മലക്കും ജിന്നും ഖൈറും ശര്‍റും
പി കെ മൊയ്തീന്‍ സുല്ലമി
മലക്കുകളെ സംബന്ധിച്ചും ജിന്നുകളെ കുറിച്ചും ധാരാളം തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ നിലവിലുണ്ട്. സമസ്തക്കാരും നവയാഥാസ്ഥിതികരുമാണ് ഈ തെറ്റിദ്ധാരണയുടെ പ്രചാരകന്മാര്‍. മലക്കുകളോട് പ്രാര്‍ഥിക്കുന്ന ഒരു വിഭാഗം മുശ്‌രിക്കുകള്‍ മുമ്പ് തന്നെയുണ്ട്. അല്ലാഹു പറയുന്നു: ”അല്ലാഹുവിന് പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നത് ചില പെണ്‍ ദൈവങ്ങളെ മാത്രമാകുന്നു.” (നിസാഅ്് 117)
ഈ വചനം വിശദീകരിച്ച് ഇബ്‌നുകസീര്‍ (റ) പറയുന്നു: ഇമാം ഇബ്‌നു ജരീര്‍ (റ) ഇസ്ഹാഖില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി: മുശ്‌രിക്കുകള്‍ മലക്കുകളെ സംബന്ധിച്ച് അവര്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു പറയാറുണ്ടായിരുന്നു. ഞങ്ങള്‍ അവരെ ആരാധിക്കുന്നത് അവര്‍ ഞങ്ങളെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കാന്‍ വേണ്ടി മാത്രമാകുന്നു.” (മുഖ്തസ്വര്‍ ഇബ്‌നു കസീര്‍ 1:438)
ജിന്നുകളെയും മലക്കുകളെയും വിളിച്ചു തേടാം എന്നാണ് നവയാഥാസ്ഥിതികര്‍ പറയുന്നത്. ”ജിന്നിനോടും മലക്കിനോടും ഏത് സാഹചര്യമായാലും സഹായം തേടുന്നത് ശിര്‍ക്കാണ് എന്നാണിവര്‍ 2012-ല്‍ കണ്ടുപിടിച്ചത്.” (ജിന്ന്, സിഹ്‌റ്, കണ്ണേറ്, റുഖിയ്യ ശറഇയ്യ ഒരു പ്രാമാണിക പഠനം, പേ. 221)
അപ്പോള്‍ മലക്കിനോടും ജിന്നിനോടും പ്രാര്‍ഥിക്കല്‍ ശിര്‍ക്കല്ല, മറിച്ച് 2012-ല്‍ മര്‍കസുദ്ദഅ്‌വാ വിഭാഗം പണ്ഡിതന്മാര്‍ കണ്ടുപിടിച്ച വാദമാണത്് എന്നാണ് ഈ കൃതിയില്‍ സ്ഥാപിക്കുന്നത്. മലക്കുകളെ അല്ലാഹു ഭൂമിയിലേക്ക് മനുഷ്യരെ സഹായിക്കാനും റൂഹുകളെ പിടിക്കാനും അയക്കാറുണ്ട്. അല്ലാഹു പറയുന്നു: ”ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് ശരിയായ നിലയില്‍ നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്ന് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക.” (ഫുസ്സ്വിലത് 30)
മലക്കുകളടക്കമുള്ള ഏത് അദൃശ്യശക്തികളോടു തേടുന്നതും ശിര്‍ക്കാകുന്നു എന്ന് സൂറതുല്‍ ഫാത്വിര്‍ 14-ാം വചനത്തിലും മറ്റു നിരവധി വചനങ്ങളിലും അല്ലാഹു പഠിപ്പിക്കുന്നുണ്ട്. ബദ്‌റില്‍ മലക്കുകളാണ് സഹായിച്ചത്. എന്നാല്‍ ഖുര്‍ആനില്‍ അല്ലാഹു സഹായിച്ചു എന്നാണുള്ളത്. ”നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്.” (ആലുഇംറാന്‍ 123)
മലക്കുകള്‍ സത്യവിശ്വാസികളെ സഹായിച്ചത് അല്ലാഹുവിന്റെ കല്‍പന പ്രകാരം മാത്രമാണ്. അല്ലാഹുവിന്റെ കല്‍പനയില്ലാതെ മലക്കുകളുെട സഹായം മനുഷ്യര്‍ക്ക് ഒരിക്കലും ലഭ്യമാകില്ല. അല്ലാഹു പറയുന്നു: ”മനുഷ്യന്ന് അവന്റെ മുന്നിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കല്‍പന പ്രകാരം അവനെ കാത്തു സംരക്ഷിച്ചുകൊണ്ടിരിക്കുന്ന (മലക്കുകള്‍) ഉണ്ട്.” (റഅ്ദ് 11)
മലക്കുകളില്‍ ആരും തന്നെ അല്ലാഹുവിനെ ധിക്കരിക്കുന്നവരായി ഇല്ല. അല്ലാഹുവിന് വഴിപ്പെടുന്ന രീതിയിലാണ് മലക്കുകളുടെ സൃഷ്ടിപ്പ്. അല്ലാഹു പറയുന്നു: ”അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്നും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.” (തഹ്്‌രീം 6)
എന്നാല്‍ ജിന്നുവര്‍ഗത്തില്‍ സത്യവിശ്വാസികളും അല്ലാത്തവരുമുണ്ട്. അവര്‍ പറയുന്നതായി അല്ലാഹു പറയുന്നു: ”ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തരുണ്ട്. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്.” (ജിന്ന് 11) ”ഞങ്ങളുടെ കൂട്ടത്തില്‍ മുസ്്‌ലിംകള്‍ (കീഴ്‌പ്പെട്ടു ജീവിക്കുന്നവര്‍) ഉണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്.” (ജിന്ന് 14)
ആദം നബി(അ)യുടെ മുന്നില്‍ സുജൂദ് ചെയ്യുന്ന വിഷയത്തില്‍ അഹങ്കാരം കാണിച്ച ഇബ്്‌ലീസിന്റെ അനുയായികളാണ് ജിന്നുവര്‍ഗത്തില്‍ പെട്ട മോശപ്പെട്ടവരെന്ന് പറയപ്പെടുന്നത്. അവരാണ് ജിന്ന് പിശാചുക്കള്‍. അവരെ അല്ലാഹു മനുഷ്യര്‍ക്ക് ഒരു പരീക്ഷണമാക്കുകയും ലോകാവസാനം വരെ അവരുടെ ആയുസ്സ് നീട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അതിനെക്കുറിച്ച് അല്ലാഹു പറയുന്നു: ”അവന്‍ (ഇബ്്‌ലീസ്) പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നല്‌കേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകും.” (അഅ്‌റാഫ് 14,15)
പിശാചിന്റെ ശര്‍റ് അല്ലാഹുവിന്റെ പരീക്ഷണം എന്ന നിലയില്‍ അവന്റെ പക്കല്‍ നിന്നുള്ളതാകുന്നു. പക്ഷെ കാര്യങ്ങള്‍ മനസ്സിലാക്കാതെ ചിലര്‍ ഇപ്രകാരം ഒരു വാദം ഉന്നയിക്കാറുണ്ട്. അദൃശ്യമായ നിലയില്‍ സാഹിര്‍ ഖൈറും ശര്‍റും വരുത്തുമെന്ന് വിശ്വസിക്കല്‍ ശിര്‍ക്കാണെങ്കില്‍ അദൃശ്യമായ നിലയില്‍ പിശാച് വഴിപിഴപ്പിക്കാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നതും ശിര്‍ക്കല്ലേ? ഇത് രണ്ടും ഒരിക്കലും തുല്യമല്ല. കാരണം സിഹ്‌റിനെയും സാഹിറിനെയും അല്ലാഹു ശക്തമായി നിരോധിച്ചതും മഹാപാപങ്ങളില്‍ ഉള്‍പ്പെടുത്തിയതുമാണ്. അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹു ഒരു സാഹിറിനെയും ചുമതലപ്പെടുത്തിയിട്ടില്ല. അല്ലാഹുവിന്റെ പണിയാണത്.
എന്നാല്‍ പരീക്ഷണാര്‍ഥം ആയുസ്സ് നീട്ടിക്കൊടുത്ത് മനുഷ്യരെ അദൃശ്യമായ നിലയില്‍ തെറ്റുകളിലേക്ക് പ്രേരിപ്പിക്കാന്‍ പിശാചിന് അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട്. അല്ലാഹുവെ ചോദ്യം ചെയ്യാന്‍ നമുക്കവകാശമില്ല. എന്നാല്‍ നാം അവന്റെ കല്‍പന ധിക്കരിക്കുന്ന പക്ഷം ചോദ്യം ചെയ്യപ്പെടുമെന്ന കാര്യം അല്ലാഹു ഇപ്രകാരം ഉണര്‍ത്തുന്നു:
”അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.” (അന്‍ബിയാഅ് 23) പിശാചിന്റെ ദ്രോഹം നമുക്ക് ബാധിക്കുന്നത് മാനസികവും വഞ്ചനാപരവുമാണെന്ന് വിശുദ്ധഖുര്‍ആന്‍ നിരവധി വചനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ശാരീരികമായി പിശാച് ദ്രോഹിക്കുമെന്നതിന് ഒരു സൂചനപോലും ഖുര്‍ആന്‍ നല്‍കിയിട്ടില്ല. എന്നാല്‍ അല്‍ബഖറ 275-ാം വചനത്തില്‍ പലിശയുമായി ബന്ധപ്പെടുത്തിയ ഒരുപമ മാത്രമാണ് പിശാച് ശരീരത്തില്‍ കയറുമെന്നതിന് തെളിവാക്കുന്നത്. ഉപമകള്‍ ഹുക്മുകളല്ല. പ്രസ്തുത ഉപമ ബര്‍സഖിയായ ജീവിതം കഴിഞ്ഞ് പരലോകത്തേക്ക് പുറപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥയുമാണ്. പിശാചിന് പരലോകത്ത് യാതൊരു വിധ അധികാരവുമില്ല. അവന്റെ അധികാരം ദുനിയാവില്‍ വെച്ച് അന്ത്യദിനം വരെ മാത്രമേയുള്ളൂ. കടുത്ത യാഥാസ്ഥിതികരും ഇതേ വാദക്കാര്‍ തന്നെ. അവരുടെ പിശാച് ശരീരത്തില്‍ കയറുമെന്നത് മേല്‍ 275-ാം വചനത്തില്‍ പറഞ്ഞ ഉപമയെ ഹുക്്മാക്കി ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്്‌ലിയാര്‍ പറയുന്നു: ”ഇസ്്‌ലാമിന്റെ പ്രധാന പ്രമാണങ്ങള്‍ ഖുര്‍ആനും ഖുര്‍ആന്‍ വിരുദ്ധമല്ലാത്ത സ്വഹീഹായി സ്ഥിരപ്പെട്ട ഹദീസുകളുമാണ്. അവകള്‍ക്കെതിരില്‍ വരുന്ന വാറോലകള്‍ എത്ര പ്രമുഖര്‍ റിപ്പോര്‍ട്ടു ചെയ്താലും എത്ര ഉന്നത പണ്ഡിതന്‍ ഉദ്ധരിച്ചാലും അതൊന്നും ഇസ്്‌ലാമില്‍ രേഖയല്ല. അതുകൊണ്ടാണ് നാം സോപാധികം ഇമാമുകളുടെ അഭിപ്രായങ്ങള്‍ പലതും തള്ളിക്കളഞ്ഞത്. (ഫതാവാ മുഹ്്‌യിസ്സുന്ന, 517-518)
പിശാചിന്റെ പണി ദേഹോപദ്രവമല്ല, മറിച്ച് ദുര്‍മന്ത്രമാണ്. ആദമിനെ(അ) കുറിച്ചും ഹവ്വായെ(റ) സംബന്ധിച്ചും അല്ലാഹു പറയുന്നു: ”പിശാച് അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി” (അഅ്‌റാഫ് 20). ആദം നബിക്ക് ദുര്‍ബോധനം നടത്തിയതിനെക്കുറിച്ച് അല്ലാഹു പറയുന്നു: ”അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി.” (ത്വാഹാ 120)
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവന്റെ നാശത്തില്‍നിന്ന് (നാസ് 4-5) പിശാചിന്റെ ദുര്‍ബോധനം പലനിലയിലും ഉണ്ടാകും. ഭയപ്പെടുത്തലിലൂടെ ഉണ്ടാകാം. അല്ലാഹു പറയുന്നു: ”നിങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചത് പിശാച് മാത്രമാകുന്നു. അവന്‍ തന്റെ മിത്രങ്ങളെപ്പറ്റി നിങ്ങളെ ഭയപ്പെടുത്തുകയാണ്.” (ആലുഇംറാന്‍ 175). വഴി തെറ്റാനുള്ള ദുര്‍ബോധനവും മാനസികമായി പിശാച് നടത്തും. അല്ലാഹു പറയുന്നു: തങ്ങളുടെ ചില പ്രവര്‍ത്തനങ്ങള്‍ ഫലമായി പിശാച് അവരെ വഴിതെറ്റിക്കുക മാത്രമാണ് ചെയ്തത്. (ആലുഇംറാന്‍ 175)
തെറ്റായ ചില കാര്യങ്ങള്‍ പിശാച് മനസ്സില്‍ ഭംഗിയായി കാണിച്ചുകൊടുക്കും. അല്ലാഹു പറയുന്നു: ”പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിപ്പിച്ചു.” (നംല് 24)
പിശാച് മനസ്സില്‍ ദുഷിച്ച പ്രേരണകള്‍ ചെലുത്തി വഴി തെറ്റിക്കാന്‍ ശ്രമം നടത്തും. അല്ലാഹു പറയുന്നു: ”പിശാചില്‍ നിന്നു വല്ല ദുഷ്‌പ്രേരണയും താങ്കളെ വ്യതിചലിപ്പിക്കുന്നപക്ഷം അല്ലാഹുവോട് താങ്കള്‍ ശരണം തേടിക്കൊള്ളുക.” (ഫുസ്സ്വിലത് 36)
യഥാര്‍ഥ വിശ്വാസത്തില്‍ നിന്നു തെറ്റിക്കാന്‍ അവന്‍ ദുര്‍ബോധനം നടത്തും. അല്ലാഹു പറയുന്നു: ”നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും.” (അന്‍ആം 121) ശത്രുക്കളെ അവന്‍ വിശ്വാസികള്‍ക്കെതിരില്‍ ഇളക്കിവിടാന്‍ ശ്രമിക്കും. അല്ലാഹു പറയുന്നു: ”സത്യനിഷേധികളുടെ നേര്‍ക്ക് അവരെ ശക്തിയായി ഇളക്കിവിടാന്‍ വേണ്ടി നാം പിശാചുക്കളെ അയച്ചുവിട്ടിരിക്കയാണെന്ന് നീ കണ്ടില്ലേ?” (മര്‍യം 83)
ദുര്‍ബോധനത്തിനുള്ള പ്രതിവിധിയും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ”തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് അല്ലാഹുവെ കുറിച്ച് ഓര്‍മ്മ വരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാകുന്നു.” (അഅ്‌റാഫ്)
പിശാചില്‍ നിന്നു ശരണം തേടാനുളള ഒരു വചനം തന്നെ ഖുര്‍ആനിലൂണ്ട്. അതിപ്രകാരമാണ്: ”നീ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന പക്ഷം ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.” (നഹ്്ല്‍ 98)
മേല്‍ പറയപ്പെട്ട എല്ലാ ശര്‍റുകളും മാനസികം മാത്രമാണ്. പിശാചിന് ശാരീരികമായി ഉപദ്രവിക്കാനോ നിര്‍ബന്ധിച്ച് തെറ്റുകള്‍ ചെയ്യിക്കാനോ അല്ലാഹു കഴിവോ അധികാരമോ കൊടുത്തിട്ടില്ല. അക്കാര്യം അവസാനം പിശാചും സമ്മതിക്കും. അതിപ്രകാരമാണ്: ”എനിക്ക് നിങ്ങളുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട.” (ഇബ്‌റാഹീം 22) . ഇതുപോലെ സൂറത്തുന്നഹ്‌ലില്‍ (വചനം 99) അല്ലാഹു പറഞ്ഞിട്ടുണ്ട്. ഹിജ്ര്‍ (42), ഇസ്റാഅ് (65), സബഅ് (21), സ്വാഫ്ഫാത്ത് (30) എന്നീ സൂറത്തുകളിലും ഇതേ ആശയം വന്നിട്ടുണ്ട്.
പിശാചിന്റെ പ്രവര്‍ത്തന മേഖല മനസ്സ് മാത്രമാണെന്ന് മുഹമ്മദ് നബി(സ)യും പഠിപ്പിച്ചിട്ടുണ്ട്: ”തീര്‍ച്ചയായും പിശാചിന് മനുഷ്യനുമായി ഒരു ബന്ധമുണ്ട്. പിശാചിന്റെ ബന്ധം തിന്മകൊണ്ട് വാഗ്ദാനം ചെയ്യലും സത്യത്തെ സ്ഥിരപ്പെടുത്തലുമാണ്.” (തിര്‍മിദി)
ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പിശാചിന്റെ ശര്‍റ് മാനസികം മാത്രമാണെന്ന് ഇബ്‌നു തൈമിയ്യ (മജ്മൂഉല്‍ ഫതാവാ 17:531) രേഖപ്പെടുത്തിയിട്ടുണ്ട്.