ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈന നടത്തിയത് വംശഹത്യയെന്ന് യു എസ് കമീഷന്‍
സിന്‍ജിയാങ്ങിലെ ഉയ്ഗൂറുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ചൈന വംശഹത്യ നടത്തിയെന്ന് കുറ്റപ്പെടുത്തി യു എസ് അന്വേഷണ കമ്മീഷന്‍. ഇപ്പോഴും അത് തുടരുന്നതിന് പുതിയ തെളിവുകള്‍ പുറത്തുവന്നതായും യു എസ് കോണ്‍ഗ്രസിലെ ഇരു കക്ഷികളുടെയും സമിതിയായ കോണ്‍ഗ്രഷനല്‍ എക്‌സക്യൂട്ടീവ് കമീഷന്‍ ഓണ്‍ ചൈന (സി ഇ സി സി) പറയുന്നു. തൊഴില്‍ പരിശീലന കേന്ദ്രങ്ങളെന്ന പേരില്‍ സിന്‍ജിയാങ്ങില്‍ വ്യാപകമായി സമുച്ചയങ്ങള്‍ സ്ഥാപിച്ച് മുസ്‌ലിംകളെ പീഡിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ നൈപുണികള്‍ പരിശീലിപ്പിക്കാനെന്ന പേരിലാണ് ഇവ നിലകൊള്ളുന്നതെങ്കിലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളാണിവയെന്ന് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഒരു ദശലക്ഷം ഉയ്ഗൂര്‍ മുസ്‌ലിംകളെയെങ്കിലും ഇവയില്‍ പാര്‍പ്പിച്ചതായി യു എന്‍ പറയുന്നു. ഈ ‘കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍’ കേന്ദ്രീകരിച്ച് നടക്കുന്നത് നരഹത്യയാണെന്നും യഥാര്‍ഥ വംശഹത്യയാണെന്നും സന്നദ്ധ സംഘടനകളും ആരോപിക്കുന്നു.