21 Saturday
December 2024
2024 December 21
1446 Joumada II 19

പല്ലിയെ വെറുതെ വിടൂ

പി കെ മൊയ്തീന്‍ സുല്ലമി

ഇസ്‌ലാമില്‍ പൊതുവെ കൊല്ലാന്‍ അനുവാദമുള്ളത് രണ്ടുമൂന്ന് വിഭാഗങ്ങളെയാണ്. കൊന്നവനെ കൊല്ലാം, വിവാഹിതന്‍ വ്യഭിചരിക്കുന്ന പക്ഷം അവനെ കൊല്ലാം. മനുഷ്യര്‍ക്ക് ദ്രോഹമുണ്ടാക്കുന്ന ജീവികളെയും കൊല്ലാം. നായ, വന്യമൃഗങ്ങള്‍, തേളുകള്‍ എന്നിവ മൂന്നാമത് പറഞ്ഞതിന് ഉദാഹരണങ്ങളാണ്. മനുഷ്യരെ കടിക്കുന്ന നായകളെ കൊല്ലാനാണ് നബി(സ)യുടെ കല്പന. നബി(സ) പറയുന്നു: ”നിങ്ങള്‍ നായകളെയും പാമ്പുകളെയും കൊല്ലണം” (സ്വഹീഹു മുസ്‌ലിം 7:489)
എന്നാല്‍ തവള പോലുള്ള നിരുപദ്രവ ജീവികളെ കൊല്ലുന്നത് കുറ്റകരമാണ്. ഉസ്മാന്റെ(റ) മകന്‍ അബ്ദുര്‍റഹ്മാന്‍ പറയുന്നു: ഒരു വൈദ്യന്‍ നബി(സ)യോട് തവളയെ മരുന്നില്‍ ചേര്‍ക്കാന്‍ പറ്റുമോ എന്ന് ചോദിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് തവളയെ കൊല്ലല്‍ നിരോധിക്കുകയുണ്ടായി.” (അബൂദാവൂദ്, നസാഈ, അഹ്മദ്, ഹാകിം)
എന്നാല്‍ മനുഷ്യനെ അപായപ്പെടുത്തുന്ന നായ, പാമ്പ് തുടങ്ങിയ ജീവികളെ കൊന്നാല്‍ പ്രതിഫലം ലഭിക്കുമെന്ന് ഖുര്‍ആനിലോ ഹദീസുകളിലോ വന്നിട്ടില്ല. അതേസമയം നിരുപദ്രവ ജീവിയായ പല്ലിയെ കൊന്നാല്‍ നൂറും എഴുപതും മടങ്ങ് പ്രതിഫലം ലഭിക്കുമെന്ന ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അത്തരം റിപ്പോര്‍ട്ടുകള്‍ ഖുര്‍ആനുമായോ ഇസ്‌ലാമിന്റെ ജീവികളോടുള്ള കാരുണ്യവുമായോ ഒരിക്കലും പൊരുത്തപ്പെടുന്നതല്ല.
നബി(സ) പറയുന്നു: ”ആദ്യത്തെ അടിക്ക് വല്ലവനും ഒരു പല്ലിയെ കൊല്ലുന്ന പക്ഷം അവന്റെ മേല്‍ നൂറ് നന്മകള്‍ രേഖപ്പെടുത്തപ്പെടും. രണ്ടാമത്തെ അടിക്ക് കൊല്ലുന്നവന് അതിനേക്കാള്‍ കുറഞ്ഞ പ്രതിഫലവും മൂന്നാമത്തെ അടിക്ക് കൊല്ലുന്നവന് അതിനേക്കാള്‍ കുറഞ്ഞ പ്രതിഫലവുമുണ്ട്” (മുസ്‌ലിം 7:497)
മറ്റൊരു ഹദീസ്: ”നബി(സ) പറയുന്നു: ആദ്യത്തെ അടിക്ക് വല്ലവനും ഒരു പല്ലിയെ കൊല്ലുന്നപക്ഷം അവന് എഴുപത് പ്രതിഫലമുണ്ട്” (മുസ്‌ലിം 7:497). മൂന്നാമത്തെ ഹദീസ്: ”നബി(സ) പല്ലിയെ കൊല്ലാന്‍ കല്പിക്കുകയുണ്ടായി. എന്നിട്ട് ഇപ്രകാരം പറയുകയും ചെയ്തു: അത് ഇബ്‌റാഹീം നബി(അ)യുടെ മേല്‍ (തീക്കുണ്ഠത്തില്‍) ഊതിയിരുന്നു” (ബുഖാരി 3359, ഫത്ഹുല്‍ബാരി 8:168)
ഇവിടെ പല്ലിയെ കൊല്ലാന്‍ പറഞ്ഞ ഹദീസുകളില്‍ പ്രത്യേകമായി കാരണങ്ങളൊന്നും കാണുന്നില്ല. എന്നാല്‍ അവസാനത്തെ ഹദീസില്‍ അതിന് കാരണം പറയുന്നത് അത് ഇബ്‌റാഹീം നബി(അ)യെ ചുട്ടുകരിക്കാന്‍ നംറൂദ് രാജാവ് ഒരുക്കിവെച്ച തീക്കുണ്ഠത്തില്‍ ഊതിയിരുന്നു എന്നാണ്. ബുദ്ധിയുള്ളവര്‍ക്ക് ഇവിടെ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകും: ഒന്ന്: പല്ലി എന്തിനാണ് ഇബ്‌റാഹീം(അ)യോട് വിരോധം കാണിക്കുന്നത്. രണ്ട്: പല്ലിക്ക് ബുദ്ധിയുണ്ടോ? മൂന്ന്: നംറൂദ് രാജാവിന്റെ തീക്കുണ്ഠത്തിലേക്ക് അടുക്കാന്‍ ഒരു ജീവിക്കും സാധ്യമല്ലാത്ത അവസ്ഥയിലായിരുന്നു അത്. നാല്: പല്ലി ഊതിയാല്‍ ഊത്ത് അവിടേക്ക് എത്തുമോ? അഞ്ച്: ഊതി എന്നിരിക്കട്ടെ, ആ പല്ലി ചെയ്ത കുറ്റത്തിന്റെ പേരില്‍ മറ്റുള്ള പല്ലികളെ മുഴുവന്‍ കൊന്നൊടുക്കുന്നതിന്റെ ന്യായം എന്താണ്?
ഇസ്‌ലാമില്‍ ഹദീസുകള്‍ സ്വീകരിക്കുന്നതില്‍ ഉസ്വൂലുല്‍ ഹദീസിന്റെ പണ്ഡിതന്മാര്‍ ചില നിയമങ്ങളും നിബന്ധനകളും വെച്ചിട്ടുണ്ട്. അതില്‍ പ്രധാനമായും പത്തോളം നിബന്ധനകള്‍ക്ക് വിധേയമായ ഹദീസുകള്‍ നിര്‍മിതങ്ങളാണ്. അഥവാ അപ്രകാരമൊന്നും നബി(സ) പറയാന്‍ സാധ്യതയില്ല എന്നതാണ് നിര്‍മിതം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അതില്‍ ഒന്നാണ് നിസ്സാര കാര്യത്തിന് വലിയ ശിക്ഷ വാഗ്ദാനം ചെയ്യുന്നതും നിസ്സാര കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതുമായ ഹദീസുകള്‍. പല്ലിയെ കൊല്ലുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന നന്മകളുടെയും പ്രതിഫലങ്ങളുടെയും അവസ്ഥയും അപ്രകാരമായിരിക്കാനാണ് സാധ്യത. വാദത്തിനുവേണ്ടി അത് നന്മയാണെന്ന് സമ്മതിച്ചാല്‍ പോലും, ദാനധര്‍മങ്ങളുടെയും നോമ്പിന്റെയും ഒഴിച്ചുള്ള മറ്റു സല്‍കര്‍മങ്ങളുടെ പ്രതിഫലം അതിന്റെ പത്തു മടങ്ങാണ്. അല്ലാഹു പറയുന്നു: ”വല്ലവനും ഒരു നന്മ കൊണ്ടുവരുന്ന പക്ഷം അവന്ന് അതിന്റെ പത്തു മടങ്ങ് പ്രതിഫലമുണ്ട്.” (അന്‍ആം 160)
നിസ്സാര കാര്യത്തിനും നിസ്സാര കര്‍മങ്ങള്‍ക്കും വലിയ ശിക്ഷകളും പ്രതിഫലങ്ങളും വാഗ്ദാനം ചെയ്യുന്ന ഹദീസുകള്‍ നിര്‍മിതങ്ങളായിരിക്കുമെന്ന് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നുഹജറില്‍ അസ്ഖലാനിയുടെ നുഖ്ബതുല്‍  ഫിക്ര്‍ എന്ന നിദാനശാസ്ത്ര ഗ്രന്ഥത്തിന്റെ  വ്യാഖ്യാനത്തില്‍ ഇപ്രകാരം കാണാം: ”വെള്ളിയാഴ്ച രാവില്‍ വല്ലവനും വെളുത്തുള്ളി ഭക്ഷിക്കുന്ന പക്ഷം അവന്‍ എഴുപതു വര്‍ഷം നരകത്തിലേക്ക് ആണ്ടുപോകും എന്ന നിലയില്‍ നിസ്സാര കാര്യങ്ങള്‍ക്ക് വലിയ ശിക്ഷ വാഗ്ദാനം ചെയ്യുന്നതും വല്ലവനും ഇത്ര റക്അത്ത് ‘ളുഹാ’ നമസ്‌കാരം നിര്‍വഹിക്കുന്ന പക്ഷം അവന് എഴുപത് പ്രവാചകന്മാരുടെ പ്രതിഫലമുണ്ട് എന്ന നിലയില്‍ നിസ്സാര കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഹദീസുകളും നിര്‍മിതങ്ങളാണ്.” (ഹാശിയതു നുഖ്ബതുല്‍ ഫിക്‌രി, പേജ് 112)
നാല്‍ക്കാലികള്‍ക്ക് ബുദ്ധിയുണ്ട് എന്ന് കുറിക്കുന്ന മറ്റു ചില ഹദീസുകളും ഹദീസ് ഗ്രന്ഥങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ”അംറിബ്‌നു മൈമൂന്‍(റ) പറയുന്നു: ഞാന്‍ ജാഹിലിയ്യാ കാലഘട്ടത്തില്‍ ഒരു കുരങ്ങനെ ദര്‍ശിക്കുകയുണ്ടായി. അതിന് ചുറ്റുഭാഗത്തും കുറെ കുരങ്ങന്മാര്‍ സംഘടിച്ചിട്ടുണ്ട്. തീര്‍ച്ചയായും ആ പെണ്‍കുരങ്ങ് വ്യഭിചരിച്ചിട്ടുണ്ട്. അതിനെ (ശിക്ഷാവിധി) എന്ന നിലയില്‍ അവര്‍ എറിഞ്ഞുകൊന്നു. അവരോടൊപ്പം ഞാനും അതിനെ എറിഞ്ഞു” (ബുഖാരി 3849, ഫത്ഹുല്‍ബാരി 8:805)
മനുഷ്യേതര ജീവജാലങ്ങള്‍ക്ക് ശരീഅത്ത് വിധി വിലക്കുകള്‍ ബാധകമല്ല എന്നത് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അവയുടെ ഇണ ചേരല്‍ പ്രക്രിയയില്‍ വ്യഭിചാര സങ്കല്പവും അപ്രസക്തമാണ്. കുരങ്ങന്‍ വ്യഭിചരിച്ചതിന്റെ പേരില്‍ അതിനെ എറിഞ്ഞുകൊല്ലുന്നു. ഹദീസ് റിപ്പോര്‍ട്ട് ചെയ്ത മൈമൂനിന്റെ മകന്‍ അംറും കുരങ്ങനെ എറിഞ്ഞുകൊല്ലാന്‍ സഹകരിക്കുന്നു. പെണ്‍കുരങ്ങനു മാത്രമാണ് ശിക്ഷ. ആണ്‍കുരങ്ങനു ശിക്ഷയുമില്ല. എന്തൊരു വിരോധാഭാസം?
ഈ ഹദീസിനെ പണ്ഡിതന്മാര്‍ വിലയിരുത്തുന്നത് നോക്കുക: ”തീര്‍ച്ചയായും ഇബ്‌നു അബ്ദുല്‍ ബര്‍റു(റ) ഈ കഥയെ നിഷേധിച്ച് തള്ളിക്കളഞ്ഞിരിക്കുന്നു. അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു. ഇതില്‍ അല്ലാഹുവിന്റെ കല്പനക്ക് വിധേയമല്ലാത്തവയുടെ മേല്‍ വ്യഭിചാരം ചാര്‍ത്തലുണ്ട്. നാല്‍ക്കാലികളുടെ മേല്‍ ഇസ്‌ലാമിക ശിക്ഷാനിയമം നിലനിര്‍ത്തലുമുണ്ട്. പണ്ഡിതന്മാര്‍ ഇതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.” (ഫത്ഹുല്‍ബാരി 8:805)
ഒരു ജീവി ചെയ്ത തെറ്റിന് ആ വര്‍ഗത്തെ മുഴുവന്‍ നശിപ്പിക്കുക എന്നതും ദൈവിക നീതിയല്ല. മനുഷ്യന്റെ നീതിബോധവും അതു തന്നെയാകുന്നു. ഇത്തരം ഖുര്‍ആനിനും യഥാര്‍ഥ നബിചര്യകള്‍ക്കും വിരുദ്ധമായ ഹദീസുകളും പ്രസ്താവനകളും തന്റെ ശ്രദ്ധയില്‍ പെടുമ്പോള്‍ പ്രവാചകന്റെ മരണശേഷം ആയിശ(റ) തിരുത്താറുണ്ടായിരുന്നു. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: ”ആയിശ(റ) ഉമര്‍(റ) പറഞ്ഞതായി ഇപ്രകാരം കേള്‍ക്കുകയുണ്ടായി: തീര്‍ച്ചയായും ജീവിച്ചിരിക്കുന്നവരുടെ കരച്ചില്‍ കാരണത്താല്‍ ഖബ്‌റില്‍ കിടക്കുന്ന മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്” (ബുഖാരി 1290). ഈ റിപ്പോര്‍ട്ടിനെ എതിര്‍ത്തുകൊണ്ട് ആയിശ(റ) പറഞ്ഞതായി ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുകയുണ്ടായി: ”ഭാരം ചുമക്കുന്ന ഒരാളും തന്നെ മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ലെന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ അരുളിയിരിക്കുന്നു” (ഫത്ഹുല്‍ബാരി 4:151)
ആ വിഷയത്തില്‍ നബി(സ)യുടെ യഥാര്‍ഥ നിലപാട് ഇപ്രകാരം അറിയിക്കുകയും ചെയ്തു: ”മരണപ്പെട്ടുപോയ ഒരു യഹൂദി പെണ്ണിന്റെ മേല്‍ കരയുന്ന മറ്റൊരു യഹൂദി പെണ്ണിന്റെ അരികിലൂടെ നബി(സ) നടന്നുപോകാനിട വന്നു. അപ്പോള്‍ നബി(സ) ഇപ്രകാരം പറയുകയുണ്ടായി: അവള്‍ ഖബ്‌റില്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കെ അവരതാ അവളുടെ മേല്‍ കരഞ്ഞുകൊണ്ടിരിക്കുന്നു” (ബുഖാരി 1289).
ഇബ്‌നു ഉമര്‍(റ) പറയുന്നു: ”ബദ്‌റില്‍ പെട്ട കിണറ്റിലുള്ള മരണപ്പെട്ട മുശ്‌രിക്കുകളുടെ മൃതശരീരങ്ങളോട് നബി(സ) ഇപ്രകാരം ചോദിക്കുകയുണ്ടായി: നിങ്ങളുടെ റബ്ബ് വാഗ്ദാനം ചെയ്ത (ശിക്ഷ) നിങ്ങള്‍ക്ക് വന്നെത്തിയില്ലേ? അനന്തരം ഇപ്രകാരം പറയുകയും ചെയ്തു: തീര്‍ച്ചയായും ഞാന്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇക്കാര്യം ആയിശ(റ)യോട് പറഞ്ഞപ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു: അവര്‍ കേള്‍ക്കുന്നുണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഞാന്‍ അവരോട് പറഞ്ഞിരുന്ന കാര്യം അവര്‍ അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്നാണ്. പിന്നീട് അവര്‍ ഓതിക്കേള്‍പ്പിച്ചു: തീര്‍ച്ചയായും താങ്കള്‍ മരിച്ചവരെ കേള്‍പ്പിക്കുന്നവനല്ല.” (ബുഖാരി 3980 ഫത്ഹുല്‍ബാരി 9:210)
ആയിശ(റ)യില്‍ നിന്ന് മസ്‌റൂഖ്(റ) പ്രസ്താവിക്കുന്നു: ”മുഹമ്മദ് നബി(സ) തന്റെ റബ്ബിനെ കണ്ടുവെന്ന് വല്ലവനും നിന്നോട് പറയുന്ന പക്ഷം തീര്‍ച്ചയായും അത് കളവാണ്. അല്ലാഹു അരുളിയിട്ടുണ്ട്: കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. മുഹമ്മദ് നബി(സ) അദൃശ്യം അറിയുമെന്ന് വല്ലവനും നിന്നോട് പറയുന്നപക്ഷം തീര്‍ച്ചയായും അവന്‍ നുണ പറഞ്ഞിരിക്കുന്നു. അല്ലാഹു പറയുന്നു: അല്ലാഹു അല്ലാതെ അദൃശ്യം അറിയുന്നവനില്ല” (ബുഖാരി 7380, ഫത്ഹുല്‍ബാരി 17:228)
ആയിശ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു സംഭവം ശ്രദ്ധിക്കുക: അബൂഹുറയ്‌റ(റ) പറയുന്നു: സ്ത്രീ നമസ്‌കാരം മുറിച്ചുകളയുമെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. അതിന് ആയിശ(റ)യുടെ മറുപടി: ഞാന്‍ നബി(സ) നമസ്‌കരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെയും ഖിബ്ലയുടെയും ഇടയില്‍ വിലങ്ങനെ കിടക്കാറുണ്ടായിരുന്നു.” (ബുഖാരി)
സ്ത്രീകള്‍ വലിയ അശുദ്ധിയുടെ കുളി നിര്‍വഹിക്കുമ്പോള്‍ മെടഞ്ഞുവെച്ച മുടി അഴിച്ചിടല്‍ നിര്‍ബന്ധമാണ് എന്ന ഇബ്‌നുഉമറിന്റെ(റ) അഭിപ്രായം ആയിശ(റ)യുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ഇബ്‌നു ഉമറിന്റെ(റ) കാര്യം അത്ഭുതം തന്നെ, സ്ത്രീകളോട് മൊട്ടയടിക്കാന്‍ അദ്ദേഹം കല്പിക്കുമോ? (മുസ്ലിം, അഹ്മദ്) തെറ്റായ ഹദീസുകളെ തിരുത്തിയതിന്റെ പേരില്‍ ആയിശ(റ)യെ ആരും ഹദീസ് നിഷേധി എന്നു വിളിച്ചിട്ടില്ല.

 
 
Back to Top