14 Tuesday
January 2025
2025 January 14
1446 Rajab 14

ഹരിയാന മുഖ്യന് ഗാഫര്‍ ഖാന്‍ ആരെന്നറിയാമോ?

രാംപുനിയാനി

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ സമീപ കാലത്തായി പുറത്തുവന്ന വിജ്ഞാപന പ്രകാരം ഫരീദാബാദില്‍ സ്ഥിതി ചെയ്യുന്ന ഖാന്‍ അബ്ദുല്‍ ഖാഫര്‍ ഖാന്റെ പേരിലുള്ള ആശുപത്രിയുടെ പേര് അടല്‍ ബിഹാരി വാജ്‌പേയി ആശുപത്രി എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഹരിയാന ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നു. പൊതു ഇടങ്ങളെ പൂര്‍ണമായും പുനര്‍ നാമകരണം ചെയ്യാനാണ് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി സമീപകാലത്തായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ഭരണാധികാരികളുടെ പേരിലുള്ള റോഡുകളും പട്ടണങ്ങളുമെല്ലാം പുനര്‍ നാമകരണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഔറംഗസീബിന്റെ പേരിലുള്ള റോഡ് എ പി ജെ അബ്ദുല്‍കലാം റോഡായും അലഹബാദിനെ പ്രയാഗ് രാജായും മുഗള്‍ സറായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ എന്നും ഫൈസാബാദിനെ അയോധ്യയായും പുനര്‍നാമകരണത്തിന് വിധേയമാക്കി. സമീപ കാലത്തായി ഹൈദരാബാദില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണം എന്ന് ആവശ്യപ്പെടുകയുണ്ടായി. ഏറെക്കാലം ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേന ഔറംഗാബാദ്, അഹ്മദാബാദ് നഗര്‍, പൂനെ എന്നീ സ്ഥലനാമങ്ങള്‍ പുനര്‍നാമകരണത്തിന് വിധേമയാക്കണം എന്ന് ആവശ്യപ്പെടുകയുണ്ടായി. മുസ്‌ലിം ഭരണാധികാരികളുടെ പേരിലുള്ള പൊതു ഇടങ്ങളുടെ പുനര്‍നാമകരണം വഴിയുണ്ടായ തെരഞ്ഞടുപ്പ് നേട്ടത്തെക്കുറിച്ച് ശിവസേന വൈകിയാണ് മനസ്സിലാക്കിയതെങ്കിലും ബി ജെ പി ഇതു നേരത്തെ തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗപ്പെടുത്തി. മുസ്‌ലിം രാജാക്കന്മാരെ അമ്പലങ്ങള്‍ തകര്‍ത്തവരായും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നേതൃത്വം നല്കിയവരായും ഹിന്ദു സ്ത്രീകളെ അടിച്ചമര്‍ത്തിയവരായും ചിത്രീകരിക്കാനാണ് ബി ജെ പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല ഇത്തരം വ്യാജ ആരോപണങ്ങളുടെ പേരില്‍ വര്‍ത്തമാനകാല മുസ്‌ലിം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമം നടത്തി.
മുസ്‌ലിം രാജാക്കന്മാരുടെ പേരിലുള്ള പൊതു ഇടങ്ങളെ പുനര്‍നാമകരണം ചെയ്യുന്നു എന്നതിനപ്പുറം, ഇന്ത്യന്‍ ദേശീയ ധാരയുടെ കരുത്തുറ്റ നേതൃത്വമായിരുന്ന, ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി സന്ധിയില്ലാ സമരം നയിച്ച, മതാടിസ്ഥാനത്തിലുള്ള രാജ്യ വിഭജനത്തെ ശക്തിയുക്തം എതിര്‍ത്ത, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഉറ്റ തോഴനായിരുന്ന, ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്റെ പേരിലുള്ള പൊതു സ്ഥാപനത്തെ പുനര്‍നാമകരണത്തിന് വിധേയമാക്കാന്‍ ഉത്തരവിറക്കിയതിലൂടെയാണ് ഹരിയാന ഗവണ്‍മെന്റിന്റെ സമീപകാല നടപടി ഇതില്‍ നിന്നെല്ലാം തികച്ചും വിചിത്രമാവുന്നത്. ഓരോ ഇന്ത്യക്കാരനും അതിര്‍ത്തി ഗാന്ധി എന്ന് സ്‌നേഹാദരങ്ങളോടെ വിളിക്കുന്ന ദേശീയ നേതാവാണ് ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍. വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നുള്ള പ്രഗത്ഭനായ ദേശീയ നേതാവായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകളുടെ പേരില്‍ ജയിലിടയ്ക്കുകയുണ്ടായി. സൗഹൃദത്തിന്റെയും അഹിംസയുടെയും ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി സമരം നയിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി അദ്ദേഹം സ്ഥാപിച്ച കൂട്ടായ്മയാണ് ഖുദി ഖിദ്മത്കാര്‍. 1930 ല്‍ പെഷവാറിലെ കിസ കവാനി ബസാറില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് എതിരായി ഖുദി ഖിദമത്കാര്‍ സമാധാനപരമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയെ ബ്രിട്ടീഷ് സായുധ സൈന്യം നിര്‍ഭയമായി അടിച്ചമര്‍ത്തുകയും പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്ത സംഭവം ദേശീയ പ്രക്ഷോഭ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്.
കോണ്‍ഗ്രസ് നേതൃത്വം മനസ്സില്ലാ മനസ്സോടെ രാഷ്ട്രവിഭജനത്തെ അംഗീകരിച്ചപ്പോഴും ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ വിഭജനത്തെ പൂര്‍ണമായും എതിര്‍ത്തു. ‘നിങ്ങള്‍ ഞങ്ങളെ ചെന്നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുത്തു’ എന്നാണ് വിഭജന സംബന്ധിയായി ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ നടത്തിയ പ്രഖ്യാപനം. വിഭജനാനന്തരം ഫരീദാബാദിലേക്ക് പലായനം ചെയ്ത അദ്ദേഹത്തിന്റെ അനുയായികളില്‍ ചിലരാണ് അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്താന്‍ ഈ ഹോസ്പിറ്റല്‍ സ്ഥാപിച്ചത്. ഇന്നും ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ അനുയായികളില്‍ ചിലരുടെ അഭിപ്രായ പ്രകാരം ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ എന്ന ദേശീയ നേതാവിന്റെ ജ്വലിക്കുന്ന ഓര്‍മകളെ നിലനിര്‍ത്താന്‍ മറ്റൊരു ആതുരാലയം നിര്‍മിക്കുകയാണെങ്കില്‍ അടല്‍ബിഹാരി വാജ്‌പേയിയുടെ പേരില്‍ നിലവിലെ ഹോസ്പിറ്റല്‍ പുനര്‍ നാമകരണം ചെയ്തതില്‍ യാതൊരു എതിര്‍പ്പുമില്ല.
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമാകാതിരുന്ന നിലവിലെ ഭരണകക്ഷി ഇന്ത്യ എന്ന മതേതര ബഹുസ്വര രാഷ്ട്ര നിര്‍മിതിയിലെ മുസ്ലിംകളുടെയും ഇസ്ലാമിന്റെയും മുദ്രകളെ മായ്ച്ചു കളയാനാണ് ശ്രമിക്കുന്നത്. മധ്യകാല മുസ്ലിം നേതാക്കന്മാരെ പൈശാചികവത്കരിച്ച് അവതരിപ്പിക്കുന്ന ബി ജെ പി സമീപനങ്ങള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന മുസ്ലിം സമൂഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് പരിശ്രമിക്കുന്നത്. മുസ്ലിംകള്‍ വിഭജന വാദികളാണ് എന്ന തെറ്റായ പ്രചാരണം വ്യാപകമാണ്. സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ചുള്ള ശരിയായ അവബോധമില്ലായ്മയാണ് അതിനു കാരണം.
മുസ്‌ലിം മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്റെ വിഭജന വാദത്തിനെതിരായി ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തി യായിരുന്നു ശംസുല്‍ ഇസ്‌ലാം. അദ്ദേഹത്തിന്റെ മുസ്‌ലിംകള്‍ ഇന്ത്യന്‍ വിഭജനത്തിനെതിരായി നിലപാടു സ്വീകരിച്ചവര്‍, എന്ന പുസ്തകത്തില്‍ ദേശീയ ഐക്യത്തിനും രാഷ്ട്ര സുരക്ഷക്കും ബഹുസ്വരതക്കും മുസ്‌ലിംകള്‍ സ്വീകരിച്ച നിലപാടുകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
രാഷ്ട്ര വിഭജനത്തിന് എതിരായി ശക്തമായ നിലപാട് സ്വീകരിച്ച അല്ലാബക്ഷ്് ‘ആസാദ് മുസ്‌ലിം കോണ്‍ഫറന്‍സ്’ എന്ന പേരില്‍ വിഭജനവാദത്തിനെതിരായി ഒരു കൂട്ടായ്മ രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ ഈ കൂട്ടായ്മക്ക് മുസ്‌ലിം ബഹുജനങ്ങള്‍ക്കിടയില്‍ നിന്ന് ശക്തമായ പിന്തുണയാണ് ലഭിച്ചത്. നമുക്കിടയില്‍ മതപരമായും രാഷ്ട്രീയമായും അഭിപ്രായാന്തരങ്ങള്‍ ഉണ്ടാവാമെന്നും എന്നാല്‍ പരസ്പര ബഹുമാനം നിലനിര്‍ത്തി നാം ഐക്യത്തോടെ മുമ്പോട്ട് പോകണം എന്നും അല്ലാബക്ഷ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ഊന്നിപ്പറഞ്ഞു. ശിബ്‌ലി നുഅ്മാനി, ഹസ്‌റത്ത് മൊഹാനി, മുക്താര്‍ അഹമ്മദ് അന്‍സാരി എന്നിങ്ങനെ നിരവധി മുസ്‌ലിം മുഖ്യധാര പണ്ഡിതര്‍ വിഭജനത്തിനെതിരായി ശക്തമായ നിലപാട് സ്വീകരിച്ചവരായിരുന്നു.
ഇപ്രകാരം ഇന്ത്യന്‍ ദേശീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കുകയും രാഷ്ട്ര നിര്‍മിതിയില്‍ നിര്‍ണായക പങ്കാളിത്തം വഹിക്കുകയും ചെയ്ത പര്‍വത സമാനമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു മൗലാന അബുല്‍ കലാം ആസാദ്. നിരവധി തവണ കോണ്‍ഗ്രസ് നേതൃപദവി അലങ്കരിച്ച അദ്ദേഹം 1942 ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരായി നടന്ന വലിയ ബഹുജന പ്രക്ഷോഭമായിരുന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വ്യക്തിത്വമായിരുന്നു. മുഖ്യധാരാ മുസ്‌ലിം സംഘടനകളില്‍ മഹാ ഭൂരിപക്ഷവും ദേശീയതക്കും ഹിന്ദു മുസ്‌ലിം മൈത്രിക്കും വേണ്ടി നിലപാട് സ്വീകരിച്ചവരായിരുന്നു ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്, മുഅ് മിന്‍ കോന്‍ഫറന്‍സ്, മജ്‌ലിസെ അഹ്റാറെ ഇസ്ലാം, അഹ്‌ലെ ഹദീസ്, ദയൂബന്ദ് പണ്ഡിത സഭ എന്നിവരെല്ലാം രാഷ്ട്ര ഐക്യത്തിന് വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചവരായിരുന്നു. ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്റെ പേരിലുള്ള ഹോസ്പിറ്റലിന്റെ പുനര്‍നാമകരണം ചെയ്യാനുള്ള നീക്കം രാജ്യത്ത് ശക്തിപ്രാപിച്ചുവരുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ നേര്‍ സാക്ഷ്യമാണ്. രാഷ്ട്ര നിര്‍മിതിയില്‍ നിസ്തുലമായ സേവനമര്‍പ്പിച്ച മുസ്‌ലിം സമൂഹത്തിന് എതിരായി നടക്കുന്ന വിവേചനത്തിന്റെയും അവഗണനയുടെയും കൃത്യമായ ഉദാഹരണമാണിത്.
(വിവ: ശാക്കിര്‍ എടച്ചേരി)

Back to Top