ജോ ബൈഡന്‍ അമേരിക്കയില്‍ നിന്ന് പ്രത്യാശയുടെ രാഷ്ട്രീയം
ഡോ. ടി കെ ജാബിര്‍
അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡന്‍ ചുമതലയേറ്റപ്പോള്‍ ലോകത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയൊരു ആശ്വാസമായി. കാരണം മറ്റൊന്നല്ല. 2017 മുതല്‍ അമേരിക്കയുടെ പ്രസിഡന്റായിരുന്ന റിപ്പബ്ലിക്കന്‍ കക്ഷിയുടെ ഡൊണാള്‍ഡ് ട്രംപ് ലോക രാഷ്ട്രീയത്തെ അത്രത്തോളം മുള്‍മുനയില്‍ നിര്‍ത്തുകയും ഭാവിയെ കനത്ത ആശങ്കയിലേക്ക് നയിക്കുകയും ചെയ്തിരുന്നു. അതില്‍ ഏറ്റവും ആശങ്കയിലായിരുന്നത് അമേരിക്കന്‍ ജനത തന്നെയായിരുന്നു എന്നതാണ് സത്യം.
ഒരു ജനാധിപത്യ രാഷ്ട്ര ഭരണത്തലവനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പാടില്ലാത്ത വാക്പ്രയോഗങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഒരു ക്രൂരനായ കോമാളി വേഷം പോലെ പ്രസിഡന്റ് പദവിയില്‍ ഇരുന്ന് ട്രംപ് ആടിത്തീര്‍ത്തത്. അമേരിക്കന്‍ ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത നടപടിയിലൂടെയാണ് ട്രംപ് ഭരണം തുടങ്ങിയത്. അതായത് മുസ്‌ലിം ഗള്‍ഫ് രാഷ്ട്രമായ സുഊദി അറേബ്യയെ തന്റെ ആദ്യ സന്ദര്‍ശന സ്ഥലമാക്കുകയും തുടര്‍ ദിവസങ്ങളില്‍ ദീര്‍ഘകാലം സുഊദിയുടെ സഖ്യ രാജ്യമായിരുന്ന ഖത്തറിനെ ഗള്‍ഫ് കൂട്ടായ്മയായ ജി സി സിയില്‍ നിന്ന് പുറത്താക്കുകയും കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. മുസ്‌ലിം ലോക രാഷ്ട്രീയത്തെ ഭിന്നിപ്പിക്കുന്ന നടപടിയാണ് ഇദംപ്രഥമമായി ചെയ്തത് എന്ന കുപ്രസിദ്ധി ഉടനടി നേടുകയും ചെയ്തു ട്രംപ്.
ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് ഏര്‍പ്പെടുത്തുവാനും ട്രംപ് നടപടിയെടുത്തു. മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരുടെ ക്രൂരതയുടെ ചരിത്രം മറന്നുകൊണ്ടല്ല ഇത് എഴുതുന്നത്. പഴയ രക്തക്കറകള്‍ അവിടെത്തന്നെ മായാതെ നില്ക്കുന്നുണ്ട്. അതിനെല്ലാം കാലം അമേരിക്കയോട് മറുപടി പറയുകയും ചെയ്യും. 2017 മുതല്‍ ഖത്തറിന് മേലുള്ള സാമ്പത്തിക ഉപരോധത്തെ വിജയകരമായി ഖത്തര്‍ മറികടക്കുകയും 2017 വരെയുള്ള ഖത്തറിനേക്കാള്‍ ശക്തമായ ഒരു രാഷ്ട്രമായി ഖത്തര്‍ ഇന്ന് മാറുകയും ചെയ്തത് അതിന് ഒരു തെളിവാണ്.