23 Monday
December 2024
2024 December 23
1446 Joumada II 21

സ്വതന്ത്ര ചിന്ത സാധ്യമോ ?

റാഫി ചേനാടന്‍

‘സ്വതന്ത്രമായി ചിന്തിക്കുന്ന കുറെ പേര്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു സംഘടനയാവുമ്പോള്‍  ഓരോരുത്തരുടെയും തീര്‍ത്തും സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം നഷ്ടപ്പെടുകയും പരസ്പരം കൂട്ടിക്കെട്ടിയ ചിന്തകളുടെ പാരതന്ത്ര്യത്തില്‍ അകപ്പെടുകയും ചെയ്യില്ലേ?’ -യുക്തിവാദി സംഘത്തിന്റെ കോഴിക്കോട്ടെ പ്രമുഖനായ ഒരു നേതാവുമായുള്ള എന്റെ ചര്‍ച്ച അവസാനിച്ചത് ഈ ചോദ്യത്തില്‍ ആയിരുന്നു. ഡി സി യുടെ ലിറ്റററിഫെസ്റ്റില്‍ നിന്നാരംഭിച്ചു,  ഒരുമിച്ച് യാത്രയിലുടനീളം തുടര്‍ന്ന സൗഹൃദ സംഭാഷണം ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കി. ഈയിടെ കേരളം സാകൂതം വീക്ഷിച്ച ഇസ്‌ലാം-  നാസ്തികത സംവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങള്‍ കൂടുതല്‍ ചര്‍ച്ച അര്‍ഹിക്കുന്നു.
സ്വതന്ത്ര ചിന്ത വിവിധ സംസ്‌കാരങ്ങളില്‍ പല രൂപങ്ങളിലായി വ്യാഖ്യാനിക്കപ്പെടുകയും വ്യത്യസ്ത ചിന്താ ശൈലികളില്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ നവോത്ഥാന പരിസരത്ത് നിന്നാണ് ആധുനികമായ സ്വതന്ത്രചിന്തയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാറുള്ളതെങ്കിലും പ്രാചീന സംസ്‌കാരങ്ങളില്‍ തന്നെ ഈ ആശയത്തിന്റെ വിവിധ രൂപങ്ങള്‍ കാണാനാകും. പ്രാചീന ഇന്ത്യയിലെ ശ്രമണ ചിന്താധാരയും ചാര്‍വാക ഫിലോസഫിയുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഇങ്ങനെ വ്യത്യസ്തമായ ചരിത്ര പശ്ചാത്തലങ്ങള്‍ക്കനുസരിച്ച് വൈവിധ്യമാര്‍ന്ന വ്യാഖ്യാനങ്ങള്‍ ഈ ആശയത്തെക്കുറിച്ച് കാണാനാവും. വ്യത്യസ്ത സമീപനങ്ങള്‍ക്കിടയിലും എല്ലാ വ്യാഖ്യാനങ്ങളും അടിസ്ഥാനപരമായി പറഞ്ഞുവെക്കുന്നത് സ്വതന്ത്രചിന്ത എന്നാല്‍ മനുഷ്യചിന്തയെ നിയന്ത്രിക്കുന്ന അനവധി സ്വാധീനങ്ങളില്‍ നിന്ന് അതിനെ മോചിപ്പിച്ചെടുക്കാനുളള ശ്രമമാണ് എന്നാണ്. ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ വ്യാഖ്യാനമനുസരിച്ച് ‘സ്വതന്ത്രചിന്ത മതപരമോ രാഷ്ട്രീയമോ ആയ ബന്ധനങ്ങളില്‍ നിന്ന് മോചിതനായി തീര്‍ത്തും സ്വതന്ത്രമായ ഒരു ചിന്താരീതി അവലംബിക്കലാണ്’. എന്നാല്‍ തീര്‍ത്തും സ്വതന്ത്രമായ ഒരു ചിന്താരീതി എത്ര മാത്രം പ്രായോഗികമാണ് എന്ന ചോദ്യം പ്രസക്തമാണ്.

‘സ്വതന്ത്രനായ സാമൂഹ്യ ജീവി’
സ്വതന്ത്രനായ സാമൂഹ്യജീവി എന്നത് വൈരുധ്യാത്മകമായ ഒരു പ്രയോഗമാണ്. നമ്മളൊക്കെ ജനിക്കുന്നതും വളരുന്നതും ചിന്തകള്‍ രൂപപ്പെടുത്തുന്നതും സാമൂഹ്യബന്ധങ്ങളിലൂടെയാണ്. സാമൂഹ്യ ബന്ധങ്ങള്‍ക്കു പുറത്ത് നിന്ന് നമുക്ക് ചിന്തകള്‍ രൂപപ്പെടുത്താനാവില്ല. അതിനാല്‍ സ്വതന്ത്ര ചിന്ത എന്നാല്‍ സമൂഹത്തില്‍ നിന്നുള്ള വേറിട്ടു പോരല്‍ കൂടിയാണ്. പക്ഷേ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള സാമൂഹ്യ ബന്ധങ്ങളിലുള്‍പ്പെടാതിരിക്കാന്‍ നമുക്കാവില്ല. ഇങ്ങനെ രൂപപ്പെടുന്ന ചിന്തയും അടിസ്ഥാനപരമായി നമ്മുടെ സാഹചര്യങ്ങളോട് ബന്ധിതമാണ്. ഇങ്ങനെയാണെങ്കില്‍ സ്വതന്ത്ര ചിന്തകര്‍ ആ വാക്കിന്റെ പൂര്‍ണ ആശയത്തില്‍ അടിസ്ഥാനപരമായി സമൂഹത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നവരും സാമൂഹ്യമായ സ്വാധീനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവരുമായിരിക്കും.
സാമൂഹിക ബന്ധങ്ങള്‍ എല്ലാം വിഛേദിക്കപ്പെട്ട മനുഷ്യര്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് പഠിക്കുന്നതിനു വേണ്ടി അനവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അമേരിക്കയിലെ മാക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ ഡൊണാള്‍ഡ് ബെയിനിന്റെ നേതൃത്വത്തിലാണ് ഈ വിഷയത്തിലുള്ള ഏറ്റവും ബൃഹത്തായ ശാസ്ത്ര പരീക്ഷണം നടന്നത്. യാതൊരു തരത്തിലുള്ള ആശയവിനിമയമോ സാമൂഹിക ബന്ധങ്ങളോ ഇല്ലാതെ ശബ്ദം കടക്കാത്ത മുറികളില്‍ ഓരോരുത്തരെയും അടച്ചിട്ട് അവരെ നിരീക്ഷിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരീക്ഷണത്തിന് വിധേയരായ മനുഷ്യര്‍ മാനസികവിഭ്രാന്തി പ്രകടിപ്പിക്കാന്‍ തുടങ്ങി. സാമൂഹികമായ സ്വാധീനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു തീര്‍ത്തും സ്വതന്ത്രമായ ചിന്താശേഷി കൈവരിക്കുന്നതിന് പകരം മാനസികവും ശാരീരികവുമായ കഴിവുകള്‍ നഷ്ടമാകുന്നതിലേക്കാണ് ഈ അവസ്ഥ അവരെ എത്തിച്ചത്. ഈ മേഖലയില്‍ നടന്ന പഠനങ്ങളെല്ലാം ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടത് മനുഷ്യര്‍ക്ക് പ്രത്യേകിച്ചും പ്രൈമേറ്റുകള്‍ക്ക് പൊതുവെയും സാമൂഹികമല്ലാത്ത അതിജീവനം സാധ്യമല്ലെന്നാണ്.
അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും തങ്ങളുടെ അടിസ്ഥാന അജണ്ടയാക്കുന്ന പ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും നമ്മെ നയിക്കുന്നത് ജൈവികമായ ഈ താളക്രമത്തെ ഇല്ലാതാക്കുന്നതിലേക്കാണ്. ടി ഡി രാമകൃഷ്ണന്റെ ആല്‍ഫ എന്ന നോവല്‍ ഇങ്ങനെയൊരു താളംതെറ്റലിന്റെ കഥ പറയുന്നുണ്ട്. മനുഷ്യന്റെ ചിന്തയെയും കഴിവുകളെയും അവയുടെ പൂര്‍ണ സ്വാതന്ത്ര്യത്തില്‍ എത്താന്‍ കഴിയാതെ തടയുന്നത് സാമൂഹിക ബന്ധങ്ങളും വ്യവസ്ഥകളുമാണെന്ന് തെളിയിക്കാനുള്ള പരീക്ഷണത്തിലാണ് ഒരു പ്രൊഫസറുള്‍പ്പെടെ 13 പേര്‍. സ്വയം പരീക്ഷണ വസ്തുക്കളാവാവാന്‍ തീരുമാനിച്ച ആ 13 പേര്‍ ഭാഷയും സംസ്‌കാരവും ഉപേക്ഷിച്ച് പൂര്‍ണ്ണനഗ്‌നരായി വിദൂരമായ ഒരു ദ്വീപില്‍ ഇറങ്ങുന്നു. സാംസ്‌കാരിക ചിഹ്നങ്ങളെയും വ്യവസ്ഥകളെയും പൂര്‍ണ്ണമായി ഒഴിവാക്കി ബന്ധനങ്ങളില്ലാത്ത ചിന്തിക്കാനും മനുഷ്യന്റെ കഴിവുകളുടെ അത്യുന്നതിയിലെത്തിച്ചേരാനും ശ്രമിച്ച ആ പരീക്ഷണം തീര്‍ത്തും വിപരീതമായ ഫലങ്ങളാണുണ്ടാക്കിയത്. ഇഷ്ടങ്ങളുടെയും ഇഛകളുടെയും പൂര്‍ത്തീകരണത്തിനായി പരസ്പരം പോരടിച്ച് വന്യരായി അവര്‍ ക്രമേണ മനുഷ്യത്വം നഷ്ടപ്പെട്ടവരായി മാറുന്നു. ഇവരില്‍ നിന്ന് ഉണ്ടാകുന്ന പുതിയ തലമുറ ഒരു മനുഷ്യക്കുഞ്ഞിന് ഉണ്ടാവേണ്ട വ്യതിരിക്തമായ സവിശേഷതകള്‍ ഒന്നുമില്ലാതെ വന്യമൃഗങ്ങളെ പോലെ ജീവിക്കാന്‍ തുടങ്ങുന്നു. ടി ഡി പറഞ്ഞു വെക്കുന്നത് പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം പരിണാമപ്രക്രിയയിലെ വിപരീത സഞ്ചാരമാണെന്നാണ്, മനുഷ്യത്വത്തില്‍ നിന്നുള്ള തിരിഞ്ഞു നടത്തവും.
ചുരുക്കത്തില്‍ സാമൂഹിക നിയമങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും ഇടയിലെ ബാലന്‍സിംഗ് ആണ് നമ്മുടെ ജീവിതം. പരമമായ വ്യക്തി സ്വാതന്ത്ര്യമോ അല്ലെങ്കില്‍ സാമൂഹിക നിയമങ്ങളുടെ സമഗ്രാധിപത്യമോ മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്നതല്ല. സ്വതന്ത്രചിന്ത, ആവിഷ്‌കാര സ്വാതന്ത്ര്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ ഉള്‍പ്പെടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ നിന്നുത്ഭവിക്കുന്ന എല്ലാതരം സ്വാതന്ത്ര്യങ്ങളും സാമൂഹിക നിയമങ്ങളുമായുള്ള ബാലന്‍സില്‍ മാത്രമാണ് അര്‍ഥവത്താവുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, എനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതം ആവാത്ത വിധത്തിലായിരിക്കണം ഞാന്‍ എന്റെ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ ക്രമപ്പെടുത്തേണ്ടത്.
പൂര്‍ണമായും സ്വതന്ത്രമായ ചിന്താശേഷിയും കഴിവുകളുമുള്ള മനുഷ്യനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ പല രൂപത്തില്‍ കാണാവുന്നതാണ്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒന്നാണ് നീഷേയുടെ സൂപ്പര്‍മാന്‍. ജര്‍മന്‍ ഫിലോസഫറായിരുന്ന ഫ്രഡറിക് നീഷേ സാമൂഹ്യ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കുമപ്പുറം ചിന്തിക്കാന്‍ കഴിവുള്ള ഒരു മനുഷ്യനെ വിഭാവനം ചെയ്തു. ഇങ്ങനെ മറ്റു മനുഷ്യര്‍ക്കു മേല്‍ ബൗദ്ധികമായും ശാരീരികമായും ആധിപത്യം നേടാമെന്നും തന്റെ ഇച്ഛകളുടെ പൂര്‍ത്തീകരണത്തിന് മറ്റുള്ളവരെ അടിച്ചമര്‍ത്താമെന്നും പറയുന്ന സൂപ്പര്‍മാന്‍ തിയറി ഹിറ്റ്‌ലറുടെ നാസിസവും അമേരിക്കയിലെ അനാര്‍ക്കിസ്റ്റ് മൂവ്‌മെന്റുകളുമുള്‍പ്പെടെയുള്ള അപകടകരമായ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് താത്വികമായ അടിത്തറ ഒരുക്കി.
ഇത്തരമൊരു മനോഭാവമാണ് ആനുകാലികമായ സ്വതന്ത്രചിന്ത പ്രസ്ഥാനങ്ങളെയും അപകടകരമാക്കുന്നത്. സ്വതന്ത്രചിന്തകര്‍ എന്നവകാശപ്പെടുന്നവര്‍ തങ്ങളെ മറ്റുള്ളവര്‍ക്ക് മേല്‍ ബൗദ്ധികമായി ശ്രേഷ്ഠരായി കാണുമ്പോള്‍ അത് വെറുപ്പിന്റെ പ്രത്യയ ശാസ്ത്രമായി മാറുന്നു. അങ്ങനെ ചിന്താസ്വാതന്ത്യത്തിന്റെ അതിരുകള്‍ മാനിച്ച് തന്നിലേക്ക് തന്നെ സഞ്ചരിക്കുന്ന മനുഷ്യനെ മതം സൃഷ്ടിക്കുന്നു, അങ്ങനെ പരസ്പരം ആദരിക്കുന്ന മനുഷ്യര്‍ ചേര്‍ന്ന് ഉത്തമ സമൂഹങ്ങള്‍ ഉണ്ടാകുന്നു.

Back to Top