29 Thursday
January 2026
2026 January 29
1447 Chabân 10

ആളെ നോക്കി തീരുമാനിക്കപ്പെടുന്ന നീതികള്‍!

ശ്രീജിത്ത് ദിവാകരന്‍

ബാബ്രി പള്ളി പൊളിച്ചത് പോലെയല്ല, ആസൂത്രിതമായ ആക്രമണമല്ല. ആക്രമണമേ അല്ല. ചെങ്കോട്ടയുടെ ഉയരെ പാറുന്ന ദേശീയ പതാക എന്ന ഇന്ത്യന്‍ ചിഹ്നത്തിന് ഒരു പരിക്കും പറ്റിയിട്ടില്ല. സംഘപരിവാറും അവരുടെ ക്രിമിനല്‍ ഗ്യാങും ഒരു കാലത്തും അംഗീകരിക്കാത്ത ആ കൊടിയെ സാധാരണ ഇന്ത്യക്കാര്‍ക്കൊക്കെ ബഹുമാനമാണ്. ഒരു കര്‍ഷകനും അതിനെതിരായി ഒന്നും ചെയ്യില്ല. കാറ്റിലത് പാറുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ ആവേശിതനായി അതിനെ നോക്കും, മുദ്രവാക്യം വിളിക്കുകയോ ജയ്ഹിന്ദ് വിളിക്കുകയോ ചെയ്യും. അതിന് സമീപം അവര്‍ ഉയര്‍ത്തിയത് സിഖ് ജനതയുടെ അഭിമാന പ്രതീകമായ നിഷാന്‍ സാഹിബ് ആണ്. വിശുദ്ധ അടയാളം എന്നൊക്കയേ അര്‍ത്ഥം കാണൂ. വിശുദ്ധമായത്. ഒരു സിഖ് വിശ്വാസി എവറസ്റ്റിലെത്തിയാലും ചന്ദ്രനിലെത്തിയാലും അമേരിക്കയിലെത്തിയാലും ഒരു ട്രക്കിന്റെ ഡ്രൈവര്‍ ക്യാബിനിലെത്തിയാലും മിക്കവാറും നിഷാന്‍ സാഹിബിന്റെ ഒരു പ്രതീകം അവിടെ പ്രദര്‍ശിപ്പിക്കും. അത് അവര്‍ അടയിരുന്നതിന്റെ ചൂടാണ്. അതിലുമേറെ ലളിതമായി അവര്‍ക്ക് അവരുടെ ജീവനെ ആവിഷ്‌കരിക്കാനാവില്ല. ഓ, ഇത് തീവ്രവാദികളാണെന്ന് പറയുന്ന സംഘികള്‍ക്കും ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ക്കും ഇതറിയാഞ്ഞിട്ടല്ല കേട്ടോ. അത് ചില സമയത്ത് മാത്രം ഉയരുന്ന ചില വികാരങ്ങളാണ്. കര്‍ഷകരോട് ഭരണകൂടം പുലര്‍ത്തുന്ന വയലന്‍സ് കാണില്ല. കോര്‍പറേറ്റുകളുടെ വയലന്‍സ് മനസിലാക്കുകയേ ഇല്ല. ബാബ്രിപള്ളി പൊളിച്ച വയലന്‍സ് ജനങ്ങളുടെ വികാരമായിരുന്നു അവര്‍ക്ക്. എന്തിന് ഗുജറാത്തിലെ വംശഹത്യ ഉണര്‍ന്ന ഹിന്ദുവിന്റെ മൂരിനിവരല്‍ മാത്രമായിരുന്നു. തള്ളിപ്പറയാന്‍ പാകത്തിന് ഒരു അക്രമവും ഇല്ല. ഇന്ത്യന്‍ റിപബ്ലിക് അഭിമാനപൂര്‍വ്വം ഓര്‍ക്കും 2021-ലെ റിപബ്ലിക് ദിനം.

Back to Top