23 Monday
December 2024
2024 December 23
1446 Joumada II 21

ഹദീസുകളിലെ പതിരുകള്‍

പി കെ മൊയ്തീന്‍ സുല്ലമി

ഹദീസുകള്‍ വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണം കൂടിയാണ്. ഹദീസുകളില്ലാതെ ഇസ്‌ലാം സമ്പൂര്‍ണമാകുന്നില്ല. എന്നാല്‍ ഹദീസുകളെന്ന് വിളിച്ച് വരുന്ന ചിലത് ഖുര്‍ആനിനും ശാസ്ത്രത്തിനും മനുഷ്യബുദ്ധിക്കും ഇസ്‌ലാമിനു തന്നെയും വിരുദ്ധമാണെന്നു കാണാം. മറ്റു ചിലത് ശുദ്ധ അസംബന്ധവും അസംഭവ്യങ്ങളുമായ കാര്യങ്ങളാണ്. ഇത്തരം ഹദീസുകള്‍ പൊക്കിപ്പിടിച്ചാണ് ഇസ്‌ലാമിക വിരുദ്ധരും നാസ്തികരുമൊക്കെ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നത്. അതിന് ഉദാഹരണമാണ് 2021 ജനുവരി 9-ന് യുക്തിവാദി നേതാവ് ജബ്ബാര്‍ ഉന്നയിച്ച ചോദ്യം.
സൂര്യന്‍ അസ്തമിക്കുന്നത് ഒരു ചെളിവെള്ള തടാകത്തിലാണ് എന്ന അബൂദാവൂദ് ഉദ്ധരിച്ച ഹദീസും അര്‍ശിന്റെ താഴെയാണ് എന്ന ബുഖാരിയുടെ റിപ്പോര്‍ട്ടും.
പക്ഷെ, സൂറത്തുന്നൂറിലെ 40-ാം വചനത്തിന്റെ ഉപമയില്‍ അദ്ദേഹത്തിന്റെ ചോദ്യം മുങ്ങിപ്പോവുകയാണുണ്ടായത്. സൂര്യന്‍ ചെളിയുള്ള തടാകത്തില്‍ അസ്തമിക്കുകയെന്നത് ഖുര്‍ആനിനും ശാസ്ത്രത്തിനും വിരുദ്ധമാണ്. അല്‍കഹ്ഫ് 86-ാം വചനത്തില്‍ അപ്രകാരം പറഞ്ഞത് ദുല്‍ഖര്‍നൈനിയുടെ ധാരണയെക്കുറിച്ചാണ്. ഗോളങ്ങളുടെ ചലനത്തെക്കുറിച്ചും രാപ്പകലുകള്‍ മാറി മാറി വരുന്നതിനെക്കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതില്‍ നിന്ന് സൂര്യാസ്തമനം എങ്ങനെയാണെന്ന് മനസ്സിലാക്കാം.
നബി(സ)ക്ക് ആറ് മാസം സിഹ്‌റു ബാധിക്കുകയും ‘ചെയ്തത് ചെയ്യാത്തതായും ചെയ്യാത്തത് ചെയ്തതായും തോന്നി’ എന്ന് പറയുന്ന റിപ്പോര്‍ട്ടും, കണ്ണേറ് ഫലിക്കും എന്ന വിശ്വാസവും വിശുദ്ധ ഖുര്‍ആന്‍ അടക്കമുള്ള നബി(സ)ക്ക് ഇറങ്ങിയ സകല വഹ്‌യുകളെയും നിരീശ്വര നിര്‍മത വാദികള്‍ പരിഹസിക്കുന്നു. ആറ് മാസത്തോളം ബുദ്ധിഭ്രമം ബാധിച്ച മുഹമ്മദ് കൊണ്ടുവന്ന ഖുര്‍ആനിന്റെ വിശ്വാസ്യതയെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ചോദ്യം ചെയ്താല്‍ അതിന് മറുപടി പറയുക പ്രയാസകരമാണ്.
കണ്ണേറു ബാധിക്കുകയെന്നത് കാര്യകാരണ ബന്ധങ്ങള്‍ക്കതീതവും അദൃശ്യവുമായ നിലയിലാണ്. ഈ നിലയില്‍ ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹുവിന് മാത്രമേ സാധിക്കൂ എന്നാണ് സത്യവിശ്വാസി ഉറച്ചു വിശ്വസിക്കുന്നത്. ‘കണ്ണേറിന് അവനെ സൃഷ്ടിച്ച ദൈവത്തെ പോലും പരാജയപ്പെടുത്താന്‍ സാധിക്കും’ എന്ന നിലയിലാണ് ചില പരാമര്‍ശങ്ങള്‍. ഇതൊക്കെ യുക്തിവാദികള്‍ക്ക് ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കലാണ്.
ഹദീസുകള്‍ സാമാന്യ ബുദ്ധിക്ക് യോജിക്കണമെന്ന് പറയുമ്പോള്‍ ദീന്‍ നമ്മുടെ ബുദ്ധിയുടെ അടിസ്ഥാനത്തില്‍ മാത്രം വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ഒരു കാര്യമാണെന്ന് വിശ്വസിക്കരുത്. കാരണം സത്യവും അസത്യവും നീതിയും അനീതിയും ഈമാനും കുഫ്‌റും തൗഹീദും ശിര്‍ക്കും വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യബുദ്ധിക്കില്ല. ചിലര്‍ക്ക് സത്യമായി തോന്നുന്ന കാര്യങ്ങള്‍ മറ്റു ചിലര്‍ക്ക് അസത്യമായും നീതിയായി തോന്നുന്ന കാര്യങ്ങള്‍ അനീതിയായും ഈമാനായി തോന്നുന്ന കാര്യങ്ങള്‍ കുഫ്റായും തൗഹീദായി തോന്നുന്ന കാര്യങ്ങള്‍ ശിര്‍ക്കായും തോന്നാവുന്നതുമാണ്. അത്തരം തോന്നലുകളുടെ അടിസ്ഥാനത്തില്‍ അവര്‍ പ്രവര്‍ത്തിക്കുകയും ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്നു.
മനുഷ്യബുദ്ധിക്ക് വിരുദ്ധമായി ദീനില്‍ യാതൊന്നും തന്നെയില്ല. അതിനെക്കുറിച്ചാണ് ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാര്‍ ഹദീസുകള്‍ സാമാന്യബുദ്ധിക്ക് വിരുദ്ധമാകരുത് എന്ന് രേഖപ്പെടുത്തിയത്. ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന നൂറിലധികം ഖുര്‍ആന്‍ വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. അല്ലാഹുവിന്റെ സൃഷ്ടിപ്പിനെക്കുറിച്ചും സൃഷ്ടികളെക്കുറിച്ചും അവയുടെ നിയന്ത്രണങ്ങളെ സംബന്ധിച്ചും ചിന്തിച്ച് ദൈവത്തെ കണ്ടെത്തുവാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.
ഒരുദാഹരണം ശ്രദ്ധിക്കുക: ”ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്കുപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്തുനിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അത് മുഖേന ജീവന്‍ നല്കിയതിലും ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്, തീര്‍ച്ച.” (അല്‍ബഖറ 164)
ചിന്തിക്കാത്ത ജനതയെ കാലികളേക്കാള്‍ വഴിപിഴച്ചവരായി സൂറത്ത് അഅ്‌റാഫ് 179-ാം വചനത്തിലും ഏറ്റവും മോശപ്പെട്ട ജന്തുവായി സൂറത്ത് അന്‍ഫാല്‍ 22-ാം വചനത്തിലും അല്ലാഹു ചിത്രീകരിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിനെ സംബന്ധിച്ച് ചിന്തിക്കാനാണ് അല്ലാഹുവിന്റെ ആഹ്വാനം.
അല്ലാഹു പറയുന്നു: ”താങ്കള്‍ക്ക് നാം അവതരിപ്പിച്ചു തന്ന അനുഗ്രഹീതമായ ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിക്കുന്നതിനും ബുദ്ധിമാന്മാര്‍ ഉത്ബുദ്ധരാകാനും വേണ്ടിയത്രെ ഇത്” (സ്വാദ് 29). മറ്റൊരു വചനം ശ്രദ്ധിക്കുക: ”അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല. ഹൃദയങ്ങളിന്മേല്‍ പൂട്ടുകളിട്ടിരിക്കുകയാണോ?” (മുഹമ്മദ് 24). മേല്‍ വചനം വിശദീകരിച്ചുകൊണ്ട് ഇമാം ഖുര്‍ത്വുബി(റ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”ഖുര്‍ആനിന്റെ ആശയം മനസ്സിലാക്കാന്‍ ചിന്ത നിര്‍ബന്ധമാണെന്ന് മേല്‍വചനം വ്യക്തമാക്കുന്നു.” (അല്‍ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍ 6:476)
ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) പറയുന്നു: ”ഒരു കാര്യം നന്മയാകുന്നത് ഖുര്‍ആനിനോടും സുന്നത്തിനോടും സാമാന്യബുദ്ധിയോടും യോജിച്ചുവരുമ്പോഴാണ്.” (അല്‍ഗുന്‍യ 1:53).
ഇമാം മാവര്‍ദി(റ) പറയുന്നു: ‘എല്ലാ കാര്യങ്ങള്‍ക്കും ചില സ്തംഭങ്ങളുണ്ട്. ഒരു കാര്യം അല്ലാഹുവിനുള്ള ആരാധനയായിത്തീരുന്നത് അവന്‍ ബുദ്ധി ഉപയോഗിച്ച് ആ കാര്യം ചെയ്യുമ്പോഴാണ്. അല്ലാഹു കാഫിറുകളെക്കുറിച്ച് അരുളിയത് നിങ്ങള്‍ കേട്ടിട്ടില്ലേ? ‘നാം കാര്യങ്ങള്‍ കേട്ടു മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ നാം നരകവാസികളായിത്തീരുമായിരുന്നില്ല’ (അദബു ദുന്‍യാ വദ്ദീനി പേജ് 11-12)
ദീനും ബുദ്ധിയും തമ്മില്‍ അഭേദ്യമായ ബന്ധങ്ങളുണ്ട്. അല്ലാഹു അരുളി: ‘നബിയേ, പറയുക. ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോടുകൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍തുടര്‍ന്നവരും’ (യൂസുഫ് 108). മേല്‍വചനം ഇമാം ഇബ്നുകസീര്‍(റ) വ്യാഖ്യാനിക്കുന്നത് ശ്രദ്ധിക്കുക: ‘നബി(സ)യെ പിന്‍തുടര്‍ന്നവരെല്ലാം നബി(സ)യുടെ മാര്‍ഗത്തിലേക്ക് ആളുകളെ ക്ഷണിക്കേണ്ടത് മതപരവും ബുദ്ധിപരവുമായ പ്രമാണങ്ങളോടു കൂടിയും ഉറച്ച വിശ്വാസത്തോടുകൂടിയും ഉള്‍ക്കാഴ്ചയോടു കൂടിയുമായിരിക്കണം’ (ഇബ്നുകസീര്‍ 2/496).
നമ്മുടെ വിഷയം ഹദീസുകളാണ്. ബുഖാരിയും മുസ്്ലിമും അടക്കം പ്രധാനമായും 6 ഹദീസു ഗ്രന്ഥങ്ങളുണ്ട്. അവയ്ക്ക് പറയപ്പെടുന്ന പേര് ‘സ്വിഹാഹുസ്സിത്ത’ അഥവാ ആറ് സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങള്‍ എന്നാണ്. പക്ഷെ അവയില്‍ പതിനായിരക്കണക്കില്‍ നിര്‍മിതവും ദുര്‍ബലവുമായ ഹദീസുകളുണ്ടെന്ന് ഹദീസുകളെ സംബന്ധിച്ച് സാമാന്യ അറിവുള്ള എല്ലാ പണ്ഡിതന്മാര്‍ക്കും അറിയാവുന്ന കാര്യമാണ്. അവയ്ക്ക് ‘സ്വിഹാഹുസ്സിത്ത’ എന്ന പേര് നല്‍കിയത് അവയിലെ ബഹുഭൂരിപക്ഷം ഹദീസുകളും സ്വഹീഹാകുന്നു എന്ന നിലയിലാണ്. നാസ്തികരും ഇസ്ലാമിക വിമര്‍ശകരും പലപ്പോഴും ഇസ്്ലാമിനെ എതിര്‍ക്കാന്‍ തെളിവാക്കാറുള്ളത് ഇത്തരം ദുര്‍ബലവും നിര്‍മിതവുമായ ഹദീസുകളെയാണ്. വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമായി ബുഖാരിയിലും മുസ്്ലിമിലും പോലും നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്.
ഹദീസ് നിദാനശാസ്ത്രമനുസരിച്ച് വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന ഹദീസുകള്‍ നിര്‍മിതങ്ങളാണ്. ജലാലുദ്ദീനുസ്സുയൂഥി(റ)യുടെ ‘തദ്രീബുര്‍റാവി’ 1/327ലും ഇമാം സഖാവിയുടെ ‘ഫത്ഹുല്‍ മുഗീസ്’ 1/190ലും ഇബ്നുഹജറുല്‍ അസ്ഖലാനി(റ)യുടെ ‘നുഖ്ബതുല്‍ ഫിക്ര്‍’ 113ാം പേജിലും മറ്റു ഹദീസ് നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിലും ഇക്കാര്യം ഖേപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഖുര്‍ആനിനുശേഷം ഏറ്റവും സ്വഹീഹായ ഗ്രന്ഥം ബുഖാരിയാണെന്ന് അല്ലാഹുവോ റസൂലോ എവിടെയും പറഞ്ഞിട്ടില്ല .മറിച്ച്, അത് ചില പണ്ഡിതന്മാരുടെ അഭിപ്രായം മാത്രമാണ്.
വൈദ്യശാസ്ത്രത്തിനോ സാമാന്യ ബുദ്ധിക്കോ നിരക്കാത്ത പല റിപ്പോര്‍ട്ടുകളും ഹദീസു ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ഒരു ഹദീസ് ശ്രദ്ധിക്കുക: ”വല്ലവനും എല്ലാ ദിവസവും രാവിലെ ഏതാനും അജ്‌വ കാരക്കകള്‍ ഭക്ഷിക്കുന്ന പക്ഷം അവനെ വിഷവും സിഹ്‌റും ശല്യപ്പെടുത്തുകയില്ല. ഏഴ് കാരക്കകള്‍ എന്നും മറ്റു ചില റിപ്പോര്‍ട്ടുകളിലുണ്ട്.” (ബുഖാരി 5768: ഫത്ഹുല്‍ ബാരി 13:168).
ഇത്തരം ഹദീസുകള്‍ അക്കാലത്ത് അറബികള്‍ക്കിടയിലുണ്ടായിരുന്ന ചികിത്സാ സമ്പ്രദായം ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ നബി(സ) നിരീക്ഷിച്ച് പറഞ്ഞതായിരിക്കാനാണ് സാധ്യത. കരിംജീരകം മരണമൊഴിച്ചുള്ള എല്ലാ രോഗങ്ങള്‍ക്കും ശമനമാണ് എന്ന് പറഞ്ഞതുപോലെ. അത് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ടു ചെയ്തതാണല്ലോ. അജ്‌വ കാരക്ക ഭക്ഷിച്ചാല്‍ എല്ലാവിധ വിഷവും ഇല്ലാതാകുമെന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. കാരണം വിഷം പലവിധമുണ്ട്.
നേരിയ വിഷമുള്ള വസ്തുക്കളുണ്ട്. കഠിന വിഷമുള്ള ജീവികളുമുണ്ട്. രാജവെമ്പാല കടിച്ചാല്‍ അജ്‌വ കാരക്ക ഭക്ഷിക്കുന്നവന് വിഷമേല്ക്കുകയില്ല എന്നതിന് എന്തടിസ്ഥാനമാണുള്ളത്. ലോകത്ത് ഇന്നേവരെ അങ്ങനെ ഒരു പരീക്ഷണം നടന്നതായി അറിയപ്പെടുന്നില്ല. പിണ്ണാക്ക് ഭക്ഷിച്ചാല്‍ കാന്‍സര്‍ രോഗം മാറും എന്ന് ആരെങ്കിലും പറഞ്ഞാല്‍ നാം വിശ്വസിക്കുമോ? അല്ലെങ്കില്‍ ഈ ഹദീസ് നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതായിരിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ പണ്ഡിതന്മാര്‍ ഈ ഹദീസിന് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടുമില്ല.
ഇബ്നുഹജര്‍(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ‘മാസിരി(റ) പ്രസ്താവിച്ചു. ഈ ഹദീസില്‍ വന്ന ആശയം വൈദ്യശാസ്ത്രപരമായി അതിന്റെ വഴിയിലൂടെ ചിന്തിക്കേണ്ട കാര്യമല്ല’ (ഫത്ഹുല്‍ബാരി 13/171). അദ്ദേഹത്തില്‍ നിന്നുതന്നെ ഇബ്നുഹജര്‍(റ) വീണ്ടും രേഖപ്പെടുത്തി: ‘നമ്മുടെ ഈ കാലഘട്ടത്തില്‍ അജ്‌വ കാരക്ക കൊണ്ട് വിഷം ഇല്ലാതായിത്തീരും എന്ന് സ്ഥിരപ്പെട്ടു വരാത്തതിനാല്‍ അത് നബി(സ)യുടെ കാലഘട്ടക്കാര്‍ക്ക് പ്രത്യേകമായി ഉള്ളതായിരിക്കാം. അതുപോലെ ഖാളീ ഇയാള്(റ)യും പ്രസ്താവിച്ചിട്ടുണ്ട്” (ഫത്ഹുല്‍ബാരി 13/171).
അജ്‌വ കാരക്ക ഭക്ഷിച്ചാല്‍ പിന്നീട് സിഹ്റിന്റെ ശല്യവും ഇല്ലാതാകും എന്നത് അതിനെക്കാള്‍ ബാലിശമായ വാദമാണ്. കാരണം സിഹ്റ് ഫലിക്കുമെന്നത് അന്ധവിശ്വാസമാണ്. ഇത്തരം അന്ധവിശ്വാസങ്ങള്‍ മാറിക്കിട്ടാന്‍ തൈലം തേച്ചിട്ടോ മറ്റു നല്ല വസ്തുക്കള്‍ ഭക്ഷിച്ചതുകൊണ്ടാ യാതൊരുകാര്യവുമില്ല. മറിച്ച് അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) ശരിക്കും പഠിക്കുക എന്നത് മാത്രമാണ് അതിനുള്ള ചികിത്സ. അതിന് സ്വാലിഹ്ബ്നു ഫൗസാന്റെ ‘അഖീദതുത്തൗഹീദ്’ എന്ന ഗ്രന്ഥം അതിന്റെ 138-ാം പേജ് വായിച്ചു പഠിക്കേണ്ടതാണ്.

Back to Top