരുഷ അനുപാതം നിര്‍ദേശിച്ചത് എന്ന് തോന്നിപ്പോകും.
ആണായാലും പെണ്ണായാലും ഓരോരുത്തര്‍ക്കുമുള്ള വിഹിതം അല്ലാഹു നിര്‍ണയിച്ചിട്ടുണ്ട്. ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. അത് കുറച്ചാകട്ടെ, കൂടുതലാകട്ടെ! അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു.” (വി.ഖു 4:7)