റഷ്യയുടെ സ്പുടിനിക്-5 വാക്സിന് അംഗീകാരം നല്കി ഇറാന്
റഷ്യന്‍ നിര്‍മിത കോവിഡ്-19 വാക്സിനായ സ്പുടിനിക്-5 കോവിഡ് വാക്സിന് ഉപയോഗിക്കാന്‍ അനുമതി നല്കി ഇറാന്. സമീപഭാവിയില്‍ തന്നെ റഷ്യയുമായി സഹകരിച്ച് വാക്സിന് വാങ്ങാനും സംയുക്തമായി വാക്സിന് ഉത്പാദിപ്പിക്കാനും കഴിയുമെന്നാണ് ഇറാന് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പറഞ്ഞു. പശ്ചിമേഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്. കഴിഞ്ഞ ദിവസമാണ് സ്പുടിനിക് 5 വാക്സിന് ഇറാന് ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കിയത്. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ വെച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ശരീഫ് നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്ന് വാക്സിന് വാങ്ങുന്നതിന് മുന്‍പ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനായി കാത്തുനില്‍ക്കുകയാണെന്നായിരുന്നു നേരത്തെ ഇറാന് അറിയിച്ചിരുന്നത്. റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ വാക്സിന് ആകും ഇറാന് വാങ്ങുക എന്നും പിന്നീട് തദ്ദേശീയമായി നിര്‍മിക്കാന്‍ ശ്രമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.