22 Sunday
December 2024
2024 December 22
1446 Joumada II 20

ആഴക്കടലിലെ ഇരുട്ടും മേഘമെന്ന പ്രതിഭാസത്തിന്റെ പൊരുളും

ടി പി എം റാഫി

എം എം അക്ബറും ഇ എ ജബ്ബാറും തമ്മില്‍ ജനുവരി 10-ന് മലപ്പുറത്തു നടന്ന സംവാദം, പല പരിപ്രേക്ഷ്യങ്ങളിലൂടെ നോക്കിയാലും, ഒട്ടേറെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. മുമ്പൊന്നും പതിവില്ലാത്ത വിധം ലക്ഷക്കണക്കിന് പ്രേക്ഷകര്‍ അതു താത്പര്യപൂര്‍വം കാണുകയും ചെയ്തു. കുറച്ചുകാലമായി വെല്ലുവിളികളും വീമ്പുപറച്ചിലുകളുമായി നടന്ന കേരളക്കരയിലെ നിരീശ്വരവാദികളുടെ പൊള്ളത്തരങ്ങളും പൊരുളില്ലായ്മയും പുറത്തുകൊണ്ടുവരാന്‍ ഈ സംവാദം പ്രയോജനപ്പെട്ടു. ആറാം നൂറ്റാണ്ടിലെ നാടോടികളായ അറബികളുടെ പരിമിതമായ ശാസ്ത്ര ജ്ഞാനത്തിനപ്പുറമുള്ള, പിന്നീട് ആധുനികശാസ്ത്രം ശരിയാണെന്നു തെളിയിച്ച, വല്ല അറിവും ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കാനാവുമോ എന്നതായിരുന്നു ജബ്ബാറിന്റെ വെല്ലുവിളിയുെട കാതല്‍. അതിനു മറുപടിയായി അക്ബര്‍ എടുത്തുകാട്ടിയത് ഖുര്‍ആനിലെ സൂറത്ത് നൂറിലെ 40-ാം വചനത്തിലെ ഉപമയാണ്. അതിങ്ങനെയാണ്: ”അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. തിരമാലകള്‍ അതിനെ പൊതിയുന്നു. അതിനു മീതെ പിന്നെയും തിരമാലകള്‍. അതിനു മീതെ മേഘങ്ങള്‍. ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. ഒരുവന് അവന്റെ കൈ പുറത്തെടുത്താല്‍ അതുപോലും ദൃശ്യമാവില്ല.” (24:40)
ഈ വചനത്തിലെ ആശയ തലങ്ങളെ അപഗ്രഥിച്ച് അക്ബര്‍ നാല് സമുദ്രശാസ്ത്ര വസ്തുതകള്‍ നിരത്തുന്നുണ്ട്: 1). ആഴക്കടലില്‍ ഇരുട്ടുകള്‍ ഉണ്ട്; ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍, 2). ഇരുട്ടുകളെ സൃഷ്ടിക്കുന്ന ആന്തരിക തിരമാലകള്‍, 3). തിരമാലകളെ പൊതിയുന്ന വേറെയും തിരമാലകള്‍, 4). സ്വന്തം കൈകള്‍പോലും കാണാന്‍ പറ്റാത്തവിധം കട്ടപിടിച്ച ഇരുട്ടുള്ള മേഖലകള്‍ സമുദ്രത്തിന്റെ അഗാധതലങ്ങളിലുണ്ട്.
ഈ വചനത്തിന്റെ ശരിയായ ആശയം ഇതൊന്നുമല്ലെന്നും ആഴക്കടലിലേക്ക് മുങ്ങുന്ന ഒരു പ്രാകൃതനായ അറബിക്കുപോലും മനസ്സിലാകുന്ന കാര്യമേ ഈ വചനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളൂവെന്നും ജബ്ബാര്‍ മറുവാദമുന്നയിച്ചു. കടലില്‍ മുങ്ങുന്ന ആള്‍, ജലോപരിതലത്തിന്റെ തൊട്ടുതാഴെ നിന്ന് കൈ വെള്ളത്തിനു പുറത്തേക്കിട്ടാല്‍ സ്വാഭാവികമായും അതു കാണില്ലെന്നും, പ്രത്യേകിച്ച് മഴക്കാറുള്ളപ്പോള്‍ തീരെ കാണില്ലെന്നും ഇതിലെവിടെയാണ് സമുദ്രശാസ്ത്രമുള്ളത് എന്നുമെല്ലാം പറഞ്ഞ് ജബ്ബാര്‍ അക്ബറിനെ പരിഹസിക്കാന്‍ മുതിരുന്നുമുണ്ട്.
ആഴക്കടലില്‍നിന്ന് കൈ എങ്ങനെ പുറത്തേക്ക് നീട്ടും? ആഴക്കടലില്‍ എവിടെയാണ് മഴക്കാറ്? കിലോമീറ്ററുകള്‍ ആഴത്തിലുള്ള തിരമാലകളോടൊപ്പം എങ്ങനെ മഴക്കാറുണ്ടായി തുടങ്ങിയുള്ള ചോദ്യശരങ്ങളില്‍ അക്ബറിനെ തളയ്ക്കാന്‍ അദ്ദേഹം വിഫലശ്രമം നടത്തുന്നുണ്ട്.
ഈ ലേഖകന് സ്വാഭാവികമായും തോന്നിയ ഒരു സംശയം ഇവിടെ പങ്കുവെക്കുന്നു: ഖുര്‍ആനില്‍ കടലിലെ ഇരുട്ട് എന്നു പറഞ്ഞാല്‍ പോരായിരുന്നോ? കടലിലും പുഴയിലും തടാകത്തിലും കുളത്തിലും, വെള്ളത്തിനു വെളിയിലേക്ക് കൈനീട്ടാന്‍ പാകത്തിലുള്ള ആഴത്തില്‍ നില്‍ക്കുന്നവന് കാഴ്ചയുടെ ഒരേ അനുഭവമല്ലേ ഉണ്ടാവുക? തിരയിളക്കമില്ലെങ്കില്‍ ഇരുട്ടുണ്ടാവില്ലെന്നാണ് ജബ്ബാറിന്റെ വാദമെങ്കില്‍, കടല്‍ എന്നുമാത്രം പറഞ്ഞാല്‍ പോരായിരുന്നോ? ‘ആഴക്കടലിലെ’ എന്ന വിശേഷണം ഖുര്‍ആന്‍ വെറുതെ ചേര്‍ക്കേണ്ടിയിരുന്നോ? സദ്യ വിളമ്പുന്നേടത്ത് ചെല്ലാതെയും കഴിക്കാതെയും പുറത്തുനിന്ന് അവിടേക്ക് ഏതാണ്ട് എത്തിനോക്കി, ‘സദ്യ കേമായി’ എന്നു തട്ടിവിടുന്നതു പോലെയായില്ലേ ജബ്ബാറിന്റെ യുക്തിബോധം?
അവിശ്വാസികളുടെ കര്‍മങ്ങളുടെ നിഷ്ഫലതയാണ് ആഴക്കടലിലെ അന്ധകാരങ്ങളുടെ ഉപമയിലൂടെ ഖുര്‍ആന്‍ വരച്ചിടുന്നത്. ”ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു” എന്ന് ആദ്യമേ പറഞ്ഞുകൊണ്ടാണ് വചനം തുടങ്ങുന്നതുതന്നെ. ”ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍” എന്ന പ്രയോഗവും നടത്തി സന്ദേഹത്തിനു പഴുതില്ലാത്ത വിധം ഖുര്‍ആന്‍ നമ്മെ കാര്യം ബോധ്യപ്പെടുത്തുന്നുമുണ്ട്. അതെല്ലാം സൗകര്യപൂര്‍വം ജബ്ബാര്‍ മറച്ചുവെച്ചതുപോകട്ടെ. കൂരിരുട്ടില്‍ ‘കൈ പുറത്തെടുത്തുനോക്കുക’ എന്ന ചേതോഹരമായ ഭാഷാശൈലി മനസ്സിലാക്കാനുള്ള കാല്പനിക മനസ്സുപോലും ഇല്ലാതെ പോയല്ലോ, ഈ മനുഷ്യന്!
 ഈ വചനം കുറേക്കൂടി ശാസ്ത്രീയമായി അപഗ്രഥിച്ചു പഠിക്കേണ്ടതുണ്ട്. ഒന്നിനോടൊന്നു സാദൃശ്യം ചൊല്ലുമ്പോഴാണല്ലോ അവിടെ ഉപമ ജനിക്കുന്നത്. ഏതിന് സാദൃശ്യം കല്പിക്കുന്നുവോ അതാണ് ഉപമേയം. ഇവിടെ ഉപമേയം അവിശ്വാസികളുടെ കര്‍മഫലമാണ്. അതുപോലെ, ഏതിനോട് സാദൃശ്യം കല്പിക്കുന്നുവോ അതാണ് ഉപമാനം. ഇവിടെ ഉപമാനം ആഴക്കടലിലെ ഇരുട്ടും അതിനെ പൊതിയുന്ന ആന്തരികവും ബാഹ്യവുമായ അനേകം തിരമാലകളും മാത്രമല്ല. അതിനു തൊട്ടുമീതെയായി നില്‍ക്കുന്ന മേഘങ്ങളും കൂടി ചേര്‍ന്നൊരുക്കുന്ന പ്രകൃതിയിലെ അവസ്ഥാവിശേഷമാണ്.
തിരമാലയ്ക്കു മീതെയുള്ള മേഘം എന്നു പറയുന്നത്, ഏതായാലും, ആകാശത്ത് ഉയര്‍ന്നുനില്‍ക്കുന്ന മേഘങ്ങളെക്കുറിച്ചാവില്ല. കടലിന്റെ ഉപരിതലവും മേഘവും തമ്മിലുള്ള വലിയ അകലത്തില്‍ വെച്ച് സൂര്യനെ മേഘം മറച്ചാലും തീരെ പ്രകാശമില്ലാത്ത അവസ്ഥയൊന്നും എന്തായാലും സമുദ്രോപരിതലത്തില്‍ ഉണ്ടാവില്ല. അങ്ങനെയാണെങ്കില്‍, ഖുര്‍ആനിലെ ഈ ഉപമ ശരിയാകുന്നതെങ്ങനെ? ഇവിടെയാണ് ആധുനിക അന്തരീക്ഷ ശാസ്ത്രത്തിലെ (മാേീുെവലൃശര രെശലിരല) പുതിയ അറിവുകളുടെ പ്രസക്തി.
അക്ബര്‍ അവതരിപ്പിച്ച നാല് സമുദ്രശാസ്ത്ര സത്യങ്ങള്‍ മാത്രമല്ല ഈ വചനത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്നത് എന്ന കാര്യം നമ്മളറിയണം. ഏറ്റവും ചുരുങ്ങിയത് മൂന്ന് അന്തരീക്ഷ ശാസ്ത്ര പ്രതിഭാസങ്ങളും ഇതോടൊപ്പം വചനം ഉള്‍ക്കൊള്ളുന്നുണ്ട്. അവ ഇങ്ങനെയാണ്്: 1). ആഴക്കടലുകളെ തൊട്ടുരുമ്മിക്കൊണ്ട് അന്ധകാരം തീര്‍ക്കുന്ന പ്രത്യേകതരം മേഘങ്ങള്‍ അന്തരീക്ഷത്തില്‍ ചിലപ്പോള്‍ രൂപം കൊള്ളാറുണ്ട്, 2). ഈ മേഘങ്ങളില്‍ സമുദ്രത്തിലെന്ന പോലെ തിരമാലകള്‍ സൃഷ്ടിക്കപ്പെടാറുണ്ട്, 3). മേഘത്തിരമാലകളും പ്രകാശപ്രസരണത്തെ തടുത്ത് അന്ധകാരത്തിന് ആക്കംകൂട്ടാറുണ്ട്.
1803-ലാണ് ലേക്ക് ഹൊവാര്‍ഡ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ മേഘങ്ങളെ, അതിന്റെ വിതാനവും രൂപഘടനയും ആസ്പദമാക്കി പ്രധാനമായും മൂന്നായി വര്‍ഗീകരിച്ചത്. സിറസ് (രശൃൃൗ)െ, സ്ട്രാറ്റസ് (േെൃമൗേ)െ, ക്യുമുലസ് (രൗാൗഹൗ)െ എന്നിങ്ങനെ.
താഴ്ന്ന മേഘങ്ങള്‍: സ്ട്രാറ്റസ്, സ്ട്രാറ്റോ ക്യുമുലസ്, നിംബോസ്ട്രാറ്റസ് എന്നിവയാണ് അവ. ഭൗമോപരിതലത്തില്‍ നിന്ന് പരമാവധി 6000 അടിവരെയാണ് ഇവയുടെ വിതാനം. മധ്യമേഘങ്ങള്‍: ആള്‍ടോ സ്ട്രാറ്റസ്, ആള്‍ടോ ക്യുമുലസ് എന്നിവ ഇതില്‍ പെടും. 8000 അടി മുതല്‍ 12000 അടിവരെ വിതാനം. ഉന്നത മേഘങ്ങള്‍: ക്യുമുലസ് മേഘങ്ങളാണിവ. 6000 അടിമുതല്‍ കാണപ്പെടുന്നുവെങ്കിലും 20000 അടിവരെ ഇവ സ്ഥിതിചെയ്യാറുണ്ട്.
ഖുര്‍ആന്‍ മുന്‍ചൊന്ന വചനത്തില്‍ ‘മേഘങ്ങള്‍’ എന്നര്‍ഥം വരുന്ന വര്‍ഗനാമമായ സഹാബ് എന്ന പദമാണ് ഔചിത്യപൂര്‍വം സ്വീകരിച്ചിരിക്കുന്നത്. ‘തിരമാലകള്‍ക്കു മീതെ’യുള്ള മേഘങ്ങള്‍ കൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിച്ചത് സമുദ്രങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന സ്ട്രാറ്റസ് വര്‍ഗത്തില്‍പെട്ട മേഘങ്ങളെയായിരിക്കണം. സ്ട്രാറ്റസ് മേഘങ്ങള്‍ 2000 മീറ്ററിനു താഴേക്കിറങ്ങിവന്ന് സമുദ്രോപരിതലം വരെ തൊട്ടുനിന്നാല്‍ നിംബോസ്ട്രാറ്റസ് മേഘങ്ങള്‍ എന്നു പറയും. ഇവയുടെ താഴ്ഭാഗം പൊതുവെ ഇരുണ്ടതും ഇടതൂര്‍ന്നതുമാണ്.
2000 മീറ്ററിനു മുകളിലായാല്‍ അവ ആള്‍ടോ സ്ട്രാറ്റസ് മേഘങ്ങളായിത്തീരും. ഉയര്‍ന്ന വിതാനത്തില്‍ നല്ല തണുപ്പുള്ളതിനാല്‍ ആള്‍ടോ സ്ട്രാറ്റസ് മേഘങ്ങളില്‍ സ്വാഭാവികമായും ഐസ് ക്രിസ്റ്റലുകള്‍ രൂപംകൊള്ളും. അപ്പോള്‍ ആ മേഘങ്ങള്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന പ്രവണത കാണിക്കുമത്രെ. അതുകൊണ്ടുതന്നെ ആ മേഘങ്ങള്‍ ‘ജലജസൂര്യ’ (ംമലേൃ്യ ൗെി) രൂപത്തില്‍ ഭൗമോപരിതലത്തിലും സമുദ്രോപരിതലത്തിലും പ്രകാശമെത്തിക്കും. എങ്കില്‍ പിന്നെ സമുദ്രോപരിതലത്തെ തൊട്ടുനില്‍ക്കുന്ന, പ്രകാശത്തെ പ്രതിരോധിക്കുന്ന മേഘങ്ങള്‍ തന്നെയാണ് ഖുര്‍ആന്‍ ഇവിടെ വിവക്ഷിക്കുന്നത്.
 മിക്ക മേഘങ്ങളും ഉയര്‍ന്ന വിതാനങ്ങളിലാണ് രൂപംകൊള്ളുന്നത് എന്നതു ശരിയാണ്. പക്ഷേ, സ്ട്രാറ്റസ് മേഘങ്ങള്‍ ഉപരിതലത്തിനു തൊട്ടുമീതെയായാണ് കിടക്കുന്നത്. സ്ട്രാറ്റസ് മേഘങ്ങളെ, ജബ്ബാറിനെപ്പോലുള്ള ശാസ്ത്ര ജ്ഞാനമില്ലാത്തവര്‍ ആകാശത്തു തിരഞ്ഞതുകൊണ്ട് കാര്യമില്ലെന്നര്‍ഥം.
ഈര്‍പ്പം കണ്ടന്‍സ് ചെയ്താണ് മേഘങ്ങള്‍ ഉണ്ടാകുന്നത്. അന്തരീക്ഷത്തില്‍ നേരത്തെയുള്ള ഈര്‍പ്പം ഘനീഭവിച്ചാണ് സ്ട്രാറ്റസ് മേഘങ്ങള്‍ ഉരുവംകൊള്ളുന്നത് എന്ന വ്യത്യാസമുണ്ട്. താഴ്‌വരകളിലും സാനുക്കളിലും ആഴക്കടലിന്റെ തൊട്ടുമുകളിലും വളരെ സ്ഥിരതയുള്ള എയര്‍മാസ് സംജാതമാകുമ്പോള്‍ പിറക്കുന്ന പ്രതിഭാസമാണ് സ്ട്രാറ്റസ് മേഘങ്ങള്‍. ആഴക്കടലിലെ ഇരുട്ടുകളില്‍ നിന്നും അവയെ പൊതിയുന്ന ആന്തരിക തിരമാലകളില്‍ നിന്നും സമുദ്രോപരിതലത്തിലെ പ്രത്യക്ഷ തിരമാലകളില്‍നിന്നും വേറിട്ടുനില്‍ക്കുന്നില്ല ഇവിടെ മേഘം. അവയെല്ലാം ഒരൊറ്റ ഏകകമായി പ്രകൃതിയില്‍ പുലരാറുണ്ട് എന്ന യാഥാര്‍ഥ്യമാണ് ഖുര്‍ആനിലെ ഉപമയുടെ സൂക്ഷ്്മതയും വശ്യതയും.
സമുദ്രോപരിതലത്തില്‍ സ്ട്രാറ്റസ് മേഘങ്ങള്‍ രൂപംകൊള്ളുന്ന സന്ദര്‍ഭങ്ങളില്‍, മുകളില്‍ നിന്നു താഴേക്കു നിരീക്ഷിക്കുകയാണെങ്കില്‍, സമുദ്രത്തിനു മീതെയുള്ള ജലതിരമാലകള്‍ക്കു മുകളിലായി ബാഷ്പകണങ്ങളാകുന്ന സ്ട്രാറ്റസ് മേഘത്തിരമാലകള്‍ വേറെയും ദൃശ്യമാകും. സൂര്യപ്രകാശം സമുദ്രോപരിതലത്തില്‍ എത്തുന്നതിനു മുമ്പായി ഈ പ്രതിഭാസവും, നല്ലൊരു പരിധി വരെ, അവയെ തടുത്തുനിര്‍ത്തി ഖുര്‍ആന്‍ വിശേഷിപ്പിച്ച ആദ്യത്തെ ഇരുട്ടിന്റെ മേഖല ഒരുക്കുന്നു. അതിനുശേഷമാണ് സമുദ്ര ബാഹ്യത്തിരമാലകളും സമുദ്രാന്തരിക തിരമാലകളും പ്രകാശത്തെ നിശ്ശേഷം കെടുത്തിക്കളയുന്നത്.
ഖുര്‍ആനിലെ ഉപമയുടെ ആഴം, ശാസ്ത്രജ്ഞാനം വര്‍ധിക്കുന്നതിനനുസരിച്ച്, സത്യാന്വേഷികള്‍ക്ക് പേര്‍ത്തും പേര്‍ത്തും ബോധ്യപ്പെടുകയാണ്.

 
Back to Top