അറബ് ഐക്യം പ്രതീക്ഷകളും സന്ദിഗ്ധതയും
ഹിശാമുല്‍ വഹാബ്
മൂന്നര വര്‍ഷത്തോളം നീണ്ടുനിന്ന നയതന്ത്ര വിഛേദനം അവസാനിപ്പിച്ച് പ്രമുഖ അറബ് രാജ്യങ്ങള്‍ സമവായത്തിന്റെ പാതയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് 2021-ന്റെ ആരംഭത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. 2017 ജൂണ്‍ 5-ന് പ്രാബല്യത്തിലാക്കപ്പെട്ട കര്‍ശന സ്വഭാവത്തിലുള്ള ഉപരോധം ഖത്തറിനു മേലുള്ള സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഒരു അച്ചടക്ക നടപടിയായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ 2021 ജനുവരി അഞ്ചിന് അത്തരം നടപടികളില്‍ നിന്നുള്ള അപ്രതീക്ഷിത പിന്മാറ്റം ഒരേ സമയം ആശ്ചര്യത്തോടും ജാഗ്രതയോടും കൂടിയാണ് ലോകം നോക്കിക്കാണുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കത്തെ സാഹോദര്യത്തിന്റെ സൂചനയായും ഐക്യത്തിലേക്കുള്ള കാല്‍വെപ്പായുമാണ് പ്രവാസികളടക്കമുള്ള അറബ് ജനത ഏറ്റെടുത്തിരിക്കുന്നത്.
ഖത്തര്‍ എന്ന ദ്വീപ്‌സമാന രാഷ്ട്രത്തിന്റെ ഇടപെടലുകളെ മെഹ്‌റാന്‍ കംറാവ വിശേഷിപ്പിക്കുന്നത് ‘ചെറിയ രാജ്യം, എന്നാല്‍ വലിയ രാഷ്ട്രീയം’ എന്നാണ്. കേവലം 28 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള, എന്നാല്‍ അതില്‍ തന്നെ 88 ശതമാനം ഇതര- രാജ്യതൊഴിലാളികളും നിവാസികളുമുള്ള ഖത്തര്‍, ചെറുരാഷ്ട്രങ്ങള്‍ ആഗോള രാഷ്ട്രീയത്തില്‍ ക്രിയാത്മകമായി ഇടപെടുന്നതിന്റെ സമകാലീന സാംസ്‌കാരിക ശേഷിയും (ീെള േുീംലൃ) സമന്വയിച്ചുകൊണ്ടുള്ള കാര്യശേഷി (ടാമൃ േുീംലൃ) യുമാണ് ഖത്തര്‍ മുന്നോട്ടുവെക്കുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ കയറ്റുമതിയിലൂടെ അഭിവൃദ്ധി പ്രാപിച്ച ഖത്തര്‍, പ്രതിശീര്‍ഷ വരുമാനത്തിന്റെ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണുള്ളത്.
1850 മുതല്‍ ഖത്തര്‍ ഭരിച്ചുകൊണ്ടിരിക്കുന്ന അല്‍ഥാനി കുടുംബത്തിന്റെ നിലവിലെ അമരക്കാരന്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി 2013-ലാണ് ഭരണം ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ പിതാവ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ ഭരണകാലത്താണ് ഖത്തര്‍, സഊദി അറേബ്യയുടെ അപ്രമാദിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വയംഭരണത്തിന്റെയും സ്വതന്ത്ര നിലപാടുകളുടെയും വഴി തുറക്കാന്‍ ശ്രമിച്ചത്. ശീതകാല യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ സോവിയറ്റ് യൂണിയനുമായി നയതന്ത്രബന്ധം ആരംഭിച്ച ഖത്തര്‍ ഒരേസമയം വിവിധ ശാക്തിക ചേരികളുമായി അടുത്തിടപഴകാന്‍ പരിശ്രമിച്ചു എന്നതാണ് പിന്‍കാല ചരിത്രം. 2002-ല്‍ ഇറാഖ് യുദ്ധത്തിന്റെ സമയത്ത് അമേരിക്കന്‍ വ്യോമ സൈനികത്താവളത്തിന് സൗകര്യപ്പെടുത്തിയ ഖത്തര്‍ അതിലൂടെ സ്വയം സുരക്ഷയും ഏര്‍പ്പെടുത്തി.
1996-ല്‍ സ്ഥാപിക്കപ്പെട്ട അല്‍ജസീറ ചാനല്‍ മാധ്യമരംഗത്ത് ഖത്തറിന് മേല്‍ക്കൈ നേടാന്‍ സഹായകരമായി. അറബിയിലും ഇംഗ്ലീഷിലും ഒരുപോലെ സ്വാധീനമുള്ള അല്‍ജസീറ പശ്ചിമേഷ്യന്‍ രാഷ്ട്രീയ വിശകലനങ്ങളുടെ പ്രാഥമിക സ്രോതസ്സായി മാറി. അഫ്ഗാനിലെയും ഇറാഖിലെയും അമേരിക്കന്‍ അധിനിവേശത്തിന്റെ ഭീകരതയും അബൂഗുറയ്ബ്, ഗ്വാണ്ടനാമോ തടവറകളിലെ പീഡനങ്ങളുടെ യാഥാര്‍ഥ്യവും ലോകത്തിനു മുമ്പില്‍ കൊണ്ടുവന്ന അല്‍ജസീറ മാധ്യമ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. 2010 മുതല്‍ അറബ് രാജ്യങ്ങളില്‍ അലയടിച്ച ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷ- സായുധ സംഘങ്ങളെ പിന്തുണച്ച ഖത്തറിന്റെ നിലപാടുകളെ ഏറ്റെടുത്തുകൊണ്ട് അല്‍ജസീറയും മുന്നോട്ടുവന്നു. യമന്‍, ലിബിയ, സിറിയ എന്നിവിടങ്ങളിലെ സായുധസംഘങ്ങള്‍ക്ക് സാമ്പത്തിക – സൈനിക സഹായം നല്കിയ ഖത്തര്‍ തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ ഭരണത്തില്‍ വന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പിന്തുണച്ചു. എന്നാല്‍ മറ്റു രാജ്യങ്ങളിലെ ഭരണമാറ്റങ്ങള്‍ക്കുവേണ്ടി ശ്രമിച്ച അല്‍ജസീറ ഖത്തറിലെ രാജവാഴ്ചയെക്കുറിച്ച് നിശബ്ദത പാലിച്ചുവെന്നും ബഹ്‌റൈനിലെ ശീഅ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഖത്തര്‍ സൈനികസഹായം ചെയ്തുവെന്നുമുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ വൈരുധ്യങ്ങളായി അവശേഷിക്കുന്നു.
ഖത്തറിന്റെ നയതന്ത്ര നിലപാടുകളെ വിശകലനം ചെയ്യാന്‍ മെഹ്‌റാന്‍ കംറാവ ഉപയോഗിക്കുന്നത് ‘സങ്കീര്‍ണ ശേഷി’ എന്ന സംജ്ഞയാണ്. ഒരേസമയം അല്‍ജസീറയുടെ പണവും അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യവുമുള്ള ഖത്തര്‍ എതിര്‍ചേരികളുടെ മധ്യമ സംസ്ഥാനമായി അടയാളപ്പെടുത്തുവാനാണ് ശ്രമിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് എപ്പോഴും മുന്‍കൈ എടുക്കുന്ന ഖത്തര്‍, താലിബാന്റെ ഓഫീസ് ദോഹയില്‍ 2013-ല്‍ തുറന്നു. 2011-ലെ ദര്‍ഫൂര്‍ പ്രഖ്യാപനത്തോടെ സുഡാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവു വരുത്തിയ ഖത്തറിന്റെ നിലപാട് ലോക സമൂഹത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഫലസ്തീന്‍ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ നേതാക്കള്‍ക്ക് രാഷ്ട്രീയ അഭയം നല്കുന്ന ഖത്തര്‍, യൂസുഫുല്‍ ഖര്‍ദാവി അടക്കമുള്ള മതപണ്ഡിതരുടെ അഭയസ്ഥാനം കൂടിയാണ്. അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളില്‍ തുറന്ന സമീപനം സ്വീകരിക്കുന്ന ഖത്തര്‍ ‘തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു’ എന്ന ആരോപണമാണ് സഊദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ അറബ് പ്രക്ഷോഭാനന്തരം ഉന്നയിച്ചിരുന്നത്.
2017-ലെ ഉപരോധ പ്രഖ്യാപനത്തിനു ശേഷം സുഊദി, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയത് പതിമൂന്ന് നിബന്ധനകളാണ്. അവയില്‍ പ്രധാനമായത് ഇറാനുമായുള്ള എല്ലാ സൈനിക ബന്ധങ്ങളും നിര്‍ത്തിവെക്കുക, തുര്‍ക്കിയുടെ സൈനിക ബേസ് അടച്ചുപൂട്ടുക, ഭീകരവാദ സംഘടനകളെ സഹായിക്കുന്നത് തടയുക, അല്‍ജസീറയും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടുക എന്നിവയാണ്. അതോടൊപ്പം സമീപ വര്‍ഷങ്ങളില്‍ ഖത്തര്‍ മറ്റു രാജ്യങ്ങള്‍ക്ക് വരുത്തിവെച്ച പ്രശ്‌നങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുക, മറ്റു രാജ്യങ്ങളിലെ പ്രതിപക്ഷങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കുക, മറ്റു അറബ് – ഗള്‍ഫ് രാജ്യങ്ങളുടെ നിലപാടുകള്‍ക്ക് അനുകൂലമായി പെരുമാറുക, പത്തു ദിവസത്തിനകം ഈ നിബന്ധനകള്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്.
പക്ഷെ സുപ്രധാനമായൊരു കാര്യമെന്നത്, ഈ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഖത്തര്‍ അഭിമുഖീകരിക്കേണ്ട ശിക്ഷാനടപടികള്‍ ഇതില്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ലായിരുന്നു. ഖത്തറിന്റെ ആഭ്യന്തര – വൈദേശിക നയങ്ങള്‍ക്കു മേലുള്ള മറ്റു രാജ്യങ്ങളുടെ ഇടപെടലും അടിച്ചമര്‍ത്തലുമായി ഇവ വ്യാഖ്യാനിക്കപ്പെട്ടു. നിബന്ധനകളെക്കുറിച്ച് ആശങ്ക പങ്കുവെച്ചെങ്കിലും അമേരിക്ക ഖത്തര്‍ ഉപരോധത്തെ പിന്നീട് പിന്തുണച്ചു.
ഉപരോധത്തിന്റെ ആരംഭത്തില്‍ തന്നെ സുഊദി അറേബ്യ ഖത്തറുമായുള്ള തങ്ങളുടെ ഏക കരമാര്‍ഗം അടയ്ക്കുകയും വ്യോമ- നാവിക ബന്ധങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. പ്രവാസികളായി ഖത്തറില്‍ ജീവിച്ചിരുന്ന ആയിരങ്ങളുടെ യാത്രകള്‍ തടസ്സപ്പെടുകയും കുടുംബബന്ധങ്ങള്‍ തകരുകയും ചെയ്തു. ഭക്ഷ്യവിഭവമടക്കമുള്ള അടിസ്ഥാനാവശ്യങ്ങള്‍ ഖത്തറിനു വിലക്കിയ അയല്‍രാജ്യങ്ങളുടെ നിലപാടിനെ അപലപിച്ചുകൊണ്ട്, തുര്‍ക്കി സാമ്പത്തിക വിഭവ സഹായം പ്രഖ്യാപിച്ചു. ഇറാനുമായുള്ള ബന്ധത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ ഖത്തര്‍ വ്യാപാര- വാണിജ്യ മേഖലയെ തകര്‍ച്ചയില്‍ നിന്ന് പിടിച്ചുനിര്‍ത്തി. ഖത്തറിന്റെ സുരക്ഷക്കായി തുര്‍ക്കി അവിടെയുള്ള സൈനിക അംഗബലം വര്‍ധിപ്പിച്ചു. ഉപരോധത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ പുറംലോകത്തെ അറിയിച്ചുകൊണ്ട് അല്‍ജസീറ സജീവമായി നിലനിന്നു. മുന്നറിയിപ്പുകളില്ലാതെ പ്രാബല്യത്തില്‍ വന്ന ഉപരോധം നിലപാടുകളില്‍ അടിപതറാതെ പിടിച്ചുനില്ക്കാന്‍ ഖത്തറിനെ സഹായിച്ചത് പ്രായോഗിക രാഷ്ട്രീയ കാര്യശേഷിയാണ്.
പതിമൂന്ന് ഇന നിബന്ധനകള്‍ക്കു ശേഷം പുറത്തുവന്ന ‘ഭീകരവാദ പട്ടിക’ 59 വ്യക്തികളും 12 സംഘടനകളും ഉള്‍പ്പെട്ടതായിരുന്നു. ഇതിലെ സുപ്രധാന വ്യക്തിത്വം ആഗോള മുസ്‌ലിം പണ്ഡിതസഭ(കഡങട)യുടെ തലവന്‍ യൂസുഫുല്‍ ഖര്‍ദാവിയായിരുന്നു. അദ്ദേഹത്തോടൊപ്പം പട്ടികയില്‍ ഉള്‍പ്പെട്ടത് 18 ഖത്തരി ആക്ടിവിസ്റ്റുകളായിരുന്നു. സംഘടനകളില്‍ സുപ്രധാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ഹിസ്ബുല്ലയുമായിരുന്നു. ഖത്തര്‍ ഈ പട്ടികയോട് പ്രതികരിച്ചത് അടിസ്ഥാനരഹിതമായതും യാഥാര്‍ഥ്യവിരുദ്ധമായതുമാണ് എന്നാണ്. ഇഖ്‌വാനുല്‍ മുസ്‌ലിമിന്‍ ഈജിപ്തില്‍ ആദ്യമായി ജനാധിപത്യപരമായി അധികാരത്തില്‍ വന്നപ്പോള്‍ പിന്തുണച്ച ഖത്തര്‍ പിന്നീട് അല്‍സീസിയുടെ സൈനിക അട്ടിമറിയെ അപലപിക്കുകയും ചെയ്തിരുന്നു. സിറിയയിലെ ബശ്ശാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രതിപക്ഷ- സായുധ സംഘങ്ങളെ പിന്തുണച്ച ഖത്തര്‍, ഹിസ്ബുല്ല ജബ്ഹതു നുസ്‌റ, ഐ എസ് എന്നിവരെ സഹായിച്ചു എന്ന ആരോപണമാണ് മറ്റു രാജ്യങ്ങള്‍ ഉന്നയിക്കുന്നത്.
സുഊദി അറേബ്യയിലെ ചരിത്രനഗരമായ അല്‍ഉലയില്‍ നടന്ന 41-ാമത് ജി സി സി സമ്മേളനത്തില്‍ ഖത്തറടക്കമുള്ള അംഗരാജ്യങ്ങള്‍ ഐക്യ തീരുമാനങ്ങളില്‍ ഒപ്പുവെച്ചപ്പോഴും, നിബന്ധനകള്‍ പലതും അംഗീകരിക്കപ്പെടാതെ നിലനില്ക്കുന്നു. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സുഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ഇറാനിന്റെ നിലപാടുകളെ അപലപിക്കുകയും ചെയ്തു. ജി സി സി അംഗങ്ങളായ യു എ ഇയും ബഹ്‌റൈനും ഇസ്‌റാഈലുമായി തുറന്ന ബന്ധം സ്ഥാപിച്ച സാഹചര്യത്തില്‍ ഗള്‍ഫ് – അറബ് രാജ്യങ്ങളുടെ ഫലസ്തീന്‍ ജനതയോടുള്ള നിലപാട് മാറ്റത്തെക്കുറിച്ച് ആശങ്ക വളരുന്നു. പരോക്ഷമായ ഇസ്‌റാഈല്‍ ബന്ധങ്ങളുടെ ചോദ്യമുനകള്‍ എല്ലാ രാജ്യങ്ങള്‍ക്കുനേരെയും ഉയരുമ്പോള്‍ ഐക്യശ്രമങ്ങള്‍ ഇസ്‌റാഈല്‍ അജണ്ടകള്‍ക്കനുകൂലമായി മാറില്ല എന്നുറപ്പു വരുത്തേണ്ടത് ആവശ്യമാണ്. ഇറാന്‍ ആണവ കരാറിന്റെ തുടര്‍ച്ച ലക്ഷ്യംവെക്കുന്ന ജോ ബൈഡന്‍ ഭരണകൂടം അധികാരത്തിലേറുമ്പോള്‍ തന്നെയാണ് അറബ് രാജ്യങ്ങളുടെ ഐക്യത്തെക്കുറിച്ചുള്ള പുനരാലോചനകള്‍ നടക്കുന്നത് എന്നത്, അതിജീവന ശേഷിയുള്ള ഒരു ശാക്തിക ചേരിയുടെ ആവിര്‍ഭാവം സാധ്യമാണ് എന്ന സൂചനയാണ് നല്കുന്നത്.