23 Monday
December 2024
2024 December 23
1446 Joumada II 21

ഖുര്‍ആന്‍ കഥകള്‍ക്ക് ഒരു മുഖവുര

നൗഷാദ് ചേനപ്പാടി

വിശുദ്ധ ഖുര്‍ആനില്‍ ആദം നബി(അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള ഇരുപത്തഞ്ച് നബിമാരുടെ കഥകള്‍ വിവരിച്ചിട്ടുണ്ട്. ചിലരുടേത് സംക്ഷിപ്തമായും ചിലരുടേത് വിശദമായും. ദുല്‍ഖര്‍നൈന്‍, ലുഖ്മാനുല്‍ ഹക്കീം, താലൂത്ത്, മറിയം, ഗുഹാവാസികള്‍ തുടങ്ങി നബിമാരല്ലാത്തവരുടേയും കഥകള്‍ ഖുആന്‍ വിവരിച്ചിട്ടുണ്ട്. ഖുര്‍ആന്റെ മൂന്നിലൊന്നും കഥകളാണ്. കഥകള്‍ക്ക് ഖുര്‍ആന്‍ പ്രയോഗിച്ച പദം ഖിസ്സ: എന്നാണ്. ബ. വ. ഖസ്വസ്. ‘അല്‍അഖ്ബാറുല്‍ മുതത്തബ്ബഅ:’ എന്നാണ് ഖസസിന്റെ അര്‍ത്ഥം. അഥവാ പിന്തുടരപ്പെടുന്ന വാര്‍ത്തകള്‍ എന്ന്. ഒരു കാര്യത്തിനെ പിന്തുടരുക എന്നാണ് ആ പദത്തിന്റെ മൗലികാര്‍ത്ഥം. ഖുര്‍ആന്‍ കഥകള്‍ക്ക് താരീഖ് അഥവാ ചരിത്രം എന്ന് പ്രയോഗിച്ചിട്ടില്ല. ചരിത്രം തീയതിയുമായി ബന്ധപ്പെട്ട് സംഭവങ്ങളുടെ വെറും കോര്‍വ മാത്രമാണ്. ഖിസ്സ: അങ്ങനെയല്ല. കഴിഞ്ഞകാലത്ത് നടന്ന ഒരു സംഭവത്തെ പിന്തുടര്‍ന്ന് നടത്തുന്ന അന്വേഷണമാണത്. എന്താണ് നടന്നത്, എന്തുകൊണ്ടാണത് നടന്നത്, വര്‍ത്തമാന- ഭാവികാലത്തേക്ക് അതില്‍നിന്നുള്ള ഗുണപാഠങ്ങളെന്തൊക്കെ എന്നൊക്കെയുള്ള കൂലങ്കുഷമായുള്ള അന്വേഷണം. കഥകള്‍ എന്ന് പറയുമ്പോള്‍ മലയാളത്തില്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന അര്‍ത്ഥമല്ല ഖുര്‍ആനിക പ്രയോഗത്തില്‍ എന്ന് വ്യക്തമായി നാം മനസ്സിലാക്കിയിരിക്കണം. ഇതു മനസ്സിലാവാത്തതുകൊണ്ടാണ് ഖുര്‍ആന്‍ കഥകള്‍ക്ക് നാം ചരിത്രമെന്ന് പറയുന്നത്.
ജനങ്ങള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുവാന്‍ അല്ലാഹു നബി(സ)യോട് കല്‍പിക്കുന്നുണ്ട്. സൂറത്തുല്‍ അഉറാഫില്‍. ആയത്ത്: 176. അല്ലാഹു സവിശേഷം അവന്റെ ആയത്തുകളും ഇല്‍മും നല്‍കിയിട്ട് ദുനിയാവിനെ തിരഞ്ഞെടുക്കുകയും അതില്‍ കൂപ്പുകുത്തുകയും ചെയ്ത ഒരു പണ്ഡിതന്റെ ദുരന്തപര്യവസായിക്കു പിന്‍കുറിയായിട്ട്.
നീ അവര്‍ക്കു കഥകള്‍ പറഞ്ഞുകൊടുക്കുക. അവര്‍ ചിന്തിക്കുവാന്‍വേണ്ടി. അഅ്‌റാഫ്: 176.
ഇവിടെ പണ്ഡിതനായിരുന്ന ആ വ്യക്തിയെ നായയോടാണ് അല്ലാഹു ഉപമിച്ചിരിക്കുന്നതെന്ന് സവിശേഷം ശ്രദ്ധിക്കുക. ഫിര്‍ഔനിനേയും നംറൂദിനേയും അബൂജഹലിനേയും ഈ രീതിയില്‍ അല്ലാഹു ഉപമിച്ചിട്ടില്ല എന്നും.
ഖുര്‍ആന്‍ കഥകള്‍ സത്യസന്ധമായ കഥകളാണ്. അതൊരിക്കലും ഐതിഹ്യങ്ങളോ പുരാണേതിഹാസങ്ങളോ അല്ല. കാരണം അത് അല്ലാഹുവിന്റെ വചനങ്ങളാണ് എന്നതുതന്നെ. സൂറത്തുല്‍ കഹ്ഫില്‍ അല്ലാഹു പറയുന്നു:
അവരുടെ കഥകള്‍ സത്യസന്ധമായിട്ട് നാം നിനക്ക് പറഞ്ഞുതരാം. അല്‍കഹ്ഫ്: 13.
ഈ കഥകള്‍ പറഞ്ഞുകൊടുത്തുകൊണ്ടാണ് അന്ന് ലോകത്ത് ഏറ്റവും ദുഷിച്ചുകഴിഞ്ഞിരുന്ന ഒരു ജനസമൂഹത്തെ അല്ലാഹുവിന്റെ റസൂല്‍(സ) ഏറ്റവും ഉത്തമമായ സമൂഹമായി വളര്‍ത്തിയെടുത്തത്. ആ ഉത്തമ സമൂഹത്തിന്റെ പില്‍ക്കാല തലമുറ ദുഷിച്ചുപോയത് കെട്ടുകഥകളും അത്ഭുത കഥകളും അവരില്‍ സ്വാധീനം ചെലുത്തിയതുകൊണ്ടായിരുന്നു എന്നും ഓര്‍ക്കുക. സമൂഹത്തെ ശിര്‍ക്കിലും അന്ധവിശ്വാസത്തിലും തളച്ചിടാല്‍ സാമിരിയുടെ അനന്തരാവകാശികള്‍ അവലംബിക്കുന്ന മാര്‍ഗവും ഈ അന്ധവിശ്വാധിഷ്ഠിതമായ അത്ഭുതകഥകളും കെട്ടുകഥകളും അവരില്‍ അടിച്ചേല്‍പിച്ചുകൊണ്ടാണ്. അങ്ങനെ അവരുടെ ബുദ്ധിയേയും ചിന്തയേയും ഫ്രീസ് ചെയ്തുകൊണ്ട്. സമൂഹത്തിന്റെ ചിന്താശേഷി ഇത്തരം കഥകളിലൂടെ മുരടിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ മനുഷ്യനെ നന്നാക്കുന്നതിലും ദുഷിപ്പിക്കുന്നതിലും കഥകള്‍ക്കുള്ള പങ്ക് എത്ര വലുതാണെന്ന് ചിന്തിക്കുക. ഇന്നത്തെ കാലത്ത് വിശേഷിച്ചും. കഥകളുടെ വിഷ്വലായ അവതരണമാണല്ലോ സിനിമയും സീരിയലുകളും മറ്റും. അതിനാലാവണം ഖുര്‍ആന്റെ മൂന്നിലൊന്നും കഥകളായത്. ഖുര്‍ആന്‍ കഥകളും സിനിമയിലെന്നപോലെ നമ്മുടെ മുമ്പില്‍ കാണിച്ചുതരികയാണല്ലോ അല്ലാഹു. ബാബരി മസ്ജിദിനെ തകര്‍ക്കാനുള്ള വംശീയവും വര്‍ഗീയവുമായ വികാരം ഫാസിസ്റ്റുകള്‍ മുന്‍കൂറായി സൃഷ്ടിച്ചെടുത്തത് ഒരു ഐതിഹ്യത്തിന്റെ നിരന്തരമായ വിഷ്വലവതരണത്തില്‍ക്കൂടിയായിരുന്നുവല്ലോ. ഇന്നും ഫാസിസ്റ്റുകള്‍ അവരുടെ ലക്ഷ്യം നേടാന്‍ സ്വീകരിക്കുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഐതിഹ്യങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും ജീവന്‍ നല്‍കിക്കൊണ്ടാണ്. അതിലവര്‍ വിജയിക്കുകയും ചെയ്തു. ഇന്നും വിജയിച്ചുകൊണ്ടിരിക്കുന്നു. ഹിറ്റ്‌ലറും ഈ മാര്‍ഗ്ഗം അവലംബിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. കുട്ടികളെ വഴിതെറ്റിക്കുവാനും അവരെ കുറ്റകൃത്യങ്ങളിലേക്കു തിരിച്ചുവിടുവാനും അന്താരാഷ്ട്ര ജൂതലോബി സ്വീകരിക്കുന്ന രീതിയും കഥകള്‍തന്നെയാണ്. വിവിധ ഗെയിമുകളില്‍ക്കൂടിയും കാര്‍ട്ടൂണുകളില്‍ക്കൂടിയും മറ്റും. അപ്പോള്‍ മനുഷ്യനില്‍ നിലീനമായ നന്മയേയും അതിലൂന്നിയുള്ള സര്‍ഗശേഷിയേയും വളര്‍ത്തിയെടുക്കുവാനും അത് മനുഷ്യസമൂഹത്തിന് ഉപകാരപ്പെടുവാനും സത്യസന്ധമായ കഥകള്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്.
മനുഷ്യനില്‍ രൂഢമൂലമായ ധാരണകളേയും വിശ്വാസങ്ങളേയും മാറ്റിമറിക്കുന്നതിന് കഥകള്‍ക്കുള്ള സ്വാധീനം അതിശക്തമാണ്. തച്ചോളി കഥകളിലെ ചന്തു മലയാളിക്ക് എന്നും ചതിയന്‍ ചന്തുവാണ്. യാഥാര്‍ഥ്യം അങ്ങനെയായിരിക്കാം. പക്ഷേ ഇന്ന് ചന്തു മലയാളിയുടെ മനസ്സില്‍ സഹാതാപമര്‍ഹിക്കുന്ന ഒരു ദുരന്തകഥാപാത്രമാണ്. ഒരു വടക്കന്‍ വീരഗാഥയിലൂടെ എം ടിയുടെ തൂലിക എത്ര വിദഗ്ദ്ധമായാണ് ഈ പരമ്പരാഗത സങ്കല്‍പത്തെ മാറ്റിമറിച്ചതെന്നു നോക്കുക. അഭിനയ മികവും കൂടിയായപ്പോള്‍ മലയാളിയുടെ മനസ്സിലെ ചന്തു ഇന്ന് ‘വിശുദ്ധനായ’ ചന്തുവാണ്. അതേപോലെയാണ് പെരുന്തച്ചനേയും എം ടി ‘വിശുദ്ധനാക്കിയത്’. തന്നേക്കാള്‍ വിദഗ്ധനാണ് തന്റെ മകന്‍ എന്ന് പെരുന്തച്ചനു തോന്നിയതുകൊണ്ടാണ് മകനെ അയാള്‍ വധിച്ചത് എന്നാണല്ലോ പരമ്പരാഗത സങ്കല്‍പം. തിലകന്റെ അസാമാന്യമായ അഭിനയപാടവവും കൂടിയായപ്പോള്‍ പെരുന്തച്ചനെപ്പറ്റിയുള്ള പുതിയ സങ്കല്‍പവും അങ്ങനെ ജനമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കഥകളില്‍ക്കൂടിയാണ് ജനമനസ്സുകളെ കീഴടക്കിയത്. കഥാപ്രസംഗ രംഗത്ത് സാംബശിവനും നാടക രംഗത്ത് കെപിഎസിയും തോപ്പില്‍ ഭാസിയും മറ്റനവധി സിനിമകളുമായിരുന്നു പാര്‍ട്ടിക്ക് കേരളത്തില്‍ വേരോട്ടമുണ്ടാക്കിയത്.
അതേപോലെ ഖുര്‍ആന്‍ ഏറ്റവും മനോഹരങ്ങളായ കഥകളുമാണ്. അത് മനുഷ്യനെ ധാര്‍മ്മികതയുടേയും സദാചാരത്തിന്റേയും പരമകാഷ്ഠയിലെത്തിക്കുന്ന കഥകളാണ്. സൂറത്തു യൂസുഫിന്റെ ആദ്യത്തില്‍ അല്ലാഹു പറയുന്നു:
നാം നിനക്ക് ഏറ്റവും മനോഹരമായ കഥകള്‍ പറഞ്ഞുതരാം. സൂറ:യൂസുഫ്: 3.
ഖുര്‍ആനിലെ കഥകള്‍ ഒരു സത്യവിശ്വാസിക്ക് ഏറ്റവും മനോഹരമായി തോന്നണം. അഥവാ അവന്റെ ആസ്വാദനശേഷിക്ക് അനുഭവപ്പെടണം. ഇല്ലെങ്കില്‍ അവന്റെ ആസ്വാദനശേഷി ഖുര്‍ആനികമായി രൂപപ്പെടുത്താന്‍ അവനു കഴിഞ്ഞിട്ടില്ല എന്നാണര്‍ഥം. അപ്പോഴേ അവനില്‍നിന്നും, അവന്റെ ഖുര്‍ആനികമായ സര്‍ഗശേഷിയില്‍നിന്നും മനോഹരമായ സാഹിത്യവും കലയും ഉയിരെടുക്കുകയുള്ളു. ഖുര്‍ആനിലെ സൂറത്തു മര്‍യമും യൂസുഫും ധാര്‍മിക വിശുദ്ധിയുടെ കഥകളാണ് നമുക്കു പറഞ്ഞുതരുന്നത്. ഒന്നില്‍ വിശുദ്ധി കളങ്കപ്പെട്ടു എന്ന് ജനം ആക്ഷേപിക്കുന്നതോര്‍ത്ത് വേപഥു കൊള്ളുന്ന ഒരു സ്ത്രീയുടെ ആത്മസംഘര്‍ഷങ്ങളുടെ ‘കാല്‍പനിക’മായ അവതരണം. അടുത്തതില്‍ ധാര്‍മിക വിശുദ്ധി പാലിക്കുന്നതില്‍ അസാമാന്യമാം വിധം വിജയിച്ച ഒരു പുരുഷന്റെ കഥയും.
പൗരാണിക ഇതിഹാസങ്ങളിലെ കഥകള്‍ വായിച്ചു പഠിച്ച പാശ്ചാത്യ പണ്ഡിതന്‍ എഴുതി. ഗ്രീക്ക് റോമന്‍ നാഗരീകതകള്‍ ഒരുപാട് വീരപുരുഷന്മാരെ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഒരൊറ്റ വിശുദ്ധ പുരുഷനെപ്പോലും സൃഷ്ടിച്ചില്ല എന്ന്. ശ്രദ്ധേയമായ വിലയിരുത്തല്‍. അപ്പോള്‍ ഒരു വിശുദ്ധമായ സമൂഹത്തേയും നാഗരീകതയേയും സൃഷ്ടിക്കുന്നതില്‍ ധാര്‍മ്മികമൂല്യങ്ങളിലൂന്നിയുള്ള മനോഹരമായ കഥകള്‍ക്ക് അത്യന്തം പ്രാധാന്യവും സ്വാധീനശേഷിയുമുണ്ടെന്ന കാര്യം നാം തിരിച്ചറിയണം. ഖുര്‍ആന്‍ കഥകള്‍ ലോകത്തെ മറ്റേത് കഥകളില്‍നിന്നും വേറിട്ടു നില്‍ക്കുന്നതവിടെയാണ്. ആധുനിക തലമുറ ഇത്രമാത്രം അധാര്‍മികമാവാനും ദുഷിക്കാനും കാരണം ഈ അധാര്‍മിക-ആഭാസ കഥകള്‍ സിനിമയില്‍ക്കൂടിയും നെറ്റില്‍ക്കൂടിയും പ്രചരിച്ചതിന്റേയും വ്യാപിച്ചതിന്റേയും അനന്തരഫലമാണ്.
കഥകള്‍ ജനങ്ങള്‍ക്കു പറഞ്ഞുകൊടുക്കുന്നതിന് പല ലക്ഷ്യങ്ങളുമുണ്ട്. അവ നമ്പറിട്ട് സയ്യിദ് ഖുത്തുബ് തന്റെ ‘അത്തസ്‌വീറുല്‍ ഫന്നിയ്യു ഫില്‍ ഖുര്‍ആന്‍’ -ഖുര്‍ആനിലെ കലാവിഷ്‌കാരം- എന്ന ചെറുകൃതിയില്‍ വിവരിച്ചിട്ടുണ്ട്. കെ കെ മുഹമ്മദ് മദനി ഖുര്‍ആനിലെ കഥാപാഠങ്ങള്‍ എന്ന കൃതിയുടെ -ഐ പി എച്ച് പ്രസിദ്ധീകരണം- ആമുഖത്തില്‍ അത് എടുത്തു ചേര്‍ത്തിട്ടുണ്ട്. ഈ കഥകള്‍ ജനങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടിയാണെന്ന് അഉറാഫ്:176- മത്തെ ആയത്തില്‍ പറഞ്ഞതോര്‍ക്കുക. സൂറ:യുസുഫിന്റെ അവസാനത്തെ ആയത്തില്‍ അല്ലാഹു പറയുന്നു:
തീര്‍ച്ചയായും അവരുടെ കഥകളില്‍ ബുദ്ധിമാന്മാര്‍ക്ക് ഗുണപാഠങ്ങളുണ്ട്.സൂറ:യൂസുഫ്: 111.
അതായത് വ്യക്തിക്കും സമൂഹത്തിനും കഴിഞ്ഞകാല നബിമാരുടേയും അവരുടെ ജനതതികളുടേയും കഥകളില്‍ ഒരുപാട് ഗുണപാഠങ്ങളുണ്ടെന്ന്. അവരുടെ മുന്നോട്ടുള്ള ജീവിതവീഥിയില്‍ ഈ കഥകളെ ബുദ്ധിമാന്മാരാണ് പ്രയോജനപ്പെടുത്തുകയെന്നും. അങ്ങനെ പ്രയോജനപ്പെടുത്തിയാലേ ഈ സമൂഹത്തിന് ഖൈറു ഉമ്മത്താവാന്‍ സാധിക്കുകയുമുള്ളു. ‘ഇബ്‌റത്ത്’ -ഗുണപാഠം- എന്ന പദം വിശാലമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആനിക സംജ്ഞയാണ്. പുഴയോ റോഡോ മുറിച്ചു കടന്നുപോകുന്നതിനാണ് അടിസ്ഥാനപരമായി ആ പദം പ്രയോഗിക്കുക. പുഴയും മറ്റും മുറിച്ചു കടന്നുപോകുന്നത് അവിടെത്തന്നെ നില്‍ക്കാനല്ലല്ലോ? മറ്റു പല സ്ഥലത്തേക്കും എത്തിപ്പെടാനാണ്. എന്നതുപോലെ അറിഞ്ഞു കഴിഞ്ഞ കാര്യങ്ങളില്‍നിന്നും അറിയപ്പെടാത്ത മറ്റുപല കാര്യങ്ങളിലേക്കും കടന്നുപോകാനാണ്. ഇതാണ് ഖുര്‍ആന്‍ നിര്‍ദ്ദേശിച്ച പാഠമുള്‍ക്കൊള്ളല്‍. അറിഞ്ഞിട്ടും അവിടെത്തന്നെ നില്‍ക്കുകയാണെങ്കില്‍ അതിന്റെ ഫലം ബുദ്ധിപരമായ മരവിപ്പും ചിന്താപരമായ വന്ധ്യതയായിരിക്കും. ദൈവീക ഹിദായത്ത് കിട്ടിയ ഖൈറു ഉമ്മത്ത് ഈ പതനത്തിലെത്തി നില്‍ക്കുമ്പോഴാണ് ദൈവീകമായ വെളിപാടിന്റെ പിന്‍ബലമില്ലാത്ത ഇതര സമൂഹങ്ങള്‍ ബുദ്ധിയെ അതിന്റെ ശരിയായ വഴിക്ക് പ്രയോജനപ്പെടുത്താതെ ചിന്തിക്കുന്നതും അതിന്‍ഫലമായുള്ള ശാസ്ത്രവും തത്വശാസ്ത്രങ്ങളും വിജ്ഞാനങ്ങളും ഭൂമിയില്‍ ഫസാദുണ്ടാക്കുന്നതും. ഇങ്ങനെ ഗുണപാഠങ്ങളുള്‍ക്കൊള്ളാതെ ചിന്തിക്കാതെ വരുമ്പോഴാണ് വിജ്ഞാനം വികസിക്കാതെ വരുന്നതും സാംസ്‌കാരികമായ അപചയം സംഭവിക്കുനതും പിന്നീട് ആ സാംസ്‌കാരിക ശൂന്യത അവരുടെ സംസ്‌കാരമായി മാറുന്നതും വിചാരത്തിനു പകരം വൈകാരികത അവരെ നയിക്കുന്നതും. മുസ്‌ലിം ഉമ്മത്ത് ഈ അവസ്ഥയില്‍നിന്നും ഇതുവരേയും കരകയറിയോ?
ആധുനിക കാലത്ത് ഖസ്വസുല്‍ ഖുര്‍ആന്‍ എന്ന വിഷയത്തില്‍ നിരവധി കൃതികള്‍ അറബി ഭാഷയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. മുന്‍കാലത്ത് മൊത്തം ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായിട്ടാണ് ഖുര്‍ആനില്‍ പറയപ്പെട്ട നബിമാരുടെ ചരിത്രവും രേഖപ്പെടുത്തിയിട്ടുള്ളത്. താരീഖുത്വബരി, ഇബ്‌നു കഥീറിന്റെ ബിദായ: വന്നിഹായ:, ഇബ്‌നുല്‍ അഥീറിന്റെ താരിഖുല്‍ കാമില്‍ മുതലായ കിതാബുകളില്‍. ഇബ്‌നു കഥീറിന് ഖസസുല്‍ അമ്പിയാ എന്നൊരു ഗ്രന്ഥമുണ്ടു്. എന്നാല്‍ അതൊരു സ്വതന്ത്ര കൃതിയല്ല. ഡോ. മുസ്തഫാ അബ്ദുല്‍ വാഹിദ് അദ്ദേഹത്തിന്റെ ബിദായ: വന്നിഹായ:യില്‍ നിന്നും നബിമാരുടെ കഥകള്‍ മാത്രം തിരഞ്ഞെടുത്ത് സ്വതന്ത്രമായി ക്രോഡീകരിച്ചതാണ്.
ശൈഖ് അബ്ദുല്‍ വഹ്ഹാബ് നജ്ജാറിനുമുണ്ട് ഖസ്വസുല്‍ അമ്പിയാ എന്ന പേരിലൊരു കൃതി. ഇപ്പോള്‍ ഗുണപാഠങ്ങളുള്‍ക്കൊള്ളുന്ന നിരവധി ഖസ്വസുല്‍ അമ്പിയാ ഗ്രന്ഥങ്ങള്‍ അറബിയില്‍ ലഭ്യമാണ്. അതിലേറ്റവും സമഗ്രവുീ ആധികാരികവും ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദിയുടെ അല്‍ ഖസ്വസുല്‍ ഖുര്‍ആനിയ്യ്: അറളുവഖാഇഅ വ തഹ് ലീലു അഹ്ദാസ് എന്ന നാലു വാല്യത്തിലുള്ള ബൃഹത് കൃതിയാണ്. ഇദ്ദേഹത്തിന് മവാഖിഫുല്‍ അമ്പിയാ എന്നൊരു കൃതിയും ഉണ്ട്. നബിമാരെപ്പറ്റി ജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിട്ടുള്ള തെറ്റിദ്ധാരണകളെ നിരൂപണം ചെയ്ത്, സത്യാസത്യങ്ങളെ വേര്‍തിരിച്ച് കാണിക്കുന്ന കൃതിയാണത്. മറ്റൊന്ന് രണ്ടു വാല്യത്തിലുള്ള ഡോ. സയ്യിദ് മുഹമ്മദ് വക്കീലിന്റെ നദ്റാത്തുന്‍ ഫീ അഹ്‌സനില്‍ ഖസ്വസാണ്. ഇതിന്റെയെല്ലാം പ്രസാധകര്‍ ദാറുല്‍ ഖലം ആണ്. അബ്ദുല്‍ കരീം ഖത്തീബിനുമുണ്ട് ഈ വിഷയത്തില്‍ രണ്ട് കൃതികള്‍. അല്‍ ഖസ്വസുല്‍ ഖുര്‍ആനിയ്യ് ഫീ മന്‍ത്വൂഖിഹി വ മഫ് ഹൂമിഹി എന്ന പേരിലും അല്‍ഖസ്വസുല്‍ ഖുര്‍ആനിയ്യ് മിനല്‍ ആലമില്‍ മന്‍ളൂരി വ ഗൈരില്‍ മന്‍ളൂര്‍. ഖുര്‍ആന്‍ പണ്ഡിതനായ ഡോ. ഫള്ല്‍ ഹസന്‍ അബ്ബാസിനുമുണ്ട് മനോഹരമായൊരു കൃതി. ഖസ്വസുല്‍ ഖുര്‍ആനില്‍ കരീം എന്ന പേരില്‍. എണ്ണൂറോളം പേജുകള്‍. ഖുര്‍ആനിലെ കഥകളുടെ മന:ശ്ശാസ്ത്രത്തെപ്പറ്റിയും കനപ്പെട്ട ഒരു കൃതിയും പ്രസിദ്ധീകൃതമായിട്ടുണ്ട്, സീക്കൂലൂജിയത്തുല്‍ ഖിസ്സ: ഫില്‍ ഖുര്‍ആന്‍ എന്ന പേരില്‍. ഗ്രന്ഥകര്‍ത്താവായ തിഹാമ: നഖിറ: 1971 ല്‍ ജാമിഅത്തുല്‍ ജസായിരില്‍ സമര്‍പ്പിച്ച ഡോക്ടറേറ്റ് തിസീസാണിത്. അറുനൂറ്റിഅമ്പത് പേജില്‍ പിന്നീടത് ഗ്രന്ഥമായി പുറത്തിറങ്ങി. ഇത് ആവശ്യക്കാര്‍ക്ക് നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. നബിമാരല്ലാത്തവരുടെ കഥകളെപ്പറ്റി രചിക്കപ്പെട്ട കൃതികളില്‍ ഏറ്റവും നല്ലത് ഡോ. സ്വലാഹ് ഖാലിദിയുടെ ഖസ്വസുസ്സാബിഖീന ഫില്‍ ഖുര്‍ആനാണ്. ശരിയായ രിവായത്തുകളെ മാത്രം അവലംബിച്ചു രചിച കൃതിയാണിത്. ഓരോ കഥകളേയും വിശദമായി പ്രതിപാദിച്ചശേഷം അതിലെ ഗുണപാഠങ്ങള്‍ ഇതില്‍ നമ്പറിട്ടു കൊടുക്കുന്നുണ്ട് ഗ്രന്ഥകാരന്‍. ഖത്തീബ്മാര്‍ക്കും പ്രാസംഗികര്‍ക്കും ഏറെ പ്രയോജനപ്രദം. (തുടരും)

Back to Top